This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീര

ഒരു പച്ചക്കറി വിള. അമരാന്തേസി (Amaranthaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അമരാന്തസ് സ്പൈനോസസ് (Amaranthus spinosus). മുള്ളന്‍ചീര, കീര എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിലെല്ലായിടങ്ങളിലും എക്കാലവും സര്‍വസാധാരണമായി ഇതു കൃഷിചെയ്തു വരുന്നു. കേരളത്തിലെ വയലുകളില്‍ ചീരയുടെ ആറ് ഇനങ്ങള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. ചെറുചീരയും (അറക്കീര-അ. അബ്ളിറ്റം) വലിയ ചീരയും (തണ്ടന്‍ ചീര-അ.ട്രൈകളര്‍) ആണ് പ്രധാനമായും കൃഷിചെയ്യപ്പെടുന്ന ഇനങ്ങള്‍. അ. കോഡേറ്റസ്, അ. മംഗോസ്റ്റാനസ്, അ. ലിവിഡ, അ. ഡൂബിയ എന്നീ ഇനങ്ങള്‍ ഒറീസയിലും ദക്ഷിണേന്ത്യയിലും ധാരാളമായി നട്ടുവളര്‍ത്തുന്നു.

ചീര

ഏകവര്‍ഷിയായ മുള്ളന്‍ചീരയുടെ ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലയുടെ കക്ഷ്യങ്ങളില്‍ ചെറിയ മുള്ളുകളുണ്ടായിരിക്കും. ശാഖാഗ്രങ്ങളില്‍ നിന്നും ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നും കൂട്ടമായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ചിരസ്ഥായിയായ അഞ്ചു സഹപത്രങ്ങളുണ്ടായിരിക്കും. അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളുമുണ്ട്. കേസരതന്തുക്കളില്‍ സ്വതന്ത്രമായ നിലയിലുള്ള അഞ്ചു കേസരങ്ങളുമുണ്ടായിരിക്കും. അണ്ഡാകൃതിയിലുള്ള അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളു.

വസന്തകാലത്തു കൃഷി ചെയ്യുന്ന ചെറുചീരയില്‍ നിന്നു വേനല്‍ക്കാലം മുഴുവന്‍ ഇല ലഭിക്കും. ഉയരം കുറഞ്ഞ ചെറുചീരയുടെ ഇലകളും ചെറുതാണ്. ഇലകള്‍ മുറിച്ചെടുത്തശേഷം ഇവ വീണ്ടും വളരെ വേഗത്തില്‍ തളിര്‍ക്കുന്നു. പച്ചയും ചുവപ്പും നിറമുള്ള രണ്ടിനം ചെറുചീരയുണ്ട്.

വലിയ ചീല 90 സെ.മീ.-ലധികം ഉയരത്തില്‍ വളരും. ഇതിന്റെ ഇലകളും വലുപ്പം കൂടിയതായിരിക്കും. പാലക്കാടന്‍ പച്ചത്തണ്ടന്‍ ഈ ഇനത്തില്‍പ്പെടുന്നു. സാധാരണ പച്ചനിറത്തിലുള്ള ചീരയാണു ധാരാളമായി കാണപ്പെടുന്നതെങ്കിലും ചുവപ്പുനിറത്തിലുള്ളവയുമുണ്ട്. പച്ചച്ചീര, ചുവപ്പുചീര, മധുരച്ചീര, കൊളമ്പ് ചീര, അറച്ചീര എന്നിവയാണ് നമ്മുടെ നാട്ടില്‍ ധാരാളമായി നട്ടുവളര്‍ത്തുന്ന ഇനങ്ങള്‍.

വിത്തുകള്‍ പാകി മുളപ്പിച്ച് പറിച്ചുനട്ടാണ് ചീര കൃഷി ചെയ്യുന്നത്. വിത്തുപാകിയ തടങ്ങളില്‍ തന്നെ ചീര വളരാന്‍ അനുവദിക്കുകയാണെങ്കില്‍, ഇടതിങ്ങി വളരാതിരിക്കാന്‍ ഇടയ്ക്കുനിന്നു കുറേ തൈകള്‍ പറിച്ചു മാറ്റേണ്ടതാണ്. മധുരച്ചീര, കൊളമ്പ് ചീര, അറച്ചീര എന്നിവ കമ്പ് ഒടിച്ചുകുത്തിയും നട്ടുവളര്‍ത്താം. വിത്തു മുളച്ചു ചെടി വളര്‍ന്ന് രണ്ടുമൂന്നാഴ്ച ആവുമ്പോഴേക്കും ചീര അരിഞ്ഞുതുടങ്ങാം. ചീര അരിയുന്നതു തറനിരപ്പില്‍ നിന്ന് ഏകദേശം 6 സെ.മീ. ഉയരത്തില്‍ വച്ച് ആയിരിക്കണം. ആദ്യം ചീര അരിഞ്ഞെടുത്തശേഷം മണ്ണ് ഇളക്കി ചാണകപ്പൊടിയും അമോണിയം സള്‍ഫേറ്റും തണ്ടില്‍ തൊടാതെ മണ്ണില്‍ വിതറിയശേഷം മണ്ണിട്ടുമൂടി നന്നായി നനയ്ക്കണം. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചീര അരിയാം. ചീര പുഷ്പിക്കാന്‍ അനുവദിക്കാതെ നാലോ അഞ്ചോ പ്രാവശ്യം വിളവെടുപ്പു നടത്താം. ഇലകള്‍ മുറിച്ചെടുക്കാതിരുന്നാല്‍ ചെടികള്‍ പുഷ്പിക്കുകയും അതില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കുകയും ചെയ്യാം. ചീര പരപരാഗണം നടത്തുന്ന സസ്യമാണ്. അതിനാല്‍ വിത്തിനുവേണ്ടിമാത്രം നട്ടുവളര്‍ത്തുമ്പോള്‍ വിവിധയിനങ്ങള്‍ തമ്മില്‍ മതിയായ അകലം ഇട്ടു നടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചീരയുടെ ഇളം തണ്ടുകളിലും ഇലകളിലും മാംസ്യം, ധാതുക്കള്‍, എ, ഡി എന്നീ ജീവകങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%80%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍