This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നിക്കുത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്നിക്കുത്ത്

ചെന്നി(നെറ്റി)യില്‍ അനുഭവപ്പെടുന്ന ഒരു പ്രത്യേകതരം കഠിനമായ വേദന. കൊടിഞ്ഞി, കൊടിഞ്ഞിക്കുത്ത് എന്നിങ്ങനെയും പറയാറുണ്ട്. ആധുനികവൈദ്യശാസ്ത്രത്തില്‍ മൈഗ്രേന്‍, സിക്ക് ഹെഡ്ഏക്, ഹെമിക്രാനിയ എന്നീ പദങ്ങളാണ് ഈ രോഗത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുള്ളത്.

സാധാരണയായി പ്രഭാതത്തില്‍ ഉറക്കമുണരുന്ന വേളയിലാണ് വേദന അനുഭവപ്പെട്ടു തുടങ്ങുന്നത്. മിക്കപ്പോഴും നെറ്റിയുടെ ഏതെങ്കിലും ഒരു വശത്താണ് വേദന ഉണ്ടാകാറുള്ളതെങ്കിലും ചിലപ്പോള്‍ ഇരുവശങ്ങളിലും തലയുടെ പിന്‍ഭാഗത്തും (കപാലപൃഷ്ഠാസ്ഥിയില്‍) തലയില്‍ മൊത്തത്തിലും വേദന ഉണ്ടാകാറുണ്ട്. കപാലസിരകളുടെ വ്യാസത്തില്‍ പൊടുന്നനെയുണ്ടാകുന്ന വ്യതിയാനമാണ് തലവേദനയ്ക്കു പെട്ടെന്നു കാരണമായിത്തീരുന്നത്. വ്യതിയാനം ചുരുങ്ങലോ വികസിക്കലോ ആവാം. അല്ലെങ്കില്‍ ഒന്നിനുപിറകെ മറ്റൊന്നു സംഭവിക്കാം. രണ്ടു മണിക്കൂര്‍ മുതല്‍ രണ്ടു ദിവസം വരെ നീണ്ടു നില്ക്കുന്ന ഈ തലവേദന ആരംഭിക്കുന്നതിനു മുമ്പോ പിമ്പോ കാഴ്ചത്തകരാറുകളോ ഉദരവൈഷമ്യങ്ങളോ രണ്ടും കൂടിയോ ഉണ്ടാകാറുണ്ട്.

ജനസംഖ്യയുടെ പത്തുശതമാനത്തോളം ആളുകള്‍ ചെന്നിക്കുത്തുമൂലം കഷ്ടപ്പെടുന്നുണ്ട്. പ്രായലിംഗഭേദമെന്യേ ആരെയും ഈ രോഗം കീഴ്പ്പെടുത്തുമെങ്കിലും സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുക. സ്ത്രീപുരുഷാനുപാതം 3:1 ആണ്. 60 ശ.മാ. പേര്‍ക്കും ആദ്യബാധയുണ്ടാകുന്നത് 20 വയസ്സിനു മുമ്പാണ്. 50 വയസ്സു കഴിഞ്ഞവര്‍ക്ക് ചെന്നിക്കുത്ത് ആദ്യമായി ഉണ്ടാവുക അത്യപൂര്‍വമാണ്. ചെന്നിക്കുത്തിനു കാരണമായ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങളെ ചൂണ്ടിക്കാണിക്കാനാവില്ല. തലമുറകളിലേക്കു പകരുന്നുണ്ടെങ്കിലും ദായക്രമം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബുദ്ധികൂര്‍മതയും അത്യുത്സാഹവും കര്‍മാനുഷ്ഠാനങ്ങളില്‍ അതീവ ശുഷ്കാന്തിയും ചിട്ടയും ഉള്ളവരെയാണ് ചെന്നിക്കുത്ത് അധികവും ബാധിക്കാറുള്ളതെന്നതും ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഉണ്ടാകുന്ന കുറേ ഘടകങ്ങള്‍ ചെന്നിക്കുത്തിനു കാരണമായേക്കാം. ഈ ഘടകങ്ങളെ സമ്മര്‍ദ സംബന്ധി (കോപം, വിഷമം, മാനസികവിക്ഷോഭം, വിഷാദം, അത്യധ്വാനം, ദിനചര്യാമാറ്റങ്ങള്‍, കാലാവസ്ഥാവ്യതിയാനം എന്നിവ); ഭക്ഷ്യസംബന്ധി (ചോക്കലേറ്റ്, ചീസും മറ്റു ഗവ്യോത്പന്നങ്ങളും, ചുവന്ന വീഞ്ഞ്, വറുത്ത ഭക്ഷണങ്ങള്‍, നാരകഫലങ്ങള്‍ മുതലായവ); ഇന്ദ്രിയഗ്രഹണ സംബന്ധി (തീക്ഷ്ണപ്രകാശം, ഉച്ചത്തിലുള്ള ശബ്ദം എന്നിവ) എന്നിങ്ങനെ വര്‍ഗീകരിക്കാം. ആര്‍ത്തവം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയും ചെന്നിക്കുത്തിനു പ്രേരകമാകാം.

ചെന്നിക്കുത്ത് മൂന്നു തരത്തിലുണ്ട്. സാധാരണ ചെന്നിക്കുത്ത് (common migraine) , പ്രാമാണിക ചെന്നിക്കുത്ത് (classical migraine) സഞ്ചിത ചെന്നിക്കുത്ത് (cluster migraine).

സാധാരണ ചെന്നിക്കുത്തില്‍ വേദന വളരെ സാവധാനത്തില്‍ ആരംഭിച്ച് തീക്ഷ്ണമായിത്തീരുന്നു. നേരിയ ചലനമോ ശബ്ദമോ പോലും വേദന അസഹ്യമാക്കും. മിക്കപ്പോഴും നെറ്റിയുടെ ഒരു വശത്തുമാത്രമാണ് വേദന അനുഭവപ്പെടുക; ഒപ്പം ഓക്കാനവുംചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകും. മിക്ക രോഗികളും പ്രത്യേകിച്ച് കുട്ടികള്‍, ഛര്‍ദിച്ചു കഴിഞ്ഞ് വേദനയില്‍് നിന്നു മുക്തരാകാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം ചെന്നിക്കുത്ത് കൂടുതലായി കണ്ടുവരുന്നത്.

പ്രാമാണിക ചെന്നിക്കുത്ത് ശൈശവത്തിലോ കൗമാരത്തിലോ യൌവനാരംഭത്തിലോ പ്രത്യക്ഷപ്പെടാം. കുടുംബചരിത്രത്തിന് ഇവിടെ പ്രാധാന്യമുണ്ട്. കാരണം ഇത്തരം ചെന്നിക്കുത്താണ് തലമുറകളിലേക്കു പകര്‍ന്നു കിട്ടുന്നത്. ഇടതുവശത്തോ വലതുവശത്തോ മാത്രമായി അസഹ്യമായ വേദനയുണ്ടാകുന്നു. ദൃഷ്ടിമേഖലയുടെ പകുതിയോളം വരുന്ന ഭാഗത്ത് സാവധാനം അന്ധത വ്യാപിക്കും. അന്ധതാപ്രദേശത്തിനു ചുറ്റുമായി വെട്ടിത്തിളങ്ങുന്ന ഒരു അരിക് രോഗിക്കു കാണാനാവും. ഏതാണ്ട് 20 മിനിട്ടിനുശേഷം അന്ധത മാറും. പിന്നീടും അസഹ്യമായ വേദന തുടരും. ഓക്കാനം, ഛര്‍ദി എന്നിവയും ഉണ്ടാകും. ഈ അവസ്ഥ ഏതാനും മണിക്കൂര്‍ നീണ്ടു നില്ക്കും.

സഞ്ചിത ചെന്നിക്കുത്ത് സാധാരണയായി ഒരു വശത്തു തന്നെ വീണ്ടും വീണ്ടും ഉണ്ടാകുന്നു. നേത്രകോടരത്തിന് (eye orbit). പുറകിലോ ചെന്നിയുടെ ഭാഗത്തോ വേദന അനുഭവപ്പെടുന്നു. രാത്രിയിലാണ് വേദനയുണ്ടാവുക. വളരെ പെട്ടെന്ന് രോഗം തീക്ഷ്ണവും ദുസ്സഹവുമായിത്തീരും; ഒപ്പം അശ്രുസ്രാവം, നേത്രവൃതിക്കു ഞെരുക്കം, നേത്രകോടരത്തിനു ചുറ്റും നീര്‍വീക്കം എന്നിവയും ഉണ്ടാകും. ഈ വിഭാഗം ചെന്നിക്കുത്തില്‍ കാഴ്ചവൈഷമ്യങ്ങള്‍ ഉണ്ടാകാറില്ല. വേദന 20 മുതല്‍ 60 മിനിട്ടുവരെ നീണ്ടു നില്ക്കും അടുത്ത ഏതാനും ആഴ്ചകളില്‍ ആദ്യമുണ്ടായ അതേ സമയത്തോ ദിവസങ്ങളില്‍ പല പ്രാവശ്യമോ വേദനയുടെ ആക്രമണം ഉണ്ടായിരിക്കും. അതിനുശേഷം ചെന്നിക്കുത്തിന്റെ രംഗപ്രവേശമില്ലാത്ത ഒരുകാലം-മാസങ്ങളോ വര്‍ഷങ്ങളോ-കടന്നുപോകുന്നു. പിന്നീട് പൊടുന്നനെ തലവേദനകളുടെ ഒരു പരമ്പരതന്നെ പ്രത്യക്ഷപ്പെടുന്നു. ഇക്കാരണത്താലാണ് ഈ വിഭാഗത്തിന് സഞ്ചിത ചെന്നിക്കുത്ത് എന്നു പേരുണ്ടായത്. 90 ശതമാനവും പുരുഷന്മാരെയാണ് സഞ്ചിത ചെന്നിക്കുത്ത് ബാധിക്കുന്നത്.

ചെന്നിക്കുത്തിന്റെ നിര്‍ണയനത്തിനു പ്രത്യേക പരിശോധനകള്‍ അപൂര്‍വമായേ വേണ്ടിവരാറുള്ളൂ. രോഗിയുടെ ചരിത്രം, ശാരീരികാവസ്ഥ എന്നിവ പരിശോധിച്ചാല്‍ത്തന്നെ രോഗം കണ്ടുപിടിക്കാം. വിട്ടുമാറാത്ത മറ്റു ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ നാഡീവ്യൂഹ പരിശോധന ആവശ്യമായി വരുന്നുളളൂ.

മാസത്തില്‍ ഒരിക്കലോ മറ്റോ ഉണ്ടാകുന്ന ചെന്നിക്കുത്തിന് ആസ്പിരിനോ പാരസിറ്റമോളോ ആണു നല്കാറുള്ളത്. ഒപ്പം വിരേചകപ്രതിരോധികളും നല്കുന്നു. ഇതു ഫലിച്ചില്ലെങ്കില്‍ എര്‍ഗോട്ടമിന്‍ നല്കാം. ചെന്നിക്കുത്തിന്റെ തവണ വര്‍ധിക്കുകയാണെങ്കില്‍ ബീറ്റാ ബ്ലോക്കര്‍, കാത്സ്യം ചാനല്‍ ബ്ലോക്കേഴ്സ് തുടങ്ങിയ മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്.

രോഗനിവാരണത്തിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം രോഗം ഉണ്ടാക്കുകയോ ത്വരിതപ്പെടുത്തുകയോ ചെയ്യുന്ന ഘടകങ്ങള്‍ ഒഴിവാക്കുകയാണ്. ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന ഓര്‍മക്കുറിപ്പിലൂടെ തന്റെ അസുഖം മൂര്‍ച്ഛിപ്പിക്കുന്ന ഘടകങ്ങള്‍ രോഗിക്കു തന്നെ കണ്ടെത്താനാവും. ഇവയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ജീവിതചര്യ സ്വീകരിക്കാന്‍കഴിഞ്ഞാല്‍ ചെന്നിക്കുത്ത് ഒരു പരിധിവരെ ഒഴിവാക്കാം.

ഹോമിയോപ്പതിയില്‍ ചെന്നിക്കുത്തിനു ഫലപ്രദമായ ചികിത്സയുണ്ട്. ഫ്രഞ്ചു മരത്തില്‍ നിന്ന് സംസ്കരിച്ചെടുക്കുന്ന ചിയൊനാന്തസ് ചെന്നിക്കുത്തിനു ഫലപ്രദമായ ഔഷധമാണ്.

ആയുര്‍വേദത്തില്‍. സൂര്യാവര്‍ത്തം എന്ന ശാസ്ത്രീയ നാമമാണ് ആയുര്‍വേദത്തില്‍ ചെന്നിക്കുത്തിനു നല്കിയിട്ടുള്ളത്. സൂര്യനുദിക്കുന്നതോടെ വേദന ആരംഭിക്കുകയും മധ്യാഹ്നത്തോടെ പരമകാഷ്ഠയിലെത്തുകയും സൂര്യാസ്തമയത്തോടെ ശമിക്കുകയും ചെയ്യുന്ന സ്വഭാവം ഈ രോഗത്തിനുള്ളതുകൊണ്ടാണ് ഈ പേര്‍ നല്കിയിരിക്കുന്നത്. ജഠരാഗ്നിക്കുണ്ടാകുന്ന തകരാറാണ് രോഗകാരണമെന്നു കരുതുന്നു. വളരെയധികം ഒറ്റമൂലികളും സംയുക്ത ഔഷധങ്ങളും ഇതിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചു വരുന്നു. നസ്യം (മൂക്കില്‍ മരുന്നൊഴിക്കുക), അഞ്ജനം (കണ്ണില്‍ മരുന്നെഴുതുക), ലേപനം (നെറ്റിയില്‍ മരുന്നു പുരട്ടുക) എന്നിങ്ങനെ പലവിധത്തില്‍ ഔഷധങ്ങള്‍ പ്രയോഗിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കഷായം, ഘൃതം (നെയ്യ്) എന്നിവയും നിര്‍ദേശിച്ചിട്ടുണ്ട്.

കൊടിഞ്ഞി വിലക്കുക എന്നൊരു സമ്പ്രദായം പുരാതനകാലത്തു നിലവിലുണ്ടായിരുന്നു. ഈ വിദ്യയില്‍ പ്രഗല്ഭരും പ്രശസ്തരുമായ പല കുടുംബങ്ങളും അന്നുണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ മരുന്ന് അരുണോദയത്തില്‍ രോഗിയുടെ തള്ളവിരലില്‍ നിര്‍ത്തുക, മരുന്നുവച്ചു കെട്ടുക എന്നിവ ചികിത്സാമാര്‍ഗങ്ങളാണ്. കൊടിഞ്ഞി വിലക്കുന്നതിനുള്ള ചില മന്ത്രങ്ങളും ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. വെറ്റിലച്ചാറും പച്ചക്കര്‍പ്പൂരവും ചേര്‍ത്ത നസ്യം, വെറ്റിലച്ചാറും ഇഞ്ചിനീരും പച്ചക്കര്‍പ്പൂരവും ചേര്‍ത്ത നസ്യം, കൈതോന്നിനീരും ആട്ടിന്‍പാലും ചേര്‍ത്ത നസ്യം, അണുതൈലം കൊണ്ടുള്ള നസ്യം; ഉഴുന്നുപരിപ്പിട്ടു കാച്ചിയ പാല്‍ സേവ; ബലാഹഠാദി, ബലാധാത്രാദി എന്നീ എണ്ണകള്‍ തേച്ചുള്ള കുളി ഇവയെല്ലാം നിര്‍ദേശിക്കാറുണ്ട്. നോ. ചിയൊനാന്തസ്; തലവേദന

(ഡോ. എന്‍. എസ്. നാരായണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍