This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെഞ്ചു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെഞ്ചു

അന്ധ്രപ്രദേശിലെ കൂര്‍നൂല്‍, നെല്ലൂര്‍ ജില്ലകളില്‍ അധിവസിക്കുന്ന ഒരു വന്യഗോത്രം. തെലുഗുഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സംസാരിക്കുന്ന ചെഞ്ചുകള്‍ എണ്ണത്തില്‍ പതിനേഴായിരത്തില്‍ താഴെ മാത്രമേ വരൂ. ഇരുനിറവും നീണ്ട കറുത്ത മുടിയും ശരാശരി പൊക്കവുമുള്ള ഇവര്‍ക്ക് ആന്ധ്രയിലെ കര്‍ഷക ജനതയോടു രൂപസാദൃശ്യമുണ്ട്. ചുള്ളിക്കമ്പുകളും ഓലയുമുപയോഗിച്ച് മേഞ്ഞുണ്ടാക്കിയ കുടിലുകളിലാണ് താമസം. കുന്നിന്‍ ചരിവുകളില്‍ അധിവസിക്കുന്ന ചെഞ്ചുകള്‍ പ്രാകൃതമായ ജീവിതരതിയാണ് പിന്തുടരുന്നത്. വേട്ടയാടിയും കാട്ടിലെ കിഴങ്ങുവര്‍ഗങ്ങള്‍ ശേഖരിച്ചുമാണ് ഉപജീവനം നടത്തുന്നത്. അമ്പും വില്ലുമാണ് പ്രധാന ആയുധം. കൂടാതെ അറ്റത്ത് ലോഹം പതിപ്പിച്ച വടി, മഴു, ചെറിയ കത്തി എന്നിവയും ഉപയോഗിക്കുന്നു. വേനല്‍ക്കാലത്ത് മിക്ക ചെഞ്ചുകളും വീടുകള്‍ ഉപേക്ഷിക്കുകയും ആഹാര സമ്പാദനത്തിനായി ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിത്തിരിയുകയും ചെയ്യുക പതിവാണ്. കുട്ട, തേന്‍, പച്ച മരുന്നുകള്‍ എന്നിവ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു വിറ്റ് പകരം ഇരുമ്പ്, വസ്ത്രങ്ങള്‍, ഭക്ഷ്യ-ധാന്യങ്ങള്‍ എന്നിവ വാങ്ങുന്നു.

ചെഞ്ചുകള്‍ക്കിടയില്‍ ഹൈന്ദവ സംസ്കാരത്തിനു ഗണ്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമീപകാലത്തായി ഒരു വിഭാഗം ചില ഹൈന്ദവ ആരാധനാക്രമങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അതീവ ലളിതമാണ്. മതപരമോ രാഷ്ട്രീയമോ ആയ വികാസം ചെഞ്ചുകള്‍ക്കിടയില്‍ തുലോം പരിമിതമാണ്. ചെറിയ കുടുംബങ്ങളായി ജീവിക്കുന്ന ചെഞ്ചുകള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കു തുല്യമായ അവകാശാധികാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെട്ട വധുവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹത്തിനുമുമ്പ് ഒരു രാത്രി ഒന്നിച്ചു താമസിക്കുക എന്നത് ഇവര്‍ക്കിടയിലെ ആചാരമാണ്. പിറ്റേദിവസം രാവിലെ രക്ഷിതാക്കള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തുന്നു. വധൂവരന്മാരെ പുതുവസ്ത്രങ്ങളണിയിച്ച് വിവാഹിതരായി പ്രഖ്യാപിക്കുന്നു. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സദ്യ നല്‍കും. തറയില്‍ ഒരു ചെറിയ വൃത്തമുണ്ടാക്കി അതിനു നടുവില്‍ കൂട്ടിക്കെട്ടിയ അമ്പും വില്ലും ഉറപ്പിക്കുന്നു. അതിനു ചുറ്റും നടക്കുന്ന വധൂവരന്മാര്‍ക്കു നേരെ പുരുഷന്മാര്‍ അരി എറിയുന്നതോടെ വിവാഹച്ചടങ്ങ് പൂര്‍ത്തിയാവുന്നു. വിധവാ-വിവാഹം അനുവദനീയമാണ്. ഭര്‍ത്താവിന്റെ സഹോദരനായിരിക്കും മിക്കപ്പോഴും രണ്ടാം ഭര്‍ത്താവ്. ചെഞ്ചുദേവതയാണ് ആരാധനാമൂര്‍ത്തി. ശ്രീകൃഷ്ണാവതാരത്തിനുമുമ്പുള്ള കാലഘട്ടത്തിലെ എരഗൊല്ല എന്ന ജാതിയില്‍പ്പെടുന്ന ഇടയന്മാരായിരുന്നു ഇവര്‍ എന്നാണ് ഐതിഹ്യം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍