This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുവടുസാധകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുവടുസാധകം

താളത്തിനനുസരിച്ച് ചുവടുകള്‍ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം. കഥകളിനടനത്തിലെ മുഖ്യമായ ഒരു ഘട്ടമാണിത്. താളത്തിനൊപ്പിച്ച് പാദങ്ങള്‍കൊണ്ട് പലവിധ ആകൃതിയിലും സ്ഥലത്തും ചവിട്ടുകയും കുടയുകയും ബന്ധിച്ചുവയ്ക്കുകയുമാണ് ഇതിന്റെ അടിസ്ഥാന തത്ത്വം.

ഒരേ താളവട്ടക്കാലത്തിന്റെ അക്ഷരസംഖ്യയനുസരിച്ച് അതതു താളത്തിന് ചുവടുകള്‍ ചേര്‍ക്കേണ്ടതാണ്. ഇതനുസരിച്ച് കഥകളിയില്‍ ചെമ്പടതാളത്തില്‍ താണ്ഡവപ്രധാനമായ 6 ചുവടുകളും ലാസ്യപ്രധാനമായ 19 ചുവടുകളുമുണ്ട്. ചെമ്പടതാളത്തിലുള്ള ചുവടുകളെല്ലാംതന്നെ ഒരു ചുവടുകൂടി ചേര്‍ത്ത് ചമ്പതാളത്തിലേക്ക് ഉപയോഗിക്കുന്നു. ഇതിനുപുറമേ, പത്ത് അക്ഷരകാലത്തിനും ചേര്‍ത്ത് ഒന്നായിട്ടുള്ള നാല് ചുവടുകളുമുണ്ട്. ചെമ്പട താളത്തിലെ ചുവടുകളില്‍നിന്നും ചമ്പതാളത്തിലെ ചുവടുകളില്‍നിന്നും തെരഞ്ഞെടുത്തവ 14 അക്ഷരകാലത്തില്‍ ഉപയോഗിച്ചാല്‍ അടതാളചുവടുകളായിത്തീരും. സമ്മിശ്രമായ ചുവടുകള്‍ സംയോജിപ്പിച്ച് 7 അക്ഷരകാലത്തിനുള്ളില്‍ തീരത്തക്കവണ്ണം പ്രയോഗിച്ചാണ് ത്രിപുടതാളച്ചുവട് വയ്ക്കുന്നത്. മിശ്രമായ ചുവടുകള്‍ ചേര്‍ത്ത് 6 അക്ഷരകാലത്തിനുള്ളില്‍ ഒതുക്കി പ്രകടിപ്പിച്ചാല്‍ പഞ്ചാരിതാള ചുവടുകളാകും. അക്ഷരകാലം രണ്ടു താളത്തിലും ഒന്നായതുകൊണ്ട് ത്രിപുടതാളത്തിനുപയോഗിക്കുന്ന ചുവടുകള്‍ തന്നെയാണ് മുറിയടന്ത താളച്ചുവടിനും ഉപയോഗിക്കുന്നത്. എങ്കിലും താളവട്ടം വ്യത്യസ്തമായാണ് പിടിക്കുന്നത്.ഏകതാളത്തിന് മറ്റ് ഏത് ചുവടും ഉപയോഗിക്കാവുന്നതാണ്.

കഥകളിയിലെ ചുവടുകള്‍ നടന്മാരുടെയും ഗുരുക്കന്മാരുടെയും പരമ്പരയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചുവടുകള്‍ ഏതായാലും അവയുടെ അനായാസമായ അവതരണത്തിന് നടനെ സജ്ജമാക്കുകയാണ് ചുവടുസാധകത്തിലൂടെ ചെയ്യുന്നത്. സംഗീതാഭ്യസനത്തിലെ സ്വരസാധകം പോലെയാണ് നൃത്തത്തിന് ചുവടുസാധകം ഉപകാരപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍