This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്ഗല്‍പെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്ഗല്‍പെട്ട്

Chinglepet

തമിഴ്നാട്ടിലെ ഒരു പട്ടണം. ചെങ്ഗല്‍പെട്ട് റവന്യൂ ഡിവിഷനില്‍പ്പെടുന്നതാണിത്. ചെന്നൈയില്‍ നിന്ന് 57 കി.മീ. തെക്കു പടിഞ്ഞാറുമാറി പാലാര്‍ നദിക്കരയിലാണ് ചെങ്ഗല്‍പെട്ട് പട്ടണം സ്ഥിതിചെയ്യുന്നത്. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരം ചെങ്ഗല്‍പെട്ട് ഡിവിഷനിലാണ്. 12-13 ശതകങ്ങളില്‍ തമിഴ്നാട്ടിലെ ചെങ്ഗല്‍പെട്ട് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങള്‍ തെലുഗു കോള എന്ന വംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ വംശം ഇന്ന് തെലുഗു കോഡ എന്നാണറിയപ്പെടുന്നത്. ഇവര്‍ വാറങ്ഗലിലെ 'കാകതീയ' വംശക്കാരുടെ മേല്‍ക്കോയ്മയ്ക്കു കീഴ്പ്പെട്ടവരായിരുന്നു. അതുപോലെതന്നെ 'തിരയ്യര്‍' (മുക്കുവസമൂഹം) എന്നറിയപ്പെടുന്ന വംശക്കാര്‍ പണ്ടു മുതല്ക്കു തന്നെ വടക്കന്‍ ആര്‍ക്കോട്ട്-ചെങ്ഗല്‍പെട്ട് ജില്ലകളുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വസിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.

ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ വേണ്ടി 18-ാം ശതകത്തില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഏറ്റുമുട്ടിയപ്പോഴെല്ലാം ചെങ്ഗല്‍പെട്ടിനു തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. രണ്ടാം ആംഗ്ളോ-ഫ്രഞ്ച് യുദ്ധത്തിനുശേഷം നാനാസഹിബ്, മുസാഫര്‍ജങ് തുടങ്ങിവരുടെ അധീനതയില്‍ വന്ന കര്‍ണാടകം പലതായി വിഘടിച്ചപ്പോള്‍ ചെങ്ഗല്‍പെട്ട് ആനന്ദരംഗപിള്ളയ്ക്കവകാശപ്പെട്ടതായിത്തീര്‍ന്നു. ആര്‍ക്കോട്ട് നവാബിന്റെ ഭരണകാലത്ത് 1733-ല്‍ കടുത്ത വരള്‍ച്ചയും ദാരിദ്യ്രവും ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. ജലസേചനത്തിന്റെ അഭാവമായിരുന്നു പ്രധാന കാരണം. സേലം, ദിണ്ഡിഗല്‍, ചെങ്ഗല്‍പെട്ട് തുടങ്ങിയ ജില്ലകളെ പല 'മേത്താ'കളായി വിഭജിച്ച് ബ്രിട്ടീഷുകാര്‍ ലേലത്തില്‍ കൊടുത്തു. 1763-ല്‍ തനിക്കും തന്റെ പിതാവ് അന്‍വാറുദ്ദീന്‍ഖാനിനും ചെയ്ത സഹായങ്ങളുടെ പേരില്‍ ചെങ്ഗല്‍പെട്ട് പ്രദേശം ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് കര്‍ണാടക നവാബ് മുഹമ്മദ് അലി കാഴ്ചവച്ചു. 1765-ല്‍ ദല്‍ഹി സാമ്രാജ്യം ഈ ഇഷ്ടദാനം അംഗീകരിച്ചു.

മൈസൂറിലെ ഹൈദര്‍ അലി ഈ പ്രദേശം രണ്ടുപ്രാവശ്യം കീഴടക്കിയിട്ടുണ്ട്. ഇദ്ദേഹം 1780 സെപ്തംബറിലെ രണ്ടാം മൈസൂര്‍ യുദ്ധകാലത്ത് ചെങ്ഗല്‍പെട്ട് കോട്ടയും പ്രദേശവും കീഴടക്കി. ഇതിനു മുമ്പ് 1768-ലും ഹൈദര്‍ അലി ഇവിടം ആക്രമിച്ചു വിജയിച്ചിരുന്നു. ഇവിടത്തെ പല പ്രദേശങ്ങളിലും നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ മരിച്ചവരുടെ അസ്ഥിപഞ്ജരങ്ങളും ശ്മശാനസദൃശമായ ഗ്രാമങ്ങളും മാത്രമേ അവശേഷിച്ചുള്ളൂ.

1960 ഏ. 1-ന് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്ന് 1040 ച.കി.മീ. പ്രദേശം മദ്രാസ് ജില്ലയ്ക്കു കിട്ടി. ഇതിനു പകരമായി തമിഴ്നാട് ചെങ്ഗല്‍പെട്ട്-സേലം ജില്ലകളില്‍ നിന്നുമായി 838 ച.കി.മീ. ആന്ധ്രപ്രദേശിന് കൈമാറി.

ചെങ്ഗല്‍പെട്ട് ഡിവിഷനിലൂടെ ധാരാളം ചെറുനദികള്‍ ഒഴുകുന്നുണ്ട്. പാലാര്‍, ചേയാര്‍, അഡയാര്‍, കോട്ടലിയാര്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. കൂടാതെ നാലു കൃത്രിമത്തടാകങ്ങളും ഇവിടെയുണ്ട്. ചെന്നൈയില്‍ നിന്ന് 13 കി.മീ. മാറി സ്ഥിതിചെയ്യുന്ന സായുധസേനാ ആസ്ഥാനമായ സെന്റ് തോമസ് മൌണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച ഒരു പള്ളിയും (1547) ഉണ്ട്. 1746-നും 1872-നും ഇടയ്ക്ക് പതിനാറോളം ശക്തമായ കൊടുങ്കാറ്റുകള്‍ ഈ പ്രദേശത്തുണ്ടായതിന്റെ ഫലമായി ധാരാളം നാശനഷ്ടങ്ങള്‍ വന്നിട്ടുണ്ട്. സെന്റ് തോമസ് മൌണ്ടിനടുത്തുള്ള വിശാലമായ സമതലത്തില്‍ വച്ചാണ് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഏറ്റുമുട്ടിയത്.

ചെങ്ഗല്‍പെട്ടിലുള്ള കുഷ്ഠരോഗചികിത്സാലയവും ദുര്‍ഗുണപരിഹാരപാഠശാലയും പ്രശസ്തങ്ങളാണ്. ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലിം-ഹിന്ദുമത വിഭാഗങ്ങളില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍