This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെടിപ്പേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെടിപ്പേന്‍

Aphid

ഇന്‍സെക്റ്റാ വര്‍ഗത്തിലെ ഹോമോപ്റ്റെറാ ഗോത്രത്തിലെ ഏഫിഡോയ്ഡിയ കുടുംബത്തില്‍പ്പെട്ട ഒരു സസ്യകീടം. ലോകവ്യാപകമായി ഇവയുടെ നാലായിരത്തോളം സ്പീഷീസുണ്ട്. സസ്യങ്ങളുടെ നീര് വലിച്ചൂറ്റിക്കുടിക്കുകയും സസ്യരോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന ഈ ജീവികള്‍ കര്‍ഷകന്റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരിനമാണ്. ചെടികളുടെ മൃദുവ്യൂഹ (phloem)ത്തിനുള്ളില്‍ നിന്നുമാണ് ഇവ നീര് വലിച്ചൂറ്റുന്നത്. ഇവയുടെ ഊര്‍ധ്വഹനു (maxilla), ചിമ്പുകാസ്ഥി (mandible) എന്നീ മുഖാംഗങ്ങള്‍ക്കു രൂപഭേദം സംഭവിച്ചു ഉടലെടുത്ത ആഹാര നാളിയിലൂടെയാണ് സസ്യരസം വലിച്ചെടുക്കുന്നത്. ഇപ്രകാരം ആഹാരം സമ്പാദിക്കുന്നതോടൊപ്പം സസ്യരോഗങ്ങള്‍ക്കു നിദാനങ്ങളായ വൈറസുകളെയും ഇവ ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്കു സംക്രമിപ്പിക്കുന്നു. ധാന്യവിളകള്‍, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, നാരകം എന്നിവയില്‍ വൈറസ് രോഗം പകര്‍ത്തുന്നതിന്റെ മുഖ്യകാരണക്കാരും ചെടിപ്പേനുകള്‍ തന്നെ. ചെടിപ്പേനുകളുടെ ആക്രമണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ ചില സസ്യഭാഗങ്ങളില്‍ ചെറിയ മുഴകള്‍ രൂപമെടുക്കാറുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനായി ചെടിപ്പേനുകള്‍ ഈ മുഴകളില്‍ താവളമടിക്കുകയും ചെയ്യും.

ചെടിപ്പേന്‍

വൈവിധ്യമാര്‍ന്ന ജീവിതചക്രങ്ങള്‍ (Life cycles) ആണ് ചെടിപ്പേനിനങ്ങള്‍ക്കുള്ളത്. സസ്യങ്ങളുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളെ വിജയകരമായി ചൂഷണം ചെയ്യാന്‍ പാകത്തിലാണ് ഇവയുടെ ജീവിതചക്രങ്ങള്‍ പ്രധാനമായും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചില ചെടിപ്പേനുകള്‍ ഒരു ആതിഥേയ സസ്യത്തില്‍ മാത്രം കഴിഞ്ഞുകൂടുന്നവയാണ്. ഇവ ഒരു വര്‍ഷത്തില്‍ത്തന്നെ രണ്ടോ മൂന്നോ തലമുറകള്‍ക്കു ജന്മം നല്‍കുകയും ചെയ്യും. ലൈംഗിക ജീവരൂപങ്ങള്‍ (sexual forms) ശരത്കാലത്താണ് വികാസം പ്രാപിക്കാറുള്ളത്. ഇവ സസ്യശാഖകളില്‍ അണ്ഡങ്ങളെ നിക്ഷേപിക്കുന്നു. വസന്തകാലാരംഭത്തോടെ ഈ മുട്ടകള്‍ വിരിഞ്ഞ് അടിസ്ഥാനമാതൃജീവി (stem mother) ഇനങ്ങള്‍ പുറത്തുവരുന്നു. ഇവ അനിഷേക ജനനം (parthenogenesis) വഴി ധാരാളം സന്തതികളെ ഉത്പാദിപ്പിക്കുകയും ഒരു കോളനിക്കു രൂപം നല്‍കുകയും ചെയ്യുന്നു. ഒരേ സസ്യത്തില്‍ത്തന്നെ ഇത്തരം ഒന്നിലേറെ തലമുറകള്‍ രൂപമെടുക്കാറുണ്ട്. ചിറകുള്ള ഇനങ്ങള്‍ മറ്റു സസ്യങ്ങളിലേക്കു കയറിക്കൂടുന്നു.

ഭൂരിപക്ഷം ചെടിപ്പേനുകള്‍ക്കും ഒന്നിലധികം ആതിഥേയ സസ്യങ്ങളുണ്ട്. ഇവ ശൈത്യകാലത്ത് അണ്ഡങ്ങളുടെ രൂപത്തില്‍ സസ്യങ്ങളില്‍ കഴിഞ്ഞുകൂടുന്നു. വസന്തകാലത്ത് മുട്ട വിരിഞ്ഞ് അനിഷേകപ്രജനനശേഷിയുള്ള മാതൃജീവികള്‍ ഉണ്ടാവുന്നു. ഇവ ഒന്നോ രണ്ടോ തലമുറകള്‍ക്കുശേഷം ചിറകുള്ള ഇനങ്ങളായി മാറി മറ്റു സസ്യങ്ങളില്‍ അഭയം തേടും. ഇവയാണ് ചെടിപ്പേനിന്റെ വേനല്‍ക്കാല ആതിഥേയസസ്യങ്ങള്‍. ഈ സസ്യങ്ങളില്‍ ചിറകില്ലാത്ത ഇനങ്ങളുടെ ഒന്നോ രണ്ടോ തലമുറകള്‍ ജന്മമെടുക്കുന്നു. അതിനുശേഷം ചിറകുള്ള തലമുറ രൂപമെടുക്കുകയും അവ മഞ്ഞുകാല ആതിഥേയസസ്യങ്ങളിലേക്കു പറന്നെത്തുകയും ചെയ്യും. ചിറകുള്ള ഈ ഇനങ്ങള്‍ ഇതേ രൂപത്തിലുള്ള ഒന്നോ രണ്ടോ തലമുറകള്‍ കഴിഞ്ഞ് ചിറകുകളുള്ള ലൈംഗിക രൂപങ്ങള്‍ക്കു ജന്മമേകുന്നു. ഇതില്‍ ആണ്‍ പെണ്‍ ജീവികളുണ്ടായിരിക്കും. ഇവ തമ്മില്‍ പ്രജനനം നടത്തുകയും പെണ്‍ജീവി ശൈത്യകാലാരംഭത്തോടെ മുട്ട ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ ജീവിതചക്രം വീണ്ടും ആരംഭിക്കും.

ചെടിപ്പേനുകളില്‍ സസ്യങ്ങള്‍ക്കു സാരമായ കേടുവരുത്തുന്ന നിരവധിയിനങ്ങളുണ്ട്. മൈസൂസ്പെര്‍സിക്കേ (Myzuspersicae) എന്നു പേരുള്ള പീച്ച് മരച്ചെടിപ്പേന്‍, മാക്രോ സൈഫം യൂഫോര്‍ബിയേ (Macrosiphum euphorbiae) എന്ന ഉരുളക്കിഴങ്ങുപേന്‍, ഏഫിസ് ഗോസിപ്പി (Aphis gossypii) എന്ന പരുത്തിച്ചെടിപ്പേന്‍ എന്നിവ ക്ഷുദ്രകീടങ്ങളില്‍ പ്രധാനികളാണ്. ഇവ മറ്റു ചെടികളെയും ആക്രമിക്കാറുണ്ട്. ഏഫിസ് ടുലിപ്പേ എന്ന ടുലിപ്പ് ചെടിപ്പേന്‍ റോപാലസൈഫം നിംഫേസിയേ എന്ന ആമ്പല്‍പ്പേന്‍, ബ്രേവികോറിന്‍ എന്ന കാബേജ് പേന്‍, മാക്രോസൈഫം റോസേ എന്ന റോസാച്ചെടിപ്പേന്‍, മാക്രോസൈഫം ഗ്രനേറിയം എന്ന ധാന്യവിളപ്പേന്‍ എന്നിവയും സസ്യനശീകരണ സ്വഭാവത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നവയാണ്.

ചെടിപ്പേനുകളെ നിയന്ത്രിക്കാനായി പ്രകൃതിദത്ത ജൈവസംവിധാനങ്ങള്‍ തന്നെയുണ്ട്. ചില വണ്ടിനങ്ങള്‍ (Iady bird, beetle), ചില കടന്നലിനങ്ങള്‍ (hover flies), രോഗം വരുത്തുന്ന ചില ഫംഗസുകള്‍ എന്നിവ ചെടിപ്പേനുകളുടെ പ്രധാന ശത്രുക്കളാണ്, ചെടിപ്പേനുകളുടെ കോളനികളില്‍ താവളമടിക്കാറുള്ള കോക്സിനെല്ലിഡേ കുടുംബത്തില്‍പ്പെട്ട ചില വണ്ടിനങ്ങള്‍ അവയെ വന്‍തോതില്‍ ഇരയാക്കാറുണ്ട്. പരജീവനസ്വഭാവമുള്ള ചില ഹൈമനോപ്റ്റെറ സ്പീഷീസ് ചെടിപ്പേനിന്റെ ശരീരത്തിലാണ് മുട്ടയിടാറുള്ളത്. മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ ചെടിപ്പേനിനെ ഭക്ഷിക്കുന്നു. ഒരു ലാര്‍വ തന്നെ അതിന്റെ വളര്‍ച്ചാഘട്ടം മുഴുപ്പിക്കുന്നതിനിടയില്‍ ആയിരം ചെടിപ്പേനുകളെ വരെ ഭക്ഷിക്കാറുണ്ട്. ഒരു ചെടിപ്പേന്‍ കോളനിയെ നശിപ്പിക്കാന്‍ ഈ ഇനത്തില്‍പ്പെട്ട മൂന്നോ നാലോ ലാര്‍വകള്‍ മതിയാവും. ചില ശലഭ ലാര്‍വകളും ചെടിപ്പേനുകളെ ഇരയാക്കുന്നു.

ചെടിപ്പേനുകളെ നശിപ്പിക്കാനായി ചീല കീടനാശിനികളും ഇന്ന് ഉപയോഗിച്ചു വരുന്നു. സോപ്പു ലായനിയുമായി ചേര്‍ത്ത നിക്കോട്ടിന്‍ സള്‍ഫേറ്റ് ഇവയെ നശിപ്പിക്കാനായി പ്രയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍