This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരുട്ട്-സിഗരറ്റു വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുരുട്ട്-സിഗരറ്റു വ്യവസായം

പുകയില മുഖ്യ അസംസ്കൃത വസ്തുവായി സ്വീകരിച്ചിട്ടുള്ള ഒരു വ്യവസായം. പുകയില നീളത്തില്‍ ചുരുട്ടിയെടുത്ത് ഉപയോഗിക്കുന്ന പതിവ് പുകവലിക്കാര്‍ വളരെക്കാലത്തിന് മുമ്പേ സ്വീകരിച്ചിരുന്നു. പുകയിലയുടെ ഇത്തരം ചുരുളിന് സുഖകരമായ രുചിയും മണവും നല്ലവണ്ണം കത്തിയടങ്ങുന്ന സ്വഭാവവുമുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസിന്റെ യാത്രകള്‍ക്കിടയില്‍ നാട്ടുകാരില്‍ പലരും ഇത്തരം പുകയില ചുരുട്ടുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടിരുന്നു. 'സിഗാര്‍' (ചുരുട്ട്) എന്ന പദം സിഗറോ (Cigaro) എന്ന സ്പാനിഷ് പദത്തില്‍നിന്നാണ് നിഷ്പന്നമായത്. 1600-ാമാണ്ടോടുകൂടി സ്പെയിനില്‍ ധനാഢ്യരുടെ ഇടയില്‍ വ്യാപകമാംവിധം ചുരുട്ട് ഉപയോഗത്തിലുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍കൂടി കഴിഞ്ഞപ്പോഴേക്കും യൂറോപ്പിലെ മറ്റു രാജ്യങ്ങളും ചുരുട്ട് ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ തുടങ്ങി. നീളം, ആകൃതി എന്നിവ അടിസ്ഥാനമാക്കി ചുരുട്ടുകളെ കൊറോണ (Corona), ലോണ്‍സ്ഡേല്‍ (Lonsdale), ലോണ്‍ഡ്രെസ് (Londres) എന്നിങ്ങനെ പല ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. കനംകുറഞ്ഞതും രണ്ടറ്റത്തും തുറന്നതും ഒരറ്റം കുറേ കൂര്‍ത്തതുമായ പുകയിലച്ചുരുളാണ് സാധാരണയായി കാണപ്പെടുന്ന ചുരുട്ട്. 90°C ചൂടുള്ള അവസ്ഥയിലാണ് ചുരുട്ടുകളെ പെട്ടികളില്‍വച്ചിരിക്കുന്നത്. ലോഹം, കടലാസ്, ഗ്ലാസ് എന്നിവ കൊണ്ടുണ്ടാക്കിയ പെട്ടികളിലാണ് പൊതുവേ ചുരുട്ടുകള്‍ സൂക്ഷിക്കുന്നത്.

പുകയിലയുടെ വളരെ ചെറിയ കഷണങ്ങള്‍ നേര്‍ത്ത കടലാസില്‍ പൊതിഞ്ഞാണ് സിഗരറ്റ് നിര്‍മിക്കുന്നത്. ചുരുട്ടിനെ അപേക്ഷിച്ച് വലുപ്പവും നീളവും കുറഞ്ഞതും സൗമ്യവുമാണ് സിഗരറ്റ്. 16-ാം ശതകത്തിന്റെ തുടക്കത്തില്‍, ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന കുറ്റിച്ചുരുട്ടുകളിലെ പുകയില പൊടിച്ച് കടലാസില്‍ ചുരുട്ടി യാചകര്‍ പുകവലിച്ചിരുന്നു. ആധുനിക സിഗരറ്റിന്റെ തുടക്കവും ഇത് തന്നെയാണ്. 18-ാം ശതകത്തില്‍ സിഗരറ്റിന് കൂടുതല്‍ മാന്യത കൈവരികയും ഇതിന്റെ ഉപയോഗം പോര്‍ച്ചുഗല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ തോതില്‍ വര്‍ധിക്കുകയും ചെയ്തു. സൈനികരുടെ ഇടയില്‍ സിഗരറ്റിന്റെ ഉപയോഗം കൂടുതലായി കണ്ടുവന്നു. ക്രിമിയന്‍ യുദ്ധത്തിന്റെ കാലയളവില്‍ ബ്രിട്ടനിലെയും ഫ്രാന്‍സിലെയും സൈനികര്‍ വമ്പിച്ച തോതില്‍ സിഗരറ്റ് ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് യു.എസ്സില്‍ വെര്‍ജീനിയ പുകയിലകൊണ്ട് ഉണ്ടാക്കിയ സിഗരറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും വെര്‍ജിനിയായിലെയും തുര്‍ക്കിയിലെയും പുകയിലയുടെ മിശ്രിതം കൊണ്ടുണ്ടാക്കിയ സിഗരറ്റാണ് സൈനികര്‍ ഇഷ്ടപ്പെട്ടിരുന്നത്. ആദ്യകാലത്ത് പുകവലിക്കാര്‍ സിഗരറ്റ് സ്വയം നിര്‍മിക്കുകയോ ചെറുകിട ഫാക്ടറികളില്‍ ഉത്പാദിപ്പിക്കുകയോ ചെയ്തിരുന്നു. 1880-ലാണ് സിഗരറ്റ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഒരു യന്ത്രം കണ്ടുപിടിച്ചതിന് ബോണ്‍സാക് എന്ന വ്യവസായിക്ക് യു.എസ്സില്‍നിന്നും പേറ്റന്റ് ലഭിച്ചത്.

കൈകൊണ്ട് നിര്‍മിച്ചിരുന്ന ചുരുട്ടും സിഗരറ്റും ഇന്ന് വ്യാപകമായ തോതില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കപ്പെടുന്നത്. ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തോടുകൂടിയാണ് സിഗരറ്റുവലിക്ക് പ്രചാരം സിദ്ധിച്ചത്. സിഗരറ്റ് ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്നത് യു.എസ്സാണ്. അതിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ചൈനയും ഇന്ത്യയുമാണ്. സിഗരറ്റ് ഉത്പാദനരംഗത്ത് പ്രാമുഖ്യം വഹിക്കുന്ന മറ്റു രാജ്യങ്ങളാണ് ബ്രസീല്‍, ജപ്പാന്‍, സിംബാബ്വെ, പാകിസ്താന്‍, കാനഡ എന്നിവ. ഇന്ത്യയില്‍ സിഗരറ്റ് ഉത്പാദനവും ഉപയോഗവും വര്‍ധിച്ച തോതില്‍ നടക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ഇടയില്‍ സിഗരറ്റ് വലിയെക്കാള്‍ കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുന്നത് ബീഡി വലിക്കാണ്. ശ്വാസകോശ അര്‍ബുദത്തിന് സിഗരറ്റുവലി കാരണമായിത്തീരുമെന്ന് 1964-ല്‍ നിയമിതമായ അമേരിക്കന്‍ സര്‍ജന്മാരുടെ ഒരു സമിതി അഭിപ്രായപ്പെട്ടു. പ്രതിദിനം വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം വര്‍ധിക്കുന്തോറും ഇത്തരം രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ദീര്‍ഘനാളത്തെ പുകവലിശീലംകൊണ്ട് വിട്ടുമാറാത്ത ചുമയും ശ്വാസകോശകലകളില്‍ വീക്കവും ഉണ്ടാകുക സാധാരണയാണ്. രക്തക്കുഴലുകളില്‍ തടസ്സം സൃഷ്ടിക്കുന്ന ഹൃദ്രോഗം പുകവലിക്കാരില്‍ കൂടുതലാണ്. സിഗരറ്റ് ഫാക്ടറികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും ഇപ്പറഞ്ഞ രോഗങ്ങളും ചില ത്വഗ്രോഗങ്ങളും കാഴ്ചക്കുറവും ഉണ്ടാകുവാന്‍ ഇടയുണ്ട്. സിഗരറ്റ് വലിയില്‍നിന്നുള്ള ദൂഷ്യങ്ങള്‍ക്ക് ശമനം വരുത്തുന്നതിനുവേണ്ടി പല സിഗരറ്റ് കമ്പനികളും ഫില്‍ട്ടര്‍ സിഗരറ്റുകള്‍, നീളം കൂടിയ സിഗരറ്റുകള്‍ എന്നിവ നിര്‍മിച്ചുവരുന്നു. 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന് എല്ലാ സിഗരറ്റ് പാക്കറ്റുകളിലും സൂചിപ്പിക്കണമെന്ന് നിയമപരമായ വ്യവസ്ഥയുണ്ട്. സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്ന ടാര്‍, നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നതായി പല വിദഗ്ധപഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് നികുതിവരുമാനം നല്കുന്ന പ്രധാന വ്യവസായങ്ങളിലൊന്നാണ് സിഗരറ്റ് വ്യവസായം. സിഗരറ്റിന്റെ വിദേശ കയറ്റുമതി കുറവാണെങ്കിലും പുകയിലയ്ക്ക് ഇന്ത്യയുടെ കയറ്റുമതി വസ്തുക്കളില്‍ സുപ്രധാന സ്ഥാനമാണുള്ളത്. 1993-94-ല്‍ ഇന്ത്യയില്‍നിന്നും 461 കോടി രൂപ വിലവരുന്ന 1.05 ലക്ഷം ടണ്‍ പുകയില കയറ്റുമതി ചെയ്തിരുന്നു. ഐ.ടി.സി. പോലെയുള്ള വന്‍കിട സിഗരറ്റ് കമ്പനികള്‍ ആഭ്യന്തര വിപണിയുടെ ഏറിയ പങ്കും കൈയടക്കിവച്ചിരിക്കുന്നു. ചുരുട്ട്, സിഗരറ്റ് എന്നിവ ഉത്പാദിപ്പിക്കുന്ന നാല്പതോളം പ്രധാന ഫാക്ടറികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 300 കോടി രൂപയോളം മുതല്‍മുടക്ക് ഇന്ത്യന്‍ സിഗരറ്റ് വ്യവസായത്തിനുണ്ട്. ഈ വ്യവസായം പ്രതിവര്‍ഷം 400 കോടിയിലേറെ വില വരുന്ന ഉത്പന്നങ്ങള്‍ നിര്‍മിച്ചുവരുന്നു. സ്ഥാപിതശേഷിയുടെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് ഉത്പാദനക്ഷമത. ഉത്പാദിപ്പിക്കുന്ന സിഗരറ്റുകളുടെ വില ഇന്ത്യയില്‍ താരതമ്യേന ഉയര്‍ന്നതാണ്. എങ്കിലും ഇന്ത്യന്‍ സിഗരറ്റുകളുടെ ഗുണമേന്മ അന്തര്‍ദേശീയ നിലവാരത്തെ അപേക്ഷിച്ച് താഴ്ന്നതാണ്. അതുകൊണ്ട് വ്യാപകമായ തോതില്‍ വിദേശനിര്‍മിത സിഗരറ്റുകളുടെ കള്ളക്കടത്ത് നിലവിലുണ്ട്. ആഭ്യന്തര വിപണിയില്‍ വിറ്റഴിയുന്ന വിദേശ നിര്‍മിത സിഗരറ്റുകളുടെ എണ്ണം ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന ബ്രാന്‍ഡുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഉദ്ദേശം അഞ്ച് മടങ്ങാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇപ്പോഴത്തെ എക്സൈസ് തീരുവ ഘടനയാണ് വന്‍തോതില്‍ കള്ളക്കടത്തുവഴിയുള്ള ഇറക്കുമതിക്ക് കാരണമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥ ആഭ്യന്തര സിഗരറ്റുവ്യവസായത്തെ മാത്രമല്ല, ഇന്ത്യയുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള എക്സൈസ് നികുതി വരുമാനത്തിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പുകയിലയില്‍നിന്നുള്ള എക്സൈസ് വരുമാനമാണ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍