This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കുമ്മട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കുമ്മട്ടി

കുക്കൂര്‍ബിറ്റേസി (Cucurbitaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: കുക്കുമിസ് ട്രൈഗോണസ് (Cucumis trigonus),കുക്കുമിസ് സ്യൂഡോകോളോസിന്തിസ് (Cucumis pseudocolocynthis). ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ആസ്റ്റ്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ വളരുന്നു.

ചെങ്കുമ്മട്ടി

ചിരസ്ഥായിയായ ഈ വള്ളിച്ചെടി ഒന്നര മീറ്ററോളം നീളത്തില്‍ പടര്‍ന്നു വളരും. പരുപരുത്തതും വണ്ണം കുറഞ്ഞതുമായ കാണ്ഡത്തിനു കോണികാകൃതിയാണ്. കാണ്ഡത്തില്‍ ലോമങ്ങളുണ്ട്. പ്രതാനങ്ങളുടെ സഹായത്താല്‍ പടര്‍ന്നു വളരുന്നു. സാമാന്യം വീതിയുള്ള ഇലകള്‍ക്ക് 2.5-5 സെ.മീ. നീളം വരും. ഇലകള്‍ 5-7 പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പാളിയുടെയും ചുവടുഭാഗം വീതികുറഞ്ഞതും അഗ്രഭാഗം വീതികൂടി അര്‍ധഗോളാകൃതിയിലുള്ളതുമാണ്. ഇലഞെടുപ്പുകള്‍ ലോലവും രേഖിതവും പരുപരുത്തതുമാണ്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നും ആണ്‍ പെണ്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്നു. പുഷ്പങ്ങളുടെ ഞെടുപ്പ് കനം കുറഞ്ഞതും 5-10 മി.മീ. നീളമുള്ളതുമാണ്; ഞെടുപ്പ് ലോലവും. 4-6 മി.മീ. നീളമുള്ള ദളങ്ങള്‍ക്കു മഞ്ഞനിറമായിരിക്കും. അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളുമുണ്ട്. ആണ്‍ പുഷ്പങ്ങളില്‍ മൂന്നു കേസരങ്ങളുണ്ടായിരിക്കും. പെണ്‍ പുഷ്പങ്ങളില്‍ അണ്ഡാകൃതിയിലുള്ള അണ്ഡാശയമുണ്ട്. വര്‍ത്തിക ചെറുതുമാണ്. വര്‍ത്തികാഗ്രം മൂന്നായി പിരിഞ്ഞിരിക്കും. കടും പച്ചനിറത്തിലുള്ള ഫലങ്ങളില്‍ ഞെടുപ്പില്‍ നിന്ന് താഴേക്ക് ഏതാണ്ട് തുല്യ അകലത്തില്‍ മങ്ങിയ നിറത്തിലുള്ള പത്തു വരകള്‍ കാണപ്പെടുന്നു. ഫലങ്ങള്‍ പാകമാകുമ്പോള്‍ ഇളം മഞ്ഞനിറമായിരിക്കും. വെളുപ്പു നിറത്തിലുള്ള അനേകം വിത്തുകളുണ്ട്. ഫലത്തിന്റെ പള്‍പ്പിനു പുളിപ്പു കലര്‍ന്ന കയ്പ്പുരസമാണ്. ഇത് രേചക (purgative) മായി ഉപയോഗിക്കുന്നു. വേര് ഇടിച്ചുപിഴിഞ്ഞ ചാറും രേചകമാണ്. ഫലങ്ങള്‍ മാനസിക രോഗങ്ങള്‍ക്കും ഇലയുടെയും വേരിന്റെയും ചാറ് പാമ്പുവിഷത്തിനും ഔഷധമായുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍