This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂതുകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂതുകളി

രാജാക്കന്മാരും മറ്റും നടത്തിയിരുന്ന ഒരു വിനോദം. ചൂതുപലകയില്‍ കരുക്കള്‍ നിരത്തി, പ്രത്യേകനിയമങ്ങളനുസരിച്ചാണ് ചൂതുകളിക്കുന്നത്. രാജാക്കന്മാരുടെ സപ്തവ്യസനങ്ങളിലൊന്നായിട്ടിതിനെ വിവരിച്ചു കാണുന്നു. കേവല വിനോദമെന്നതിലുപരി ധനനഷ്ടത്തിനും ഇതു വഴിവയ്ക്കുന്നു. ചൂതുകളിയിലൂടെ രാജാധികാരം നഷ്ടപ്പെട്ടവരാണ് ധര്‍മപുത്രരും നളനും. അക്ഷക്രീഡ, കൈതവം, ദ്യൂതം എന്നിത്യാദി പദങ്ങള്‍ ചൂതുകളിക്കു പകരമായി പ്രചാരത്തിലുണ്ട്.

'എതിര്‍ത്തു ചൂതിനുവാതു പറഞ്ഞ നീ

നിരത്തുകന്‍പൊടുചൂതുപടം' എന്ന നളചരിതത്തിലെയും

'ചൂതിനുള്ളോരു ദോഷങ്ങള്‍ ചൊല്ലീടിനാള്‍

ചൂതുപൊരാതെ കഴിക്കിലോ നന്നല്ലോ'

എന്ന മഹാഭാരതത്തിലെയും പരാമര്‍ശങ്ങള്‍ പ്രാചീനകാലം മുതല്ക്കുതന്നെ ചൂതുകളിയുടെ പല രൂപങ്ങള്‍ നിലവിലിരുന്നുവെന്നു വ്യക്തമാക്കുന്നു ('ചൂതുകളിക്കാരന്റെ കൈയും ഏഷണിക്കാരന്റെ നാവും',

'ചൂതുക്കളിക്കാരന്റെ പണം ചുറ്റും ഇരിക്കുന്നവര്‍ക്ക്' മുതലായ പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുണ്ട്).

ചൂത്, നായാട്ട്, മദ്യം, മദിരാക്ഷി എന്നിവയില്‍ മനുഷ്യനെ നശിപ്പിക്കുന്ന ഒരു ശക്തി ഒളിഞ്ഞിരിക്കുന്നുവെന്നാണ് പൗരാണിക സങ്കല്പം. ഈ സങ്കല്പം വിശദമാക്കുന്ന ഒരു കഥ ദേവീഭാഗവതത്തില്‍ ഉണ്ട്.

ഇന്ദ്രന്‍ ഒരിക്കല്‍ അശ്വിനീദേവന്മാരെ ഭ്രഷ്ട് കല്പിച്ച് പുറത്താക്കി. അവര്‍ക്ക് സോമപാനം നിഷിദ്ധമാണെന്നു വിധിക്കുകയും ചെയ്തു. വളരെയേറെ ദുഃഖത്തോടെ അശ്വിനികള്‍ ച്യവന മഹര്‍ഷിയുടെ സമീപം ചെന്നു പരാതിപ്പെട്ടു. അദ്ദേഹമാകട്ടെ ഒരു യാഗശേഷം അശ്വിനികള്‍ക്ക് സോമപാനം അനുവദിച്ചുകൊടുത്തു. വര്‍ധിച്ച കോപത്തോടെ, ച്യവനന്റെ മേല്‍ വജ്രായുധം പ്രയോഗിക്കാന്‍വേണ്ടി ഇന്ദ്രന്‍ കൈയുയര്‍ത്തി. എന്നാല്‍ ച്യവനന്റെ ഹോമകുണ്ഡത്തില്‍ നിന്നും ഉടന്‍തന്നെ മദന്‍ എന്നൊരു രാക്ഷസന്‍ ഉയിര്‍ക്കൊള്ളുകയും ഇന്ദ്രന്‍ ഭയവിഹ്വലനായി മഹര്‍ഷിയുടെ കാല്ക്കല്‍ പ്രണമിക്കുകയും ചെയ്തു. ച്യവനന്‍ പരിഹാരാര്‍ഥം മദനെ നാലായിക്കീറി ഓരോ ഭാഗം ചൂതിലും നായാട്ടിലും മദ്യത്തിലും മദിരാക്ഷിയിലും നിക്ഷേപിച്ചു. ചൂതുകളിയുടെ മാദകഭാവം ഇങ്ങനെ കൈവന്നതാണെന്നാണ് വിശ്വാസം. നോ. ച്യവനന്‍

ചെറിയ ചതുരക്കട്ടകളാണു ചൂതുകളിക്കാന്‍ വേണ്ടിയുപയോഗിക്കുന്നത്. ഇവയെ 'ചുക്കിണികള്‍' എന്നു വിളിക്കുന്നു. പ്രാചീന ഭാരതത്തില്‍ മാത്രമല്ല റോം, ഗ്രീസ്, ഈജിപ്ത്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലും ഈ കളി പ്രചാരത്തിലുണ്ടായിരുന്നു. മോഹന്‍ജൊദരോയിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ ദന്ത നിര്‍മിതങ്ങളായ ചുക്കിണികള്‍ കിട്ടിയിട്ടുണ്ട്. ഋഗ്വേദത്തിലും ചൂതുകളിയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ചൂതുകളിയുടെ ദോഷങ്ങള്‍ ഊന്നിപ്പറയുമ്പോള്‍ത്തന്നെ രാജാക്കന്മാര്‍ക്കുവേണ്ടി ബ്രഹ്മാവിനാല്‍ നിര്‍മിക്കപ്പെട്ടതാണിത് എന്ന പ്രസ്താവവും പുരാണങ്ങളിലുണ്ട്. വിദഗ്ധരായ ചൂതുകളിക്കാരില്‍ പ്രമുഖനാണ് ശകുനി.

വേദകാലത്ത് താന്നിക്കുരുകൊണ്ടാണ് ചൂതുകള്‍ ഉണ്ടാക്കിയിരുന്നത്. ഇന്നു മരം, സെല്ലുലോസ്, പ്ലാസ്റ്റിക് മുതലായവ കൊണ്ട് കരുക്കള്‍ നിര്‍മിക്കുന്നു. ചുക്കിണിക്ക് സമചതുരമായ ആറുമുഖ(വശം)മുണ്ട്. ഓരോ മുഖത്തിലും 1, 2, 3, .... എന്ന ക്രമത്തില്‍ ദ്വാരങ്ങള്‍. 1-ന്റെ എതിര്‍മുഖത്ത് 6, 2-ന്റെ എതിരായിട്ട് 5, 3-ന്റെ എതിര്‍വശത്ത് 4 എന്നിങ്ങനെ. മഞ്ഞ, കറുപ്പ്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലായിരിക്കും ചൂതുകള്‍. ഇവ നാലെണ്ണം വീതമുള്ള നാല് സെറ്റുകളായിരിക്കും. രണ്ടുപേര്‍ മാത്രമായിട്ടും രണ്ടു പേര്‍ വീതമുള്ള രണ്ട് ടീമായിട്ടും കളിക്കാറുണ്ട്. 'A' യും 'B' യും ഒരു ടീമാണെങ്കില്‍ 'C' യും 'D' യും മറ്റൊരു ടീം.

'A' യുടെ രണ്ട് ചൂത് 'C' യുടെ വെട്ടേല്ക്കാതെ 'B' യുടെ 'oo' എന്നടയാളപ്പെടുത്തിയ സ്ഥാനത്ത് എത്തുന്നതാണ് 'കെട്ട്'. കെട്ടിയാല്‍ പിന്നെ വെട്ടാന്‍ പറ്റുകയില്ല. രണ്ടു ചുക്കിണിയിലെയും ദ്വാരങ്ങളുടെ എണ്ണം ഒരു പോലെ വീണാല്‍ 'പെരുപ്പം' എന്നു പറയുന്നു. ഇതു നാലു പ്രാവശ്യം വരെ ആവര്‍ത്തിക്കാം. ഒരാള്‍ക്ക് സാധാരണ രണ്ടു കളിയാണനുവദിച്ചിട്ടുള്ളത്. ചൂതുകളിയില്‍ തൊപ്പിയിടുകയെന്നാല്‍ തോല്ക്കുക എന്നാണര്‍ഥം.

ചെസ്സിനും ചതുരംഗത്തിനും ചില കാര്യങ്ങളില്‍ വ്യത്യാസമുള്ളതുപോലെ ചൂതുകളിയില്‍നിന്നും അല്പമാത്രമായ വ്യത്യാസമുള്ളതാണ് പകിടകളി.

(ഗിരീഷ് പുലിയൂര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍