This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെക്ക് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെക്ക് ഭാഷയും സാഹിത്യവും

Czech Language & Literature

ചെക്ക്സ്ലോവാക്യയിലെ ഔദ്യോഗിക ഭാഷകളിലൊന്നാണ് ചെക്ക്. ഇന്തോ യൂറോപ്യന്‍ കുടുംബത്തിലെ പടിഞ്ഞാറന്‍ സ്ലാവിക് ശാഖയിലുള്‍പ്പെട്ട ഭാഷയാണിത്. ബൊഹീമിയ, മൊറേവിയ, സൈലീഷ്യ എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഈ ഭാഷ സംസാരിക്കുന്നത്. അമേരിക്കയിലെ ചില പ്രദേശങ്ങളിലുള്ളവരും ഇതുപയോഗിച്ചുവരുന്നു. ഏതാണ്ട് പത്തു ദശലക്ഷത്തിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ചെക്ക്. 10-ാം ശതകത്തോടുകൂടിയാണ് സ്ളവോണിക്കില്‍ നിന്നും ചെക്ക് ഭാഷ രൂപപ്പെട്ടുതുടങ്ങുന്നത്. 11-ാം ശതകം മുതല്‍ അതിന് ധാരാളം മൌലികപദാവലികളുണ്ടായിത്തുടങ്ങി. 1057-ല്‍ ചെക്ക് പദങ്ങളും പ്രയോഗങ്ങളുമുള്ള ഭാഷ നിലനിന്നിരുന്നുവെന്നതിനു ധാരാളം തെളിവുകളുണ്ട്. ലത്തീന്‍ ലിപിയിലായിരുന്നു അത് എഴുതപ്പെട്ടത്.

13-ാം ശതകത്തോടെയാണ് ചെക്ക് സാഹിത്യം ആവിര്‍ഭവിക്കുന്നത്. ചാള്‍സ് IV-ന്റെ (14-ാം ശ.) ഭരണകാലത്ത് ഒരു സാഹിത്യഭാഷയെന്ന നിലയില്‍ ചെക്കിന് കാര്യമായ പരിഗണന ലഭിക്കുകയുണ്ടായി. നിരവധി പ്രാദേശികഭേദങ്ങളുണ്ടായിരുന്ന ചെക്ക് ഭാഷയില്‍ നിര്‍ണായകമായ മാനകീകരണം സംഭവിച്ചത് 15-16 ശതകങ്ങളുടെ മധ്യ കാലങ്ങളിലാണ്. ക്രിസ്തുമതപരിഷ്കര്‍ത്താവായ ജോണ്‍ ഹസ് (1369-1415) ആണ് അതിനു നേതൃത്വം നല്കിയത്. 17-ാം ശതകമായപ്പോഴേക്കും ആധുനിക ചെക്ക് ഭാഷ ഉദയം ചെയ്തുകഴിഞ്ഞിരുന്നു.

ചെക്ക്സ്ലോവാക്യന്‍ റിപ്പബ്ലിക്കിലെ മറ്റൊരു ഔദ്യോഗിക ഭാഷയായ സ്ലോവാകിനോട് വളരെ അടുത്തുനില്ക്കുന്ന ഒന്നാണ് ചെക്ക് ഭാഷ. ഇവ രണ്ടിനെയും ചേര്‍ത്ത് ഒരൊറ്റ ഭാഷയാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. അതുകൊണ്ട് ഇവിടത്തെ സാഹിത്യം ചെക്ക് സാഹിത്യത്തിന്റെയും സ്ലോവാക് സാഹിത്യത്തിന്റെയും സാകല്യമായിത്തീര്‍ന്നു.

13-ാം ശതകത്തിന്റെ അവസാനകാലം മുതലാരംഭിക്കുന്ന ചെക്ക് സാഹിത്യത്തില്‍ ഗീതകങ്ങളും ലഘുകവനങ്ങളുമായിരുന്നു ആദ്യമുണ്ടായത്. 14-ാം ശതകമായതോടെ ഇതിഹാസകാവ്യങ്ങളും ധര്‍മോപദേശകാവ്യങ്ങളും നിരവധി ഗീതകങ്ങളും എഴുതപ്പെടുകയുണ്ടായി. സു. 1310-ല്‍ ഉണ്ടായ അലക്സാണ്‍ഡ്രിസ് ആണ് ആദ്യത്തെ ഇതിഹാസകാവ്യം. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവിതകഥയാണ് ഇതിലെ ഇതിവൃത്തം. ക്രോണിക്കിള്‍ ഒഫ് ഡാലിമില്‍ ആണ് ഈ നൂറ്റാണ്ടിലുണ്ടായ മറ്റൊരു ഇതിഹാസം. സെന്റ് കാതറിനെ സംബന്ധിക്കുന്ന ഐതിഹ്യത്തിന്റെ കാവ്യാവിഷ്കാരവും ഈ കാലഘട്ടത്തിലുണ്ടായ മറ്റൊരു ബൃഹദ് രചനയാണ്.

15-ാം ശതകത്തില്‍ ചെക്ക് ഭാഷയുടെ നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജോണ്‍ ഹസിന്റെ സ്വാധീനം സാഹിത്യത്തിലുമുണ്ടായി. ഇദ്ദേഹത്തോടൊപ്പം തോമസ് സ്റ്റിറ്റ്നി തുടങ്ങിയ എഴുത്തുകാരും ഇതില്‍ പങ്കാളികളായി. ഈ കാലയളവില്‍ ധര്‍മോപദേശകഥകള്‍ക്കായിരുന്നു പ്രാമുഖ്യം. 15-ാം ശതകത്തില്‍ ചെക്ക് ഗദ്യ സാഹിത്യം നിരവധി ബൈബിള്‍ വിവര്‍ത്തനങ്ങളാല്‍ സമ്പന്നമായി.

16-17 ശതകങ്ങളില്‍ നവോത്ഥാനത്തിന്റെ സ്വാധീനം ചെക്ക് സാമൂഹ്യജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും സാഹിത്യരംഗത്ത് അതു കാര്യമായ ചലനം സൃഷ്ടിച്ചില്ല. എങ്കിലും ചെക്ക് റൊമാന്റിക് കവിതകളുടെ പിറവിക്ക് അത് അടിത്തറ തീര്‍ത്തു. 18-ാം ശതകത്തിലാണ് ചെക്ക് ഭാഷയില്‍ റൊമാന്റിക് കവിത പ്രചാരം നേടിയത്. വാക്ലവ് ഹംഗ (1791-1861) ആണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയനായ കവി. ഇദ്ദേഹത്തിന്റെ മറ്റൊരു മികച്ച സംഭാവനയാണ് മധ്യകാല കൈയെഴുത്തു പ്രതികളുടെ പുനഃപ്രകാശനം. ഹംഗയുടെ കവിതകളിലെ ഇതിവൃത്തം ചെക്ക് ജനതയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ഈ കാലഘട്ടത്തിലെ മറ്റൊരു കവിയായ ഫ്രാന്റിസെക് ലാഡിസ്ലാവ് സെലക്കോവ്സ്കി (1799-1852) റഷ്യയിലെയും ചെക്കിലെയും നാടോടിക്കവിതകളാണ് ഇതിവൃത്തമാക്കിയത്.

19-ാം ശതകത്തിന്റെ ആദ്യപാദങ്ങളില്‍ ചെക്ക് സാഹിത്യത്തിലുണ്ടായ മികച്ച രചനയാണ് യാജ് എന്ന ഇതിഹാസകാവ്യം. ചെക്ക് റൊമാന്റിസത്തിന്റെ പരമകാഷ്ഠയെ സൂചിപ്പിക്കുന്ന രചനയാണിത്. കാരല്‍ ഹിനക്മകാ ആണ് ഇതിന്റെ രചയിതാവ്. 19-ാം ശതകത്തിന്റെ മധ്യകാലമായപ്പോഴേക്കും ദേശീയബോധം വികസ്വരമായി. അത് തദ്ദേശീയ സാഹിത്യത്തെ സമ്പന്നമാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും അതുള്‍ക്കൊണ്ടുള്ള നിരവധി കവികളുടെ രംഗപ്രവേശനത്തിനു കാരണമാവുകയും ചെയ്തു. ജാന്‍ നെരൂദ (1834-91), സതോപ്ലക് ഷക്ക് (1846-1908), ജാരോസ്ലാവ് റി ലികി (1853-1912), ജൂലിയസ് സെയര്‍ (1841-1901), വിഖ്യാത ചെക്ക് സിംബലിസ്റ്റായ പീറ്റര്‍ ബസ്രാക് (1867-1958), സ്റ്റാനിസ്ലാവ് ന്യൂമാന്‍ (1875-1947) തുടങ്ങിയവര്‍ പില്ക്കാലത്തെ ശ്രദ്ധേയരായ കവികളാണ്. ഗദ്യരചയിതാക്കളില്‍ വനിതാ നോവലിസ്റ്റായ ബൊസേന നെംകോവ (1820-62), ചരിത്ര നോവലിസ്റ്റായ അലോയസ് ജിറാസിക് (1851-1930) എന്നിവര്‍ ഉള്‍പ്പെടുന്നു. ഹാബ് സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ പതനത്തിനും ചെക്ക്സ്ലോവാക്യ എന്ന രാഷ്ട്രത്തിന്റെ പിറവിക്കുമിടയിലുള്ള സങ്കീര്‍ണമായ കാലഘട്ടത്തില്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന കവിയാണ് ജിരി ഓള്‍ക്കര്‍ (1900-24). അടിസ്ഥാനവര്‍ഗത്തിന്റെ പോരാട്ടങ്ങളായിരുന്നു ഇദ്ദേഹം കാവ്യവിഷയമാക്കിയത്. ഇക്കാലത്തെ മറ്റൊരു സാഹിത്യകാരനായിരുന്നു കവിയും നോവലിസ്റ്റുമായ വിതെസ്ലാവ് നെസ്വാള്‍ (1900-58).

ഈ കാലഘട്ടത്തില്‍ ഗദ്യസാഹിത്യത്തിനും നിര്‍ണായക വികാസമുണ്ടായി. അതില്‍ പങ്കാളികളായവരില്‍ ശ്രദ്ധേയനാണ് ചാപെക് കാരല്‍ (1890-1938). ഹോര്‍വുഡുബല്‍ (1933), പ്രോപെട്രോണ്‍ (1934), ഒബ്സെനി സിവോട്ട് (1935) എന്നീ തത്ത്വശാസ്ത്രകഥാത്രയത്തിലൂടെയാണ് ഇദ്ദേഹം വിഖ്യാതനായത്. തികഞ്ഞ പുരോഗമനവാദിയും സ്വതന്ത്ര ചിന്തകനുമായിരുന്നു ചാപെക്. സോഷ്യലിസ്റ്റ് നോവലിനെ സൗന്ദര്യാത്മക തലങ്ങളിലേക്കുയര്‍ത്തിയ മേരി മജ്റോ ആണ് ശ്രദ്ധേയയായ മറ്റൊരു നോവലിസ്റ്റ്. നാസി ഭരണത്തിന്‍കീഴിലുള്ള ചെക്ക് സമൂഹത്തെ വിശകലന വിധേയമാക്കിയ മേരി പുജ്മനോവ ആണ് മറ്റൊരു സാഹിത്യകാരി. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള രഹസ്യബന്ധത്തിന്റെ പേരില്‍ ബര്‍ലിനില്‍ ഗസ്റ്റപ്പോകളാല്‍ വധിക്കപ്പെട്ട ജൂലിയസ് ഫ്യൂച്ചിനി(1903-43)ന്റെ തടവറയിലെ കുറുപ്പുകളുള്‍ക്കൊള്ളുന്ന നോട്ടുബുക്ക് ഈ കാലഘട്ടത്തിലെ പ്രതിരോധസാഹിത്യത്തിന്റെ പ്രാതിനിധ്യസ്വഭാവമുള്‍ക്കൊള്ളുന്ന ഒരു രചനയാണ്. രണ്ടാംലോക യുദ്ധത്തോടെ സോഷ്യലിസ്റ്റ് റിയലിസവുമായി ബന്ധപ്പെട്ട രചനകള്‍ മാത്രമാണ് ചെക്ക് സാഹിത്യത്തില്‍ ഉണ്ടായത്. അടുത്ത കാലത്തു മാത്രമാണ് സാഹിത്യത്തിനുമേല്‍ ഉണ്ടായിരുന്ന സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അയഞ്ഞതും മാര്‍ക്സിസ്റ്റ് ചിന്താപദ്ധതികളോടു വിയോജിക്കുന്ന രചനകള്‍ ഉദയം ചെയ്തതും.

ആധുനിക ചെക്ക് സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് മിലാന്‍ കുന്ദേര (1929-). ഫ്രഞ്ചുപൗരത്വം കൂടിയുള്ള ഈ ചെക്ക് പൗരന്‍ 1929-ലാണു ജനിച്ചത്. ചലച്ചിത്രരംഗത്തും സംഗീതരംഗത്തും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദ് ജക്ക്, ദ് ഫെയര്‍ വെല്‍ പാര്‍ട്ടി, ദ് ബുക്ക് ഒഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ്, ദി അണ്‍ബെയറബിള്‍ ലൈക്ക്നെസ് ഒഫ് ബീയിങ്, ലൈഫ് ഇന്‍ എല്‍സ്വേര്‍, ജാക്വിസ് ആന്‍ഡ് ഹിസ് മാസ്റ്റര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മികച്ച കൃതികള്‍.

ദ് ഫെയര്‍വെല്‍ പാര്‍ട്ടി (1928) എന്ന കൃതി ഇദ്ദേഹത്തിന് കോമണ്‍വെല്‍ത്ത് അവാര്‍ഡ് നേടിക്കൊടുത്തു. ദി അണ്‍ബെയറബിള്‍ ലൈക്നെസ് ഒഫ് ബീയിങ് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. ചെക്ക് സാഹിത്യത്തോടൊപ്പംതന്നെ ചെക്ക് സ്ലോവാക്യയില്‍ പ്രബലമായിരുന്നു സ്ലോവാക് സാഹിത്യവും. മോറേവിയയിലാണ് സ്ലോവാക് സാഹിത്യം ആരംഭിക്കുന്നത്. ഹങ്ഗേറിയന്‍, ജര്‍മന്‍, ലത്തീന്‍, ചെക്ക് തുടങ്ങിയ ഭാഷകളുടെ സമ്മര്‍ദം ആദ്യകാലം മുതല്‍ തന്നെ സ്ലോവാക് സാഹിത്യത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവയ്ക്ക് സ്ലോവാക് സംസ്ഥാനത്തിന്റെ മേല്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല. അതുകൊണ്ടുതന്നെ മൌലികമായൊരു സ്ലോവാക് സാഹിത്യത്തിനു സാധ്യത കൂടി. നാടോടി സ്വഭാവമുള്ള പ്രാദേശിക സൃഷ്ടികളായിരുന്നു അതിലേറെയും. 16-ാം ശതകത്തിലാണ് ലിഖിതസാഹിത്യം വേരു പിടിച്ചത്. ആദ്യകാലത്ത് മതസംബന്ധിയായ ഭാവഗീതങ്ങളായിരുന്നു അധികമുണ്ടായത്. പില്ക്കാലത്ത് ഗദ്യകൃതികള്‍ പ്രാധാന്യം നേടിത്തുടങ്ങി. 18-ാം ശതകം നിരവധി പ്രധാനപ്പെട്ട സംഭവങ്ങള്‍ കൊണ്ടു നിബിഡമാണ്. തുര്‍ക്കികള്‍ കൈവശം വച്ചിരുന്ന ഹങ്ഗേറിയന്‍ മേഖല കീഴടക്കിയത്, പുനര്‍ നവീകരണത്തിനുണ്ടായ വിജയം എന്നിവ ഉദാഹരണമാണ്. ഒരു സ്ലോവാക്യന്‍ അവബോധത്തിന്റെ രൂപീകരണവും ഇക്കാലത്തുണ്ടായി. തനതായ സ്ലോവാക് സാഹിത്യത്തിനുവേണ്ടിയുള്ള ആദ്യശ്രമം നടത്തിയത് ആന്റന്‍ ബര്‍നലാക് ആയിരുന്നു (1762-1813).

സ്ലോവാക് സാഹിത്യഭാഷയ്ക്കുവേണ്ടിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണമാണ് ആദ്യത്തെ കവിയായ ജാന്‍ ഹോളിയെയും (1785-1849) ജോസഫ് ഇഗനാക്ബജ്സ (1754-1836) എന്ന ഗദ്യകാരനെയും സാഹിത്യരചനയ്ക്കു പ്രേരിപ്പിച്ചത്. കാല്പനിക കാലഘട്ടത്തില്‍ ലുദെവിച്ച് സ്റ്റര്‍ (1815-56) തന്റെ രചനകളിലൂടെ മധ്യസ്ലോവാക്യന്‍ ഭാഷാഭേദത്തെ അടിസ്ഥാനമാക്കിയുള്ള സാഹിത്യ ഭാഷ ചിട്ടപ്പെടുത്തി.

20-ാം ശതകമായപ്പോഴേക്കും ചെക്കുസാഹിത്യവും സ്ലോവാക് സാഹിത്യവും വ്യത്യസ്ത സാഹിത്യധാരകളെന്ന നിലയില്‍ത്തന്നെ പ്രാമുഖ്യം നേടിക്കഴിഞ്ഞിരുന്നു. അടുത്ത കാലത്ത് ചെക്ക് സ്ലോവാക്യയില്‍നിന്നും ചെക്ക് റിപ്പബ്ലിക് സ്വതന്ത്രരാജ്യമായിത്തീര്‍ന്നതോടെ ചെക്ക് ഭാഷയ്ക്കു കുറേക്കൂടി പ്രാധാന്യവും പ്രസക്തിയും കൈവരിക്കുകയുണ്ടായി.

(ടി.വി. സുനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍