This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവന്നകില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവന്നകില്‍

ചുവന്നകില്‍ : പുഷ്പങ്ങളോടുകൂടിയ ശാഖ

മീലിയേസി (Meliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാസ്ത്രനാമം: ടൂണ സീലിയേറ്റ (Toona ciliata). സെഡ്രീല ടൂണ (Cedrela toona) എന്നും ഇത് അറിയപ്പെടുന്നു. ദേവതാരു, മതഗിരിവേമ്പ്, ചന്ദനവേമ്പ്, പടുകരണ എന്നീ പേരുകളിലു അറിയപ്പെടുന്ന ചുവന്നകിലിന്റെ ആംഗലേയനാമം 'റെഡ് സെഡാര്‍' എന്നാണ്. മലയയിലും ആസ്റ്റ്രേലിയയിലും ഈ വൃക്ഷം തണല്‍മരമായി നട്ടുവളര്‍ത്തുന്നു. കേരളത്തില്‍ 1200 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ധാരാളമായി വളരുന്നുണ്ട്. നിത്യഹരിതവനങ്ങളിലും ഇലകൊഴിയും ഈര്‍പ്പവനങ്ങളിലുമാണ് ഇത് നന്നായി വളരുന്നത്.

ധാരാളം ശാഖോപശാഖകളോടെ സാധാരണമരങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്ന ഈ വൃക്ഷത്തിന് 18 മീറ്ററോളം ഉയരംവയ്ക്കും. വൃക്ഷത്തിന്റെ പുറംതൊലിക്ക് കടുംചാരനിറവും ഉള്‍ഭാഗത്തിന് ചുവപ്പുനിറവുമാണ്. കട്ടിയേറിയ മരത്തൊലി പരുപരുത്തതാണ്. അപശല്കനസ്വഭാവവുമുണ്ട്. ഇലകള്‍ പിച്ഛകാകാരത്തിലുള്ള സംയുക്ത പത്രങ്ങളാണ്. ഏകാന്തരന്യാസത്തിലാണ് ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബറില്‍ ഇലകള്‍ കൊഴിയുകയും ഫെബ്രുവരിയില്‍ പുതിയവ ഉണ്ടാകുകയും ചെയ്യുന്നു. തളിരിലകള്‍ക്ക് കടുംചുവപ്പ് നിറമാണ്. ഈര്‍പ്പവും തണലും ഉള്ള സ്ഥലങ്ങളില്‍ വളരുന്ന വൃക്ഷങ്ങളുടെ ഇല കൊഴിയാറില്ല.

ഫെബ്രുവരി അവസാനത്തോടെ ചുവന്നകില്‍ പുഷ്പിക്കും. ശാഖാഗ്രങ്ങളില്‍ തൂങ്ങിക്കിടക്കുന്ന പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. വെളുപ്പുനിറത്തിലുള്ള പുഷ്പങ്ങള്‍ സുഗന്ധമുള്ളവയാണ്. അഞ്ച് ബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ഓറഞ്ചുനിറത്തിലുള്ള ഒരു ഡിസ്കില്‍നിന്ന് അഞ്ച് കേസരങ്ങള്‍ ഉദ്ഭവിക്കുന്നു. അണ്ഡാശയത്തിന് അഞ്ച് അറകളുണ്ടായിരിക്കും. ഓരോ അറയിലും 8-10 ബീജാണ്ഡങ്ങള്‍ കാണപ്പെടുന്നു. 2-3 സെന്റിമീറ്ററോളം നീളമുള്ള കാപ്സ്യൂളാണ് ഫലം. അഞ്ച് പാളികളോടുകൂടിയ ഫലം ശാഖാഗ്രങ്ങളില്‍ കുലകളായി തൂങ്ങിക്കിടക്കുന്നു. വിത്തുകള്‍ക്ക് കടും തവിട്ടുനിറമായിരിക്കും. വിത്തുകള്‍ പരന്നതും രണ്ടറ്റത്തും ചിറകുകളുള്ളവയുമാണ്.

മരത്തൊലിയില്‍ ടാനിക് അമ്ളവും സിട്രിക് അമ്ളവും ഉണ്ട്. കയ്പുരസമുള്ള തൊലി ഉദരരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. നെഞ്ചെരിച്ചില്‍, കുഷ്ഠം, പനി, തലവേദന, ചൊറിച്ചില്‍, രക്തദോഷങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ മരത്തൊലി ഉപയോഗിക്കുന്നു. തടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ ഔഷധനിര്‍മാണത്തിന് ഉപകരിക്കുന്നു. തടികൊണ്ട് വാതില്‍പ്പലകകള്‍, തീപ്പെട്ടി, പെന്‍സില്‍, പാക്കിങ് പെട്ടികള്‍ തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. തണല്‍വൃക്ഷമായി റോഡരികിലും ഉദ്യാനങ്ങളിലും ഇവ നട്ടുവളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍