This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനപ്പോഡിയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനപ്പോഡിയേസി

Chenopodiaceae

ബീറ്റ് ഫാമിലി എന്നറിയപ്പെടുന്ന സസ്യകുടുംബം. ഏകദേശം എഴുപത്തഞ്ചോളം ജീനസുകളും അഞ്ഞൂറിലധികം സ്പീഷികളും ഈ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. നാല്പത്തിയഞ്ചിലധികം ജീനസുകള്‍ ഭാരതത്തില്‍ വളരുന്നവയാണ്. ചിന്നപ്പോഡിയം, അട്രിപ്ളെക്സ്, ബീറ്റ്റൂട്ട്, കൊച്ചിയ, ഹാലോസൈലോണ്‍, ബാസെല്ല, സാലിക്കോര്‍ണിയ, സ്പൈനേഷ്യ തുടങ്ങിയവ ഭാരതത്തില്‍ വളരുന്ന പ്രധാന ഇനങ്ങളാണ്. കൊച്ചിയ, സാലിക്കോര്‍ണിയ എന്നിവ ഉപ്പുരസം കൂടുതലുള്ള മണ്ണില്‍ നന്നായി വളരും. ഏകവര്‍ഷിയോ ബഹുവര്‍ഷിയോ ആയി പടര്‍ന്നു വളരുന്ന ചെടികളും (ചിന്നപ്പോഡിയം), കുറ്റിച്ചെടികളും (സാലിക്കോര്‍ണിയ), ഹാലോസൈലോണ്‍ പോലുള്ള ചെറുമരങ്ങളും ഈ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. വേരുകള്‍ ധാരാളം ശാഖോപശാഖകളോടുകൂടിയതാണ്. ബീറ്റ്റൂട്ട് പോലെയുള്ള ചിലയിനങ്ങള്‍ വേരുകളില്‍ ആഹാരം ശേഖരിച്ചുവയ്ക്കാറുണ്ട്.

ചീനപ്പോഡിയം ബെര്‍ലാന്‍ഡിയെറി

മിക്കവാറും എല്ലായിനങ്ങളിലും ഇലകള്‍ കട്ടിയുള്ളതും മൃദുവും ആയിരിക്കും. ഇലകളുടെ ഇരുവശങ്ങളിലും ലോമങ്ങളുണ്ട്. സരളപത്രങ്ങള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചിലയവസരങ്ങളില്‍ പത്രപാളി കര്‍ണിതമായിരിക്കും.

പുഷ്പമഞ്ജരി പാനിക്കിളോ സ്പൈക്കോ ആയിരിക്കും. ദ്വിലിംഗിയായ പുഷ്പങ്ങള്‍ കടുംനിറത്തിലുള്ളവയാണ്. ഈ കുടുംബത്തിലെ പുഷ്പങ്ങളധികവും അധോജനിയായും അപൂര്‍വമായി പരിജനിയും ആവാറുണ്ട്. കൊഴിഞ്ഞുപോകാത്ത അഞ്ചു പരിദളപുടങ്ങളുണ്ട്. ഓരോ പരിദളപുടത്തിലും എതിര്‍വശത്തായി ഓരോ കേസരം ഉണ്ടായിരിക്കും. പൂമൊട്ടുകളില്‍ കേസരതന്തുക്കള്‍ വളഞ്ഞിരിക്കും. അണ്ഡാശയത്തിനു രണ്ടോ മൂന്നോ അറകളുണ്ടാവും. വര്‍ത്തിക വളരെ ചെറുതാണ്. മിക്കവാറും എല്ലാ ഇനങ്ങള്‍ക്കും ആവൃതഫലം (Utricle ) ആയിരിക്കും. വൃക്കാകൃതിയിലുള്ള വിത്തുകള്‍ക്കു ബീജാന്നമില്ല.

ബീറ്റ്റൂട്ടിന്റെ വേരും തളിരിലകളും പച്ചക്കറിയായി ഉപയോഗിക്കുന്നു. ബീറ്റ്റൂട്ടില്‍ നിന്നു പഞ്ചസാര ഉത്പാദിപ്പിക്കുന്നുണ്ട്. ഈ കുടുംബത്തിലുള്‍പ്പെടുന്ന കാട്ട് അയമോദകം (Chenopodium ambro-sioides ), വസളച്ചീര (Spinacia ) എന്നിവ മൂത്രാശയരോഗങ്ങള്‍ക്ക് ഔഷധമാണ്. ചീനപ്പോഡിയത്തിന്റെ ഫലത്തില്‍ നിന്നു വാറ്റിയെടുക്കുന്ന എണ്ണ വിരയ്ക്കും കൊക്കോപ്പുഴുരോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കുന്നു. ഹൃദ്രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ കൊച്ചിയ എന്ന ഇനം ഉപയോഗിക്കാറുണ്ട്. ചീനപ്പോഡിയേസി കുടുംബത്തിലെ ചിലയിനങ്ങള്‍ അലങ്കാരച്ചെടിയായി നട്ടുവളര്‍ത്തുന്നുമുണ്ട്.

പോളിഗൊണേസി, അമരാന്തേസി എന്നീ സസ്യകുടുംബങ്ങളോട് ഒട്ടേറെ സമാനതകളുള്ളതാണ് ഈ കുടുംബം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍