This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുഴി

Eddy

സുസ്ഥിരമായ ഒരു ദ്രാവകപ്രവാഹദിശയില്‍ പ്രതിബന്ധങ്ങളുടെ ഫലമായി രൂപീകൃതമാകുന്ന തടസ്സം. വാതകത്തിന്റെയും ദ്രാവകത്തിന്റെയും മുഖ്യപ്രവാഹത്തിന് അനുബന്ധമായാണെങ്കിലും വിഭിന്നദിശയിലാണ് ചുഴികള്‍ സംജാതമാകുന്നത്. വായുവിലുണ്ടാകുന്ന ഇത്തരം ചുഴികള്‍ ചുഴലിക്കാറ്റുകള്‍ക്കും ജലപ്രവാഹങ്ങളിലുണ്ടാകുന്നവ നീര്‍ച്ചുഴികള്‍ക്കും ജന്മമേകുന്നു.

സമുദ്രത്തില്‍ പ്രതലതരംഗങ്ങളുടെ സൃഷ്ടി കാറ്റാണ് നടത്തുന്നത്. ഇത് യാദൃച്ഛിക നിരീക്ഷണങ്ങളില്‍ വ്യക്തമാകുന്ന വസ്തുതയാണ്. എന്നാല്‍ ആധുനിക സിദ്ധാന്തപ്രകാരം പ്രക്ഷുബ്ധമായ കാറ്റ് ഏതെങ്കിലും പ്രതിബന്ധത്തില്‍ തട്ടുമ്പോള്‍ അതിന്റെ എതിര്‍വശത്തായി ചുഴികള്‍ രൂപംകൊള്ളുന്നു. ഒഴുകുന്ന നദീജലത്തിലെ കല്ലുകള്‍ക്കു പിന്നില്‍ ചുഴികള്‍ രൂപംകൊള്ളുന്നതുപോലെയാണിത്. ഒരു വസ്തുവില്‍ കാറ്റു തട്ടുന്നവശത്ത് മര്‍ദം അനുഭവപ്പെടുമ്പോള്‍ മറുഭാഗത്ത് ഒരു ഉള്‍വലിവാണ് ഉണ്ടാവുന്നത്. ഇതുപോലെ സമുദ്രത്തില്‍ ഒരു തരംഗശൃംഖലയില്‍ കാറ്റു വീശുമ്പോള്‍, കാറ്റുതട്ടാത്ത തരംഗഭാഗത്ത് ചുഴികള്‍ രൂപമെടുക്കുന്നു.

പ്രവാഹത്തിന്റെ വേഗത വര്‍ധിക്കുമ്പോള്‍ ചുഴികള്‍ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഈ ചുഴികള്‍, എല്ലാ സാഹചര്യങ്ങളിലും പ്രവാഹവേഗതയെ പരിമിതപ്പെടുത്തുന്നു.

ക്രമമായ രീതിയില്‍ ദ്രവപാളികളെ ചലിപ്പിക്കുന്ന തരത്തില്‍ ശാന്തമായ പ്രവാഹഗതികള്‍ സമുദ്രത്തില്‍ ഉണ്ടാകാറില്ല; പകരം ചുഴികള്‍ നിറഞ്ഞ പ്രക്ഷുബ്ധ പ്രവാഹവ്യവസ്ഥയാണ് സമുദ്രത്തിന്റെ പ്രത്യേകത. സമുദ്രത്തില്‍ ചുഴികള്‍ ക്രമരഹിതമായി കാണപ്പെടുന്നുവെങ്കിലും അവയുടെ ലംബദിശാചലനം ശരാശരി ദ്രവ ചലനത്തിന്റെ മേല്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍