This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുറ്റമ്പലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുറ്റമ്പലം

ചുറ്റമ്പലം

ക്ഷേത്രത്തില്‍ ശ്രീകോവിലിനും വിളക്കുമാടത്തിനും ഇടയ്ക്കുള്ള സ്ഥലം. ദേവന് നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളി, അന്നദാനം ചെയ്യുന്ന വലിയമ്പലം, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, വേദപാരായണം നടത്തുവാനുള്ള സ്ഥലം, മാല കെട്ടുവാനുള്ള സ്ഥലം മുതലായവ ചുറ്റമ്പലത്തില്‍പ്പെടും. ക്ഷേത്രസംവിധാനത്തില്‍ മധ്യത്തില്‍ ഗര്‍ഭഗൃഹം (ശ്രീകോവില്‍), ചുറ്റും അന്തര്‍മണ്ഡലം (അകത്തെ ബലിവട്ടം), അന്തഹാരം (ചുറ്റമ്പലം), മധ്യഹാരം (വിളക്കുമാടം), ബാഹ്യഹാരം (ശീവേലിപ്പുര), മര്യാദ (ചുറ്റുമതില്‍ക്കെട്ട്) എന്ന് അഞ്ച് പ്രാകാരങ്ങളുണ്ടായിരിക്കും.

ഗീതയില്‍ മനുഷ്യശരീരത്തെ ക്ഷേത്രമെന്നും അതില്‍ കുടികൊള്ളുന്ന ചൈതന്യത്തെ ക്ഷേത്രജ്ഞനെന്നും പറഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങളുടെ ആധ്യാത്മിക സങ്കല്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപനിഷത്തുകളില്‍ മനുഷ്യശരീരത്തെ ഒന്നിനുള്ളില്‍ മറ്റൊന്ന് എന്ന രീതിയില്‍ അഞ്ച് ഉറകള്‍ ഉള്ള ഒരു പെട്ടിയുടെ രൂപത്തില്‍ സങ്കല്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഉള്ളിലുള്ള ഹൃദയത്തിലാണ് ദൈവചൈതന്യം കുടികൊള്ളുന്നത്. അതിനെ സാക്ഷാത്കരിക്കാന്‍, താന്‍ ആരാണെന്ന് അറിയുവാന്‍വേണ്ടി നിര്‍മിച്ച ഒരു ഉപാധിയാണ് ക്ഷേത്രം. അതുകാരണം ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലുമാണ് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.

അഞ്ച് ഉറകളില്‍ ഏറ്റവും പുറത്തുള്ള ഉറയാണ് തോല്, മാംസം, അസ്ഥി മുതലായവ ചേര്‍ന്നുള്ള ഭാഗം. ആഹാരം കഴിക്കുന്നതിനാലാണ് ഇവ നിലനില്ക്കുന്നതും പുഷ്ടിപ്പെടുന്നതും. അതിനാല്‍ ഇതിനെ അന്നമയകോശം എന്നുപറയുന്നു. ഇതിന്റെ പ്രതീകമാണ് ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ അഥവാ പ്രാകാരം. ജഡമായ ഇതിന് പ്രവര്‍ത്തനശേഷി നല്കുന്നത് സര്‍വത്ര നിറഞ്ഞുനില്ക്കുന്ന പ്രാണശക്തിയാണ്. അത് ആദ്യത്തെ അറയ്ക്കുള്ളിലാണ്. ഇതിനെ പ്രാണമയകോശം എന്നുപറയുന്നു. ഇതിന്റെ പ്രതീകമാണ് ക്ഷേത്രത്തിലെ വലിയവട്ടം. ഈ ലോകത്തെ നാം അറിയുന്നത് ഇന്ദ്രിയങ്ങള്‍വഴി മനസ്സിലൂടെയാണ്. എല്ലാം പ്രകാശിപ്പിക്കുന്നത് മനസ്സാണ്. ഇതാണ് മനോമയകോശം. ഇതിന്റെ പ്രതീകമാണ് വിളക്കുമാടം. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ബുദ്ധിയാണ്. അത് മനസ്സിനെക്കാള്‍ സൂക്ഷ്മമാണ്. ഇതിനെ വിജ്ഞാനമയകോശം എന്നുപറയുന്നു. ഇതിന്റെ പ്രതീകമാണ് ചുറ്റമ്പലം. അമ്പലം എന്ന പദം വരുന്നതിനാല്‍ ഈ ഭാഗത്തിന് മഹത്ത്വം കൂടുതല്‍ എന്നാണ് അനുമാനം. നാമജപം മുതലായ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വച്ചാണ് നടക്കുന്നത്. അടുത്തത് അതിസൂക്ഷ്മമായ ആനന്ദാനുഭവം ഉളവാക്കുന്ന ഉറയാണ്. ഗാഢനിദ്രയില്‍ നാം ഇത് അനുഭവിക്കുന്നു. ഇതിന്റെ പ്രതീകമാണ് പ്രാസാദം. പ്രാസാദത്തിലെത്തിയാല്‍ ഈശ്വരന്റെ അടുത്തെത്തി എന്നാണര്‍ഥം. അവസാനം ശ്രീകോവിലിന്റെ മുന്നിലെത്തിയാല്‍ ഭഗവാനെ ഏറ്റവും അടുത്തായി മുഖത്തോടു മുഖം ദര്‍ശിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍