This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുണ്ട്

ജന്തുജാലങ്ങളുടെ വായുടെ ഒരു ഭാഗം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ചുണ്ടുണ്ട്; ആകൃതിയിലും ധര്‍മത്തിലും വൈവിധ്യമുണ്ടെന്നു മാത്രം. വദനഗഹ്വരത്തിന്റെ മൂടിയായി വര്‍ത്തിക്കുന്ന ചുണ്ടിന് പല ധര്‍മങ്ങളുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിക്കാനും അവ പാകത്തില്‍ കീറി മുറിക്കുന്നതിനും ആഹരിക്കുന്നതിനും ചുണ്ട് ഉപയുക്തമാണ്.

ഭക്ഷിക്കുന്നതിനു സഹായിക്കുന്നതിനുള്ള അവയവം എന്നതിലുപരി മനുഷ്യന്റെ ചുണ്ടിന് കൂടുതല്‍ ഉയര്‍ന്ന ധര്‍മങ്ങളുണ്ട്. മനുഷ്യന്റെ പ്രധാന സംഭാഷണാവയവം കൂടിയാണ് ചുണ്ട്. വാക്കുകള്‍ സ്പഷ്ടമായി ഉച്ചരിക്കാന്‍ ചുണ്ടുകള്‍ കൂടിയേ കഴിയൂ. മുഖത്തിന്റെ ഓജസ്സിനും സൗന്ദര്യത്തിനും ചുണ്ടുകളുടെ ആകൃതിയും നിറവും നിര്‍ണായകമാണ് . വികാരവിക്ഷോഭങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും മനുഷ്യന്റെ ചുണ്ടുകള്‍ക്കു വലിയ പ്രാധാന്യമുണ്ട്. മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും ചേര്‍ത്ത് ഓഷ്ഠാധരങ്ങള്‍ എന്നാണു പറയുന്നത്. സ്ഥിരമായി നില്ക്കാത്തതിനാലും ചിലപ്പോള്‍ വിറയ്ക്കുന്നതിനാലും അധരമെന്നും ഉഷ്ണാഹാരങ്ങള്‍ തട്ടുന്നതിനാല്‍ ഓഷ്ഠമെന്നും പേരു വന്നു. മൂക്കിനു താഴെ വായ്ക്കു മുകളിലായുള്ള മേല്‍ച്ചുണ്ടും വായ്ക്കു താഴെയുള്ള കീഴ്ച്ചുണ്ടും വായുടെ വശങ്ങളിലാണ് കൂട്ടിമുട്ടുന്നത്. വായ്ക്കുള്ളില്‍ പൂര്‍വചര്‍വണി(പ്രമോളാര്‍ പല്ലുകള്‍)കളുടെ മുന്നിലായി കോണാകൃതിയില്‍ ഇവ യോജിക്കുന്നു. മൂക്കിനു നേരെ താഴെ ചാലുപോലുള്ള ഭാഗത്തിന് കൂപിഡ് ചാല് എന്നു പറയുന്നു.

കുതിരയുടെ ചുണ്ട്

ഫേഷ്യല്‍ (facial) ധമനിയില്‍ നിന്നുള്ള ചെറുധമനികള്‍ വൃത്താകൃതിയില്‍ ചേര്‍ന്നാണ് ചുണ്ടുകളില്‍ രക്തമെത്തിക്കുന്നത്. ശ്ലേഷ്മചര്‍മഭാഗത്തു ധാരാളം ചെറു ധമനികളുള്ളതിനാല്‍ അവിടം ചുവന്നിരിക്കുന്നു. ഇതിന് സിന്ദൂര (vermilion)ഭാഗം എന്നു പറയുന്നു. ഇതു ചര്‍മവുമായി ചേരുന്ന ഭാഗമാണ് സിന്ദൂരരേഖ അഥവാ വെര്‍മിലിയന്‍ ബോര്‍ഡര്‍. ബാഹ്യ ആവരണത്തിനുള്ളില്‍ കൊഴുപ്പു കണങ്ങള്‍ ഉള്‍പ്പെടെയുള്ള അധോചര്‍മകലകളും (cutaneous tissues) അതിനുമപ്പുറം ദീര്‍ഘവൃത്താകൃതിയില്‍ ഓര്‍ബികുലേറിസ് ഓറിസ് (Orbicularis oris) എന്ന മാംസപേശിയും ഉള്‍ഭാഗത്ത് ശ്ളേഷ്മചര്‍മവുമാണുള്ളത്. ബാഹ്യഭാഗത്തെ ചര്‍മവും ഉള്‍ഭാഗത്തെ ശ്ലേഷ്മ ചര്‍മവുമാണ് ചുണ്ടിന്റെ ആവരണം.

വായോടു ചേര്‍ന്ന് മുമ്പോട്ടുന്തി നില്ക്കുന്ന മാംസങ്ങളായ രണ്ടു മടക്കുകളാണ് മൃഗങ്ങളുടെ ചുണ്ടുകള്‍. ചുണ്ടിന്റെ കോണുകള്‍ക്ക് സന്ധായകങ്ങള്‍ (commissures)  എന്നും മേല്‍ച്ചുണ്ടിന്റെ മധ്യത്തിനും മൂക്കിനും ഇടയ്ക്കുള്ള ഭാഗത്തിന് മസില്‍ (muzzle) എന്നും പറയുന്നു: മസില്‍ മാര്‍ദവമുള്ളതും ധാരാളം രേഖകള്‍ ഉള്ളതുമാണ്: നെസോലേബിയല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്താല്‍ ഇവിടം   എപ്പോഴും തണുപ്പും ഈര്‍പ്പവുമുള്ളതായിരിക്കുന്നു. ഇതിനുചുറ്റും നീളമുള്ള രോമങ്ങള്‍ ഉണ്ടായിരിക്കും. ഓരോ ചുണ്ടിനും രണ്ടു പ്രതലങ്ങളും രണ്ട് അരികുകളുമുണ്ട്. കീഴ്ച്ചുണ്ടിന്റെ കീഴ്ഭാഗം ഉരുണ്ടിരിക്കും. സസ്യാഹാരികള്‍ (ആട്, ഒട്ടകം, കുതിര) ചുണ്ടുകള്‍ ഉപയോഗിച്ചാണ് ആഹാരം വായിലേക്ക് എത്തിക്കുന്നത്.

കുതിരകളുടെ ചുണ്ടുകള്‍ ചലനസ്വാതന്ത്യ്രമുള്ളവയും ആഹാരം വലിച്ചടുപ്പിക്കാന്‍ ഉതകുന്നവയുമാണ്. നായകളുടെ ചുണ്ടുകള്‍ കട്ടികുറഞ്ഞതും രോമാവൃതവുമാണ്. മസിലിലെ ഫില്‍ട്രം (philtrum) എന്ന ഭാഗം മുയല്‍ച്ചുണ്ടിന്റെ ആകൃതി നല്‍കുന്നു.

മാര്‍ജാര വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടെ മേല്‍ച്ചുണ്ട് രണ്ടായിപിളര്‍ന്നിരിക്കുന്നു. അവയുടെ ഇരുഭാഗത്തും നീളത്തിലുള്ള രോമങ്ങളുണ്ട്. കരണ്ടുതീനികളുടെയും മേല്‍ച്ചുണ്ട് ഇത്തരത്തിലാണ്. മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ ശരീരത്തിന്റെ ഇരുവശങ്ങളും കടന്നു നില്ക്കുന്നതിനാല്‍ മാളങ്ങളിലേക്കും മറ്റും സ്വശരീരം കടന്നുപോകുമോ എന്ന് ഉറപ്പുവരുത്താന്‍ ഇവയ്ക്കു കഴിയുന്നു.

പക്ഷികളുടെ കൊക്ക് (beak), മൂക്ക് (bill), തുടങ്ങി കൂര്‍ത്തതോ മുമ്പോട്ടുന്തി നില്ക്കുന്നതോ ആയ ഭാഗങ്ങളെ സൂചിപ്പിക്കാനും ചുണ്ട് എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്.

പക്ഷികളുടെ വായില്‍ ഒന്നായി രൂപം പ്രാപിച്ചിരിക്കുന്ന പ്രിമാക്സില്ല (premaxilla)യുടെ തുടര്‍ച്ചയായി മേല്‍ച്ചുണ്ടും കീഴ്ത്താടി എല്ലുകളുടെയും റാമസി(Ramus)ന്റെയും തുടര്‍ച്ചയായി കീഴ്ച്ചുണ്ടും രൂപപ്പെടുന്നു. ഖരാവസ്ഥയിലുള്ള ഒരുതരം മൃതകോശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ചുണ്ടിന്റെ വായോടു ചേരുന്ന ഭാഗം മൃദുലവും ദൃഢവുമാണ്. ചിലതരം മത്സ്യങ്ങള്‍, മുട്ടയിടുന്ന സസ്തനികള്‍, തിമിംഗലങ്ങള്‍, ഫോസില്‍ ദിനോസറുകള്‍, ഷട്പദങ്ങള്‍ എന്നിവയില്‍ ചുണ്ടിനു സമാനമായ അവയവങ്ങള്‍ ഉണ്ട്. ചിലതരം സസ്യങ്ങളിലും ഫലങ്ങളോടു ചേര്‍ന്ന് ഇത്തരം ചുണ്ടുകള്‍ കാണുന്നു. ചുണ്ടുകള്‍ക്കുള്ള സമാനത പലയിടത്തും കണ്ടെത്താമെങ്കിലും ആകാരവൈവിധ്യം, രൂപഭംഗി, വര്‍ണരാശി എന്നിവയില്‍ പറവകളുടെ ചുണ്ടാണ് മുന്നില്‍. കൂടുണ്ടാക്കുക, തൂവലുകള്‍ വൃത്തിയാക്കുക, കുഞ്ഞുങ്ങള്‍ക്കു തീറ്റകൊടുക്കുക, ഇരതേടുക തുടങ്ങി നിരവധി കാര്യങ്ങളാണ് പക്ഷികള്‍ ചുണ്ടുകൊണ്ടുസാധിക്കുന്നത്. തേന്‍കുരുവിയുടെ കൂര്‍ത്തു നീണ്ട ചുണ്ട്; തത്തയുടെ വളഞ്ഞു മൂര്‍ച്ചയേറിയ കത്രികച്ചുണ്ട്; കൊക്കിന്റെ നീണ്ട ചുണ്ട്; വേഴാമ്പല്‍, മരംകൊത്തി, കാക്ക എന്നിവയുടെ പ്രത്യേകതരം ചുണ്ടുകള്‍ എന്നിവയെല്ലാം ആകൃതിയിലെന്നപോലെ ഉപയോഗത്തിലും വൈവിധ്യം പ്രകടിപ്പിക്കുന്നു.

വളരെ കുറിയതും എന്നാല്‍ വീതികൂടിയതുമായ ചുണ്ടുകള്‍ ശലഭങ്ങളെയും ചെറു പ്രാണികളെയും പിടിക്കാന്‍ ഉതകുന്നവയാണ്. ത്രികോണാകൃതിയുള്ള ചെറിയ ചുണ്ടുകള്‍ വിത്തും ധാന്യവും ശേഖരിക്കാന്‍ ഉപയുക്തമാണ്. നേര്‍ത്തുകൂര്‍ത്തുവളഞ്ഞ ചുണ്ട് ഇരകളെ കൊത്തിക്കൊരുക്കാനും മുറിച്ചുകീറാനും യോജിച്ചതാണ്. ഇതേ ആകൃതിയിലുള്ള ചുണ്ടുകള്‍ തന്നെയാണ് പഴങ്ങളും പച്ചക്കറികളും കൊത്തിയടര്‍ത്താനും നുറുക്കാനും പക്ഷികളുപയോഗിക്കുന്നത്. മീന്‍പിടിക്കാനും കന്നുകാലികള്‍ മേയുമ്പോള്‍ പറന്നുപൊങ്ങുന്ന ഷട്പദങ്ങളെ പിടിക്കാനും ത്രികോണാകൃതിയില്‍ നീളം കൂടിയ ചുണ്ട് അനുയോജ്യമാണ്. വീതികൂടി പരന്ന ചുണ്ടുകള്‍ ഉപയോഗിച്ചു ചെളിയില്‍ നിന്നും തീറ്റ തേടുന്ന പറവ(താറാവ്)കളുണ്ട്. നീണ്ടു പരന്ന ചുണ്ടിന്റെ അറ്റത്ത് ആഹാരം ശേഖരിക്കാന്‍ വിധം തവിയുടെ രൂപം മെനഞ്ഞ ചുണ്ടുകള്‍ ഉള്ള പറവകളും സര്‍വസാധാരണമാണ്. മുകളിലോട്ടും താഴോട്ടും പാര്‍ശ്വങ്ങളിലേക്കും വളഞ്ഞ് നേര്‍ത്തു നീണ്ട ചുണ്ടുകളും പറവകളില്‍ കാണാന്‍ സാധിക്കും. നീണ്ട പെട്ടിപോലെ വലുപ്പമുള്ളതും പാര്‍ശ്വങ്ങളിലായി അരിപ്പപോലെ നാരുകള്‍ ഘടിപ്പിച്ചതുമായ ചുണ്ടാണ് തടാകപ്പക്ഷികള്‍ക്കുള്ളത്. മത്സ്യങ്ങളെ കുന്തംകൊണ്ടെന്നപോലെ കുത്തിക്കോര്‍ക്കാനുതകുന്ന ചുണ്ടുള്ള പറവകളും വിരളമല്ല. ഇതിനെല്ലാം പുറമെയാണ് വിവിധ വര്‍ണരാശികളോടുകൂടിയ ചുണ്ടുകളുമായി പറന്നു നടക്കുന്ന പക്ഷികള്‍. മിക്കയിനം പക്ഷികളും ലോകമെമ്പാടും ബന്ധുക്കളുള്ളവരാണ്. അതിനാല്‍ ചുണ്ടിന്റെ നാനാത്വം മിക്കവാറും ദേശങ്ങളില്‍ തന്നെ വ്യക്തമായി ദര്‍ശിക്കാന്‍ പറ്റും. മിക്കവയിലും ചുണ്ടുകളുടെ ചുവട്ടിലായി നാസാരന്ധ്രങ്ങള്‍ കാണപ്പെടുന്നു.

ചുണ്ടുകളുടെ സമാനതയനുസരിച്ച് പറവകളെ തരം തിരിക്കാന്‍ സാധ്യമല്ല. കാരണം ഒരു വര്‍ഗത്തിലെ അംഗങ്ങളായ പറവകളില്‍ പോലും ചുണ്ടുകളുടെ ഘടനയും വലുപ്പവും വ്യത്യസ്തമാണ്. കൂടാതെ ചുണ്ടുകള്‍ക്കു വളര്‍ച്ചയ്ക്കനുസരിച്ചുള്ള മാറ്റങ്ങളും സംഭവിക്കുന്നു. പക്ഷിയുടെ ആഹാരം, ആഹാരസമ്പാദനരീതി എന്നിവ മനസ്സിലാക്കാന്‍ ചുണ്ടിന്റെ ആകൃതി സഹായിക്കും. ഒരേ വര്‍ഗത്തില്‍ത്തന്നെ തേന്‍ കുടിക്കുന്ന പക്ഷികളും കക്കയുടച്ചു കക്കയിറച്ചി ആഹരിക്കുന്ന പക്ഷികളും ഉണ്ട്. പാസ്സറിഫോര്‍മിസ് (passeriformes) പറവ ഗോത്രങ്ങളില്‍ കണ്ടുവരുന്ന ചുണ്ടുകളുടെ വിശകലനം ഇത്തരം വൈവിധ്യങ്ങളെ വ്യക്തമാക്കും.

പക്ഷിഗോത്ര(ഇതില്‍ 5000-ത്തിലധികം സ്പിഷീസുകളുണ്ട്)ങ്ങളിലെ പാസ്സറിഫോര്‍മിസിലെ നാല് ഉപഗോത്രങ്ങളാണ് യൂറിലൈമി, ടിറന്നി, മെറുറെ, പാനസ്സറൈസ്. പക്ഷികളുടെ ചുണ്ടുകളെ എട്ടായി വര്‍ഗീകരിച്ചിട്ടുണ്ട്:

1. ഷട്പദങ്ങള്‍ ഭക്ഷിക്കുന്നവ. നീളം കുറഞ്ഞതും കൂര്‍ത്തമുനയുള്ളതുമായ ചുണ്ടുകളുള്ള പറവകള്‍ മരങ്ങളില്‍ ജീവിക്കുന്ന ഷട്പദങ്ങളെ ആഹരിക്കുന്നു. ഇതില്‍ത്തന്നെ നീളം കുറഞ്ഞുവീതിയുള്ള ചുണ്ടുകളുള്ളവ പറന്നുനടന്ന് വായുവിലുള്ള ഷട്പദങ്ങളെ പിടിച്ചു തിന്നുന്നു. മാത്രമല്ല, ഷട്പദങ്ങളുടെ വലുപ്പവും ആകൃതിയും അനുസരിച്ചു ചുണ്ടുകളുടെ കാഠിന്യം വ്യത്യസ്തമായിരിക്കും. ഉദാ. പാട്ടുകാരന്‍ കിളി (warblers), മീവല്‍ പക്ഷി (swallows).

2. എല്ലാം ഭക്ഷിക്കുന്നവ. ഭക്ഷണത്തില്‍ വലിയ പ്രത്യേകതയൊന്നും പുലര്‍ത്താത്ത പറവകളാണ് ഇക്കൂട്ടത്തില്‍. ഇവയുടെ ചുണ്ടിനു വലിയ പ്രത്യേകതകളൊന്നും കാണാറില്ല. ബലമുള്ളതും ഇടത്തരം വലുപ്പമുള്ളതുമായ ചുണ്ടുകളാണ് ഇവയ്ക്ക്. ഉദാ. കാക്ക.

3. പല്ലുള്ളവ. നീണ്ടു കൂര്‍ത്ത ചുണ്ടിന്റെ അഗ്രഭാഗത്ത് ഉള്ളിലായുള്ള ഒരു പല്ല് ഇത്തരം പറവകളുടെ പ്രത്യേകതയാണ്. കട്ടികുറഞ്ഞ തൊലിയും മാര്‍ദവമുള്ള മാംസവും കൊത്തിക്കീറാന്‍ മേല്‍ച്ചുണ്ട് സഹായകരമാണ്. ഉദാ. കലിംഗപക്ഷി (Shrikes), ചിലപ്പന്‍ പക്ഷി (Mappies).

4. കീറാനുതകുന്നവ. വളരെ ചെറുതും കാഠിന്യം തീരെ ഇല്ലാത്തതുമായ ചുണ്ടുള്ളവയാണിവ. പൂക്കള്‍ ചീന്തിക്കീറി അതിനുള്ളിലെ തേനും ഷട്പദങ്ങളും ആഹരിക്കാന്‍ ഉടക്കുപോലെ അഗ്രമുള്ള ചുണ്ടുകള്‍ ഉപകരിക്കുന്നു. പുഷ്പകീരികള്‍ (Flower piereers) എന്നറിയപ്പെടുന്ന ഈ ഇനത്തിനുദാഹരണമാണ് ഡിഗ്ലോസ (Diglossa).

5. തുരക്കുന്നവ. കൂര്‍ത്തുനീണ്ടു താഴേക്കു വളഞ്ഞ അഗ്രത്തോടു കൂടിയ ചുണ്ടുള്ള പറവകളാണ് ഇവ. ചെറുപൂക്കളില്‍ തേനും കീടങ്ങളും അന്വേഷിക്കാന്‍ ഉതകുന്ന രീതിയിലാണ് ചിലതിന്റെ കല്പന. പാഴ്ത്തടികളും വൃക്ഷപ്പോടുകളും തുരന്ന് ആഹാരം തേടാന്‍ പാകത്തില്‍ ബലവും കട്ടിയുമുള്ള ചുണ്ടുകളുള്ള പറവകളും ഈ ഇനത്തിലുണ്ട്. ഉദാ. അടയ്ക്കാ കുരുവി (Sunbird).

6. ഫലം ഭക്ഷിക്കുന്നവ. ചെറുതും ലോലമായ ആവരണത്തോടുകൂടിയതുമായ ചുണ്ടുകളുള്ള ഇത്തരം പക്ഷികള്‍ ചെറുപഴങ്ങള്‍ ഭക്ഷിക്കുന്നു. കട്ടിയുള്ള പുറംതോടു പൊട്ടിച്ച് അതിനുള്ളിലെ ഫലം ആഹരിക്കാന്‍ പാകത്തില്‍ നീണ്ടു ദൃഢമായ ചുണ്ടുകളുള്ള മറ്റൊരിനവും ഈ വിഭാഗത്തിലുണ്ട്.

7. പാര്‍ശ്വപല്ലുകളുള്ളവ. കോണാകൃതിയിലുള്ള നീണ്ട ചുണ്ടുകള്‍ക്ക് ഉള്ളില്‍ പാര്‍ശ്വങ്ങളിലായി ഈര്‍ച്ചവാളിലേതുപോലെ പല്ലുകള്‍ ഇവയ്ക്ക് ഉണ്ടായിരിക്കും. ഇലകള്‍, ചില്ലകള്‍, ഫലങ്ങള്‍ എന്നിവ മുറിക്കാനും പൊട്ടിക്കാനും ഈ ഈര്‍ച്ചവാള്‍ പല്ല് ഉപയോഗിക്കുന്നു.

8. കൊത്തിപ്പെറുക്കുന്നവ. ഇവയ്ക്കു ഹ്രസ്വവും വീതികൂടിയതുമായ വായും കൂര്‍ത്ത അഗ്രങ്ങളുള്ള ചുണ്ടുകളുമാണുള്ളത്. ചെറിയ കായ്കള്‍ പൊട്ടിക്കാനും, വിത്തുകളും ധാന്യങ്ങളും ചെടികളില്‍ നിന്നു ശേഖരിക്കാനും പറ്റിയതാണ് ഇത്തരം ചുണ്ടുകള്‍.

പാസ്സരിഫോര്‍മിസ് (Passeriformes) വര്‍ഗത്തില്‍പ്പെട്ട പറവകള്‍ക്ക് വിവിധങ്ങളായ ചുണ്ടുകളും ഭോജനശീലങ്ങളുമാണ് ഉള്ളതെങ്കിലും മിക്ക പറവകളും അവസരത്തിനൊത്തു ഭക്ഷണം മാറ്റാറുണ്ട് എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിത്തും പഴങ്ങളും കഴിക്കാനുതകുന്ന ചുണ്ടുകളുള്ള പറവകള്‍ ഷട്പദങ്ങളെയും ഭക്ഷിക്കുക സാധാരണമാണ്; ഷട്പദഭോജികള്‍ ചില കാലങ്ങളില്‍ ധാന്യങ്ങളും പഴങ്ങളും ഭക്ഷിക്കുന്നുമുണ്ട്.

സിക്കോണിഫോര്‍മിസ് (ciconiformes) ഗോത്രത്തിലെ പക്ഷികള്‍ ജലാശയങ്ങളിലും അവയ്ക്കടുത്തുമായി കഴിയുന്ന പറവകളാണ്. ഭക്ഷണത്തിനായി മത്സ്യങ്ങളെയാണ് ഇവ അധികവും ആശ്രയിക്കുന്നത്. ചുരുക്കം ചിലത് പാമ്പ്, തവളകള്‍, പറവകള്‍ എന്നിവയെയും ആഹാരമാക്കാറുണ്ട്. മരാള പക്ഷികള്‍ (flamingo) പ്ലവസസ്യങ്ങളെയാണ് ഭക്ഷിക്കുക. സിക്കോണിഫോര്‍മിസ് വര്‍ഗത്തിലെ പക്ഷികളുടെ ചുണ്ടുകള്‍ അവയുടെ വ്യത്യസ്തമായ ആഹാരസമ്പാദനരീതിക്കനുസരണമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.

പിസിഫോര്‍മിസ് (piciformes) ഗോത്രത്തില്‍പ്പെടുന്ന മരംകൊത്തികളില്‍ ഭൂരിഭാഗവും കീടങ്ങളെയാണ് ഭക്ഷിക്കുക. ഈ വര്‍ഗത്തില്‍പ്പെട്ട പഴംതീനിയായ ടൗക്കാന്‍ (Toucan) പക്ഷിയുടെ ചുണ്ടുകള്‍ വര്‍ണപ്പകിട്ടുള്ളതാണ്. ഈ പക്ഷിയുടെ വലുപ്പമുള്ള ചുണ്ട് കപ്പലിന്റെ അടിത്തട്ടിന്റെ ആകൃതിയുള്ളതും ഒട്ടനവധി ചേര്‍പ്പുകള്‍ ഉള്ളതുപോലെ തോന്നിക്കുന്നതുമാണ്. ടൌക്കാന്‍ പക്ഷിയുടെ വലുപ്പമുള്ളതെങ്കിലും കനംകുറഞ്ഞ ചുണ്ട് പഴങ്ങള്‍ പറിക്കാനും വിത്തുകള്‍ പൊട്ടിക്കാനും ചെറുപ്രാണികളെയും പക്ഷികളെയും പിടിച്ചു ഭക്ഷിക്കാനും ഉപയോഗപ്പെടുന്നു.

മോണോട്രിമാറ്റോ വര്‍ഗത്തില്‍പ്പെടുന്ന പ്ലാറ്റിപ്പസ് (platypus) എന്ന ജലസസ്തനിയുടെ ചുണ്ട് പരന്നു കുറിയതാണ്. ഒറ്റ നോട്ടത്തില്‍ ചുണ്ടിന്റെ ഉദ്ഭവം മുഖത്തോട്ട് ഏറെ കയറിയതാണെന്നു തോന്നും. നനവുള്ളതും വഴങ്ങുന്നതുമായ ഇതിന്റെ ചുണ്ട് മാര്‍ദവമുള്ളതാണ്. ഇരതേടുന്നതും വഴികണ്ടു പിടിക്കുന്നതും എല്ലാം സ്പര്‍ശനശക്തിയേറെയുള്ള ഈ ചുണ്ടുകളുപയോഗിച്ചാണ്. ചുണ്ടുകളില്‍ ശ്രവണ-ഗ്രഹണ-ഘ്രാണേന്ദ്രിയങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.

ഓര്‍ണിത്തിഷ്യ (Ornithischia) ഗോത്രത്തില്‍പ്പെട്ട ദിനോസറുകളില്‍ ചുണ്ടിനു സമാനമായ അവയവം ഉണ്ടായിരുന്നു എന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഫോസില്‍ പഠനങ്ങളില്‍ ദിനോസറിന്റെ ഉത്തരഹനു (mandible) അസ്ഥികളോടുചേര്‍ന്നു പൂര്‍വദന്തരി (Predentary) അസ്ഥികള്‍ കാണപ്പെട്ടു. അസ്ഥിനിര്‍മിതമായ ഒരു ചുണ്ട് താങ്ങാനായിട്ടാവണം പൂര്‍വദന്തരി അസ്ഥി ഉണ്ടായിരുന്നത് എന്നാണ് അനുമാനം.

മത്സ്യങ്ങളുടെ കൂട്ടത്തില്‍ ചുണ്ടുള്ളതു പ്രിസ്റ്റിസ് (pristis) എന്നു പേരുള്ള കടല്‍മത്സ്യത്തിനാണ്. ഇതിന്റെ തലയുടെ മുന്‍ ഭാഗം നീണ്ടു പരന്ന് വളര്‍ന്നാണു ചുണ്ട് രൂപംകൊണ്ടിരിക്കുന്നത്. ഇതിന്റെ പാര്‍ശ്വങ്ങളിലും ത്രികോണാകൃതിയുള്ള പല്ലുകള്‍ നിരനിരയായി ഉറപ്പിച്ചിരിക്കുന്നു. ഇതിനാല്‍ ഈര്‍ച്ചവാള്‍ മത്സ്യം (sawfish) എന്ന പേരിലും ഇതറിയപ്പെടുന്നു. മുയല്‍ മീനു (rabbit fishes or ghost shark)കളിലും മേല്‍ത്താടിയിലെയും കീഴ്ത്താടിയിലെയും എല്ലുകള്‍ തത്തച്ചുണ്ടുപോലെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ താടിയെല്ലുകളിലെ പല്ലുകള്‍ പലതും ഒന്നിച്ചുചേര്‍ന്നു വലുപ്പമുള്ള പ്ളേറ്റുകളായി കണ്ടുവരുന്നു. ഈ പ്ളേറ്റുകള്‍ക്കിടയില്‍ വച്ച് കക്കകളും ചിപ്പികളും നത്തകളും പൊട്ടിച്ചാണ് ഈ മത്സ്യങ്ങള്‍ മാംസം ശേഖരിക്കുന്നത്.

ഷട്പദങ്ങളുടെ കൂട്ടത്തില്‍ മെക്കോപ്റ്റെറാ (mecoptera) ഗോത്രത്തിലെ തേളീച്ച(panorpa)യുടെ തലയുടെ മുന്‍ഭാഗം നേരെ താഴോട്ടു നീണ്ട് ചുണ്ടിന്റെ ആകൃതി കൈക്കൊണ്ടിരിക്കുന്നു. ഈ ചുണ്ടിന്റെ അഗ്രത്തായി കടിക്കാനും മുറിക്കാനും ഉതകുന്ന അവയവങ്ങള്‍ സ്ഥിതിചെയ്യുന്നു.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍