This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീറ്റ

ഏറ്റവും വേഗതയുള്ള മൃഗം. കൃശഗാത്രവും നീണ്ട കാലുകളുമുള്ള ഈ മാംസഭോജി മാര്‍ജാരവംശത്തില്‍(felidae)പ്പെടുന്നു. ശാസ്ത്രനാമം: അസിനോനിക്സ് ജുബാറ്റസ് (Acinonyx jubatus).

ചീറ്റ

ചീറ്റയുടെ മുഖം ഉരുണ്ടതും താരതമ്യേന ചെറുതുമാണ്. ചെവിക്കു വൃത്താകാരമാണ്. കടക്കണ്ണുകളില്‍ നിന്നാരംഭിച്ചു കടവായില്‍ അവസാനിക്കുന്ന രണ്ടു കറുത്ത രേഖകള്‍ (കണ്ണീര്‍ചാല്) ചീറ്റയുടെ പ്രത്യേകതയാണ്. തോള്‍ ഉയരം 1 മീ.; സു. 75 സെ.മീ. വരുന്ന വാലുള്‍പ്പെടെ ചീറ്റയുടെ നീളം 2.25 മീ. വരും. ഭാരം 50-65 കി.ഗ്രാം. മറ്റു മാര്‍ജാരവംശജരുടെ കാലുകളില്‍ നിന്നും വ്യത്യസ്തമാണു ചീറ്റയുടേത്. നഖങ്ങള്‍ തോലുകൊണ്ടു സംരക്ഷിക്കപ്പെട്ടിട്ടില്ല. നഖങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനാവില്ല. ചീറ്റയുടെ രോമത്തിന് ഇളംമഞ്ഞ മുതല്‍ കാവിവരെ നിറം കാണാറുണ്ട്. അടിഭാഗം വെള്ളയാണ്. തവിട്ടോ കറുപ്പോ നിറത്തിലുള്ള ചെറിയ പുള്ളികള്‍ ശരീരമാസകലം കാണുന്നു. ആണ്‍ ചീറ്റയുടെ പിടലിയില്‍ ചെറിയ കുഞ്ചിരോമം ഉണ്ട്. അഗ്രഭാഗത്തേക്കു വരുന്തോറും വാല് കൂടുതല്‍ രോമാവൃതമാവുന്നു. വാലില്‍ ധാരാളം കറുത്ത വലയങ്ങള്‍ ഉണ്ട്. വാലിന്റെ അഗ്രഭാഗത്തിന് തെളിഞ്ഞ വെള്ളനിറമാണ്.

ചീറ്റയുടെ ഗര്‍ഭകാലം 84-95 ദിവസമാണ്. ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ കാണും. കുട്ടികളുടെ പിടലിയില്‍ സാമാന്യം നീണ്ട കുഞ്ചിരോമം ഉണ്ടാവും. ഒരു വയസ്സാകുന്നതോടെ കുഞ്ചിരോമം അപ്രത്യക്ഷമാകുന്നു.

ഇരട്ടകളായോ ചെറിയ സംഘമായോ ആണ് ചീറ്റകള്‍ സഞ്ചരിക്കുക. സംഘത്തലവന്‍ കരുത്തനായ ആണ്‍ മൃഗമായിരിക്കും. ഹ്രസ്വദൂരഓട്ടങ്ങളില്‍ മണിക്കൂറില്‍ 110 കി.മീ. ആണു വേഗത. ചീറ്റയുടെ പ്രത്യേകതരം ഇരതേടലിനു വേണ്ടി രൂപപ്പെട്ടുവന്നതാണ് ഈ ശീഘ്രത. എല്ലാ മാര്‍ജാരവംശജരെയും പോലെ ചീറ്റയും ഇരയെ ആദ്യം വളഞ്ഞൊതുക്കുകയാണു ചെയ്യുക. എന്നാല്‍ അവസാന ആക്രമണം താരതമ്യേന കൂടുതല്‍ ദൂരത്തു നിന്നുമായിരിക്കും. അതിശീഘ്രം പാഞ്ഞുവന്ന് ഒറ്റക്കുതിപ്പിന് ഇരയെ അടിപ്പെടുത്തുകയാണു ചീറ്റയുടെ ശൈലി. കൈപ്പത്തികൊണ്ട് അടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ചോ കടിച്ചുകീറിയോ ഇരയെ കൊല്ലുന്നു.

19-ാം ശതകത്തിന്റെ അന്ത്യത്തിലും ചീറ്റ മധ്യ ഇന്ത്യ, ഏഷ്യാമൈനര്‍, അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ തുറസ്സായ വനപ്രദേശങ്ങളില്‍ വിഹരിച്ചിരുന്നു. ഹിമാലയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ചുരങ്ങള്‍ വഴിയാണ് ഈ മൃഗം ഇന്ത്യയിലെത്തിയത്. ഡെക്കാണ്‍-മൈസൂര്‍ വരെ വന്ന ഇവയുടെ വര്‍ഗം ഇന്ന് ഇന്ത്യയിലോ ഏഷ്യയിലോ ഇല്ല. പൂര്‍വ-മധ്യ-ദക്ഷിണാഫ്രിക്കകളില്‍ മാത്രമേ ഇപ്പോള്‍ ചീറ്റ കാണാനുള്ളൂ.

മുതിര്‍ന്ന ചീറ്റയെപ്പോലും ഇണക്കിയെടുക്കാന്‍ വലിയ പ്രയാസമില്ല. ഇന്ത്യയിലെ രാജാക്കന്മാരും പ്രഭുക്കളും ചീറ്റയെ കൂട്ടിലടച്ചു വളര്‍ത്തിയിരുന്നു. മൃഗയാവിനോദത്തിനു പോകുമ്പോള്‍ ചീറ്റയെ ബന്ധിച്ചു മുഖംമൂടി അണിയിച്ചു കൊണ്ടു പോവുകയും മാന്‍കൂട്ടത്തിനു സമീപമെത്തുമ്പോള്‍ മുഖാവരണവും ബന്ധനവും മാറ്റുകയുമായിരുന്നു ശൈലി. ചീറ്റയ്ക്കു വേട്ടപ്പുലി എന്ന പേരു വരുവാന്‍ കാരണവും ഇതാണ്. മെരുക്കിയ ചീറ്റയെ ഉപയോഗിച്ച് കൊയോട്ടകളെ (ഒരിനം ചെറിയ ചെന്നായ്) വേട്ടയാടുന്ന പതിവ് യു.എസ്സില്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശങ്ങളിലെയും മൃഗശാലകളില്‍ ചീറ്റകളുണ്ട്. ഈ മൃഗത്തിനു ബന്ധനത്തില്‍ വംശവര്‍ധന അസാധ്യമാണ്.

(കെ. രാജേന്ദ്രബാബു; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍