This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീമു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീമു

തെക്കേ അമേരിക്കയിലെ പെറുവിന്റെ വടക്കന്‍ തീരത്തെ മോച്ചി താഴ്വരയില്‍ അധിവസിച്ചിരുന്ന ഒരു പുരാതന ജനവര്‍ഗവും അവരുടെ ഭരണകൂടവും. എ.ഡി. 14-ാം ശതകത്തിന്റെ തുടക്കത്തില്‍ ചീമു ഭരണകൂടം നിലവില്‍ വന്നതായി കരുതപ്പെടുന്നു. ഇന്നത്തെ ട്രൂജില്ലോ നഗരത്തിനടുത്തുള്ള 36 ച.കി.മീ. വിസ്തീര്‍ണമുള്ള ചന്‍ചന്‍ ആയിരുന്നു ചീമു തലസ്ഥാനം. ചീമു ഭരണകൂടത്തിന്റെ രൂപീകരണത്തിനു മുമ്പുതന്നെ ഈ ജനവിഭാഗം നിലവിലിരുന്നതായി വിശ്വസിക്കപ്പെടുന്നു. 500 മുതല്‍ 800 വരെയുള്ള കാലയളവില്‍ അധിവസിച്ചിരുന്ന ജനങ്ങള്‍ 'ആദ്യകാല ചീമുകള്‍' അഥവാ 'മോച്ചിക്കകള്‍' എന്നറിയപ്പെടുന്നു. വടക്ക് ഇക്വഡോര്‍ മുതല്‍ തെക്ക് ലിമാ വരെ വ്യാപിച്ചു കിടന്ന തീരദേശസാമ്രാജ്യമായിരുന്നു ചൂമുകളുടേത്.

ചീമു സമൂഹത്തെക്കുറിച്ചോ ഭരണസംവിധാനത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1200 മുതല്‍ 1460 വരെയായിരുന്നു ചീമു നാഗരികതയുടെ പുഷ്കലകാലം. ആദ്യകാല ചീമുകള്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ചിത്രപ്പണികള്‍ ചെയ്ത മണ്‍പാത്രങ്ങള്‍ക്ക് മനുഷ്യശിരസ്സിന്റെ ആകൃതിയാണുണ്ടായിരുന്നത്.

ചീമു സംസ്കാരവും നാഗരികതയും കാര്‍ഷിക സമ്പദ്ഘടനയില്‍ അധിഷ്ഠിതമായിരുന്നു. ചോളം, പരുത്തി, പഴവര്‍ഗങ്ങള്‍ എന്നിവയായിരുന്നു മുഖ്യവിളകള്‍. കിലോമീറ്ററുകള്‍ ദൂരത്തില്‍ ജലം വഹിച്ചുകൊണ്ടുപോകത്തക്ക അക്വിഡക്റ്റുകള്‍ ഉള്‍പ്പെടെ വികസിതമായ ജലസേചന സമ്പ്രദായം ചീമുകള്‍ ആവിഷ്കരിച്ചിരുന്നു. 'ലാമാ' എന്ന ചുമട്ടുമൃഗം, ഗിനിപ്പന്നികള്‍ എന്നിവയെ ചീമുകള്‍ വളര്‍ത്തിയിരുന്നു. പുരാതന പെറുവിലെ ഏറ്റവും വലിയ നഗരം ചന്‍ചന്‍ ആയിരുന്നു. മതിലുകെട്ടിത്തിരിച്ച ഒമ്പത് സമുച്ചയങ്ങളായി നഗരം വിഭജിതമായിരുന്നു. ഓരോ സമുച്ചയത്തിനും ഏതാണ്ട് 8 ഹെക്ടര്‍ വിസ്തീര്‍ണം ഉണ്ടായിരുന്നു. ഇഷ്ടികയായിരുന്ന പ്രധാന നിര്‍മാണസാമഗ്രി. ആധുനിക നഗരാസൂത്രണത്തെ അനുസ്മരിപ്പിക്കുംവിധം ഓരോ സമുച്ചയത്തിനും നിരത്തുകള്‍, വീടുകള്‍, ജലാശയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുണ്ടായിരുന്നു. എല്ലാ സമുച്ചയങ്ങളും പാതകളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കളിമണ്‍ പാത്രങ്ങളുടെയും തുണിത്തരങ്ങളുടെയും വന്‍തോതിലുള്ള നിര്‍മാണവും വ്യാപാരവുമായിരുന്നു ചീമു ഭരണകൂടത്തിന്റെ മുഖ്യധനാഗമമാര്‍ഗം. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയിലെ കൊത്തുപണികള്‍ ചീമു കരകൌശല ചാരുതയ്ക്കുദാഹരണമാണ്.

1460-കളില്‍ ഇങ്കകള്‍ ചീമു സാമ്രാജ്യം ആക്രമിച്ചു കീഴടക്കി. ക്രമേണ ചീമു നാഗരികത നശിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%80%E0%B4%AE%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍