This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനവല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനവല

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഒരുതരം വല. ഇംഗ്ലീഷില്‍ ഡിപ് നെറ്റ്(dip net), സ്റ്റേഷനറി നെറ്റ് (stationary net), ലിഫ്റ്റ് നെറ്റ് (lift net) എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഭാഗത്തില്‍പ്പെടുന്നു. നല്ല ആഴവും വീതിയുമുള്ള നദീമുഖങ്ങള്‍, കായലോരങ്ങള്‍, കടല്‍ത്തീരങ്ങളില്‍ മത്സ്യങ്ങള്‍ കൂടുതലായി കടന്നുചെല്ലാറുള്ള ചില പ്രത്യേക സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ചീനവല സ്ഥാപിക്കാറുള്ളത്. ഇതിന്റെ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിച്ചത് ചീനക്കാരായിരിക്കാനാണ് സാധ്യത. അതുകൊണ്ടാവണം ഇതിന് ചീനവല എന്ന പേരു ലഭിച്ചത്.

ചീനവല

പണ്ട് കൊച്ചിയിലെ ലാഗൂണുകള്‍ (lagoons), കായലുകള്‍, നദീമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ചെമ്മീന്‍ പിടിക്കാന്‍ ചീനവലയാണ് ഉപയോഗിച്ചിരുന്നത്. പകല്‍സമയത്തു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മത്സ്യം രാത്രികാലത്തു ലഭിക്കുന്നതിനാല്‍ ചീനവല കൂടുതലും ഉപയോഗിക്കുന്നത് രാത്രികാലങ്ങളിലാണ്. ഈ വലയുടെ പ്രവര്‍ത്തനരീതി വളരെ ലളിതമാണ്. ഏത്തം എന്ന ജലയന്ത്രത്തിന്റെ മാതൃകയിലുള്ള തുലായന്ത്രത്തിന്റെ നീണ്ട അറ്റത്തുനിന്നു നാലു വശത്തേക്കും തള്ളി നില്‍ക്കുന്ന കാലുകളില്‍ ചതുരാകൃതിയിലുള്ള ഒരു വലിയ വല (ഒരു വശത്തിന് 9 മുതല്‍ 11 മീ. വരെ നീളം കാണും) വിരിച്ചുകെട്ടുന്നു. രാത്രികാലത്ത് യന്ത്രത്തിന്റെ നീണ്ടഭാഗം താഴ്ത്തി അതിന്റെ അഗ്രത്തുള്ള വല വെള്ളത്തില്‍ മുങ്ങിത്താണിരിക്കത്തക്ക വിധത്തില്‍ യന്ത്രം ഉറപ്പിക്കുന്നു. യന്ത്രത്തിന്റെ കാലുകളില്‍നിന്നും വലയുടെ മുകളില്‍ മധ്യഭാഗത്തായി വരത്തക്കവണ്ണം ഒരു വിളക്കും കത്തിച്ചു കെട്ടിത്തൂക്കുന്നു. ഈ വിളക്കിന്റെ പ്രകാശത്താല്‍ ആകൃഷ്ടരായി മത്സ്യങ്ങള്‍ വലയുടെ സമീപത്തായി കൂട്ടംകൂടും. മത്സ്യങ്ങള്‍ അടിഞ്ഞുകൂടുമ്പോള്‍ തുലായന്ത്രം പ്രവര്‍ത്തിപ്പിച്ചു വല ഉയര്‍ത്തി അതില്‍ കുടുങ്ങുന്ന മത്സ്യങ്ങളെ കോരിയെടുത്തു സംഭരിക്കുന്നു.

ആധുനികയന്ത്രസംവിധാനം ഉപയോഗിച്ചുള്ള മത്സ്യബന്ധനരീതികള്‍ പുരോഗമിച്ചതോടെ ചീനവലയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. കൊച്ചി തുടങ്ങിയ ചിലയിടങ്ങളില്‍ ഇപ്പോഴും ഇതു കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%80%E0%B4%A8%E0%B4%B5%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍