This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുരങ്ങള്‍

താമരശ്ശേരി ചുരം : വയനാട്

മലനിരകള്‍ക്കിടയിലൂടെയുള്ള പാതകള്‍. മലയിടുക്കുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. വിശാലമായി വ്യാപിച്ചുകിടക്കുന്ന പര്‍വതനിരകളില്‍ അങ്ങിങ്ങ് വേറിട്ടു കാണുന്ന വിള്ളലുകളെയാണ് ചുരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്.

ചരിത്രത്തില്‍ ചുരങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഗതാഗതസൗകര്യങ്ങള്‍ സുഗമമല്ലാതിരുന്ന കാലത്ത് ജനങ്ങള്‍ക്ക് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള യാത്ര സാധ്യമായിരുന്നത് ചുരങ്ങളിലൂടെയായിരുന്നു. പണ്ടുകാലത്ത് നടപ്പാതകളായിരുന്ന പല ചുരങ്ങളിലൂടെയും ഇപ്പോള്‍ റോഡ്-റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളുടെയും വാണിജ്യ-വ്യാവസായിക പുരോഗതിക്ക് ചുരങ്ങള്‍ വളരെയധികം സഹായകമായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ചുരങ്ങളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ച വിദേശികളില്‍ പലരും ഖൈബര്‍ ചുരത്തിലൂടെയും ബോലാന്‍ ചുരത്തിലൂടെയുമാണ് ഇന്ത്യയിലെത്തിയത്.

പശ്ചിമഘട്ടപ്രദേശത്ത് അനേകം ചുരങ്ങളുണ്ട്. തമിഴ്നാടിനും കേരളത്തിനുമിടയ്ക്കുള്ള പാലക്കാടന്‍ചുരം ഇക്കൂട്ടത്തില്‍ പ്രസിദ്ധമാകുന്നു. വടക്ക് നീലഗിരിക്കുന്നുകള്‍ക്കും തെക്ക് ആനമലയ്ക്കുമിടയിലായി ഏകദേശം 32 കി.മീ. വീതിയിലും കിഴക്കുപടിഞ്ഞാറായി 80 കി.മീ. നീളത്തിലും വ്യാപിച്ചുകാണുന്ന ഈ ചുരം പശ്ചിമഘട്ടപ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ചുരം രണ്ട് സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള പ്രധാന കണ്ണിയാകുന്നു. ഈ ചുരത്തിലൂടെയുള്ള ദേശീയപാതയും തീവണ്ടിപ്പാതയും കേരളത്തിലെ പാലക്കാട്പട്ടണത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങിയ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. തെക്കേ ഇന്ത്യയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിലും പാലക്കാടന്‍ ചുരത്തിന് പ്രധാനപങ്കാണുള്ളത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പശ്ചിമഘട്ടം കടക്കുന്നത് ഈ ചുരം വഴിയാണ്.

പശ്ചിമതീരത്തെയും ഉള്‍നാടുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അനേകം ചുരങ്ങള്‍ കേരളത്തിലുണ്ട്. ആര്യങ്കാവ്, കുമളി, താമരശ്ശേരി, ഉടുമ്പന്‍ചോല, തേവാരം, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലുള്ള ചുരങ്ങളാണ് ഇവയില്‍ മുഖ്യം. വയനാടന്‍ചുരം എന്നറിയപ്പെടുന്ന ഉത്തരകേരളത്തിലെ 'നാടുകാണിച്ചുരം' കേരള ചരിത്രത്തിലും വടക്കന്‍പാട്ടുകളിലും പരാമൃഷ്ടമായിരിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍