This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിവാവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിവാവ

Chihuahua

മെക്സിക്കോയിലെ ഒരു സംസ്ഥാനവും അതിന്റെ തലസ്ഥാന നഗരവും. സംസ്ഥാന വിസ്തീര്‍ണം: 2,47,087 ച.കി.മീ.;

ചിവാവ നദിക്കരയിലായി നിലകൊള്ളുന്ന ചിവാവ സംസ്ഥാനം മധ്യ-മെക്സിക്കന്‍ പീഠഭൂമിയുടെ വടക്കുഭാഗത്തായി കാണുന്നു. കാസാ ഗ്രാന്‍ഡീ എന്ന വിശ്രുതമായ ചരിത്രാതീതകാല ജീര്‍ണാവശിഷ്ടങ്ങള്‍ ചിവാവയില്‍ ആണ്. 1824-ല്‍ ചിവാവ മെക്സിക്കോയിലെ 19 അംഗ-സംസ്ഥാനങ്ങളിലൊന്നായി മാറി. 19-ാം ശതകത്തിലും 20-ാം ശതകത്തിന്റെ ആദ്യഘട്ടത്തിലും നിരന്തരമുണ്ടായ ആക്രമണങ്ങളും കലാപങ്ങളുമെല്ലാം ഈ പ്രദേശത്തിന്റെ സാമ്പത്തികാഭിവൃദ്ധിയെ പ്രതികൂലമായി ബാധിച്ചു. 1930-കള്‍ക്കുശേഷം മാത്രമാണ് സംസ്ഥാനം സാമ്പത്തികഭദ്രത നേടിയെടുത്തത്.

ജലസമൃദ്ധമായ ചൂവിസ്കര്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചിവാവ നഗരം സംസ്ഥാനത്തിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറിയിരിക്കുന്നു. മെക്സിക്കോയിലെ തന്നെ മുഖ്യ ഉള്‍നാടന്‍ നഗരങ്ങളിലൊന്നാണ് ഇത്. ഒരു പ്രധാന കാര്‍ഷികകേന്ദ്രമായ ഇവിടെ കന്നുകാലി വളര്‍ത്തലും ഖനനവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. സ്യൂദാദ് ഹ്വാറസ്-മെക്സിക്കോ സിറ്റി റെയില്‍പ്പാതയും പാന്‍ അമേരിക്കന്‍ ഹൈവേയും ഈ നഗരത്തിലൂടെ കടന്നുപോകുന്നു. ഒരു പ്രധാന റെയില്‍-റോഡ് ജംഗ്ഷന്‍ കൂടിയായ ഈ നഗരത്തിന് മേല്‍പ്പറഞ്ഞ വിധത്തിലുള്ള സുഗമമായ ഗതാഗതമാര്‍ഗങ്ങള്‍ വാണിജ്യപ്രാധാന്യവും ലഭ്യമാക്കിയിട്ടുണ്ട്. ലെഡ്, വെള്ളി, സ്വര്‍ണം, ചെമ്പ് മുതലായവ സമീപപ്രദേശങ്ങളില്‍ നിന്നു ഖനനം ചെയ്യുന്നു. ലോഹം ഉരുക്കിയെടുക്കല്‍, മദ്യോത്പന്നങ്ങളുടെ നിര്‍മാണം, തുകല്‍ ഉറയ്ക്കിടല്‍, സിമന്റുത്പാദനം, വസ്ത്രനിര്‍മാണം, മരഉരുപ്പടികളുടെ നിര്‍മാണം എന്നിവയാണ് ചിവാവയിലെ പ്രധാന വ്യവസായങ്ങള്‍. ഇവിടെയുള്ള 200-ലേറെ വര്‍ഷം പഴക്കം വരുന്ന ഭദ്രാസനപ്പള്ളി കൊളോണിയല്‍ വാസ്തുവിദ്യയ്ക്ക് മകുടോദാഹരണമാണ്. നഗരത്തിനാവശ്യമായ ജലമെത്തിക്കുന്നതിന് 200 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള ഒരു അക്വിഡക്റ്റ് ഉപയോഗിക്കപ്പെടുന്നു. മെക്സിക്കന്‍ യുദ്ധകാലത്ത് അമേരിക്കന്‍ സേന നഗരത്തെ 1847-ല്‍ത്തന്നെ രണ്ടുതവണ കീഴടക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ചെറിയ ശ്വാന ഇനങ്ങളിലൊന്നായ 'ചിവാവ'യുടെ പേരിലാണ് ഈ നഗരം ഇന്നു കൂടുതല്‍ പ്രശസ്തമായിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍