This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനപ്പരുത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനപ്പരുത്തി

ഉദ്യാനസസ്യം. മാല്‍വേസി (Malvaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ഹിബിസ്കസ് മ്യുട്ടാബിലിസ് (Hibiscus mutabilis). ഇതിന്റെ ജന്മദേശം ചൈനയിലാണെന്നു കരുതപ്പെടുന്നു. ബലംകുറഞ്ഞ ഈ ചെറുമരത്തിന്റെ ഇലകള്‍ താഴേക്കു തൂങ്ങിക്കിടക്കും. ഹൃദയാകാരത്തിലുള്ള സാമാന്യം വലിയ ഇലകള്‍ക്ക് ഇളം പച്ചനിറമായിരിക്കും. ഇല ഞെടുപ്പിന് ഏഴു സെ.മീറ്ററോളം നീളമുണ്ട്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പുഷ്പങ്ങളുണ്ടാകുന്നു. രാവിലെ പുഷ്പങ്ങള്‍ വിരിയുമ്പോള്‍ വെളുപ്പുനിറമായിരിക്കും. മധ്യാഹ്നത്തോടെ പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പും വൈകുന്നേരം കടും ചുവപ്പും നിറമായിത്തീരുന്നു. അതിനാല്‍ ഈ ചെടി 'ചേഞ്ചബിള്‍ റോസ്' (Changeable rose) എന്നും അറിയപ്പെടുന്നു. പുഷ്പങ്ങള്‍ക്കു പത്തു സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും. അണ്ഡാകൃതിയുള്ള അഞ്ചു ബാഹ്യദളങ്ങളുണ്ട്. ഇവയുടെ ചുവടുഭാഗം യോജിച്ചിരിക്കും. ബാഹ്യദളങ്ങളെക്കാള്‍ ചെറിയ അഞ്ചു സഹപത്രകങ്ങളുണ്ട്. ദളങ്ങള്‍ മൃദുലമാണ്. ഉരുണ്ടുപരന്ന കാപ്സ്യൂളാണ് ഫലം. ഫലത്തില്‍ ധാരാളം ലോമങ്ങള്‍ കാണപ്പെടുന്നു. വിത്തുകള്‍ വൃത്താകൃതിയിലാണ്. തണ്ട് മുറിച്ചുനട്ടാണ് പ്രവര്‍ധനം നടത്തുന്നത്. ചീനപ്പരുത്തി അലങ്കാരച്ചെടിയായി നട്ടുവളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍