This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെംസ്ഫോഡ്, ഫ്രെഡറിക് ജോണ്‍ നേപിയര്‍ തെസീഗര്‍ (1868 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെംസ്ഫോഡ്, ഫ്രെഡറിക് ജോണ്‍ നേപിയര്‍ തെസീഗര്‍ (1868 - 1933)

Chelmsford, Frederic John Napier Thesiger

ആദ്യത്തെ വൈക്കൗണ്ട്. മുന്‍ ഇന്ത്യന്‍ വൈസ്രോയിയും ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും മൂന്നാമത്തെ ബാരനുമായിരുന്നു ഫ്രെഡറിക് ചെംസ്ഫോഡ്. 1868 ആഗ. 12-ന് ചെംസ്ഫോഡ് II പ്രഭുവിന്റെ പുത്രനായി ലണ്ടനില്‍ ജനിച്ചു. ഇദ്ദേഹം വിഞ്ചസ്റ്ററിലും ഓക്സ്ഫഡിലുമായി പഠനം പൂര്‍ത്തിയാക്കി. 1893-ല്‍ നേപിയര്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു. 1900-04 വരെ ലണ്ടന്‍ സ്കൂള്‍ ബോഡില്‍ അംഗമായിരുന്ന ഇദ്ദേഹം 1904-05 കാലഘട്ടത്തില്‍ ലണ്ടന്‍ കൗണ്ടി കൗണ്‍സിലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവിനെ പിന്തുടര്‍ന്ന് 1905-ല്‍ ചെംസ്ഫോഡ് ബാരനായി സ്ഥാനമേറ്റ നേപിയര്‍ തുടര്‍ന്ന് ക്വീന്‍സ്ലന്‍ഡ് ഗവര്‍ണറായി നിയമിതനായി. 1909 വരെ ഈ പദവിയിലുന്ന നേപിയര്‍ പിന്നീട് ന്യൂ സൗത്ത് വെയ്ല്‍സ് ഗവര്‍ണറായി സ്ഥാനമേറ്റു. രാഷ്ട്രീയ സംഘട്ടനങ്ങളുടെയും തൊഴിലസ്വാസ്ഥ്യങ്ങളുടെയും കാലത്തുപോലും കാര്യപ്രാപ്തിയും ജനസമ്മതിയുമുള്ള ഗവര്‍ണറായി അവസരത്തിനൊത്തുയര്‍ന്ന ആളാണ് ചെംസ്ഫോഡ്. 1912-ല്‍ ഇദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' നല്‍കി ആദരിച്ചു. 1913-ല്‍ ആസ്റ്റ്രേലിയ വിട്ട ചെംസ്ഫോഡ് 1916-ല്‍ വൈസ്രോയിയായി ഇന്ത്യയിലെത്തി.

ഇ.എസ്. മൊണ്‍ടേഗുവിനോടു ചേര്‍ന്ന് ചെംസ്ഫോഡ് തയ്യാറാക്കിയെടുത്ത 'മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍' ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പരമപ്രധാനമായ അധ്യായമായി കരുതപ്പെടുന്നു. 1919-ലാണ് മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. 1921-ല്‍ ചെംസ്ഫോഡ് പ്രഭു വിരമിച്ചു. റീഡിങ് പ്രഭു ആയിരുന്നു പകരക്കാരന്‍. ഇതിനെത്തുടര്‍ന്നാണ് ചെംസ്ഫോഡ് വൈക്കൗണ്ട് ആയി സ്ഥാനമേറ്റത്. 1924-ല്‍ റാംസേ മക്ഡൊണാള്‍ഡിന്റെ ലേബര്‍ ഗവണ്‍മെന്റില്‍ നാവികസേനയുടെ ആദ്യത്തെ 'ലോഡ് അഡ്മിറല്‍' ആയിരുന്ന ചെംസ്ഫോഡ് 1932-ല്‍ ഓക്സ്ഫഡില്‍ 'ഇലക്റ്റഡ് വാര്‍ഡന്‍ ഒഫ് ആള്‍ സോള്‍സ്' ആയും നിയമിതനായി. 1933 ഏ. 1-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍