This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെക്കോവ്, ആന്റണ്‍ പാവ്ലോവിച്ച് (1860 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെക്കോവ്, ആന്റണ്‍ പാവ്ലോവിച്ച് (1860 - 1904)

ആന്റണ്‍ പാവ്ലോവിച്ച് ചെക്കോവ്

റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തും. 1860 ജനു. 29-ന് ടാഗന്‍ റോഗ് എന്ന സ്ഥലത്തു ജനിച്ചു. ചെറുകിട വ്യവസായിയായിരുന്നു പിതാവ്. നന്നേ ബുദ്ധിമുട്ടിയാണ് ആ കുടുംബം ജീവിച്ചുവന്നത്. കഷ്ടപ്പാടുകള്‍ സഹിച്ച് ചെക്കോവ് ചാഗന്റോഗ് സ്കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മോസ്കോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഇതിനിടെ പിതാവിന്റെ കച്ചവടം തകര്‍ന്നു. കുടുംബസമേതം ചെക്കോവ് മോസ്കോയിലേക്കു താമസം മാറ്റി. കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചും സരസകഥകളും നര്‍മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചും ഇദ്ദേഹം കുടുംബം പുലര്‍ത്തിപ്പോന്നു. 1884-ല്‍ വൈദ്യശാസ്ത്ര ബിരുദം നേടി. കുറേക്കാലം ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ചുവെങ്കിലും അത് ഒരു ഉപജീവനമാര്‍ഗമായി തുടര്‍ന്നു നടത്തിയില്ല. 1888 ആയപ്പോഴേക്കും പ്രചാരമുള്ള മാസികകളില്‍ നിലവാരമുള്ള കഥകളെഴുതി ചെക്കോവ് സാഹിത്യകാരന്മാരുടെയിടയില്‍ സ്ഥാനമുറപ്പിച്ചു. അതോടെ എന്തും എഴുതുക എന്ന ശീലമുപേക്ഷിച്ച് രചനയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തിത്തുടങ്ങി. ഇത് യുവാവായിരിക്കുമ്പോള്‍ത്തന്നെ ചെക്കോവിനെ റഷ്യയിലെ ഒന്നാംകിട എഴുത്തുകാരില്‍ ഒരാളാക്കി. 1890-ല്‍ കുറേ മാസങ്ങള്‍ ഇദ്ദേഹം കുറ്റവാളികളുടെ കോളനിയായ സഖാലിന്‍ ദ്വീപില്‍ ചെലവഴിച്ചു. അവിടെ നിന്നും മനസ്സിലാക്കിയ കരുണാര്‍ദ്രമായ ജീവിതപാഠങ്ങളില്‍ നിന്ന് ഇദ്ദേഹം സഖാലിന്‍ ദ്വീപ് എന്ന ഗ്രന്ഥം രചിച്ചു (1883-94). തുടര്‍ന്ന് മോസ്കോ പ്രവിശ്യയിലെ മെലിക്കാവോ എന്ന സ്ഥലത്ത് കുറേ കൃഷി ഭൂമി സ്വന്തമാക്കി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. 1897-ല്‍ താന്‍ ക്ഷയരോഗത്തിന് അടിമയായിരിക്കുന്നുവെന്ന് ചെക്കോവ് മനസ്സിലാക്കി. പക്ഷേ, 42 വയസ്സുവരെ അതു രഹസ്യമായി സൂക്ഷിച്ചു.

റഷ്യന്‍ ചെറുകഥാസാഹിത്യത്തിനു നവീനമുഖം നല്കുവാന്‍ ചൊക്കോവിനു കഴിഞ്ഞിട്ടുണ്ട്. തൊഴിലും പ്രണയവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. സമൂഹത്തിന്റെ ഇടപെടലുകള്‍മൂലം ശിഥിലമായിപ്പോകുന്ന വ്യക്തിജീവിതങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ ഇദ്ദേഹത്തിന്റെ കഥകളില്‍ കാണാം. ആഖ്യാനത്തില്‍ ബാഹ്യമോടികള്‍ക്കല്ല, ആന്തരിക ശോഭയ്ക്കാണ് ചെക്കോവ് പ്രാധാന്യം നല്കിയത്. ദ് ഷൂട്ടിങ് പാര്‍ട്ടി, സോറോ, എ ഡോട്ടര്‍ ഒഫ് ആല്‍ബിയന്‍, ജോയ്, ദ് സ്കൂള്‍ മാസ്റ്റര്‍, ഹൂ വാസ് ടു ബ്ലെയിം, മിസറി ഒഫ് നെയ്ബേഴ്സ്, ആന്‍ ആര്‍ട്ടിസ്റ്റ്സ് സ്റ്റോറി തുടങ്ങി ശ്രദ്ധേയമായ നിരവധി കഥകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1886-നും 90-നും ഇടയ്ക്ക് അവ 4 വാല്യങ്ങളായി പ്രകാശിപ്പിച്ചിട്ടുണ്ട്. പൂര്‍വഗാമികളായ ടോള്‍സ്റ്റോയ്, ദസ്തയേവ്സ്കി എന്നിവരില്‍ നിന്നും വ്യത്യസ്തമായി, നേരിയ സൂചനകളിലൂടെയും അര്‍ധപ്രസ്താവനകളിലൂടെയും മൌനത്തിലൂടെയും ആഖ്യാനം ചെയ്യുക എന്ന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചത്.

ഗ്രാമീണരുടെ അസ്വസ്ഥതകളും ദുഃഖങ്ങളും നിറഞ്ഞു നില്ക്കുന്ന നാടകങ്ങള്‍ക്കും ചെക്കോവ് ജന്മം നല്കിയിട്ടുണ്ട്. 1895-ല്‍ ദ് സീ ഗള്‍ എന്ന നാടകമെഴുതിക്കൊണ്ടായിരുന്നു രംഗപ്രവേശം. 1898-ല്‍ മോസ്കോ ആര്‍ട്ട്സ് തിയെറ്ററില്‍ ഇതിന്റെ വിജയകരമായ പ്രദര്‍ശനം നടന്നു. അവിടത്തെ നടിയായിരുന്ന ഓള്‍ഗാ നിപ്പറെ ഇദ്ദേഹം 1901-ല്‍ വിവാഹം കഴിച്ചു. അവസാനത്തെ നാടകങ്ങളായ ദ് ത്രീ സിസ്റ്റേഴ്സ്, ദ് ചെറി ഓര്‍ച്ചഡ് എന്നിവയും ആര്‍ട്ട് തിയെറ്ററിലാണ് അരങ്ങേറിയത്. പ്രസ്തുത തിയെറ്റര്‍ 'ഹൗസ് ഒഫ് ചെക്കോവ്' എന്നറിയപ്പെട്ടു. മറ്റു നാടകങ്ങള്‍ ഇവാനോവ്, രാജപാത എന്നിവയാണ്. രാജപാത അന്നത്തെ റഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിവൃത്തത്തിനും ക്രിയയ്ക്കും ഉള്ളതിനെക്കാള്‍ പ്രാധാന്യം ഭാവതലത്തിനും അന്തരീക്ഷസൃഷ്ടിക്കുമാണ് ഈ കൃതിയില്‍ നല്കിയിരിക്കുന്നത്. ഈ സവിശേഷത കഥാലോകത്തും കാണാം. 1901-ല്‍ റഷ്യന്‍ അക്കാദമി ഒഫ് സയന്‍സസിന്റെ ഓണററി അംഗത്വം ലഭിച്ചെങ്കിലും മാക്സിം ഗോര്‍ക്കിയുടെ അംഗത്വം ചക്രവര്‍ത്തി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ചെക്കോവ് തന്റെ സ്ഥാനം ഉപേക്ഷിച്ചു. 1904 ജൂലായില്‍ ക്ഷയരോഗം മൂര്‍ച്ഛിച്ച് ജര്‍മനിയിലെ സുഖവാസകേന്ദ്രമായ ബേഡന്‍ വീലറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍