This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചില്‍കാ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചില്‍കാ തടാകം

ഒഡിഷയിലുള്ള ഒരു തീരദേശ തടാകം. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍നിന്നും 100 കി.മീ. മാറി പുരിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ വലിയ തടാകങ്ങളിലൊന്നായ ചില്‍കാ പ്രക്ഷുബ്ധമായ ബംഗാള്‍ ഉള്‍ക്കടയില്‍ നിന്നും ഒരു മണല്‍ത്തിട്ടയാല്‍ വേര്‍പെട്ട് കിടക്കുന്നു. പണ്ട് ഈ തടാകം ബംഗാള്‍ ഉള്‍ക്കടലിന്റെ തന്നെ ഭാഗമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. മണ്‍സൂണ്‍ കാലങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റ-ഇറക്കങ്ങള്‍ മൂലം ഈ മണല്‍ത്തിട്ടയുണ്ടായതാണെന്നു വിശ്വസിക്കപ്പെടുന്നു. തടാകത്തിന്റെ വിസ്തീര്‍ണം 1100 ച.കി.മീ.; നീളം 70 കി.മീ.; ശരാശരി വീതി 15 കി.മീ.; ശരാശരി ആഴം 2 മീറ്റര്‍. തടാകത്തിന് പൊതുവേ ആഴം കുറവാണെങ്കിലും ഇതിനെയും ബംഗാള്‍ ഉള്‍ക്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീര്‍ച്ചാല്‍ ഇടുങ്ങിയതും ആഴമേറിയതുമാണ്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ തടാകത്തിലെ ജലനിരപ്പ് താഴുകയാണ് പതിവ്. ദയ നദി ചില്‍കാ തടാകത്തില്‍ പതിക്കുന്നു. വേനല്‍ക്കാലമാകുന്നതോടെ തടാകത്തെ കടലുമായി ബന്ധിപ്പിക്കുന്ന നീര്‍ച്ചാല്‍ വഴി കടല്‍വെള്ളം തടാകത്തിലെത്തിച്ചേരുന്നു.

പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ട പ്രശാന്തമായ ഈ തടാകം കോളുള്ള സമയങ്ങളില്‍ ഭയജനകവും നിലാവുള്ള രാത്രികളില്‍ മനോഹരവുമാണ്. പല നാടന്‍ പക്ഷികളുടെയും ദേശാടനക്കിളികളുടെയും താവളമാണ് ഈ തടാകം. മഞ്ഞുകാലത്ത് സൈബീരിയ പോലുള്ള വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ദേശാടനപക്ഷികള്‍ കൂട്ടത്തോടെ ഇവിടെയെത്താറുണ്ട്. നല്‍ബാന എന്നൊരു ചെറിയ ദ്വീപാണ് ഈ പക്ഷികളുടെ പ്രധാന താവളം. ഇവിടെ ഒരു പക്ഷിസങ്കേതവുമുണ്ട്.

ദ്വീപസമൃദ്ധമാണ് ചില്‍കാ തടാകം. ഈ ദ്വീപുകളില്‍ നായാട്ടിനും ഉല്ലാസത്തിനും മത്സ്യബന്ധനത്തിനും വേണ്ടി സ്വദേശീയരും വിദേശീയരുമായ അനേകമാളുകള്‍ എത്തിച്ചേരുന്നു. ഇതിനാവശ്യമായ വിവിധതരം നൌകകള്‍ ഇവിടെ സുലഭമാണ്. ഈ ദ്വീപുകളൊന്നില്‍ മുളങ്കാടുകളും പലതരം പുല്ലുകളും നിറഞ്ഞ പ്രദേശങ്ങള്‍ കാണാം. ചില ദ്വീപുകളില്‍ വനങ്ങളും ദൃശ്യമാണ്. എല്ലാവര്‍ഷവും ഇവിടെ കുളക്കോഴികള്‍ മുട്ടയിടാന്‍ വേണ്ടി കൂട്ടത്തോടെ എത്താറുണ്ട്.

ഈ തടാകത്തിനടുത്തുള്ള ബലുഗാവോന്‍, സത്പാദ, രംഭ, ബര്‍ക്കുല്‍ എന്നീ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമുണ്ട്. ഇവിടെയുള്ള ദ്വീപുകളിലൊന്നായ ബര്‍ക്കുഡയിലെ പുള്ളിമാനുകള്‍, കാളിജയ് ദ്വീപിലെ ദേവീക്ഷേത്രം എന്നിവയെല്ലാം തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തടാകത്തിന്റെ തെക്കേയറ്റത്തായാണ് 'രംഭ ടൂറിസ്റ്റ് ബംഗ്ലാവ്'. ഇവിടെ ബോട്ടിങ്ങിനും ചൂണ്ടയിടുന്നതിനുമുള്ള സൌകര്യങ്ങളുണ്ട്.

തടാകത്തിനു ചുറ്റുമായി ധാരാളം ഉപ്പളങ്ങളുണ്ട്. തടാകത്തിലെ മത്സ്യങ്ങളുടെ വ്യാപാരം സ്ഥലവാസികളുടെ ഒരു പ്രധാന ഉപജീവനമാര്‍ഗമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍