This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെക്ക് റിപ്പബ്ലിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചെക്ക് റിപ്പബ്ലിക്

മധ്യയൂറോപ്പിലുള്ള ഒരു റിപ്പബ്ലിക്. ബൊഹീമിയ, മോറേവിയ എന്നീ പ്രദേശങ്ങളും സിലീഷ്യയുടെ ചില ഭാഗങ്ങളും ഇതില്‍പ്പെടുന്നു. 1918 ഒ. 28-ന് രൂപീകൃതമായ ചെക്ക്സ്ലോവാക്യയില്‍നിന്നു വേറിട്ട് ചെക്ക് റിപ്പബ്ലിക്കുണ്ടായത് 1993 ജനു. 1-ന് ആണ്. തലസ്ഥാനം: പ്രാഗ്; ജനസംഖ്യ: 10,436,560 (2011); വിസ്തീര്‍ണം: 78,864 ച.കി.മീ.; ജനസാന്ത്രത: 134/ച.കി.മീ. (2011); അതിരുകള്‍: പടിഞ്ഞാറ് ജര്‍മനി, വടക്ക് പോളണ്ട്, കിഴക്ക് സ്ലോവാക്യ, തെക്ക് ആസ്ട്രിയ.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ചെക്കിനെ അഞ്ചായി തിരിക്കാം: ബൊഹീമിയന്‍ മലനിരകള്‍, സൂഡാറ്റസ് മലനിരകള്‍, ബൊഹീമിയന്‍ തടം, ബൊഹീമിയന്‍-മോറേവിയന്‍ കുന്നുകള്‍, മോറേവിയന്‍ ലോലന്‍ഡുകള്‍.

പ്രാഗ് ചെക്കിന്റെ തലസ്ഥാനം

പടിഞ്ഞാറുഭാഗത്ത് തുടര്‍ച്ചയായി കാണപ്പെടുന്ന ബൊഹീമിയന്‍ മലനിരകളില്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഓര്‍ മലകള്‍, തെക്കു പടിഞ്ഞാറുള്ള ബൊഹീമിയന്‍ കാടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവിടത്തെ കുന്നുകളുടെ ശരാശരി ഉയരം 762 മീ. ആണ്. ഓര്‍ മലകളില്‍ നിന്ന് കല്‍ക്കരിയും യൂറേനിയവും ധാരാളം ഖനനം ചെയ്യുന്നുണ്ട്. ഇത് ഇവിടത്തെ കൂടിയ ജനസാന്ദ്രതയ്ക്കു കാരണമായിരിക്കുന്നു. ബൊഹീമിയന്‍ മലനിരകളില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. കന്നുകാലി വളര്‍ത്തലും പ്രധാനം തന്നെ. ഇവിടെയുള്ള മലഞ്ചരിവുകളില്‍ സ്കീയിങ്ങിനും ചൂടു നീരുറവകളില്‍ സ്നാനത്തിനുമായി ധാരാളം സഞ്ചാരികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തുന്നു. ബൊഹീമിയന്‍ കുന്നുകളിലെ ഇടതൂര്‍ന്ന വനങ്ങള്‍ വിലപിടിപ്പുള്ള തടികളുടെയും വനവിഭവങ്ങളുടെയും കേന്ദ്രമാണ്.

ചെക്ക് റിപ്പബ്ലിക്കിന്റെ വടക്കേ അതിര്‍ത്തിയിലാണ് സുഡാറ്റസ് മലനിരകള്‍. ഉയരത്തിലും ആകൃതിയിലും ഇവ ബൊഹീമിയന്‍ കുന്നുകളില്‍ നിന്നു വ്യത്യസ്തമാകുന്നു. ബൊഹീമിയന്‍ കുന്നുകളെക്കാള്‍ ഉയരം കൂടുതലുള്ള ഇവിടെ ജനസാന്ദ്രമായ പട്ടണങ്ങളും കൃഷിയിടങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ധാരാളമുണ്ട്.

സമതലങ്ങളും ചെറുകുന്നുകളും ഉള്‍പ്പെട്ട താഴ്വാരപ്രദേശമാണ് ബൊഹീമിയന്‍ തടം. ചുറ്റുമുള്ള മലനിരകളില്‍ നിന്നുമുദ്ഭവിക്കുന്ന ഒട്ടേറെ നദികളും ചെറിയ അരുവികളും ഇവിടേക്കൊഴുകി എത്തുന്നു. പ്രാഗിനടുത്തുവച്ച് ചില നദികള്‍ കൂടിച്ചേരുന്നുണ്ട്. വടക്കോട്ടൊഴുകുന്ന വ്ള്‍ടാവ, താഴ്വാരം മുറിച്ച് പടിഞ്ഞാറേക്കൊഴുകി ജര്‍മനിയിലെത്തുന്ന എല്‍ബ് എന്നിവയാണ് പ്രധാന നദികള്‍.

വെന്‍സെസ്ലോസ് സ്ക്വയര്‍ പ്രാഗ് ബൊഹീമിയയിലെ സെന്റ് വെന്‍സെസ്ലോസിന്റെ അശ്വാരൂഡ പ്രതിമയാണ് ഈ സ്ഥലത്തെ ആകര്‍ഷണം

ബൊഹീമിയന്‍ താഴ്വാരപ്രദേശത്ത് കൃഷിയിടങ്ങള്‍ സമൃദ്ധമായുണ്ട്. ഉരുളക്കിഴങ്ങ്, വരക്, കരിമ്പ്, ഗോതമ്പ് എന്നിവയോടൊപ്പം മറ്റു വിളകളും കൃഷി ചെയ്യപ്പെടുന്നു. ചെക്കിലെ പ്രധാന വ്യവസായങ്ങളെല്ലാം പ്രാഗിനും ക്ലാഡ്നോയ്ക്കും മറ്റു ചെറു പട്ടണങ്ങള്‍ക്കും ചുറ്റുമായി കേന്ദ്രീകരിച്ചിരിക്കുന്നു.

തെക്കു പടിഞ്ഞാറന്‍ മോറേവിയയിലും തെക്കന്‍ ബൊഹീമിയയിലുമായി ബൊഹീമിയന്‍-മോറേവിയന്‍ കുന്നുകള്‍ വ്യാപിച്ചുകിടക്കുന്നു. ഉയരം താരതമ്യേന കുറവായ ചെറുകുന്നുകളും പീഠഭൂമികളുമുള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് കൃഷിയിടങ്ങള്‍ ധാരാളമായുണ്ട്. കുന്നുകളില്‍ അവിടവിടെയായി അനേകം പട്ടണങ്ങളും ഗ്രാമങ്ങളും വികസിച്ചിരിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പട്ടണമായ പ്ലസന്യ ഒരു പ്രധാന ബിയറുത്പാദന കേന്ദ്രമാണ്.

കിഴക്കന്‍ ചെക്കിന്റെയും സ്ലോവാക്യയുടെയും അതിര്‍ത്തിയിലാണ് മോറേവിയന്‍ ലോലന്‍ഡുകള്‍. ഈ പ്രദേശത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന മോറാവ നദിയുടെ ഇരുകരകളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ്. മോറേവിയന്‍ ലോലന്‍ഡുകളുടെ തെക്കുഭാഗം മുറിച്ച് പൈജ് നദി കടന്നുപോകുന്നു. കന്നുകാലി വളര്‍ത്തലോടൊപ്പം ചോളം, ഉരുളക്കിഴങ്ങ്, വരക്, കരിമ്പ്, ഗോതമ്പ് എന്നിവയുടെ കൃഷിയും ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം തന്നെ. മോറേവിയന്‍ ലോലന്‍ഡുകള്‍ ജനസാന്ദ്രതയേറിയവയാകുന്നു. തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബ്രണോ വ്യാവസായിക നഗരമാണ്. അതുപോലെതന്നെ ഈ റിപ്പബ്ലിക്കിലെ ഒരു പ്രധാന വ്യാവസായിക-ഖനനകേന്ദ്രമാണ് ഒസ്റ്റ്രാവ. വടക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യന്ന ഈ നഗരത്തിനടുത്തായി ചെക്കിലെ പ്രധാന കല്‍ക്കരി നിക്ഷേപങ്ങള്‍ കാണുന്നു.

മോറേവിയന്‍ ലോലന്‍ഡിന്റെ വടക്കുഭാഗത്തായി 'മോറേവിയന്‍ ഗേറ്റ്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഒരു ഭാഗമുണ്ട്. ചെക്കിലെ സൂഡാറ്റസ് കുന്നുകള്‍ക്കും സ്ലോവാക്യയിലെ കാര്‍പേതീയന്‍ മലനിരകള്‍ക്കും ഇടയിലായിവരുന്ന ഈ ഭൂപ്രദേശം അപ്പര്‍ സിലീഷന്‍ ബേസിനെയും മോറേവിയന്‍ ലോലന്‍ഡുകളെയും ബന്ധിപ്പിക്കുന്നു.

കാലാവസ്ഥ

അവര്‍ ലേഡി ഒഫ് റ്റിന്‍ ദേവാലയം: പ്രാഗ്

യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ചെക്കിന് സമുദ്രസാമീപ്യമില്ലാത്തതിനാല്‍ ഇവിടെ ഈര്‍പ്പമുള്ള വന്‍കര-കാലാവസ്ഥയാണുള്ളത്. ചൂടുള്ള വേനലും തണുപ്പുകൂടിയ ശീതകാലവുമാണ് ഇതിന്റെ പ്രത്യേകത. ഭൂമിയുടെ ഉയരത്തിനനുസരിച്ച് കാലാവസ്ഥയില്‍ വ്യതിയാനം കാണുന്നു. ഇതുമൂലം തടങ്ങളും ലോലന്‍ഡുകളും ഉയരമേറിയ ഉന്നത തടങ്ങളെ അപേക്ഷിച്ച് വരണ്ടതും ചൂടുകൂടിയതുമാണ്. ജനുവരിയില്‍ ശരാശരി താപനില-2oC ഉം ജൂലായില്‍ 19oC ഉം ആകുന്നു. ശരാശരി വാര്‍ഷികതാപനില 9oC ആണ്. പ്രാഗില്‍ ജനുവരിക്കും ജൂലായ്ക്കും ഇടയ്ക്ക് -1.5oC മുതല്‍ 19.4oC വരെ ചൂടനുഭവപ്പെടുന്നു. ബ്രണോയിലെ താപനില ജനുവരിയില്‍-0.6oC, ജൂലായില്‍ 19.4oC.

വേനല്‍ക്കാലത്താണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇടിയും മിന്നലും ശക്തമായ കാറ്റും മഴയോടൊപ്പമുണ്ടാകും. ഉയരം കൂടിയ പ്രദേശങ്ങളില്‍ മഴ കൂടുതലാണ്. ശരാശരി വാര്‍ഷികവര്‍ഷപാതം 71 സെ.മീ. (മഴയും മഞ്ഞുമഴയും ചേര്‍ത്ത്). പ്രാഗില്‍ 483 മില്ലിമീറ്ററും ബ്രണോയില്‍ 523 മില്ലിമീറ്ററുമാണ് ശരാശരി വാര്‍ഷിക വര്‍ഷപാതം.

മഞ്ഞുപൊഴിയുന്ന ശൈത്യകാലവും വരണ്ട ശരത്കാലവും ഈര്‍പ്പമുള്ള വസന്തവുമാണ് ഇവിടെയനുഭവപ്പെടുന്നത്. ശരത്-വസന്തകാലങ്ങള്‍ ദൈര്‍ഘ്യം കുറഞ്ഞവയാകുന്നു.

ജലസമ്പത്ത്

യൂറോപ്പിലെ രണ്ടു പ്രധാന നദികളായ എല്‍ബ്, ഡാന്യൂബ് എന്നിവയുടെ നീര്‍വാര്‍ച്ചപ്രദേശത്താണ് ചെക്കിന്റെ സ്ഥാനം. വടക്കോട്ടൊഴുകുന്ന എല്‍ബിന്റെ പ്രധാന പോഷകനദികള്‍ വ്ള്‍ടാവ, ഓര്‍ഷ് എന്നിവയാണ്. ബൊഹീമിയയെ ഇവ ജലസിക്തമാക്കുന്നു. ഡാന്യൂബിന്റെ പോഷക നദികളാണ് മോറേവിയന്‍ പ്രദേശത്തിനു ജലമെത്തിച്ചു കൊടുക്കുന്നത്. തെക്കോട്ടൊഴുകുന്ന ഇവയില്‍ പ്രധാനം മോറാവയാണ്. വടക്കന്‍ മോറേവിയയില്‍ ഉദ്ഭവിക്കുന്ന ഓഡര്‍ നദി പോളണ്ടിലേക്കൊഴുകിയെത്തുന്നു.

സമ്പദ് വ്യവസ്ഥ

അവിഭക്ത ചെക്ക്സ്ലോവാക്യയ്ക്ക് രണ്ടാം ലോകയുദ്ധത്തിനു മുമ്പുതന്നെ ഒരു സമീകൃത-സ്വയംപര്യാപ്ത സമ്പദ്ഘടനയാണുണ്ടായിരുന്നത്. 1940-കളുടെ അവസാനത്തില്‍ ഇവിടം കമ്യൂണിസ്റ്റധീനതയിലായി. ഇത് ചെക്കസ്ലോവാക്യയുടെ വ്യാവസായിക പുരോഗതിക്കു കാരണമായെങ്കിലും ഇതോടൊപ്പം ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള കാര്‍ഷികവിഭവങ്ങള്‍ വരെ ഇറക്കുമതി ചെയ്യേണ്ടതായും വന്നു. മറ്റെല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെയും പോലെ ഇവിടത്തെയും സമ്പദ്ഘടന ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലായിരുന്നു.

ചെക്കിലെ വ്യവസായങ്ങള്‍ പ്രാഗ്, ബ്രണോ, പ്ലസന്യ, ഒസ്റ്റ്രാവ തുടങ്ങിയ നഗരങ്ങള്‍ക്കു ചുറ്റുമായാണ് കാണുന്നത്. 1948-നുശേഷം ഘന വ്യവസായമായ ലോഹവ്യവസായങ്ങള്‍ക്കായിരുന്നു ഇവിടെ മുന്‍ഗണന. ഘനവ്യവസായങ്ങള്‍ പ്രധാനമായി പ്രാഗിനും സ്റ്റ്രാകോണിസിനും ചുറ്റുമായി കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടത്തെ പ്രധാനോത്പന്നങ്ങള്‍ ഇരുമ്പ്, യന്ത്രസാമഗ്രികള്‍, ഗതാഗതോപകരണങ്ങള്‍, അതിസൂക്ഷ്മയന്ത്രസാമഗ്രികള്‍, വൈദ്യുത ഉപകരണങ്ങള്‍ എന്നിവയാകുന്നു. ആട്ടൊമൊബൈലുകള്‍, മെഷീനുകള്‍, മിലിട്ടറി ഉപകരണങ്ങള്‍, ട്രക്കുകള്‍ എന്നിവ മുഖ്യമായും പ്ലസന്യയ്ക്കു ചുറ്റുമായി നിര്‍മിക്കപ്പെടുന്നു. ഇരുമ്പുരുക്കു-വ്യവസായോത്പാദനത്തിന്റെ കാര്യത്തില്‍ ക്ലാഡ്നോ, ഒസ്റ്റ്രാവ എന്നീ നഗരങ്ങളാണ് മുന്നില്‍. ഇതുപോലെ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മറ്റൊന്നാണ് രാസ വ്യവസായം. വളങ്ങള്‍, റബ്ബര്‍, കൃത്രിമനാരുകള്‍, അമ്ളങ്ങള്‍, ക്ഷാരങ്ങള്‍ എന്നിവ പ്രധാനോത്പന്നങ്ങളില്‍പ്പെടുന്നു.

ചെക്കിലെ ചെറുകിട വ്യവസായങ്ങളുടെ വികസനം വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഇവയ്ക്ക് സുപ്രധാനപങ്കാണുള്ളത്. ഭക്ഷ്യസംസ്കരണം, വസ്ത്രനിര്‍മാണം, തുണിത്തരങ്ങള്‍, പാദരക്ഷ, ഗ്ലാസ്, പേപ്പര്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണ് കൂട്ടത്തില്‍ മുഖ്യം. ലോകപ്രശസ്തമായ ബിയറുത്പാദന കേന്ദ്രമാണ് പ്ലസന്യ. 1600 മുതല്ക്കുതന്നെ വടക്കന്‍ ബൊഹീമിയ ഗ്ലാസുത്പാദനത്തില്‍ മുമ്പന്തിയിലായിരുന്നു. ടെക്സ്റ്റൈല്‍ പ്ലാന്റുകള്‍ ബ്രണോ, ലിബറെറ്റ്സ് തുടങ്ങിയ പട്ടണങ്ങളിലും അടുത്തുള്ള ചെറുപട്ടണങ്ങളിലുമായി വ്യാപിച്ചിരിക്കുന്നു.

ചെക്കിലെ സമ്പദ്ഘടനയില്‍ കൃഷിക്ക് സുപ്രധാനമായ പങ്കുണ്ട്. എന്നിരുന്നാലും രണ്ടാം ലോകയുദ്ധത്തിനുശേഷം കൃഷിയുടെ പ്രാധാന്യം ഇവിടെ വളരെ കുറഞ്ഞിരിക്കുകയാണ്. 1993-ലെ കണക്കനുസരിച്ച് മൊത്തമുള്ള 42,82,000 ഹെക്ടര്‍ കൃഷിഭൂമിയില്‍ 31,73,000 ഹെക്ടര്‍ കൃഷിക്ക് ഉപയുക്തമാണ്. ഇതില്‍ 31.1 ശ.മാ. സ്റ്റേറ്റ് ഉടമസ്ഥതയിലും 61 ശ.മാ. സഹകരണം, 4.4 ശ.മാ. സ്വകാര്യം, 22 ശ.മാ. പൊതു എന്നീ മേഖലകളിലുമാണ്. പകുതിയിലധികം കൃഷിഭൂമിയിലും ഗോതമ്പ്, ബാര്‍ലി, വരക്, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്നു. വിവിധ തരത്തിലുള്ള ചണച്ചെടികള്‍, മള്‍ബറി, കരിമ്പ് എന്നിവയ്ക്കു പുറമേ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചെക്കിലെ കൃഷിയിടങ്ങള്‍ പ്രധാനമായും ഉത്തര-മധ്യ ബൊഹീമിയയിലും മധ്യമോറേവിയയിലുമുള്ള നദീതടങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. വടക്കന്‍ ബൊഹീമിയയിലാണ് ബിയറുത്പാദനത്തിനുള്ള പ്രത്യേകതരം മള്‍ബറി കൃഷി ചെയ്യുന്നത്. നദീതടങ്ങളില്‍ ബാര്‍ലി, ചോളം, വരക്, കരിമ്പ്, ഗോതമ്പ് എന്നിവയും മറ്റു പ്രദേശങ്ങളില്‍ ധാന്യങ്ങള്‍, ചണം, ഉരുളക്കിഴങ്ങ് എന്നിവയും കൃഷിചെയ്യുന്നു.

കന്നുകാലി വളര്‍ത്തലും ചെക്കിലെ പ്രധാനപ്പെട്ട ഒരു വ്യവസായമാണ്. ബൊഹീമിയയിലും മോറേവിയയിലും കന്നുകാലി വളര്‍ത്തലിന് ധാരാളം വന്‍കേന്ദ്രങ്ങളുണ്ട്. ചില കുന്നുകളില്‍ ആടു വളര്‍ത്തല്‍ കേന്ദ്രങ്ങളും കാണാം. രാജ്യത്തുടനീളം പന്നി, കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ട്.

ചെക്ക് റിപ്പബ്ലിക്കില്‍ വളരെക്കുറച്ചു ധാതു നിക്ഷേപങ്ങളേ ഉള്ളൂ. ഒസ്റ്റ്രാവയുള്‍പ്പെടുന്ന ഓഡര്‍ താഴ്വരയില്‍ നല്ലയിനം ബിറ്റൂമിനസ് കല്‍ക്കരി നിക്ഷേപങ്ങളുണ്ട്. ഈ ഇനം കല്‍ക്കരി കോക്കിന്റെ നിര്‍മാണത്തിലുപയോഗിക്കുന്നു. ബ്രൌണ്‍കോള്‍, ആന്റിമണി, മാഗ്നസൈറ്റ്, ഗ്രാഫൈറ്റ്, കയോലിന്‍ എന്നിവയാണ് മറ്റു പ്രധാന ധാതു വിഭവങ്ങള്‍. ചില പ്രദേശങ്ങളില്‍നിന്ന് ഇരുമ്പയിര് ഖനനം ചെയ്യുന്നുണ്ടെങ്കിലും ഇവിടത്തെ വന്‍കിട വ്യവസായങ്ങള്‍ക്കാവശ്യമായ ഇരുമ്പയിര് ഇറക്കുമതി ചെയ്യുകയാണ്.

ചെക്ക് വനങ്ങളില്‍ നിന്നു ലഭിക്കുന്ന തടികള്‍ പല വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നു. മറ്റു ചില വ്യവസായങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കളും ചെക്ക് വനങ്ങളില്‍ നിന്നു കിട്ടുന്നുണ്ട്. മലകളുടെ ഉയരം കൂടിയ ചരിവുകളില്‍ സ്പ്രൂസ്, ഫെര്‍, പൈന്‍ എന്നിവയും പൊക്കം കുറഞ്ഞ ചരിവുകളില്‍ ബീച്ച്, ഓക്ക് എന്നിവയും വളരുന്നു. ചെക്കിലെ കറന്‍സി 'കോറണ' ആണ്.

ഗതാഗതവും വാര്‍ത്താവിനിമയവും

ചെക്ക്സ്ലോവാക്യയില്‍നിന്നു വിഭജിതമായതോടെ ചെക്ക് റെയില്‍വേയുടെ അധികാരം ചെക്ക് റിപ്പബ്ലിക്കിന്റേതായി. 1993 ജനുവരിയില്‍ ചെക്കിലുള്ള റെയില്‍വേ പാതകളുടെ നീളം 9,500 കി.മീ. ആയിരുന്നു. ഇതില്‍ 2,580 കി.മീ. വൈദ്യുതീകരിച്ചതാണ്. തലസ്ഥാനമായ പ്രാഗില്‍ 40 കി.മീ. ദൈര്‍ഘ്യമുള്ള ഒരു 'മെട്രോ' പാതയും പ്രാഗ്, ബ്രണോ, ലിബറെറ്റ്സ്, ഓലോമോട്സ്, ഒസ്റ്റ്രാവ, പ്ലസന്യ, റ്റെപ്ലീസ്-ട്രീഷന്‍സ്കി എന്നിവിടങ്ങളില്‍ ട്രാം സര്‍വീസും ഉണ്ട്. 362 കി.മീ. നീളമുള്ള മോട്ടര്‍ പാതയുള്‍പ്പെടെ 55,517 കി.മീ. നീളത്തിലുള്ള റോഡുകള്‍ 1993 ജനുവരിയില്‍ത്തന്നെ ഇവിടെയുണ്ടായിരുന്നു.

എല്‍ബ് നദിയും അതിന്റെ പോഷകനദികളും ജലഗതാഗത യോഗ്യമാണ്. ഇവ ചെക്ക് റിപ്പബ്ലിക്കിനെ ഹാംബര്‍ഗ് തുറമുഖം വഴി നോര്‍ത്ത് സീയുമായി ബന്ധിപ്പിക്കുന്നു. ഓഡര്‍ നദിക്ക് ബാള്‍ടിക് സമുദ്രവുമായാണ് ബന്ധം. ചെക്ക് പ്രദേശത്തെ എല്‍ബ്, വ്ള്‍ടാവ എന്നീ നദികളില്‍ ധാരാളം നദീതുറമുഖങ്ങള്‍ കാണാം.

വ്യോമഗതാഗതം ചെക്ക് ഏര്‍ലൈന്‍സ് നിയന്ത്രിക്കുന്നു. പ്രാഗ്, ഒസ്റ്റ്രാവ, ബ്രണോ, കാര്‍ലോവി, വാറി എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളും പ്രാഗ്, ബ്രണോ, കാര്‍ലോവി, വാറി, മാറിയാന്‍സ്കി, ലാസന്‍, ഒസ്റ്റ്രാവ, സ്ളിന്‍ എന്നിവിടങ്ങളില്‍ ആഭ്യന്തര വിമാനത്താവളങ്ങളുമുണ്ട്.

'ചെക്ക് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലി'നാണ് പ്രക്ഷേപണമാധ്യമങ്ങളുടെ നിയന്ത്രണാധികാരം. ചെക്ക് ടെലിവിഷന്‍ ഒരു പൊതുസ്ഥാപനമാകുന്നു.

ഭരണകൂടം

ലെജിസ്ലേറ്റീവ് അധികാരം രണ്ടുസഭകളിലായി നിക്ഷിപ്തമായിരിക്കുന്നു. 200 അംഗങ്ങളുള്ള 'ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ്' അഥവാ 'ലോയര്‍ ഹൗസി'ലേക്ക് 4 വര്‍ഷത്തേക്കും 81 അംഗങ്ങളുള്ള 'സെനറ്റ്' അഥവാ 'അപ്പര്‍ ഹൗസി'ലേക്ക് 6 വര്‍ഷത്തേക്കുമാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. ഇരുസഭകളും ചേര്‍ന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഇത് ഒരു തവണകൂടി തുടരാം. സര്‍വസൈന്യാധിപനും പ്രസിഡന്റ് തന്നെ. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് തന്നെയാണ് മറ്റു മന്ത്രിമാരെ നിശ്ചയിക്കുന്നത്.

ഭരണസൗകര്യത്തിനായി ചെക്ക് റിപ്പബ്ലിക്കിനെ ക്രായ് എന്നറിയപ്പെടുന്ന 8 മേഖലകളായി തിരിച്ചിരിക്കുന്നു. വീണ്ടും ഇവയെ മുനിസിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാഷ 'ചെക്ക്' ആണ്.

ജനങ്ങള്‍.

ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ജനസംഖ്യയുടെ 39 ശ.മാ. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്നു. 81.2 ശ.മാ. വരുന്ന ചെക്ക് ജനവിഭാഗത്തെ കൂടാതെ മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയുണ്ട്. സ്ലോവാക്കുകളും അതില്‍ കുറവായി പോളിഷ്, ജര്‍മന്‍, ഹങ്ഗേറിയന്‍ എന്നിവരും ഇക്കൂട്ടത്തില്‍പ്പെടുന്നു.

സാക്ഷരതാശതമാനം മുന്തിയതാണ്; വിദ്യാഭ്യാസം സൗജന്യവും. തലസ്ഥാനമായ പ്രാഗില്‍ പ്രശസ്തമായൊരു സര്‍വകലാശാലയുണ്ട്. ഇത് യൂറോപ്പിലെ തന്നെ പുരാതന സര്‍വകലാശാലകളിലൊന്നാകുന്നു. 'ചാള്‍സ് യൂണിവേഴ്സിറ്റി' എന്നറിയപ്പെടുന്ന ഇത് 1384-ല്‍ ചാള്‍സ് IV സ്ഥാപിച്ചതാണ്.

ന്യായാധികാരം നാലുതരം കോടതികളില്‍ നിക്ഷിപ്തമായിരിക്കുന്നു: സിവില്‍, ക്രിമിനല്‍, കമേഴ്സ്യല്‍, അഡ്മിനിസ്ട്രേറ്റീവ്. ഇതുകൂടാതെ ആഭ്യന്തര കാര്യാലയത്തിന്‍ കീഴില്‍ വരുന്ന ധാരാളം പട്ടാളക്കോടതികളും ഉണ്ട്. ന്യായ-മന്ത്രാലയത്തിന്‍ കീഴില്‍ വരുന്ന സുപ്രീം കോടതിക്കു താഴെ മേഖല, താലൂക്ക് കോടതികളും പ്രവര്‍ത്തിക്കുന്നു. മറ്റുള്ള എല്ലാ കോടതികളും നിയമോപദേശത്തിന് സുപ്രീം കോടതിയെയാണ് സമീപിക്കുന്നത്. ഇവിടെ വധശിക്ഷ ഇല്ല.

ചരിത്രം

മോറേവിയന്‍ പ്രദേശം ഉള്‍പ്പെട്ട പഴയ ബൊഹീമിയന്‍ സാമ്രാജ്യമാണ് ഇപ്പോള്‍ ചെക്ക് എന്ന പേരിലറിയപ്പെടുന്നത്. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ആസ്റ്റ്രോ-ഹങ്ഗേറിയന്‍ സാമ്രാജ്യം തകര്‍ന്നു തരിപ്പണമായപ്പോള്‍ വളരെക്കാലം ആസ്ട്രിയയുടെ കീഴിലായിരുന്ന ഈ രാജ്യം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചു. റ്റോമാഷ് ഗാറിക് മാസറിക്, എഡ്വാര്‍ട്ട് ബെനഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. 1918 ഒക്ടോബറില്‍ പാരിസില്‍ വച്ച് ഒരു താത്കാലിക ഗവണ്‍മെന്റിന് ഇവര്‍ രൂപം നല്കി. ഇത് ഈ രാജ്യവുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചെന്നു മാത്രമല്ല, ഇതിന്റെ സ്വാതന്ത്യ്രം ഔപചാരികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ചെക്കുമായി ചേരാന്‍ സ്ലോവാക് ജനത തീരുമാനിച്ചതിന്റെ ഫലമായി 1918 അവസാനത്തോടെ 'റിപ്പബ്ലിക് ഒഫ് ചെക്ക്സ്ലോവാക്യ' രൂപമെടുത്തു.

പാര്‍ലമെന്ററി ഗവണ്‍മെന്റ് മാതൃകയിലുള്ള ഒരു ഭരണഘടന 1920-ല്‍ ഇവിടെ നിലവില്‍ വന്നു. മാസറിക് ആയിരുന്നു റിപ്പബ്ലിക് ഒഫ് ചെക്ക്സ്ലോവാക്യയുടെ ആദ്യത്തെ പ്രസിഡന്റ്; ബെനഷ് ആദ്യത്തെ വിദേശകാര്യമന്ത്രിയും. 1920-കളിലും മുപ്പതുകളുടെ ആദ്യകാലത്തും മധ്യ-കിഴക്കന്‍ യൂറോപ്പിന്റെ പലഭാഗത്തും സ്വേച്ഛാധിപതിമാരുടെ ഭരണമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ റിപ്പബ്ലിക് ഒഫ് ചെക്ക്സ്ലോവാക്യയില്‍ ഇക്കാലത്ത് വളരെ കാര്യക്ഷമമായ ജനാധിപത്യഭരണം പ്രാബല്യത്തിലിരുന്നു. ചെക്ക്സ്ലോവാക്യന്‍ നേതാക്കളുടെ കഴിവും മാസറിക്കിന്റെ വ്യക്തിപ്രഭാവവുമായിരുന്നു മുഖ്യമായും ഇതിനു പിന്നില്‍. ഇവര്‍ നടപ്പാക്കിയ ഭൂപരിഷ്കാരങ്ങള്‍ സാമൂഹ്യവൈഷമ്യങ്ങളെ അകറ്റിനിര്‍ത്തുകയും വ്യാവസായിക പുരോഗതിയിലൂടെ രാജ്യത്തിന് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കുകയും ചെയ്തു.

സങ്കരവംശജര്‍ കൂടി ഉള്‍പ്പെട്ട ചെക്ക്സ്ലോവാക്യന്‍ ജനതയ്ക്കിടയിലുണ്ടായ ശക്തിയായ അഭിപ്രായവ്യത്യാസങ്ങള്‍ ഭരണസ്ഥിരതയെ കാര്യമായി ബാധിച്ചു. ന്യൂനപക്ഷമായ സ്ലോവാക്യന്‍ ജനത തങ്ങള്‍ക്കു ലഭിച്ചിരുന്ന താഴ്ന്ന നിലവാരത്തില്‍ തോന്നിയ രോഷം ഭൂരിപക്ഷമായ ചെക്ക് വംശജരോടു പ്രകടിപ്പിച്ചതായിരുന്നു ഇതിനു പ്രധാന കാരണം. മാത്രമല്ല, ജര്‍മനിയോടു ചേര്‍ന്നു കിടന്ന വടക്കന്‍ ബൊഹീമിയയിലെ സൂഡേറ്റന്‍ പ്രദേശത്തുള്ള ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലും ഇക്കാലത്ത് ധാരാളം പ്രശ്നങ്ങളുണ്ടായി. 1933-ല്‍ ജര്‍മനിയില്‍ അധികാരത്തിലേറിയ അഡോള്‍ഫ് ഹിറ്റ്ലര്‍ ഈ അതൃപ്തിയെ ഊട്ടിവളര്‍ത്തി. ചെക്ക്സ്ലോവാക്യയും ജര്‍മനിയും തമ്മിലുണ്ടായിരുന്ന ബന്ധങ്ങള്‍ ഇതിന്റെ ഫലമായി വഷളായിത്തീര്‍ന്നു. സഖ്യരാജ്യങ്ങളായ ഫ്രാന്‍സിന്റെയും ഗ്രേറ്റ് ബ്രിട്ടന്റെയും നിര്‍ബന്ധത്തിനു വഴങ്ങി ചെക്ക്സ്ലോവാക്യ തങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങള്‍ 1938-ലെ മ്യൂണിക് ഉടമ്പടിപ്രകാരം ജര്‍മനിക്കു വിട്ടുകൊടുത്തു. ഹിറ്റ്ലറെ പ്രീണിപ്പിക്കാനായി ഫ്രാന്‍സും ബ്രിട്ടനും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തോന്നല്‍ ചെക്ക്സ്ലോവന്‍ ജനങ്ങളിലുണ്ടായി. തുടര്‍ന്ന് 1935-ല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്ത ബെനഷ്, ആ സ്ഥാനം രാജിവച്ച് തന്റെ പ്രതിഷേധം പ്രകടമാക്കി.

ഫെഡറല്‍ അസംബ്ലി മന്ദിരം: പ്രാഗ്

1939-ല്‍ മാര്‍ച്ചില്‍ ഹിറ്റ്ലറുടെ സേന ചെക്ക്സ്ലോവാക്യയുടെ ബാക്കി പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കി. ഇവര്‍ ബൊഹീമിയയെയും മോറേവിയയെയും ജര്‍മനിയോടു ചേര്‍ക്കുകയും സ്ലോവാക്യയെ ജര്‍മന്‍ സംരക്ഷണത്തിലുള്ള ഒരു സ്വതന്ത്രപ്രദേശമാക്കിവയ്ക്കുകയും ചെയ്തു. 1940-ല്‍ രാജ്യഭ്രഷ്ടനാക്കപ്പെട്ട ബെനഷ് ലണ്ടനില്‍വച്ച് ഒരു യുദ്ധകാലഗവണ്‍മെന്റിനു ജന്മം നല്കി. രണ്ടാം ലോകയുദ്ധത്തില്‍ നാസി സേനയുടെ നേര്‍ക്ക് ഗറില്ലാ യുദ്ധമുറ സ്വീകരിച്ച ഈ രാജ്യത്തെ റഷ്യന്‍-അമേരിക്കന്‍ സേനകള്‍ 1944-45-ല്‍ മോചിപ്പിച്ചു.

യുദ്ധത്തിനുശേഷം മുമ്പുണ്ടായിരുന്ന അതിര്‍ത്തികള്‍ (റഷ്യയുമായി ലയിപ്പിച്ച കിഴക്കേയറ്റത്തുള്ള റുതേനിയ ഒഴികെ) പുനഃസ്ഥാപിച്ചുകൊണ്ട് കമ്യൂണിസ്റ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഒരു കൂട്ടുമന്ത്രിസഭ രൂപീകൃതമായി; പ്രസിഡന്റായി ബെനഷ് സ്ഥാനമേറ്റു. റഷ്യയുടെ നിരന്തരസമ്മര്‍ദംമൂലം ചെക്ക്സ്ലോവാക്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ കരുത്തുനേടി. 1948 ഫെബ്രുവരി ആയപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റുകള്‍ ഗവണ്‍മെന്റില്‍നിന്ന് അധികാരം പിടിച്ചെടുക്കുവാന്‍ പോലും പ്രാപ്തിയുള്ളവരായിത്തീര്‍ന്നു. ഇതിനിടയില്‍ മുന്‍പ്രസിഡന്റായിരുന്ന മാസറിക്കിന്റെ പുത്രന്‍ യാന്‍ മാസറിക് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു.

1920-ലെ ഭരണഘടനയ്ക്കു പകരം കുറച്ചുകൂടി നിയന്ത്രണങ്ങളുള്ള പുതിയ ഭരണഘടന 1948-മേയില്‍ നിലവില്‍ വന്നു. ഇതിനെത്തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന ബെനഷ് പദവി രാജിവച്ചൊഴിഞ്ഞു.

റഷ്യന്‍ സ്വാധീനമുള്ള ഗവണ്‍മെന്റായിരുന്നു ഇതിനെത്തുടര്‍ന്ന് ചെക്ക്സ്ലോവാക്യയില്‍ നിലവില്‍ വന്നത്. മറ്റു റഷ്യന്‍ ഉപഗ്രഹരാജ്യങ്ങളുമായി വാണിജ്യ-സാംസ്കാരികബന്ധം നിലനിര്‍ത്തിയിരുന്ന ഈ ഗവണ്‍മെന്റ് രാജ്യത്തിലെ എല്ലാ വ്യവസായങ്ങളെയും ദേശസാത്കരിക്കുകയും കമ്യൂണിസ്റ്റ് ഭരണത്തോടെ തിര്‍ത്തുനിന്ന ശക്തികളെ നീക്കം ചെയ്യുകയും ചെയ്തു. 1953-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനായിരുന്ന ആന്തനിന്‍ നവോട്നി 57-ല്‍ ചെക്കസ്ലോവാക്യയുടെ പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ജനങ്ങളെ അടിച്ചമര്‍ത്തിയാണ് ഭരണം നടത്തിയത്. ഇത്തരത്തില്‍പ്പെട്ട കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഇത്. 1960-ല്‍ ചെക്ക്സ്ലോവാക്യയെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടന നിലവില്‍വന്നു. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ഹിതമായ ഒരു ഭരണപദ്ധതിക്കു രൂപമേകി.

കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയില്‍ നിന്നുള്ള മോചനത്തിനായി ദാഹിച്ച ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. ഇതോടൊപ്പം തിരഞ്ഞെടുപ്പു കാലത്ത് പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങള്‍ പലതും നിറവേറ്റാതിരുന്നതും ഈ അസംതൃപ്തിക്ക് ആക്കം കൂട്ടി. തുടര്‍ന്ന് യുവകമ്യൂണിസ്റ്റുകള്‍ സ്ലോവാക് കമ്യൂണിസ്റ്റ് നേതാവായിരുന്ന അലക്സാണ്ടര്‍ ഡൂബ്ചെക്കിന്റെ നേതൃത്വത്തില്‍ നവോട്നിയെ സ്ഥാനഭ്രഷ്ടനാക്കി (1968). പാര്‍ട്ടി അധികാരത്തിലിരുന്ന മറ്റ് രാജ്യങ്ങളിലും ഇത്തരം പുനഃസംഘടനാശ്രമങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയാല്‍ റഷ്യ ഈ നീക്കങ്ങളെ ഭീഷണിപ്പെടുത്തി അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ റഷ്യയുടെ നീക്കങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് റഷ്യന്‍ സേന മറ്റ് ഉപഗ്രഹരാജ്യങ്ങളോടു ചേര്‍ന്ന് ചെക്ക്സ്ലോവാക്യയെ ആക്രമിച്ചു (1968). ഈ ആക്രമണത്തെ വ്യാപകമായ അഹിംസാധിഷ്ഠിത മാര്‍ഗങ്ങളിലൂടെയാണ് ചെക്ക്സ്ലോവാക്യന്‍ ജനത നേരിട്ടത്. എന്നാല്‍ റഷ്യന്‍ സേന രാജ്യത്തിനുള്ളില്‍ നിലയുറപ്പിക്കാന്‍ അനുവാദം നല്കുന്ന ഒരു ഉടമ്പടിയില്‍ ഗവണ്‍മെന്റിന് ഒപ്പുവയ്ക്കാതെ നിര്‍വാഹമില്ലാതായി.

വാക് ലേവ് ഹാവല്‍

1969-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനായിരുന്ന ഡൂബ്ചെക് രാജിവച്ചു. പിന്നീട് ഗവണ്‍മെന്റില്‍നിന്നും പാര്‍ട്ടിയില്‍നിന്നും ഇദ്ദേഹം പുറത്തായി. ഒരു മുന്‍ദേശീയ വാദിയായ ഗുസ്താഫ് ഹൂസക് ആയിരുന്നു പകരക്കാരന്‍. 1968-ല്‍ പ്രസിഡന്റായിരുന്ന ലുദ്വിക് സ്വോബോദയെ തുടര്‍ന്ന് 1975-ല്‍ ഗുസ്താഫ് ഹൂസക് ചെക്ക്സ്ലോവാക്യന്‍ പ്രസിഡന്റായി. 1987 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഹൂസക്കിനെ തുടര്‍ന്നുവന്ന മിലോസ് ജാക്സിന്റെ നയങ്ങള്‍ കുറേക്കൂടി ഉദാരമായവയായിരുന്നു. എന്നാല്‍ കത്തോലിക്കാപള്ളിയോടും അതിനോടു വിയോജിപ്പുള്ളവരോടും എടുത്തിരുന്ന നയങ്ങള്‍ പഴയതുപോലെതന്നെ തുടര്‍ന്നു. 1977 ജനുവരിയില്‍ ഒരു വിഭാഗം ബുദ്ധിജീവികളും മുന്‍രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് തങ്ങളുടെ രാഷ്ട്രീയ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 'ചാര്‍ട്ടര്‍ 77' എന്ന ഒരു പ്രസ്ഥാനത്തിനു രൂപം നല്കി. 1980-കളുടെ അവസാനത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിഥിലീകരണത്തിന് ഉത്തമോദാഹരണമാണ് 1988-ല്‍ ഇവിടെയുണ്ടായ ഗവണ്‍മെന്റ്വിരുദ്ധ പ്രകടനങ്ങള്‍.

1989 അവസാനത്തോടെ നാടകീയമെങ്കിലും ശാന്തമായ രാഷ്ട്രീയ വ്യതിയാനത്തിന് ചെക്ക്സ്ലോവാക്യയില്‍ തുടക്കം കുറിച്ചു. 'വെല്‍വെറ്റ് റെവലൂഷന്‍' എന്നറിയപ്പെട്ട ഈ പ്രസ്ഥാനം 1989 ന. 17-ന് പ്രാഗില്‍ ഭരണകൂടത്തിനെതിരായി പ്രകടനം സംഘടിപ്പിച്ചു. രണ്ടു ദശാബ്ദത്തിനുള്ളില്‍ രാജ്യം കണ്ട ഏറ്റവും വലിയ പ്രകടനമായിരുന്നു ഇത്. പൊലീസുകാര്‍ ഇത് അതിക്രൂരമായി അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് പ്രാഗിലും രാജ്യത്തുടനീളവും പ്രകടനങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായി.

1989-ല്‍ 'സിവിക് ഫോറം' എന്ന ഒരു പ്രതിപക്ഷവിഭാഗം ഇവിടെ രൂപീകൃതമായി. പ്രതിപക്ഷ-മനുഷ്യാവകാശ സംഘടനകളിലെയും ചാര്‍ട്ടര്‍ 77-ലെയും അംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഈ പ്രസ്ഥാനം വളരെപ്പെട്ടെന്ന് ജനസമ്മതിയാര്‍ജിച്ചു. 1989 ഡിസംബറില്‍ ഹൂസക് രാജി വച്ചതിനെത്തുടര്‍ന്ന് വാക്ലാവ് ഹാവല്‍ പ്രസിഡന്റായി സ്ഥാനമേറ്റു. ഈ മന്ത്രിസഭയില്‍ കമ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷമായിരുന്നു. 1990 ഏപ്രിലില്‍ രാഷ്ട്രത്തിന്റെ പേര് 'ചെക്ക് ആന്‍ഡ് സ്ലോവാക് ഫെഡറേറ്റിവ് റിപ്പബ്ലിക്' (CSFR) എന്നാക്കി മാറ്റുവാന്‍ ഫെഡറല്‍ അസംബ്ലി തീരുമാനിച്ചു. ചെക്കിലെയും സ്ലോവാക്കിലെയും ഡെപ്യൂട്ടിമാര്‍ക്കിടയില്‍ ഇതൊരു തര്‍ക്കവിഷയമായെങ്കിലും പുതിയ പേര് സ്ലോവാക്യയ്ക്ക് തുല്യപദവി നല്കുമെന്ന ധാരണയില്‍ സ്ലോവാക്യക്കാര്‍ തൃപ്തിപ്പെട്ടു. 1946-നുശേഷം നടന്ന ആദ്യത്തെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് (1990 ജൂണ്‍) ജൂലായില്‍ വാക്ലാവ് ഹാവല്‍ പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റു.

1990-ന്റെ അവസാന പകുതിയില്‍ സ്ലോവാക്യയിലുടനീളം നടന്ന പ്രകടനങ്ങളും സമ്മേളനങ്ങളും ഒരു അസ്വസ്ഥജനതയുടെ അടങ്ങാത്ത സ്വാതന്ത്യ്രാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു. ഭരണ-സാമ്പത്തിക വിഷയങ്ങളില്‍ ചെക്കിനു ലഭിച്ചുകൊണ്ടിരുന്ന മുന്‍ഗണനയാണ് സ്ലോവാക്യന്‍ ജനതയ്ക്ക് തങ്ങളുടെ സ്വയംഭരണാവകാശം പൊരുതി നേടുവാന്‍ പ്രേരകമായത്.

1992 ജൂണില്‍ ഇരു പ്രദേശങ്ങളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാകേണ്ടതിന്റെ ആവശ്യകത സംഘടനകള്‍ സംശയലേശമെന്യേ വ്യക്തമാക്കി. ഇതോടെ ജൂലായില്‍ രണ്ടു പ്രധാനമന്ത്രിമാരും ചെക്ക് ആന്‍ഡ് സ്ലോവാക് ഫെഡറേറ്റിവ് റിപ്പബ്ലിക്കിന്റെ വിഭജനത്തിനു സമ്മതം മൂളി. എന്നാല്‍ മൊത്തം ജനതയുടെ 60 ശതമാനത്തോളം പേര്‍ വിഭജനത്തിന് എതിരായിരുന്നുവെന്നത് മറ്റു ലോകരാജ്യങ്ങളെ അദ്ഭുതപ്പെടുത്തി. 1992 ഡി. 17-ന് നല്ല സുഹൃദ്രാജ്യങ്ങളായിരിക്കുവാനുള്ള ഉടമ്പടിയില്‍ ഇരു റിപ്പബ്ലിക്കുകളുടെയും ഭരണകൂടങ്ങള്‍ ഒപ്പുവച്ചു. തുടര്‍ന്ന് 1992 ഡി. 31 അര്‍ധരാത്രിയില്‍ ചെക്കും സ്ലോവാക്കും രണ്ടു സ്വതന്ത്രരാജ്യങ്ങളായിത്തീര്‍ന്നു. എന്നാല്‍ ഇരുരാജ്യങ്ങളും ഒരേ നാണയസമ്പ്രദായവും ഫെഡറല്‍ സംവിധാനവും ഒരു കരാര്‍മൂലം നിലനിര്‍ത്തി. 1993 ഫെബ്രുവരിയില്‍ ചെക്ക് കോറണ, സ്ലോവാക് കോറണ എന്നിങ്ങനെ പ്രത്യേക നാണയങ്ങള്‍ നിലവില്‍ വന്നു.

ചെക്ക് റിപ്പബ്ലിക് പുതുതായി രൂപം കൊണ്ടതോടെ നിലവിലുണ്ടായിരുന്ന ലെജിസ്ലേച്ചറിനു പകരം ഒരു ദ്വിതല ഭരണസംവിധാനത്തിനു തുടക്കമിട്ടു. ഇത് 1992 ഡിസംബറില്‍ രൂപീകൃതമായ ചെക്ക് ഭരണഘടനയ്ക്കനുസൃതമായിരുന്നു. ഇതിന്‍ പ്രകാരം 'ചെക്ക് നാഷണല്‍ കൗണ്‍സില്‍' പുതിയ 'ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ്' അഥവാ 'ലോയര്‍ ഹൗസ്' ആയി മാറി. ഇതില്‍ 200 അംഗങ്ങളുണ്ട്. അപ്പര്‍ ഹൗസ് അഥവാ സെനറ്റ് 93 ജനുവരിയില്‍ രൂപീകൃതമായി. 1993 ജനുവരി അവസാനത്തോടെ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ് വാക്ലാവ് ഹാവലിനെ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റാക്കി. സ്ലോവാക്യന്‍ റിപ്പബ്ലിക്കുമായി നല്ല നയതന്ത്രബന്ധം സ്ഥാപിക്കുക എന്ന പ്രധാന നയത്തില്‍ ചെക്ക് റിപ്പബ്ലിക് ഇന്നും ഉറച്ചു നില്ക്കുന്നു. പ്രഥമ ചെക്ക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ വാക്ലാവ് ക്ലോസ്, ചെക്കില്‍ 1996 ജൂണില്‍ നടന്ന ആദ്യ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും മത്സരിച്ചു. 55 ശ.മാ. ജനങ്ങളും ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനെയാണു കാംക്ഷിക്കുന്നതെന്ന് ഇവിടെ നടന്ന ജനഹിത പരിശോധന വെളിപ്പെടുത്തുന്നു.

1996 ജൂലായ് മാസത്തില്‍ ചെക്കില്‍ രൂപീകൃതമായ കൂട്ടുമന്ത്രിസഭയിലെ പ്രധാനമന്ത്രി വാക്ലാവ് ക്ലോസ് തന്നെയായിരുന്നു. 1996 നവംബറില്‍ നടന്ന സെനറ്റ് തിരഞ്ഞെടുപ്പിനുശേഷം ഈ ഭരണകൂടം അധികാരത്തിലേറി.

ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ ചെക്ക് റിപ്പബ്ലിക് നാറ്റോ (NATO), ഒഇസിഡി (Organisation for Economic Co-operation & Development) യൂറോപ്യന്‍ യൂണിയന്‍ എന്നിവയിലും അംഗമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍