This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീട്ടുകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീട്ടുകളി

ഒരു അകത്തളവിനോദം. ലോകത്താകമാനം കോടിക്കണക്കിനാളുകള്‍ ഇത് ഇഷ്ടപ്പെടുന്നു. വിനോദത്തിനായി മാത്രമല്ല, പണം നേടുന്നതിനുവേണ്ടിയും ചീട്ടുകളിക്കുന്നവരുണ്ട്. നിരവധിയിനം ചീട്ടുകളികള്‍ നിലവിലുണ്ട്. റമ്മി (Rummy), കനാസ്റ്റ (Canasta), കോണ്‍ട്രാക്ട് ബ്രിഡ്ജ് (Contract Bridge), പോക്കര്‍ (Poker), ഹാര്‍ട്ട്സ് (Hearts) തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. ചെറുപ്പക്കാര്‍ക്കു പ്രിയങ്കരങ്ങളായിത്തീര്‍ന്നിട്ടുള്ള കളികളാണ് ഓഥേഴ്സ് (Authors), എയ്റ്റ്സ് (Eights), ഫാന്റണ്‍ (Fantan), ഐ ഡൗട്ട് ഇറ്റ് (I Doubt it), മെമ്മറി (Memory), മിച്ചിഗണ്‍ (Michigan) മുതലായവ. നൂറുകണക്കിനു പ്രാദേശികഭേദങ്ങള്‍ ചീട്ടുകളിയില്‍ നിലവിലുണ്ട്. ബുദ്ധിശക്തിയും 'നല്ല കൈയും' ഒത്തുചേര്‍ന്നാല്‍ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളൂ.

പുരാതന ജര്‍മന്‍ ചീട്ടുകള്‍
ഭാഗ്യപ്രവചനത്തിനായി ഉപയോഗിച്ചിരുന്ന റ്റാറ്റോ ചീട്ടുകള്‍. 13-ാം ശതകത്തില്‍ ഇറ്റലിയിലും തുടര്‍ന്ന് യൂറോപ്പിലാകെയും പ്രചരിച്ചു


നാല് ഇനങ്ങളിലായി തിരിച്ചിട്ടുള്ള 52 ചീട്ടുകളാണ് (കോമാളി-Joker-എന്ന അന്‍പത്തിമൂന്നാമത്തെ ഒരു ചീട്ടും ചില കളികളില്‍ നിലവിലുണ്ട്) ഇന്നത്തെ മിക്ക കളിയുടെയും അടിസ്ഥാനം. ഇന്ത്യയില്‍, വര്‍ത്തുളാകൃതിയിലുള്ള ചീട്ടുകള്‍ ചെസ് ബോര്‍ഡില്‍ നിരത്തിക്കളിച്ചിരുന്നു എന്നു പറയപ്പെടുന്നു. ഇത് ബുദ്ധിശക്തിയെമാത്രം അടിസ്ഥാനമാക്കിയുള്ള കളിയായിരുന്നു. ഒരു പക്ഷേ, ഇതില്‍ നിന്നാവാം, നിമിത്തം (chance) മാനദണ്ഡമായിത്തീര്‍ന്ന ഇന്നത്തെ ചീട്ടുകളിയുടെ ആവിര്‍ഭാവം.

നിയമനടപടികളിലൂടെ ചീട്ടുകളി നിരോധിക്കാന്‍ പല ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല. മതസ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തീയ മതാധികാരികള്‍, ചീട്ടുകളിനിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ഈ കളി സാമ്പത്തികമായ ധൂര്‍ത്തിനും മനുഷ്യജീവിത സമാധാനത്തിനു ഭീഷണിയായും തീര്‍ന്നിട്ടുണ്ട്.

ഓരോ ചീട്ടിന്റെയും പദവി ഒന്നില്‍ക്കൂടുതല്‍ ചീട്ടുകളുടെ ചേര്‍ച്ചയും അടിസ്ഥാനപ്പെടുത്തിയാണ് കളിയുടെ വൈവിധ്യം നിലനില്‍ക്കുന്നത്.

ചീട്ടുകള്‍. 88 മി.മീ. നീളവും 57 മി.മീ. വീതിയുമുള്ള പേസ്റ്റ് ബോര്‍ഡിന്റെ കഷണങ്ങളാണ് ചീട്ടുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത്. കളിക്കുന്നതിനുവേണ്ടി മാത്രമല്ല, ഭാവിപ്രവചനം നടത്തുന്നതിനും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ആയിരത്തോളം വര്‍ഷത്തിനുമുമ്പ് ചൈനക്കാരാണ് ആദ്യമായി കളിച്ചീട്ടുകള്‍ (Playing Cards) ഉണ്ടാക്കിയത്. ഏകദേശം എഴുനൂറ് വര്‍ഷത്തിനുമുമ്പു മാത്രമാണ് യൂറോപ്യന്മാര്‍ കളിച്ചീട്ടുകള്‍ ഉപയോഗിച്ചു തുടങ്ങിയത്.

യു.എസ്സിലും ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലും ഉപയോഗിക്കുന്ന ചീട്ടുകളുടെ പാക്കറ്റിനെ 'സ്റ്റാന്‍ഡേഡ് പായ്ക്ക്' എന്നു വിളിക്കുന്നു. ഇത് ശരിക്കും ഫ്രാന്‍സില്‍ നിന്നാണ് വന്നത്. ഇതില്‍ 52 കാര്‍ഡുണ്ടായിരിക്കും. ഇവയെ സ്യൂട്ടുകള്‍ എന്നറിയപ്പെടുന്ന നാലു ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. അവയില്‍ രണ്ടെണ്ണം സ്പെയിഡും ക്ളബും കറുപ്പു നിറത്തിലും മറ്റു രണ്ടെണ്ണം ഹാര്‍ട്ടും ഡയമണ്ടും ചുവപ്പുനിറത്തിലും അച്ചടിച്ചിരിക്കുന്നു. ഓരോ സ്യൂട്ടിലും 13 കാര്‍ഡു വീതം കാണും; എയ്സ് (Ace), രാജാവ് (King), റാണി (Queen), ജാക്ക് ( Jack), 10, 9, 8, 7, 6, 5, 4, 3, 2 എന്നിവ. ഇവയില്‍ രാജാവും റാണിയും ജാക്കും ഫേസ് കാര്‍ഡ് (face card) അല്ലെങ്കില്‍ കോര്‍ട്ട് കാര്‍ഡ് (Court card) എന്നറിയപ്പെടുന്നു.

വേറെ ചില പാക്കറ്റുകളും പ്രചാരത്തിലുണ്ട്. സ്പാനിഷ് പാക്കില്‍ 40 കാര്‍ഡുകളുണ്ട്. ജര്‍മന്‍ പാക്കില്‍ 32 അല്ലെങ്കില്‍ 36 ചീട്ടുകള്‍ കാണും. ഇറ്റാലിയന്‍ പാക്കില്‍ 56 കാര്‍ഡുകളാണുള്ളത്. ഇവയില്‍ ഓരോ പാക്കിലും 4 സ്യൂട്ടുകള്‍ വീതമുണ്ട്.

റമ്മി. വിജയപ്രഖ്യാപനം

റമ്മി. പല രാജ്യങ്ങളിലും പ്രിയങ്കരമായിത്തീര്‍ന്നിട്ടുള്ള ഇനമാണ് റമ്മി. ഇതേയിനം തന്നെ പല രീതിയില്‍ പ്രചാരത്തിലുണ്ട്. രണ്ടുപേര്‍ മാത്രമാണ് കളിക്കാരെങ്കില്‍ അവര്‍ക്കു പ്രിയങ്കരമായിട്ടുള്ളതാണ് ജിന്‍ റമ്മി.

റമ്മിയുടെ പല രൂപങ്ങളും നിലവിലുണ്ടെങ്കിലും അവയ്ക്കെല്ലാം ചില പൊതുനിയമങ്ങളുണ്ട്.

52 കാര്‍ഡുള്ള പാക്കറ്റാണ് കളിക്കുവാന്‍ ഉപയോഗിക്കുന്നത്. ചിലയിനത്തില്‍ രണ്ടോ അതില്‍ക്കൂടുതലോ പാക്കറ്റുകള്‍ ഉപയോഗിക്കുകയും ചീട്ടുകള്‍ ഒരുമിച്ചിടകലര്‍ത്തുകയും ചെയ്യുന്നു. രണ്ടുമുതല്‍ ആറുവരെ കളിക്കാരാണ് സാധാരണ ഓരോ സംഘത്തിലുമുള്ളത്. ചിലപ്പോള്‍ കളിക്കാരുടെ എണ്ണം ഇതിലും കൂടാറുണ്ട്. രണ്ടുപേരാണുള്ളതെങ്കില്‍ ഓരോ കളിക്കാരനും പത്തുചീട്ടുകള്‍ വീതം കിട്ടും. കളിക്കാരുടെ എണ്ണം രണ്ടില്‍ക്കൂടുതലാണെങ്കില്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന ചീട്ടിന്റെ എണ്ണം ഏഴായിരിക്കും. ഈ കളിയില്‍, ഉപയോഗിക്കാത്ത ചീട്ടുകളുമുണ്ടാവും. ഇവയെ 'സ്റ്റോക്ക്' എന്നു വിളിക്കുന്നു. ഈ സ്റ്റോക്ക് മേശയുടെ നടുക്ക് കമഴ്ത്തി സൂക്ഷിക്കുന്നു.

റമ്മിയില്‍ ഓരോ കളിക്കാരനും ലക്ഷ്യം വയ്ക്കുന്നത് പല ചീട്ടുകളുടെയും സംയോജനമാണ്. ഇവ മൂന്നോനാലോ ചീട്ടുകളുള്ള ഗ്രൂപ്പുകള്‍ (matched sets) ആയിരിക്കും. ഒന്നുകില്‍ ഒരേയിനത്തില്‍പ്പെട്ട മൂന്നോ നാലോ ചീട്ടുകളാവാം. രാജാവിന്റെ (King) തന്നെ മൂന്നോ നാലോ കാര്‍ഡുകള്‍പോലെ. അല്ലെങ്കില്‍ ഒരേ ക്രമത്തില്‍ വരുന്ന മൂന്നോ നാലോ ചീട്ടുകളുടെ പരമ്പര (Sequence)യാവാം. സ്പെയ്ഡിന്റെ തന്നെ 8, 9, 10 എന്നീ ചീട്ടുകള്‍പോലെ.

കളി തുടങ്ങിയാല്‍ ഓരോ തവണയും ഒരാള്‍ ഒരു ചീട്ടെടുക്കുകയും മറ്റൊന്ന് പകരം വയ്ക്കുകയും ചെയ്യുന്നു. പകരമായിട്ടിറക്കുന്ന ചീട്ട് 'സ്റ്റോക്കി'നടുത്തായി മലര്‍ത്തിവയ്ക്കുന്നു. കളി പുരോഗമിക്കുമ്പോള്‍ ഇറക്കുന്ന ചീട്ടുകള്‍ ക്രമേണ ഒരു കൂമ്പാര(Pile)മായിത്തീരുന്നു. ഒരാള്‍ക്ക് സ്റ്റോക്കില്‍ നിന്നോ ഇങ്ങനെ ഇറക്കിയ ചീട്ടുകൂമ്പാരത്തില്‍ നിന്നോ ചീട്ട് എടുക്കാവുന്നതാണ്. ഈ കാര്‍ഡ് അയാള്‍ കൈയില്‍ സൂക്ഷിക്കുന്നു. അടുത്ത് ചീട്ടിറക്കേണ്ടിവരുമ്പോള്‍ തൊട്ടുമുമ്പെടുത്ത ചീട്ടുള്‍പ്പെടെ ഏതും അയാള്‍ക്കിറക്കാം.

ഒരു ചീട്ടെടുത്ത് മറ്റൊന്നിടുന്നതിനു മുമ്പേ ഒരു കളിക്കാരന് ക്രമത്തില്‍ വരുന്ന വിലയുള്ള കാര്‍ഡുകളുടെ പരമ്പരയോ വിലയുള്ള ഒരു ചീട്ടോ മേശപ്പുറത്ത്, മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാം. ഇതിനെ 'മെല്‍ഡ്' അല്ലെങ്കില്‍ 'സ്പ്രെഡ്' എന്നു വിളിക്കുന്നു. ചിലയിനം റമ്മിയില്‍ 'മെല്‍ഡ്' ചെയ്യുന്നതത്ര എളുപ്പമല്ല. കൈവശമുള്ള എല്ലാ കാര്‍ഡുകളും പരസ്പരം പൊരുത്തപ്പെട്ടാല്‍ മാത്രമേ ഇതു സാധ്യമാകൂ.

ഏതെങ്കിലും ഒരു കളിക്കാരന്റെ കൈയിലെ കാര്‍ഡുകളെല്ലാം ഇറക്കിക്കഴിഞ്ഞാല്‍ കളി അവസാനിക്കുന്നു. മിക്കവാറും ബാക്കിയുള്ള ഓരോ കളിക്കാരന്റെയും കൈയിലുള്ള ചീട്ടുകളുടെ വിലയെ ഇയാള്‍ കടത്തിവെട്ടിയിരിക്കും. ചീട്ടുകള്‍ക്കുള്ള വില മിക്കവാറും ഇങ്ങനെയാണ്.

എയ്സ് (ace) - 1 പോയിന്റ്

ഓരോ ഫേയ്സ് കാര്‍ഡിനും 10 പോയിന്റുവീതം. മറ്റുള്ള ചീട്ടുകള്‍ക്ക് അതതിന്റെ 'സംഖ്യ'യായിരിക്കും വിലയായിട്ടു പരിഗണിക്കുന്നത്.

ചിലയിനം റമ്മിയില്‍ ഓരോ 'മെല്‍ഡി'നും ഒരു പ്രത്യേക പോയിന്റ് കളിക്കാരനു ലഭിക്കുന്നതാണ്.

ജിന്‍-റമ്മി. രണ്ടുപേര്‍ മാത്രമാണ് ഇതില്‍ കളിക്കാരായിട്ടുള്ളത്. ഓരോ കളിക്കാരനും 10 ചീട്ടുവീതം കിട്ടുന്നു. ഒരു കളിക്കാരന്റെ കൈയിലെ പൊരുത്തമുള്ള ചീട്ടുകള്‍ അയാള്‍ക്ക് എതിരായിട്ടൊരിക്കലും പരിഗണിക്കപ്പെടുന്നില്ല. എപ്പോഴാണോ ഒരുവന്റെ കൈയിലെ പൊരുത്തപ്പെടാത്ത ചീട്ടുകളുടെ ആകെത്തുക 10 പോയിന്റോ അതില്‍ക്കുറവോ ആകുന്നത് അപ്പോള്‍ കളി അവസാനിക്കുന്നു. എതിര്‍കളിക്കാരന്റെ പൊരുത്തമില്ലാത്ത ചീട്ടുകളുടെ വല തന്റേതിനെക്കാള്‍ കൂടുതലാണെങ്കില്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം അയാള്‍ക്ക് നേടാന്‍ സാധിക്കുന്നു. എതിരാളിയുടെ കൈയിലെ പൊരുത്തമില്ലാത്ത ചീട്ടുകളുടെ തുക തന്റേതിനു തുല്യമോ കുറവോ ആയാല്‍ എതിര്‍കക്ഷിക്ക് അവ തമ്മിലുള്ള വില വ്യത്യാസത്തിനു പുറമേ ഒരു ബോണസ് കൂടി ലഭിക്കുന്നു. മിക്കപ്പോഴും ഒരു ബോണസിന്റെ വില 25 പോയിന്റാണ്. എപ്പോഴാണോ ഒരു കളിക്കാരന്‍ തന്റെ കൈയിലെ 10 ചീട്ടുകളും പൊരുത്തമുള്ളതാക്കിത്തീര്‍ക്കുന്നത് അപ്പോള്‍ അയാള്‍ക്ക് എതിരാളിയുടെതില്‍ നിന്നുള്ള കാര്‍ഡുകളുടെ വില വ്യത്യാസത്തിനു പുറമേ 25 പോയിന്റ് കൂടി ലഭിക്കുന്നു. അതോടൊപ്പം അയാള്‍ ജിന്‍ നേടിയതായി പരിഗണിക്കപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരാള്‍ നൂറോ അതില്‍ക്കൂടുതലോ പോയിന്റ് നേടുമ്പോള്‍ കളി അവസാനിക്കുന്നു.

റമ്മിയുടെ തന്നെ പല നിയമങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്.

ദ് കാര്‍ഡ് പ്ലേയേഴ്സ് . പാള്‍ സെസാന്റെ രചന

കനാസ്റ്റ. വളരെ പ്രചാരത്തിലുള്ള ഒരിനമാണിത്. മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലാണ് ഇതിന്റെ തുടക്കം. തെക്കേ അമേരിക്കയിലെ മറ്റൊരു രാജ്യമായ അര്‍ജന്റീനയിലെ ആളുകളും ഈ കളി ഇഷ്ടപ്പെട്ടു. 1949 ആയപ്പോഴേക്കും ഈ വിനോദം അമേരിക്കയില്‍ വ്യാപകമായി. ഇരുപതു ലക്ഷത്തിലേറെപ്പേര്‍ ഇന്ന് കനാസ്റ്റ കളിക്കുന്നവരാണ്.

റമ്മിയുടെതന്നെ ഇനത്തില്‍പ്പെട്ട ഒരു കളിയാണിത്. റമ്മി കളിക്കാനറിയാവുന്നവര്‍ക്ക് കനാസ്റ്റ എളുപ്പമാണ്. ഇതിന് ചില പ്രത്യേകനിയമങ്ങളുണ്ട്. രണ്ടുമുതല്‍ ആറുപേര്‍ക്ക് വരെ കളിക്കാവുന്ന ഇനം കനാസ്റ്റ ഇന്ന് പ്രചാരത്തിലുണ്ട്. രണ്ടുപേരാണെങ്കില്‍ അവര്‍ പരസ്പരം മത്സരിക്കുന്നു.

നാലുപേരാണെങ്കില്‍ അവര്‍ രണ്ടു ടീമുകളായിത്തിരിഞ്ഞ് കളിക്കുന്നു. ഇവരെ നോര്‍ത്ത്-സൗത്ത് എന്നും ഈസ്റ്റ്-വെസ്റ്റ് എന്നും വിളിക്കുന്നു. കനാസ്റ്റയ്ക്ക് മൊത്തം 108 ചീട്ടുകള്‍ വേണം. 52 കാര്‍ഡും ജോക്കറും ചേര്‍ന്ന 2 പാക്കറ്റ്.

രണ്ടുപേര്‍ ചേര്‍ന്നു 'കനാസ്റ്റ' കളിക്കുമ്പോള്‍ നിയമത്തില്‍ ചില വ്യത്യാസം കണ്ടുവരുന്നു. ഓരോ കളിക്കാരനും 11 കാര്‍ഡിനു പകരം 15 കാര്‍ഡുകൊണ്ട് വേണം കളി തുടങ്ങാന്‍. സ്റ്റോക്കില്‍നിന്നും അയാള്‍ രണ്ടു ചീട്ടുവീതം എടുക്കുകയും ഒരു കാര്‍ഡ് മാത്രം ഇറക്കുകയും ചെയ്യുന്നു.

സാംബ. കനാസ്റ്റയുടെ മറ്റൊരിനമാണ് സാംബ. മൂന്നു പാക്കറ്റ് ചീട്ട് ഈ കളിക്കാവശ്യമാണ്.

കോണ്‍ട്രാക്റ്റ് ബ്രിഡ്ജ്. ഈ കളി 'ബ്രിഡ്ജ്' എന്ന പേരിലറിയപ്പെടുന്നു. ലോകത്താകമാനം 40 ദശലക്ഷത്തിലധികം ആളുകള്‍ ബ്രിഡ്ജുകളിയില്‍ താത്പര്യം കാണിക്കുന്നു. 1932 മുതല്‍ ഈ കളി പ്രചാരത്തിലുണ്ട്. ബ്രിഡ്ജില്‍ത്തന്നെ ഓക്ഷന്‍ ബ്രിഡ്ജ്-വിസ്റ്റ്, വിസ്റ്റ് എന്നീ ഉപവിനോദങ്ങളും നിലവിലുണ്ട്. നാലുപേരാണ് ബ്രിഡ്ജ് കളിക്കുന്നതിനാവശ്യം.

പോക്കര്‍. അമേരിക്കയുടെ ദേശീയകളിയാണിത്. ഇതിന്റെ നിയമങ്ങള്‍ വളരെ ലളിതമാണ്. 52 ചീട്ടുള്ള പാക്കറ്റാണ് ഉപയോഗിക്കുന്നത്. എയ്സ് വിലകൂടിയതും '2' വില കുറഞ്ഞതും ആയ ചീട്ടുകളായി കണക്കാക്കുന്നു. ഏറ്റവും നല്ല ജോടി ചീട്ടുകള്‍ സ്വന്തമാക്കുന്ന ആള്‍ വിജയിയായിത്തീര്‍ന്നു.

ചീട്ടുകളിക്ക് പല പ്രാദേശികഭേദങ്ങളുണ്ട്. കേരളത്തില്‍ ഗുലാന്‍ പെരിശ് അല്ലെങ്കില്‍ 28, അമ്പത്തിയാറ്, 'കഴുത' അല്ലെങ്കില്‍ 'മങ്കൂസ്', പന്നിമലത്ത്, കീച്ച്, ബ്ലഫ്, അകംപുറം തുടങ്ങി നിരവധിയിനം കളികളുണ്ട്. ഇവയില്‍ ഗുലാന്‍ പെരിശാണ് വളരെ പ്രചാരത്തിലുള്ളത്. ഏറ്റവും വിലകൂടിയ ചീട്ടാണ് ഗുലാന്‍. തുറുപ്പ് ഗുലാനാണ് പെരിശ്ഗുലാന്‍, കമഴ്ത്തി വയ്ക്കുന്ന ചീട്ടാണ് തുറുപ്പ്. മറ്റെല്ലാ ചീട്ടുകളെയും വെട്ടിപ്പിടിക്കാനുള്ള കഴിവ് തുറുപ്പിനുണ്ട്. ഒരാള്‍ക്കു മാത്രമേ ഒരു റൗണ്ടില്‍ 'തുറുപ്പ്' വയ്ക്കാനുള്ള അധികാരമുള്ളൂ. ഒരാള്‍ ഒരു നിശ്ചിതവില മുന്‍കൂട്ടി വിളിക്കുന്നു. കളി തീരുമ്പോള്‍ അതില്‍ കുറയാത്ത വിലയുള്ള ചീട്ടുകള്‍ കൈവശപ്പെടുത്തിയാല്‍ അയാള്‍ വിജയിയായിത്തീരുന്നു.

ചീട്ടുകള്‍ കൊണ്ടുള്ള നിരവധി വിദ്യകള്‍ മായാജാലക്കാര്‍ കാണിക്കാറുണ്ട്. 'ക്ളബു'കളിലെ ഇന്‍ഡോര്‍ ഗെയിമുകളില്‍ ചീട്ടിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്.

(ഗിരീഷ് പുലിയൂര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍