This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെപ്പേടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെപ്പേടുകള്‍

ചെമ്പുതകിടില്‍ എഴുതിയ പ്രാചീന രേഖകള്‍. താമ്രശാസനങ്ങള്‍ എന്നപേരിലും ഇവ അറിയപ്പെടുന്നു. പ്രാചീന ഭാഷാഗവേഷണത്തിലും ചരിത്രഗവേഷണത്തിലും ഇവയ്ക്കു ശ്രദ്ധേയമായ സ്ഥാനമുണ്ട്.

കേരളത്തില്‍ നിന്നു ലഭിച്ചിട്ടുള്ള മൂന്നു പ്രമുഖ ചെപ്പേടുകളാണ് തരിസാപ്പള്ളി ശാസനം, വീരരാഘവപ്പട്ടയം, ജൂതശാസനം എന്നിവ. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം സുറിയാനി ക്രിസ്ത്യാനികളുടെ കൈവശവും മൂന്നാമത്തേത് ജൂതന്മാരുടെ കൈവശവുമാണുള്ളത്. തരിസാപ്പള്ളി ശാസനം സ്ഥാണുരവിപ്പെരുമാളിന്റെയും (870-900) വീരരാഘവപ്പട്ടയം വീരരാഘവ ചക്രവര്‍ത്തിയുടെയും (1320) ജൂതശാസനം ഭാസ്കര രവിവര്‍മപ്പെരുമാളിന്റെയും (978-1036) കാലത്തുണ്ടായവയാണ്.

തരിസാപ്പള്ളിശാസനം സ്ഥാണുരവിശാസനം, കോട്ടയം ചെപ്പേട് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വേണാട്ടടികള്‍ അയ്യനടികള്‍ തിരുവടികള്‍ കുരക്കേണിക്കൊല്ലത്തു പള്ളി പണിയുവാന്‍ മരുവാന്‍ സപീര്‍ ഈശോവിന് വസ്തുവകകള്‍ കൊടുത്തതായുള്ള രേഖയാണിത്. തലക്കാണം, ഏണിക്കാണം, പൊലിപ്പൊന്‍, ഇരവുചോറ് എന്നീ നികുതികള്‍ ഇതില്‍ പരാമൃഷ്ടമാണ്. ഇതില്‍ രണ്ടു ചെപ്പേടുകളാണുള്‍പ്പെടുന്നത്. ഒന്നാം ചെപ്പേടില്‍ മൂന്നു തകിടുകളുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഒന്നാം തകിട് തിരുവല്ല അരമനയിലും (മാര്‍ത്തോമ സഭ) രണ്ടാം തകിട് കോട്ടയം ദേവലോകം അരമനയിലും സൂക്ഷിച്ചിട്ടുണ്ട്. മൂന്നാമത്തേതു നഷ്ടപ്പെട്ടു. രണ്ടാം ചെപ്പേടില്‍ നാലു തകിടുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടും മൂന്നും തകിടുകള്‍ കോട്ടയത്തും നാലാമത്തേതു തിരുവല്ലയിലുമുണ്ട്. ആദ്യത്തേതു നഷ്ടമായി. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണുള്ളത്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും ഇതിന്റെ ഭാഷ തനിത്തമിഴിനോടടുത്തു നില്ക്കുന്നതാണ്. മാതൃക: സ്ഥാണുരവിയുടെ ശാസനം.

"കോത്താണു രവിക്കുത്തന്‍ പല നൂറായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പട്ടുത്താളാനിന്റയാണ്ടുള്‍ച്ചെല്ലാ നിന്റയാണ്ടൈന്തു, ഇവ്വാണ്ടു വേണാടു വാഴ്കിന്റെ അയ്യനടികടിരു വടിയുമ്മതികാരും പിരകുതിയും (പ) ണി (ക...യു) മഞ്ചുവണ്ണവും പുന്നൈത്തലൈപതിയു മ്മുടുവൈത്തുക്കുരക്കേണിക്കൊല്ലത്തു എശോദാതപിരായി ചെയ്വിത്ത തരുസാപ്പള്ളിക്കു ഐയനടികടിരുവടി കുടുത്ത വിടുപേറാവിത്.

സ്ഥാണുരവിയുടെ കാലത്തു തന്നെ (1-ാം ഭരണവര്‍ഷത്തില്‍ നല്കിയ മറ്റൊരു ചെപ്പേടും തിരുവല്ലയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. അത് ഇരുവശവും എഴുതിയ ചെപ്പേടാണ്. ഒരു ചേന്നന്‍ ശങ്കരന്‍ ആവണി ഓണത്തിന് ഭോജനത്തിനു ചെയ്ത ഇടപാടുകളാണ് അതിലെ പ്രതിപാദ്യം.

വീരരാഘവ ചക്രവര്‍ത്തി നല്‍കിയ ചെപ്പേട് വീരരാഘവപ്പട്ടയം എന്നാണറിയപ്പെടുന്നത്. ഇരവികോര്‍ത്തന് മണിഗ്രാമപ്പട്ടം നല്‍കുന്നതാണ് ഇതിലെ പ്രമേയം. 36.83 ഃ 10.16 സെ.മീ. വലുപ്പമുള്ള ചെമ്പുതകിടിന്റെ ഇരുവശവുമായെഴുതിയചേപ്പേടാണിത്. ഇത് ഇപ്പോള്‍ കോട്ടയം ദേവലോകം അരമനയില്‍ സൂക്ഷിച്ചിട്ടുണ്ട്.

1000-ത്തില്‍ ഭാസ്കരരവിവര്‍മ ജൂതപ്രമാണിയായ ജോസഫ് റബാന് അഞ്ചുവണ്ണസ്ഥാനം, ചുങ്കത്തിനവകാശം എന്നിവ നല്കുന്നതായുള്ള രേഖയാണ് മൂന്നാമത്തേത്. ഇത് ജൂതശാസനം എന്നറിയപ്പെടുന്നു. മുചിരിക്കോട് എന്ന സ്ഥലത്തുവച്ചാണ് ഇതെഴുതിയതെന്നു കരുതപ്പെടുന്നു.

കേരളത്തില്‍ നിന്നു ലഭിച്ചിട്ടുള്ള മറ്റൊരു ചെപ്പേടാണ് മാമ്പിള്ളിത്താമ്രശാസനം. ഇതു മാമ്പിള്ളിശാസനം എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. 973-ലെ ശ്രീ വല്ലഭന്‍ കോത എന്ന വേണാട്ടു രാജാവു നല്കിയ ശാസനമാണിത്. വട്ടെഴുത്തിലും ഗ്രന്ഥലിപിയിലുമായാണ് ഇതെഴുതിയിട്ടുള്ളത്. ആദിച്ചന്‍ ഉമയമ്മ അയിരൂര്‍ ക്ഷേത്രവും സ്വത്തുക്കളും തിരുച്ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ കീഴില്‍ ആക്കിയതാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മാമ്പിള്ളിശാസനത്തില്‍ മറ്റു ശാസനങ്ങളില്‍ നിന്നു വ്യത്യസ്തമായി 'ഇടം' എന്നതിന് 'എടം' എന്നും 'വൈത്തു' എന്നതിനു 'വൈച്ചു' എന്നും 'കടവന്‍' എന്നതിനു 'പടുവിതു' എന്നും 'അവനുക്കു' എന്നതിനു 'അവന്‍കു' എന്നും 'വേണാട്ടിന്‍കു' എന്നതിന് 'വേണാട്ടിര്‍ക്കു' എന്നുമാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതു തമിഴില്‍ നിന്നു മലയാളത്തിലേക്കുള്ള സംക്രമം വ്യക്തമായും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

1175-95 കാലത്ത് വേണാടു ഭരിച്ചിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ എന്ന വേണാട്ടു രാജാവിന്റെ കാലത്തെ ചെപ്പേടാണ് കൊല്ലൂര്‍ മഠം രേഖ. ഇതു ശരാശരി 43.82 x 7.62 സെ.മീ. വലുപ്പത്തിലുള്ള പതിനാറു ചെമ്പുതകിടുകളിലായി എഴുതിയിട്ടുള്ള 248 വരികള്‍ അടങ്ങുന്ന രേഖയാണ്. ദേവദേവേശ്വരം ക്ഷേത്രത്തിലെ ദേവസ്വ-ബ്രഹ്മസ്വങ്ങളെപ്പറ്റിയാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ എഴുന്നരുളി, തന്ന അവരിടയ, പിടിച്ചു, അളന്നു, തിങ്ങള്‍, ചെലവിന്നു, പിറന്ന, കങ്ങണി, കുളങ്ങരൈ, വിഴാവിന്നു, അവനൊള്ള, കെട്ടിന്റവനും, എണ്ണമട മുതലായ പദങ്ങളുണ്ട്. ഇത് 1189-ലേതാണ്.

1251 ഏ. 13-ലെ വേണാട്ടിലെ വീര ഉടയ മാര്‍ത്താണ്ഡവര്‍മന്റെ ആറൂര്‍ ശാസനമാണ് തനി മലയാളത്തിലുള്ള ആദ്യത്തെ ചെപ്പേട്. വീരകേരളപുരത്തെ മഹാലവക്ഷേത്രത്തില്‍ ഊരായ്മസ്ഥാനം ഒരു രവികേരളവിക്രമ ഉടയാര്‍ക്ക് നല്കുന്നു എന്നതാണ് ഇതിലെ പ്രമേയം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍