This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെകലോവ്, വലേറി പാവ്ലോവിച് (1904 - 38)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെകലോവ്, വലേറി പാവ്ലോവിച് (1904 - 38)

റഷ്യന്‍ ബ്രിഗേഡ് കമാന്‍ഡര്‍. റഷ്യയില്‍ ചെകലോവ്സ്ക് നഗരത്തിലെ വസിലെവോ ഗ്രാമത്തില്‍ 1904 ജനു. 20-ന് ഒരു തൊഴിലാളിയുടെ മകനായി ജനിച്ചു. ഇദ്ദേഹം 1919-ല്‍ റെഡ് ആര്‍മിയില്‍ അംഗമായി. ഫ്ളൈറ്റ് സ്കൂളുകളിലെ പഠനത്തിനുശേഷം 1930-ല്‍ ഇദ്ദേഹം എയര്‍ഫോഴ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെസ്റ്റ് പൈലറ്റായി. 1936-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് സോവിയറ്റ് യൂണിയനില്‍ (CPSU) അംഗമായ ഇദ്ദേഹം സുപ്രീം സോവിയറ്റ് സഭയുടെ ആദ്യ സമ്മേളനത്തിലെ ഉപമുഖ്യനും ആയിരുന്നു.

1936-ലും (9374 കി.മീ., 56 മണിക്കൂര്‍ 20 മിനിട്ട്) 1937-ലും (8504 കി.മീ., 63 മണിക്കൂര്‍ 16 മിനിട്ട് ട്രാന്‍സ് ആര്‍ട്ടിക് ഫ്ളൈറ്റ്) ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിമാനയാത്രകള്‍ (non-stop flights) വളരെ പ്രസിദ്ധങ്ങളാണ്. ട്രാന്‍സ് ആര്‍ട്ടിക് വ്യോമയാത്ര സാധ്യമാണെന്നു തെളിയിച്ച വൈമാനികനും ഇദ്ദേഹമാണ്. 'അസെന്‍ഡിങ് സ്പിന്‍', 'സ്ളോ റോള്‍' എന്നീ വ്യോമാഭ്യാസങ്ങളുടെ ഉപജ്ഞാതാവും ചെകലോവ് തന്നെ. ഓഡര്‍ ഒഫ് ലെനിന്‍ (2 പ്രാവശ്യം), ഓഡര്‍ ഒഫ് റെഡ് ബാനര്‍, ഹീറോ ഒഫ് സോവിയറ്റ് യൂണിയന്‍ (1936) എന്നീ ബഹുമതികള്‍ നേടിയ ചെകലോവ് 1938 ഡി. 15-ന് മോസ്കോവിനടുത്തുണ്ടായ ഒരു വിമാന ദുരന്തത്തില്‍ മൃതിയടഞ്ഞു.

ഒഡന്‍ബെര്‍ഗ് എന്ന നഗരം ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം 1955-ല്‍ ചെകലോവ്സ്ക് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്മാരകമായി അവിടെ ഒരു കാഴ്ചബംഗ്ലാവും പണിതിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍