This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീലേറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീലേറ്റുകള്‍

ഒന്നിലധികം ഡോണര്‍ ഗ്രൂപ്പുകളുള്ള ഒരു ലീഗാന്‍ഡ്, ഒരു ലോഹ അയോണുമായി ഒന്നോ അതിലധികമോ റിങ്ങുകള്‍ രൂപീകരിച്ചുണ്ടാവുന്ന കോ-ഓര്‍ഡിനേഷന്‍ സംയുക്തം. ഈ സംയുക്തങ്ങളെ വിശേഷിപ്പിക്കാന്‍ 'ചീലേറ്റ്' (നഖം) എന്ന ഗ്രീക്ക് പദം നിര്‍ദേശിച്ചത് ബ്രിട്ടീഷ് രസതന്ത്രജ്ഞരായ ഗില്‍ബര്‍ട്ട് ടി. മോര്‍ഗനും ഹാരി ഡി.കെ. ഡ്രുവുമാണ്.

റിങ് ഘടനയില്ലാത്ത സാധാരണ കോ-ഓര്‍ഡിനേഷന്‍ കോംപ്ളക്സുകളെക്കാള്‍ സ്ഥിരത ചീലേറ്റ് കോംപ്ളക്സുകള്‍ക്കുണ്ട്. ഇക്കാരണത്താല്‍ തന്നെ, ഒരു ഡോണര്‍ ഗ്രൂപ്പ് മാത്രമുള്ള ലിഗാന്‍ഡു (മോണോ ഡെന്റേറ്റ്)കളുമായി കോംപ്ളക്സുകള്‍ രൂപീകരിക്കാത്ത സോഡിയം, കാത്സിയം എന്നീ ലോഹ മൂലകങ്ങള്‍ പോലും ചീലേറ്റുകള്‍ രൂപീകരിക്കാറുണ്ട്. ചീലേറ്റുകള്‍ രൂപീകരിക്കുന്ന മള്‍ട്ടി ഡെന്റേറ്റ് ലിഗാന്‍ഡുകള്‍ ചീലേറ്റിങ് ഏജന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഗ്രൂപ്പ് V A -യിലെയോ VI A-യിലെയോ അലോഹമൂലകാണുക്കള്‍ ഡോണര്‍ ആയി വര്‍ത്തിക്കുന്ന തന്മാത്രകളോ അയോണുകളോ ആണ് സാധാരണ ചീലേറ്റിങ് ഏജന്റുകള്‍. N, O, S എന്നിവയാണ് ഏറ്റവും സാധാരണമായ ഡോണര്‍ അണുക്കള്‍ ഋണ (-ve) ചാര്‍ജു വഹിക്കുന്ന അയോണുകളോ (അമ്ല ഗ്രൂപ്പ്) ചാര്‍ജ് ഒന്നുമില്ലാത്ത അണുക്കളോ (കോ-ഓര്‍ഡിനേറ്റിങ് ഗ്രൂപ്പ്) ആകാം ഡോണര്‍. രണ്ടു ഡോണര്‍ ഗ്രൂപ്പുകളുള്ള ഒരു ലിഗാന്‍ഡ് മൂന്ന് വിധത്തിലാകാം.

(1)രണ്ട് കോ-ഓര്‍ഡിനേറ്റിങ് ഗ്രൂപ്പുകളുള്ളത്.

ഉദാ. എതിലിന്‍ ഡൈഅമീന്‍ NH2 - CH2 - CH2 - NH2

(2)രണ്ട് അമ്ലഗ്രൂപ്പുകളടങ്ങിയത് ഉദാ. ഓക്സലേറ്റ് അയോണ്‍

ചിത്രം:Pg68 formu.png

(3)ഒരു കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പും ഒരു അമ്ലഗ്രൂപ്പും അടങ്ങിയത്. ഉദാ. ഗ്ലൈസിനേറ്റ് അയോണ്‍.

ചിത്രം:Fo68 form2.png

ലോഹഅയോണ്‍, ലിഗാന്‍ഡ്, റിങ് ഘടന എന്നീ മൂന്നു ഘടകങ്ങളാണ് ചീലേറ്റുകളുടെ സ്ഥിരത നിര്‍ണയിക്കുന്നത്. ഉയര്‍ന്ന ന്യൂക്ളിയര്‍ ചാര്‍ജ് സന്ദ്രതയുള്ള ലോഹ അയോണുകളാണ് സാധാരണയായി കോംപ്ലക്സുകള്‍ രൂപീകരിക്കുക. ലിഗാന്‍ഡിന്റെ ഋണ ചാര്‍ജ് വര്‍ധിപ്പിക്കാനുതകുന്ന എന്തും ലിഗാന്‍ഡിന്റെ കോ-ഓര്‍ഡിനേഷന്‍ ശക്തി വര്‍ധിപ്പിക്കുന്നു. ലിഗാന്‍ഡിന്റെ ക്ഷാരസ്വഭാവം അതായത് ഹൈഡ്രജന്‍ അയോണുമായി സംയോജിക്കാനുള്ള ലിഗാന്‍ഡിന്റെ ശക്തി ചീലേറ്റുകള്‍ രൂപീകരിക്കുന്നതിന് ലിഗാന്‍ഡിനുള്ള കഴിവിനു നിദര്‍ശകമാണ്. കാര്‍ബണിക തന്മാത്രകളുടെ സ്ഥിരതയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും, ഉദാ. പ്രേരകപ്രഭാവം (inductive effect), അനുനാദപ്രഭാവം (resonance effect), ചീലേറ്റുകളുടെ സ്ഥിരതയെയും ബാധിക്കുന്നു. ചീലേറ്റുകളുടെ സ്ഥിരതയെ സവിശേഷമായി ബാധിക്കുന്ന ഒരു ഘടകം റിങ്ങിന്റെ ഘടനയും വലുപ്പവുമാണ്. ലിഗാന്‍ഡിന്റെ ഡോണര്‍ ഗ്രൂപ്പുകളുടെ സ്ഥാനമാണ് റിങ്ങിന്റെ ഘടനയും വലുപ്പവും നിര്‍ണയിക്കുന്നത്. അഞ്ചും ആറും വശങ്ങളുള്ള റിങ് ഘടനകളാണ് ഏറ്റവും സ്ഥിരതയുള്ളത്. നാലു വശങ്ങളുള്ളവയും ഏഴോ എട്ടോ അതിലധികമോ വശങ്ങളുള്ള റിങ് ഘടനകളുള്ളവയും ഉണ്ടെങ്കിലും അവയൊന്നും അത്രതന്നെ സ്ഥിരതയുള്ളവയല്ല. മൂന്ന് വശങ്ങളുള്ള ചീലേറ്റ് റിങ് ഉള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിക്രിയാ മാധ്യമികങ്ങളായ ലോഹ-ഓക്സിജന്‍ കോംപ്ലക്സുകള്‍ മൂന്നു വശങ്ങളുള്ള ചീലേറ്റ് റിങ്ങുകള്‍ ഉള്ളവയാണെങ്കിലും പൊതുവേ അസ്ഥിരമാണ്. നാലു വശങ്ങളുള്ള റിങ്ങുകളാകട്ടെ വളരെ ഞെരുക്കമുള്ളവയാണ്. ഉദാ. കോപ്പര്‍ ((II)) - കാര്‍ബോക്സിലേറ്റ് കോംപ്ളക്സുകള്‍. അഞ്ചും ആറും വശങ്ങളുള്ള ചീലേറ്റ് റിങ്ങുകളാണ് ഏറ്റവും സാധാരണം. ഒരു ഡബിള്‍ ബോണ്ട് മാത്രമുള്ള ലിഗാന്‍ഡുകള്‍ അഞ്ചോ ആറോ വശങ്ങളുള്ള റിങ് രൂപീകരിക്കുമ്പോള്‍ രണ്ട് ഡബിള്‍ ബോണ്ടുകളുള്ള ലിഗാന്‍ഡുകള്‍ സാധാരണയായി ആറു വശങ്ങളുള്ള റിങ് മാത്രമേ രൂപീകരിക്കാറുള്ളു. ഏഴും അതിലധികവും വശങ്ങളുള്ളവ അത്രതന്നെ സാധാരണമല്ല. ഡോണര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അകലം വര്‍ധിക്കുമ്പോള്‍ ബഹുലോഹ കോംപ്ലക്സുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിക്കുന്നു. ഒരേ ചീലേറ്റ് തന്മാത്രയിലെ രണ്ട് ഡോണര്‍ ഗ്രൂപ്പുകളും രണ്ട് ലോഹങ്ങളുമായി ബോണ്ടുകള്‍ രൂപീകരിക്കുന്നു. ഉദാ. M+ - NH2 - CH2 - CH2 - CH2 - CH2 - NH2 - M+ അങ്ങനെ റിങ്ങിന് പകരം പോളിമറിക് ശൃംഖലയുണ്ടാവുന്നു.

ചീലേറ്റ് കോംപ്ലക്സുകളുടെ വര്‍ധിച്ച സ്ഥിരത(ചീലേറ്റ് പ്രഭാവം)യ്ക്കു കാരണം, ലിഗാന്‍ഡും ലോഹവും തമ്മിലുള്ള ഒന്നിലധികം ബന്ധങ്ങള്‍ ഒരുപോലെ പൊട്ടാന്‍ സാധ്യതയില്ല എന്നതാണ്. മാത്രവുമല്ല, ഒരു ബോണ്ട് പൊട്ടിയാല്‍ത്തന്നെ മറ്റു ബോണ്ടുകള്‍ പൊട്ടുന്നതിനു മുമ്പ് അത് പുനഃസ്ഥാപിക്കപ്പെടുന്നു. ഡോണര്‍ ഗ്രൂപ്പുകളുടെ അകലം വര്‍ധിക്കുമ്പോള്‍ ഇപ്രകാരം പൊട്ടിയ ബോണ്ടുകള്‍ പുനഃസ്ഥാപിക്കപ്പെടാനുള്ള സാധ്യത കുറയുന്നു; അതിനാലാണ് വലിയ റിങ്ങുകളുടെ സ്ഥിരത കുറയുന്നതായി കാണുന്നത്. ഇ.ഡി.റ്റി.എ. പോലുള്ള പോളിഡെന്റേറ്റ് ലിഗാന്‍ഡുകള്‍ രൂപീകരിക്കുന്ന റിങ്ങുകളുടെ അസാമാന്യ സ്ഥിരതയും ഇക്കാരണത്താല്‍ തന്നെ വിശദീകരിക്കാം.

ജീവശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല സംയുക്തങ്ങളും ചീലേറ്റുകളോ ചീലേറ്റിങ് ഏജന്റുകളോ ആണ്-അമിനോ അമ്ളങ്ങള്‍, പെപ്റ്റൈഡുകള്‍, പ്രോട്ടീനുകള്‍, എന്‍സൈമുകള്‍, പോര്‍ഫൈറിനുകള്‍ (ഉദാ. ഹീമോഗ്ലോബിന്‍), കോറിനുകള്‍ (ഉദാ. ജീവകം ബി-12), കാറ്റികോളുകള്‍, അസ്കോര്‍ബിക് അമ്ലം (ജീവകം സി), ന്യൂക്ലിയോസൈഡുകളും മറ്റ് പല ജനിതക പദാര്‍ഥങ്ങളും, ഷുഗറുകള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. ക്ലോറോഫില്‍ ഒരു ടെട്രാഡെന്റേറ്റ് ലിഗാന്‍ഡിന്റെ മഗ്നീഷ്യം ചീലേറ്റാണ്. ഹീമോഗ്ളോബിന്‍ ഒരു ഇരുമ്പ് [(Fe(II)]ചീലേറ്റും.

പല മരുന്നുകളുടെയും ഔഷധ ഗുണങ്ങളുടെ കാരണം ചീലേഷന്‍ ആണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. വിഷ അയോണുകളായ പ്ളൂട്ടോണിയം, ലെഡ് തുടങ്ങിയവയുടെ പ്രതിവിഷങ്ങളായി ചീലേറ്റിങ് ഏജന്റുകള്‍ ഉപയോഗിച്ച് അവ നീക്കം ചെയ്യാറുണ്ട്.

ലോഹ അയോണുകളുടെ രാസപ്രക്രിയാക്ഷമത കുറയ്ക്കാനുള്ള ചീലേറ്റിങ് ഏജന്റുകളുടെ കഴിവ് പല വ്യവസായങ്ങളിലും ഉപയോഗപ്പെടുത്തി വരുന്നു. ആറ് ഡോണര്‍ ഗ്രൂപ്പുകളുള്ള ഇ.ഡി.റ്റി.എ.

ചിത്രം:Pg69 scre.png

ജലത്തിന്റെ കാഠിന്യം മാറ്റുന്നതിനും ബോയിലറുകളില്‍ പറ്റിപ്പിടിക്കുന്ന പാട നീക്കം ചെയ്യുന്നതിനും മണ്ണിലെ ലോഹ പോഷകങ്ങളുടെ പരിവഹനത്തിനും ഭക്ഷ്യസംരക്ഷണത്തിനും മറ്റും ഉപയോഗിക്കുന്നു. നൈട്രൈറ്റോ അസറ്റിക് അമ്ലം (NTA) എന്ന ചീലേറ്റിങ് ഏജന്റ് ഇ.ഡി.റ്റി.എ.യെക്കാള്‍ വില കുറവായതിനാല്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ചില ചീലേറ്റിങ് ഏജന്റുകളുടെ നിറം ലോഹ അയോണുകളുടെ സാന്ദ്രതയ്ക്കനുസൃതമായി മാറുന്നതിനാല്‍ ലോഹ അയോണ്‍ സംസൂചകങ്ങളായി ഇവ ഉപയോഗിക്കുന്നു. ലോഹ അയോണുകളുടെ നിഷ്കര്‍ഷണം, വിശ്ളേഷണം എന്നിവയ്ക്കും ചീലേറ്റിങ് ഏജന്റുകള്‍ ഉപയോഗിക്കാറുണ്ട്.

വ്യാവസായിക പ്രാധാന്യമുള്ള ചായങ്ങള്‍, പിഗ്മെന്റുകള്‍ (ഉദാ. കോപ്പര്‍ ഥാലോസയാനിനുകള്‍) എന്നിവ ചീലേറ്റുകളാണ്. നദീജലത്തിനും സമുദ്രജലത്തിനും ഉള്ള ലോഹ അയോണുകളുടെ സന്തുലനം നിയന്ത്രിക്കുന്ന രാസപദാര്‍ഥങ്ങളായ ഹ്യൂമിക് അമ്ലവും ഫുള്‍വിക് അമ്ലവും (ജലസസ്യങ്ങള്‍ ചീഞ്ഞുണ്ടാകുന്ന അമ്ലങ്ങള്‍) ചീലേറ്റുകളാണ്. ടെട്രാഫോസ്ഫേറ്റ് അയോണിന്റെ സോഡിയം ലവണം പല ഡിറ്റര്‍ജന്റുകളിലും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍