This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുക്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുക്ചി

മുന്‍ സോവിയറ്റ് യൂണിയനിലെ വടക്കുകിഴക്കന്‍ സൈബീരിയയില്‍ അധിവസിക്കുന്ന മംഗളോയ്ഡ് വംശത്തില്‍പ്പെട്ട ഒരു ജനവിഭാഗം. വടക്കേ അമേരിക്കയിലെ എസ്കിമോ, ലാപ്, സമോയ്ഡ് തുടങ്ങിയ ഗോത്രങ്ങളുമായി ചുക്ചികള്‍ക്കു സാംസ്കാരിക ബന്ധമുണ്ട്. പുരാതന ഏഷ്യാറ്റിക് ഭാഷാവിഭാഗത്തില്‍പ്പെടുന്നതാണ് ഇവരുടെ ഭാഷ. ചുക്ചികളുടെ ജനസംഖ്യ 12,000-ല്‍ താഴെയാണ്. ഇവരില്‍ രണ്ടു വിഭാഗങ്ങളുണ്ട്: നായാടികളും തീരദേശവാസികളും. തീരദേശവാസികള്‍ തീരഗ്രാമങ്ങളില്‍ സ്ഥിരമായി വസിക്കുന്നു. മത്സ്യബന്ധനമാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. പരസ്പരം ബന്ധുത്വമുള്ള പല കുടുംബങ്ങള്‍ ചേര്‍ന്ന് സംഘങ്ങളായിട്ടാണ് ഇവര്‍ ജീവിക്കുന്നത്. പല കുടുംബസംഘങ്ങള്‍ ചേര്‍ന്നതാണ് ഒരു ചുക്ചിഗ്രാമം. ഭൂരിപക്ഷം വരുന്ന നായാടിചുക്ചികള്‍ ഉള്‍നാടുകളില്‍ വേട്ടയാടിയും കലമാനെ മേയ്ച്ചും ഉപജീവനം നയിക്കുന്നു. ഒരിടത്തും സ്ഥിരമായി തങ്ങാറില്ലാത്ത ഇവര്‍ ഋതുഭേദങ്ങളനുസരിച്ച് വാസസ്ഥാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും.

അദൃശ്യശക്തികളിലും ഭൂതപ്രേതങ്ങളിലും ചുക്ചികള്‍ വിശ്വസിക്കുന്നു. ഭൂതപ്രേതങ്ങളുടെ വിളി ലഭിച്ചവരെ പരമ്പരാഗതമന്ത്രവാദി എന്നര്‍ഥം വരുന്ന 'ഷാമാന്‍' എന്നു വിളിക്കുന്നു. ആരാധനാമൂര്‍ത്തികളെ പ്രീതിപ്പെടുത്താനായി ബലി നടത്തുകയും ഒരുതരം ചെണ്ട കൊട്ടിപ്പാടുകയും ഉന്മാദനൃത്തമാടുകയും ചെയ്യുകയാണ് അനുഷ്ഠാനരീതികള്‍. ഈ ഉന്മത്താവസ്ഥയില്‍ ഭൂതപ്രേതങ്ങളെ സ്വയം ആവാഹിക്കുന്നതായി ഇവര്‍ വിശ്വസിക്കുന്നു.

ഒക്ടോബര്‍ വിപ്ളവ(1917)ത്തിനുശേഷം ചുക്ചികള്‍ കൂട്ടുക്കൃഷിക്കളങ്ങളില്‍ സ്ഥിരവാസമുറപ്പിച്ചു. 1920-കളില്‍ സോവിയറ്റ് ഭാഷാവിദഗ്ധര്‍ ഒരു സുക്ചി സാഹിത്യഭാഷ വികസിപ്പിക്കുകയുണ്ടായി. ലൌറാവെത്ലാന്‍ (Luoravetlan) ആണ് ഇവരുടെ സംസാരഭാഷ. ലത്തീന്‍ അക്ഷരമാലയെ ആധാരമാക്കിയായിരുന്നു ആദ്യ ഭാഷാപരീക്ഷണങ്ങള്‍. 1930-കളുടെ അവസാനം ലത്തീന്‍ അക്ഷരമാലയ്ക്കുപകരം റഷ്യന്‍ സിറിലിക് അക്ഷരമാലയില്‍ അധിഷ്ഠിതമായ പുതിയൊരു ചുക്ചി അക്ഷരമാല ആവിഷ്കരിച്ചു. 1932-ല്‍ ചുക്ചി ഭാഷയിലെ ആദ്യകൃതി പ്രസിദ്ധീകരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%95%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍