This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെപ്പടിവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെപ്പടിവിദ്യ

ഒരിനം ജാലവിദ്യ. കൈയടക്കം കൊണ്ടു കാട്ടുന്ന അദ്ഭുതകരമായ അഭ്യാസങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ഒരേ സമയം തന്നെ പല സാധനങ്ങള്‍ എറിയുകയും പിടിക്കുകയും ചെയ്യുകയാണ് ഈ കലയുടെ പ്രധാന ശൈലി. കിഴക്കന്‍ രാജ്യങ്ങളില്‍ വളരെ പണ്ടു മുതലേ ഇതു നിലവിലിരുന്നു. നാടോടികളായ ജാലവിദ്യക്കാരാണ് മിക്കവാറും ഇതവതരിപ്പിച്ചിരുന്നത്. മധ്യകാലത്തോടെ ഇത് ഉത്സവങ്ങളും കലാകായിക-വാണിജ്യ മേളകളും നടക്കുന്നയിടങ്ങളിലേക്ക് ഒതുങ്ങി. തുടര്‍ന്ന് സ്ഥിരം തിയെറ്ററുകളിലെ പ്രദര്‍ശനങ്ങളെന്ന നിലയില്‍ ഇത് പരിണമിക്കുകയുണ്ടായി. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തോടുകൂടി സര്‍ക്കസിലെ ഒരു മുഖ്യയിനമായി ഇതു മാറുകയും ചെയ്തു.

ഇംഗ്ലീഷില്‍ ജഗ്ലിങ് (Juggling) എന്നാണ് ഈ വിനോദകല അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് ചെറിയ ഉരുളന്‍ കല്ലുകള്‍കൊണ്ടും കത്തികള്‍കൊണ്ടും ചെപ്പടിവിദ്യ കാണിച്ചിരുന്നു. പിന്നീട് പന്തുകളാണ് ഇതിനു വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആധുനികകാലത്ത് പ്ളേറ്റുകള്‍, തൊപ്പികള്‍ തുടങ്ങിയവകൊണ്ടുള്ള ചെപ്പടിവിദ്യകള്‍ക്കും പ്രചാരമേറുകയുണ്ടായി. സിന്‍ക്വല്ലി എന്ന ചെപ്പടിവിദ്യക്കാരന്‍ 1890 മുതല്‍ 1919 വരെ ലണ്ടന്‍ മ്യൂസിക് ഹാളില്‍ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് അദ്ഭുതകരമായ കൈയടക്കം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹമാണ് ഈ രംഗത്തെ എക്കാലത്തെയും മികച്ച പ്രതിഭ എന്നും കരുതപ്പെടുന്നു. 'ദ് ഹ്യൂമന്‍ ബില്യാര്‍ഡ് റ്റേബിള്‍' എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ദന്തം കൊണ്ടു നിര്‍മിച്ച പന്തുകളും പ്ളേറ്റുകളുമുപയോഗിച്ച് കാണിച്ചിട്ടുള്ള ചെപ്പടിവിദ്യകള്‍ വിസ്മയകരങ്ങളായിരുന്നു. അദ്ദേഹത്തിനു പന്തുകളെ ചുഴറ്റാനും പറത്താനുമുള്ള അപാരമായ സിദ്ധിയുമുണ്ടായിരുന്നു. തുടര്‍ന്നുവന്ന ചെപ്പടിവിദ്യക്കാരില്‍ പ്രമുഖര്‍ റസ്റ്റേലി, ഗാസ്റ്റന്‍ പാമര്‍ തുടങ്ങിയവരാണ്.

ഇന്ത്യയില്‍ നാടോടികള്‍ നടത്താറുണ്ടായിരുന്ന ചെറുകിട ജാലവിദ്യയായിട്ടാണ് ഇതു പ്രസിദ്ധിയാര്‍ജിച്ചിരുന്നത്. ദക്ഷിണേന്ത്യയില്‍ കുറവന്മാര്‍ ഇത്തരം വിദ്യകള്‍ അവതരിപ്പിച്ചിരുന്നതായി കാണാം. ചെപ്പും പന്തും കളിയാണ് കേരളത്തില്‍ പ്രചാരത്തിലിരുന്ന പ്രത്യേകതരം ചെപ്പടിവിദ്യ. നടുക്കു തുളച്ച ചിരട്ടയില്‍ മരം കൊണ്ടുള്ള പിടി അറ്റത്തൊട്ടിച്ചുണ്ടാക്കിയ ചെപ്പും ചെറിയ തുണിപ്പന്തുകളുമായിരുന്നു. ഇതിനുപയോഗിച്ചിരുന്നത്. പന്ത് ചെപ്പിനകത്തിട്ടശേഷം അതു തുറക്കുമ്പോള്‍ അതിനുള്ളില്‍ പന്തു കാണാതാകുന്നു എന്നതാണ് ഇതിലെ കൗതുകം. ആ പന്തുകള്‍ മറ്റൊരു ഒളിഞ്ഞ ചെപ്പില്‍ നിന്നു ചെപ്പടിവിദ്യക്കാരന്‍ എടുത്തുകാട്ടുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍