This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുട്ടിപ്പരുന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുട്ടിപ്പരുന്ത്

ചുട്ടിപ്പരുന്ത്

കൃഷ്ണപ്പരുന്തിനെക്കാള്‍ അല്പം കൂടി വലിയ ഒരിനം പരുന്ത്. ഇംഗ്ലീഷില്‍ ക്രെസ്റ്റഡ് സര്‍പന്റ് ഈഗിള്‍ (crested serpent eagle) എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം സ്പിയോര്‍ണിസ് ചീല (Spiornis cheela) എന്നാണ്. മൊത്തത്തില്‍ കടുത്ത തവിട്ടു നിറമുള്ള ചുട്ടിപ്പരുന്തിന്റെ മാറിടത്തും അടിഭാഗങ്ങളിലും വെള്ളപ്പൊട്ടുകള്‍ തെളിഞ്ഞുകാണാം. കണ്ണുകള്‍ക്കു ചുറ്റും മഞ്ഞനിറത്തിലുള്ള പട്ടയുണ്ട്. തലയില്‍ തടിച്ചു കുറുകിയ ശിഖയും കാണപ്പെടുന്നു. വീതിയേറിയ ചിറകുകളുടെ അഗ്രം വൃത്താകാരത്തിലിരിക്കും. ചിറകുകളിലും നെടുനീളെ രണ്ടു വെള്ളപ്പട്ടകള്‍ വീതം ഉണ്ട്. ഇവയില്‍ ഒന്ന് ചെറുതായിരിക്കും. വളരെ ഉച്ചത്തില്‍ ഹ്വീര്‍-ഹ്വീര്‍ എന്നു ശബ്ദമുണ്ടാക്കിക്കൊണ്ടാണ് പറന്നു നടക്കാറുള്ളത്. ചക്കിപ്പരുന്തിനെക്കാള്‍ വലുപ്പം കൂടിയ ഇവയ്ക്ക് വലിയ മൂങ്ങകളോട് സാദൃശ്യമുണ്ട്.

ചുട്ടിപ്പരുന്ത് നല്ല സൂക്ഷ്മ ദൃഷ്ടിയുള്ള പക്ഷിയാണ്. ആകാശത്തു വട്ടമിട്ടു പറക്കുമ്പോള്‍ അപൂര്‍വമായിട്ടു മാത്രമേ ചിറകടിക്കാറുള്ളൂ. പറക്കുമ്പോള്‍ ദൃഷ്ടി മിക്കപ്പോഴും തറയിലെ ഇരകളിലായിരിക്കും. ഉയരമേറിയ പന, പുളി, തെങ്ങ് തുടങ്ങിയ മരങ്ങളിലിരുന്നും ഇര തേടാറുണ്ട്. തവള, ഓന്ത്, ചെറിയ പാമ്പുകള്‍ എന്നിവയാണ് ചുട്ടിപ്പരുന്തിന്റെ പ്രധാന ഇരകള്‍. പാടങ്ങളിലും കുറ്റിക്കാടുകളിലും ഇവ സാധാരണ ഇര തേടുന്നു. ഇതിന് വടക്കന്‍ കേരളത്തില്‍ കോഴിയമുക്കന്‍ എന്നു പേരുണ്ടെങ്കിലും ഇവ കോഴികളെയും കുഞ്ഞുങ്ങളെയും വിരളമായേ ആക്രമിക്കാറുള്ളൂ.

സെപ്തംബര്‍-നവംബര്‍ മാസങ്ങളാണ് ഇവയുടെ സന്താനോത്പാദനകാലം. ജനവാസം അധികമില്ലാത്ത പ്രദേശങ്ങളിലും കാടുകളിലും ആണ് ഇവ സാധാരണയായി കൂടുകെട്ടാറുള്ളത്. മരക്കൊമ്പുകളും ചുള്ളിക്കൊമ്പുകളും കൊണ്ട് ഇവ ഉണ്ടാക്കുന്ന കൂടിന് കാക്കക്കൂടിനോടു സാദൃശ്യമുണ്ട്. ഒരു പ്രാവശ്യം ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പല വര്‍ണപ്പകര്‍ച്ചകള്‍ക്കു ശേഷമാണ് പ്രായപൂര്‍ത്തിയിലെത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍