This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുമ്മാര്‍ ചൂണ്ടല്‍ (1940 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുമ്മാര്‍ ചൂണ്ടല്‍ (1940 - 93)

ചുമ്മാര്‍ ചൂണ്ടല്‍

മലയാള സാഹിത്യകാരനും നാടന്‍ കലാഗവേഷകനും. അധ്യാപകന്‍, നടന്‍, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായ ചുമ്മാര്‍ 1940 ഡി. 6-ന് തൃശൂര്‍ താലൂക്കില്‍ പുത്തന്‍പള്ളിക്കുസമീപം എരിഞ്ഞേരി അങ്ങാടിയില്‍ ചൂണ്ടല്‍ താരുവിന്റെയും കുറ്റൂര്‍ മുണ്ടന്‍കുരിയില്‍ തോമ എല്യക്കുട്ടിയുടെയും മകനായി ജനിച്ചു. പുത്തന്‍പള്ളി സെന്റ് തോമസ് സ്കൂള്‍, തൃശൂര്‍ കേരള വര്‍മ കോളജ്, സെന്റ് തോമസ് കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. മലയാളത്തില്‍ എം.എ. ബിരുദം എടുത്തശേഷം ഭാഷാശാസ്ത്രത്തിലും പത്രപ്രവര്‍ത്തനത്തിലും ഡിപ്ലോമ നേടി. സ്കൂള്‍ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ മലയാള വിഭാഗം അധ്യക്ഷനായി ജോലിയില്‍നിന്ന് വിരമിച്ചു. 1978-ല്‍ ചവിട്ടുനാടകത്തെ അടിസ്ഥാനമാക്കിയുള്ള രംഗകലാ പഠനത്തിന് പിഎച്ച്.ഡി. കരസ്ഥമാക്കി.

കേരളത്തിലെ ഫോക്ലോര്‍ പഠനരംഗത്തെ മികച്ച സംഭാവനകള്‍ നല്കിയ ആളാണ് ചുമ്മാര്‍ ചൂണ്ടല്‍. ഗ്രന്ഥപ്പുരകളിലിരുന്ന് നാടന്‍ കലാഗവേഷണം നടത്തുന്നതുവരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം നാടോടി ജീവിതത്തിന്റെ തട്ടകങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ആദിവാസികളോടും ദലിതരോടുമൊപ്പം അവരിലൊരാളായി ജീവിച്ചുകൊണ്ടാണ് ഇദ്ദേഹം തന്റെ ഗവേഷണങ്ങള്‍ക്കുള്ള വിഭവങ്ങള്‍ നേടിയത്. കേരളത്തിലെ നാടോടിക്കലകളെ സംരക്ഷിക്കുന്നതിനും കലാകാരന്മാരെ ആദരിക്കുന്നതിനുമായി 1970-ല്‍ കേരള ഫോക്ലോര്‍ അക്കാദമി സ്ഥാപിക്കുകയും ചെയ്തു.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ഡസനിലേറെ നാടന്‍ കലാഗ്രന്ഥങ്ങളും നൂറോളം ഗവേഷണ പ്രബന്ധങ്ങളും ഇദ്ദേഹം പ്രകാശനം ചെയ്തിട്ടുണ്ട്. കുമ്മാട്ടി, മാര്‍ഗംകളി, ആട്ടപ്രകാരം, നാടന്‍കലകള്‍, മണ്ണാന്‍, പുള്ളുവന്‍, ഐവര്‍നാടകം, മുടിയേറ്റ്, കണ്യാര്‍കളി, നാടോടി വിരുത്തം, പുലച്ചെണ്ടയും പറക്കൊട്ടും, കറുത്തകലകള്‍ എന്നിവയാണ് മലയാളഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ. ഇംഗ്ലീഷിലുള്ള ഗ്രന്ഥങ്ങള്‍ കേരള ഫോക് ലിറ്ററേച്ചര്‍, സ്റ്റഡീസ് ഇന്‍ ഫോക്ലോര്‍ ഒഫ് കേരള, ക്രിസ്ത്യന്‍ തിയെറ്റര്‍ ഇന്‍ ഇന്ത്യ, ക്രിസ്ത്യന്‍ ഫോക് സോങ്സ്, ക്രിസ്ത്യന്‍ ഫോക്ലോര്‍, റ്റുവേഡ്സ് പെര്‍ഫോമന്‍സ്, ഓണ്‍ പ്രോവെര്‍ബ്സ് എന്നിവയാണ്. ഇദ്ദേഹത്തിന്റെ ആദിവാസികലാപഠനങ്ങളെ ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റ് പുരസ്കരിച്ചിട്ടുണ്ട് (1989). സ്വാതന്ത്ര്യത്തിനുശേഷം ആദിവാസികലാപഠനത്തിന് ലഭിച്ച പ്രഥമ ദേശീയ പുരസ്കാരമായിരുന്നു ഇത്.

നടന്‍, നാടകകൃത്ത് എന്നീ നിലകളിലും ചുമ്മാര്‍ ശ്രദ്ധേയനായിരുന്നു. കലാനികേതനം എന്നൊരു നാടകസംഘം ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. വീട്ടുമൃഗങ്ങള്‍, വിഷസര്‍പ്പങ്ങള്‍, കാളിത്തെയ്യം, പൊറാട്ട്, താളക്കൂത്ത് എന്നീ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആറ് ഡോക്യുമെന്ററി ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. മലയാള പത്രപ്രവര്‍ത്തന ചരിത്രം എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍ ഇദ്ദേഹമായിരുന്നു. മിഷനറീസ് ആന്‍ഡ് മലയാളം ജേര്‍ണലിസം എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. സംക്ഷേപവേദാര്‍ഥം, പൗളിനോസ് പാതിരിയുടെ പഴഞ്ചൊല്ലുകള്‍ എന്നിവ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ചുമ്മാര്‍ ചൂണ്ടലാണ്. ഇദ്ദേഹം 1993-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍