This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂണ്ടപ്പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂണ്ടപ്പന

പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം പന. ശാസ്ത്രനാമം : കാരിയോട്ട യൂറന്‍സ് (Caryota urens). മലബാര്‍ സാഗോ പാം, ബാസ്റ്റാഡ് സാഗോ, ഫിഷ് ടെയ്ല്‍ പാം, പൈന്‍ പാം, ആനപ്പന, കള്ളുപന, ശര്‍ക്കര പന എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്ത്യ, മലയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ വളരുന്നു. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഇതു നട്ടുവളര്‍ത്തുന്നു.

ചൂണ്ടപ്പന

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ ഒറ്റത്തടിയായി ചൂണ്ടപ്പന വളരും. ചാരനിറത്തിലുള്ള തടിക്ക് ഏകദേശം 30-50 സെ.മീറ്ററോളം വണ്ണം വയ്ക്കും. തടിയില്‍ അവിടവിടെയായി വിള്ളലുകള്‍ കാണപ്പെടുന്നു. 5-6 മീ. നീളവും 3-4 മീ. വീതിയുമുള്ള വലിയ ദ്വിപിച്ഛകസംയുക്തപത്രമാണുള്ളത്. പത്രവൃന്തപാദം തടിച്ചു പോളപോലെ കാണപ്പെടുന്നു. 2-3 സെ.മീ. നീളമുള്ള പത്രകത്തിനു മത്സ്യവാലിന്റെ ആകൃതി ആയിരിക്കും. ഇലകള്‍ക്കു കടും പച്ചനിറവും തിളക്കവുമുണ്ട്.

ചൂണ്ടപ്പന 10-12 വര്‍ഷം പ്രായമാകുമ്പോള്‍ പുഷ്പിക്കാന്‍ തുടങ്ങും. ഇതു തുടര്‍ച്ചയായി 20-25 വര്‍ഷക്കാലം പുഷ്പിച്ചുകൊണ്ടിരിക്കും. പൂങ്കുല 5-6 മീറ്ററോളം നീളം വരുന്ന സ്പാഡിക്സ് ആണ്. പൂങ്കുലയുടെ തടിച്ച ഞെടുപ്പ് ചാരനിറമുള്ള വലിയ സ്പേത്ത് കൊണ്ടു മൂടിയിരിക്കും. പൂങ്കുലയില്‍ ധാരാളം സരള ശാഖകളുണ്ടാവും. നീളം കൂടിയ ഈ ശാഖകള്‍ക്കെല്ലാം ഒരേ ദൈര്‍ഘ്യമായിരിക്കും. ഈ ശാഖകളില്‍ മൂന്നുവീതമുള്ള ചെറിയ ഗ്രൂപ്പുകളിലായി അനേകം പുഷ്പങ്ങള്‍ കാണപ്പെടുന്നു. ഒരേ പൂങ്കുലയില്‍ത്തന്നെ ആണ്‍ പെണ്‍പുഷ്പങ്ങള്‍ ഉണ്ടാകും. പൂങ്കലയുടെ മധ്യത്തിലെയും ഏറ്റവും താഴെത്തെയും പുഷ്പങ്ങള്‍ പെണ്‍പുഷ്പങ്ങളായിരിക്കും. 13 മില്ലി മീറ്ററോളം നീളമുള്ള ആണ്‍ പുഷ്പത്തിനു വൃത്താകൃതിയിലുള്ള മൂന്നു ബാഹ്യദളങ്ങളുണ്ട്. ആയതാകൃതിയിലും ചുവപ്പുനിറത്തിലും ഉള്ള ദളങ്ങള്‍ വാല്‍വേറ്റ് ആയി ക്രമീകരിച്ചിരിക്കുന്നു. ഏകദേശം നാല്പതോളം കേസരങ്ങളുണ്ട്. വെളുപ്പുനിറത്തിലുള്ള കേസരതന്തുക്കള്‍ നീളം കുറഞ്ഞവയാണ്. കേസരപുടങ്ങള്‍ക്കു ദളങ്ങളോളം തന്നെ നീളമുണ്ടായിരിക്കും. പെണ്‍ പുഷ്പങ്ങളുടെ ബാഹ്യദളങ്ങള്‍ ആണ്‍പുഷ്പങ്ങളുടേതിനെക്കാള്‍ വലുതാണ്. ദളങ്ങള്‍ ചെറുതും പച്ചനിറത്തിലുള്ളവയുമാണ്. ബാഹ്യദളങ്ങള്‍ക്കെതിര്‍വശത്തായി മൂന്നു വന്ധ്യകേസരങ്ങള്‍ കാണപ്പെടുന്നു. ഇതിനു മൂന്ന് അറകളും മൂന്നു ബീജാണ്ഡപര്‍ണങ്ങളുമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമുണ്ട്. വര്‍ത്തികാഗ്രം മൂന്നായി പിളര്‍ന്നിരിക്കും. രണ്ടു സെ.മീറ്ററോളം വ്യാസം വരുന്ന ഗോളാകൃതിയിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ കടും ചുവപ്പുനിറത്തിലാകും. കായ്കളില്‍ ഒന്നോ രണ്ടോ വിത്തുകളുണ്ടായിരിക്കും.

ചൂണ്ടപ്പനയുടെ പൂങ്കുല ചെത്തിയാണ് കള്ള് എടുക്കുന്നത്. നല്ലൊരു പനയില്‍നിന്നു ദിനംപ്രതി 25 ലിറ്ററോളം കള്ള് ലഭിക്കും. രാവിലെ ലഭിക്കുന്ന കള്ളിനു നല്ല മധുരമാണ്. ഔഷധഗുണവുമുണ്ട്. കള്ള് വാര്‍പ്പില്‍ ശേഖരിച്ച് തീയില്‍ വറ്റിച്ചു ശര്‍ക്കരയും പാനിയും ഉണ്ടാക്കുന്നു. 24 മണിക്കൂര്‍ കള്ള് വച്ചിരുന്നാല്‍ അതു പുളിച്ചു പാല്‍ നിറമുള്ള ലഹരിപദാര്‍ഥമാകും. ഇതിന്റെ തടിയുടെ മജ്ജയില്‍നിന്നു ഗുണം കുറഞ്ഞ ഒരിനം 'സാഗോ' ഉണ്ടാക്കാറുണ്ട്. തടിയുടെ മജ്ജ ഇടിച്ചു താറാവിനും ആനയ്ക്കും തീറ്റയായി കൊടുക്കുന്നു. പഞ്ഞമാസങ്ങളില്‍ മനുഷ്യരും ഇതു ഭക്ഷണമാക്കാറുണ്ട്. ഈടും ഉറപ്പും ഉള്ള ഇതിന്റെ തടി കാര്‍ഷികോപകരണങ്ങളും വീട്ടുസാമഗ്രികളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്നു. പത്രവൃന്തത്തിന്റെ നാരുകൊണ്ട് ബ്രഷും ചൂണ്ടച്ചരടും ഉണ്ടാക്കാറുണ്ട്. ഇതിന്റെ ഇല ആനയ്ക്ക് തീറ്റയായി കൊടുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍