This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീയക്കായി (ചീവക്കായ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീയക്കായി (ചീവക്കായ്)

ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധി. ചീക്കക്കായി, ഈങ്ങ എന്നീ പേരുകളുമുണ്ട്. ശാസ്ത്രനാമം: മൈമോസ കോണ്‍സിന്ന (Mimosa concinna), അക്കേഷ്യ കോണ്‍സിന്ന (Acacia concinna) എന്ന ശാസ്ത്രനാമത്തിലാണ് മുമ്പ് ഈ ചെടി അറിയപ്പെട്ടിരുന്നത്. ഭാരതത്തില്‍ എല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. ശ്രീലങ്ക, മലയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ ഔഷധി കാണപ്പെടുന്നു.

ചീയക്കായി : ഇലയും കായും

പടര്‍ന്നു വളരുന്ന കുറ്റിച്ചെടിയാണിത്. ചെടിയില്‍ നിറയെ അഗ്രം വളഞ്ഞ ചെറിയ മുള്ളുകളുണ്ട്. കടും തവിട്ടുനിറമുള്ള ശാഖകളില്‍ വെളുത്ത പാടുകളുണ്ടായിരിക്കും. 5-10 സെ.മീറ്ററോളം നീളമുള്ള പിച്ഛകങ്ങളായ ഇലകള്‍ക്ക് 12-25 ജോടി പത്രകങ്ങളുണ്ടാവാറുണ്ട്. ഉപപര്‍ണകങ്ങളും പത്രകങ്ങളും ഹൃദയാകാരത്തിലായിരിക്കും. ഇലകള്‍ക്ക് ഇളം തവിട്ടുനിറമാണുള്ളത്. ഇല ഞെടുപ്പിന്റെ അടിഭാഗത്തും ആദ്യത്തെ പത്രകത്തിന്റെ ഞെടുപ്പിനടിയിലും ഓരോ വലിയ ഗ്രന്ഥിയുണ്ട്. ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അവ കൂമ്പിപ്പോകും. അനുപര്‍ണങ്ങള്‍ക്ക് അണ്ഡാകൃതിയാണ്. ശാഖാഗ്രങ്ങളില്‍ നിന്നോ ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നോ പാനിക്കിളുകളായി പുഷ്പമഞ്ജരിയുണ്ടാകുന്നു. പുഷ്പങ്ങള്‍ക്കു മഞ്ഞനിറമായിരിക്കും. 2.5-4 സെ.മീ. നീളമുള്ള ബാഹ്യദളങ്ങള്‍ക്ക് ചോര്‍പ്പിന്റെ ആകൃതിയാണ്. പതാകദളം, രണ്ടു പാര്‍ശ്വപക്ഷദളങ്ങള്‍, പക്ഷദളങ്ങള്‍ക്കു കീഴ്വശത്തായി വീതി കുറഞ്ഞ രണ്ടു കീല്‍ ദളങ്ങള്‍ എന്നിങ്ങനെ അഞ്ചു ദളങ്ങളുണ്ട്. പത്തു കേസരങ്ങളുണ്ടായിരിക്കും. നീണ്ടു പട്ടപോലെയുള്ള കായ്കളില്‍ 6-10 വിത്തുകളുണ്ടാവും.

കായ്കള്‍ വസ്ത്രങ്ങള്‍ കഴുകാന്‍ സോപ്പിനുപകരമായി ഉപയോഗിക്കാറുണ്ട്. ചാറ് താരന്‍ മാറ്റുന്നതിനും കേശവര്‍ധനയ്ക്കും ഉതകുന്നു. നെഞ്ചെരിച്ചില്‍, വൃക്കരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഫലം ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. പാമ്പുവിഷത്തിനും ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട്. എക്സീമയ്ക്ക് ഫലത്തിന്റെ ചാറ് പുരട്ടിയാല്‍ ശമനംകിട്ടും. വാതത്തെയും കഫത്തെയും അകററുന്നതിനും വിരേചനത്തിനും തണ്ടുകള്‍ ഉപയോഗിക്കുന്നു. തണ്ടിന്റെ ചാറ് ചര്‍മരോഗങ്ങള്‍ക്ക് ഔഷധമാണ്; ഇളം തണ്ടുകള്‍ ഭക്ഷ്യയോഗ്യവും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍