This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്ങന്നൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്ങന്നൂര്‍

ഒരു താലൂക്കും താലൂക്കിന്റെയും റവന്യു ഡിവിഷന്റെയും ആസ്ഥാനമായ ചെറുപട്ടണവും. തിരുവനന്തപുരത്തു നിന്ന് 120 കി.മീ. വടക്കുമാറി എം.സി. റോഡില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം ആലപ്പുഴ ജില്ലയിലെ മുനിസിപ്പാലിറ്റികളിലൊന്നാണ്.

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ പൊതുവേ മലകളും കുന്നുകളുമില്ലെങ്കിലും ചെങ്ങന്നൂരിന്റെയും തിരുവല്ലയുടെയും കിഴക്കന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട പാറക്കെട്ടുകള്‍ കാണാം. ചെങ്ങന്നൂര്‍ താലൂക്കിലുള്ള പാണ്ഡവന്‍പാറ, നട്ടവന്‍പാറ എന്നീ ചെറു കുന്നുകള്‍ പ്രസിദ്ധമാണ്. പാണ്ഡവന്‍പാറയ്ക്കു മുകളിലായി ചെറിയ ഒരു ക്ഷേത്രമുണ്ട്. ചെങ്ങന്നൂരിന്റെ പടിഞ്ഞാറുഭാഗങ്ങള്‍ തീരദേശസമതലങ്ങളില്‍പ്പെടുന്നു. പമ്പ, അച്ചന്‍കോവിലാറ് എന്നിവയാണ് പ്രധാന നദികള്‍. പമ്പാനദി ഈ താലൂക്കിനകത്ത് ഏതാണ്ട് 176 കി.മീ. നീളം ദൂരത്തിലൊഴുകുന്നു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍

ചെങ്ങന്നൂരിലും ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിലും കാണുന്ന തരം വെട്ടുകല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ ഇതര പ്രദേശങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായതാണ്. ചെങ്ങന്നൂരിലെ തിട്ടമേല്‍ എന്ന പ്രദേശത്തുനിന്നു ലഭിക്കുന്ന പാറകളില്‍ കൊത്തുപണി ചെയ്ത് ശില്പങ്ങളും മറ്റലങ്കാര വസ്തുക്കളും നിര്‍മിക്കുന്ന ഒരു ചെറുകിട വ്യവസായ ശാലയുണ്ട്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ വേണ്ടി ഇന്‍ഡസ്ട്രീസ് & കോമേഴ്സ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള ഒരു പരിശീലനകേന്ദ്രം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

പുരാതനകാലത്തെ 108 'ദിവ്യദേശ'ങ്ങളിലൊന്നായിരുന്ന ഈ പ്രദേശം അക്കാലത്ത് 'തിരു ചെങ്ങന്നൂരെ'ന്നാണ് അറിയപ്പെട്ടിരുന്നത്. പഴക്കമുള്ള ഒരു ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയും ചിരപുരാതനമായ ഒരു ശിവക്ഷേത്രവും ചെങ്ങന്നൂരിലുണ്ട്. ശിവന്റെയും പാര്‍വതിയുടെയും പ്രതിഷ്ഠകള്‍ക്കു പുറമേ, ഈ ക്ഷേത്രത്തിലുള്ള 'ചെങ്കാമവല്ലി' അഥവാ കണ്ണകിയുടെ പ്രതിഷ്ഠയ്ക്കാണ് ഏറെ പ്രചാരം. ഇവിടെ വര്‍ഷത്തില്‍ പതിനൊന്നു പ്രാവശ്യം നടത്തുന്ന 'തൃപ്പൂത്താറാട്ട്' പ്രസിദ്ധമാണ്. ചെങ്ങന്നൂര്‍ പട്ടണത്തിനടുത്തുള്ള കോടുകുളഞ്ഞി എന്ന സ്ഥലത്തു നിന്നു ചില പുരാതനാവശിഷ്ടങ്ങള്‍ കണ്ടു കിട്ടിയിട്ടുണ്ട്.

പണ്ടു കാലത്തു തന്നെ കുരുമുളകുത്പാദനത്തില്‍ ചെങ്ങന്നൂരിന് ഒരു പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. ഇന്നും ഈ പ്രദേശം നാണ്യവിളയായ കശുവണ്ടിയുടെയും കയര്‍, കയര്‍ വിരിപ്പുകള്‍ തുടങ്ങിയവയുടെയും മുഖ്യ വാണിജ്യ കേന്ദ്രമാണ്.

ജനങ്ങളില്‍ ഏറിയ പങ്കും ഹിന്ദുമത വിശ്വാസികളാണെങ്കിലും ക്രിസ്ത്യാനികളും മുസ്ലിങ്ങളും എണ്ണത്തില്‍ കുറവല്ല. 1961-ല്‍ സ്ഥാപിതമായ 'സെന്‍ട്രല്‍ ഹാച്ചറി', സ്പിന്നിങ് മില്‍, 1963-ല്‍ രൂപംകൊണ്ട 'ഇന്‍ഡസ്ട്രിയല്‍ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നിവയും പ്രഭുറാം മില്‍സും ചെങ്ങന്നൂരിലെ പ്രധാന സ്ഥാപനങ്ങളാണ്. ഇവ കൂടാതെ ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 1964-ല്‍ 'ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്' പട്ടണത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെങ്ങന്നൂരിലെ എസ്.എന്‍. കോളജും പ്രശസ്തമാണ്. എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെങ്ങന്നൂരിലുണ്ട്.

1910-ല്‍ സ്ഥാപിതമായ ശങ്കരവിലാസം ഗ്രന്ഥശാലയും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാലയും പ്രസിദ്ധങ്ങളാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ 'തിരുവന്‍വണ്ടൂര്‍' ആലപ്പുഴ ജില്ലയില്‍ പമ്പ-മണിമലയാറുകളുടെയടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന ഹിന്ദു തീര്‍ഥാടനകേന്ദ്രമാകുന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ 'കൂത്തമ്പലം' കേരളത്തിലെ മറ്റ് ഏതു ക്ഷേത്രത്തിലുമുള്ള കൂത്തമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനാണ് ഇതിന്റെ ശില്പി എന്നാണ് വിശ്വാസം. എന്നോ അഗ്നിക്കിരയായി നാമാവശേഷമായിപ്പോയ ഈ കൂത്തമ്പലത്തിന്റെ അസ്തിവാരം മാത്രമേ ഇന്നു ബാക്കിയുള്ളൂ. രാവും പകലും നിഴല്‍ ഉണ്ടാക്കാതെ നിലകൊള്ളുന്ന തൂണുകളായിരുന്നു ഈ സൗധത്തിന്റെ സവിശേഷത. ഇതിന്റെ നിര്‍മാണത്തിലുപയുക്തമായ വാസ്തുവിദ്യാവൈഭവം നവീന ശില്പികള്‍ക്ക് ഇന്നും അജ്ഞാതമായിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍