This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെട്ടി

കച്ചവടം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു ജനവിഭാഗം. ജാതിശ്രേണിയില്‍, ഉത്തരേന്ത്യയിലെ ബനിയാകള്‍ക്കു തുല്യമായ സ്ഥാനമാണ് ദക്ഷിണേന്ത്യയില്‍ ചെട്ടികള്‍ക്കുള്ളത്. 'ശ്രേഷ്ഠി' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ചെട്ടി എന്ന പദം നിഷ്പന്നമായിട്ടുള്ളത് എന്നു കരുതപ്പെടുന്നു. കച്ചവടം എന്നര്‍ഥം വരുന്ന 'ചെട്' എന്ന വാക്കില്‍ നിന്നാണ് ഇതിന്റെ വ്യുത്പത്തി എന്നൊരു വാദവുമുണ്ട്.

വ്യാപാരി സമുദായ ചെട്ടികള്‍ക്കിടയില്‍ അനവധി ഉപവിഭാഗങ്ങളുണ്ട്. ഭൂരിപക്ഷം ചെട്ടികളും മുഖ്യമായി വസ്ത്രവ്യാപാരത്തിലാണ് എര്‍പ്പെടുന്നത്. നെയ്ത്ത്, എണ്ണയാട്ട് തുടങ്ങിയ തൊഴിലിലേര്‍പ്പെടുന്നവരും തങ്ങളുടെ പേരിനൊപ്പം ചെട്ടി എന്നു ചേര്‍ക്കാറുണ്ട്. ബേരി ചെട്ടികള്‍, നജരത്തുചെട്ടികള്‍, കാസുക്കര്‍ ചെട്ടികള്‍, നാട്ടുകോട്ട ചെട്ടികള്‍ എന്നിവയാണ് പ്രധാന ഉപവിഭാഗങ്ങള്‍. തമിഴ്നാട്ടിലെ തഞ്ചാവൂര്‍, മധുര തുടങ്ങിയ ജില്ലകളിലാണ് ഇവരിലധികവും അധിവസിക്കുന്നത്. സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്നവരും പണം പലിശയ്ക്ക് കൊടുക്കുന്നവരും ചെട്ടികള്‍ക്കിടയിലുണ്ട്, മധുര ജില്ലയിലെ ചെട്ടി സമുദായങ്ങള്‍ക്കിടയില്‍ പല വര്‍ഷങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന ചില പ്രത്യേക അവസരങ്ങളിലാണ് വിവാഹാഘോഷങ്ങള്‍ നടത്തുന്നത്. ഇത്തരം വിവാഹസീസണുകളില്‍ ഏഴു വയസ്സിനു മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ ഒരുമിച്ചു നടത്തുകയാണ് പതിവ്. വിവാഹച്ചടങ്ങുകള്‍ക്കു വേണ്ടിവരുന്ന ചെലവ് വധുവരന്മാരുടെ ബന്ധുക്കള്‍ സംയുക്തമായിട്ടാണ് വഹിക്കുന്നത്.

സാമ്പത്തികപരമായ കാര്യങ്ങളില്‍ വളരെ കണിശക്കാരായിട്ടാണ് ചെട്ടികള്‍ അറിയപ്പെടുന്നത്. പ്രവര്‍ത്തിക്കുന്നതിനു മുമ്പു ഒരു വട്ടമെങ്കിലും ചിന്തിക്കുന്നവനാണ് ചെട്ടി എന്നൊരു പഴഞ്ചോല്ലു തന്നെയുണ്ട്. വ്യാവസായികമായി വളരെ അഭിവൃദ്ധി പ്രാപിച്ചവരാണ് നാട്ടുകോട്ടച്ചെട്ടികള്‍. വിപുലമായ വ്യവസായ-വാണിജ്യ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചവര്‍ ഇവര്‍ക്കിടയിലുണ്ട്.

കേരളത്തില്‍ തിരുവിതാംകൂറിലുള്ള ചെട്ടികള്‍ കുടുമി എന്നപേരിലറിയപ്പെടുന്നു. ഇവര്‍ കൊങ്കണി ബ്രാഹ്മണരുടെ വീട്ടുജോലികള്‍ ചെയ്യാറുണ്ടായിരുന്നു. മലബാറിലെ ചില ചെട്ടി വിഭാഗങ്ങള്‍ പേരിനൊപ്പം നായര്‍ എന്നും ചേര്‍ക്കാറുണ്ട്. വയനാട്ടിലുള്ള ചെട്ടികള്‍ വയനാടന്‍ ചെട്ടി എന്നറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍