This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവപ്പുനാട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവപ്പുനാട

പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥഭരണത്തിന്റെ (ബ്യൂറോക്രസി) ഭാഗമായ നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും അമിതമായ ഔദ്യോഗിക നിഷ്ഠയുംമൂലം തീരുമാനമെടുക്കുന്നതില്‍ ഉണ്ടാകുന്ന അനാവശ്യമായ കാലതാമസത്തെ വിമര്‍ശിക്കാനുപയോഗിക്കുന്ന സംജ്ഞ. രേഖകള്‍ സൂക്ഷിക്കുന്ന ഫയല്‍ കെട്ടാനുപയോഗിക്കുന്ന നാടയുടെ നിറവുമായി ബന്ധപ്പെടുത്തിയാണ് 'ചുവപ്പുനാട' എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നത്. നിയമരേഖകളും ഔദ്യോഗിക പ്രമാണങ്ങളും കെട്ടിവയ്ക്കാന്‍ ചുവപ്പുനിറത്തിലുള്ള പ്രത്യേകതരം നാട ഉപയോഗിക്കുന്ന പതിവ് ഇംഗ്ളണ്ടില്‍ 17-ാം ശതകത്തില്‍ പ്രചാരത്തിലായി. തീരുമാനമെടുക്കുന്നതിനുണ്ടാകുന്ന കാലതാമസത്തെ സൂചിപ്പിക്കാന്‍ 'കാര്യങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു' (tied in red tape) എന്ന അര്‍ഥത്തില്‍ ചുവപ്പുനാട എന്ന സംജ്ഞ പിന്നീട് പ്രയോഗത്തില്‍വന്നു.

കാര്യനിര്‍വഹണത്തില്‍ നിയമപരമായ അടുക്കും ചിട്ടയും പാലിക്കുവാന്‍ കാണിക്കുന്ന അനുഷ്ഠാനനിഷ്ഠ ഉദ്യോഗസ്ഥ ഭരണത്തിന്റെ പ്രത്യേകതയാണ്. ഇത്, പ്രവര്‍ത്തനത്തിലെ കൃത്യത ഉറപ്പുവരുത്തുകയും കാര്യങ്ങളില്‍ അവയുടെ മേന്മയെ അടിസ്ഥാനമാക്കി മാത്രം തീരുമാനമെടുക്കാന്‍ സഹായിക്കുകയും വ്യക്തിപരമായ സ്വാധീനം ഒഴിവാക്കാന്‍ ഉപകരിക്കുകയും ചെയ്യുമെങ്കിലും പ്രശ്നങ്ങള്‍ക്ക് അവയുടെ ആവശ്യകതയും മുന്‍ഗണനയും അനുസരിച്ച് വേണ്ടസമയത്ത് പരിഹാരമുണ്ടാക്കാന്‍ സാധിക്കാതെ ഫയലില്‍ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. അമിതമായ ഔദ്യോഗികനിഷ്ഠ, യാന്ത്രികവും കര്‍ശനവുമായ ഇരട്ടിക്കല്‍, അമിതമായ തോതില്‍ വിഷയബാഹ്യമായ വിവരം ശേഖരിക്കല്‍ തുടങ്ങിയവ നിഷ്ക്രിയത്വത്തിനും കാലതാമസത്തിനും ഇടയാക്കുന്നു.

വിഷയത്തിന്റെ പ്രാധാന്യവും മുന്‍ഗണനയും കണക്കാക്കാതെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അമിത പ്രാധാന്യം കൊടുത്ത് അനാവശ്യമായ സങ്കീര്‍ണതയുണ്ടാക്കി തീരുമാനമെടുക്കുന്നത് നീട്ടിവയ്ക്കുകയും തന്മൂലം നയം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനത്തിന്റെ നടപടിയെയാണ് 'ചുവപ്പുനാട'യെന്ന സംജ്ഞകൊണ്ട് വിമര്‍ശനവിധേയമാക്കുന്നത്. നോ: പൊതുഭരണം

(വി.കെ. നാരായണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍