This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചില്ലറ വ്യാപാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചില്ലറ വ്യാപാരം

Retailing

ചരക്കുകള്‍ വളരെ ചെറിയ അളവില്‍ വിപണനം ചെയ്യുന്ന സംവിധാനം. വിപണനപ്രക്രിയയിലെ അവസാനത്തെ കണ്ണിയാണ് ചില്ലറ വ്യാപാരി. തങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ സാധാരണഗതിയില്‍ വാങ്ങുന്നത് ചില്ലറ വ്യാപാരികളില്‍ നിന്നാണ്. ഉത്പാദന-വിപണന പ്രക്രിയയില്‍ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്നത് പ്രധാനമായും ചില്ലറ വ്യാപാരികളാണ്. ഉത്പാദകന്റെ പരമമായ ലക്ഷ്യം തന്റെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ്. ചില ഉത്പാദകര്‍ തങ്ങളുടെ സ്വന്തം വിപണനശൃംഖലയിലൂടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു വിറ്റഴിക്കുന്നു. എന്നാല്‍, മൊത്തവ്യാപാരികളും ചില്ലറ വ്യാപാരികളും ഉള്‍ക്കൊള്ളുന്ന മധ്യവര്‍ത്തികള്‍ മുഖേനയാണ് ഭൂരിപക്ഷം ഉത്പാദകരും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. കമ്മിഷന്‍ ഏജന്റുകള്‍, സ്റ്റോക്കിസ്റ്റുകള്‍ എന്നിവര്‍ മൊത്തവ്യാപാരികളുടെ വിഭാഗത്തില്‍ പെടുന്നവരാണ്. മൊത്തവ്യാപാരികള്‍ ഉത്പാദകരില്‍ നിന്നു ചരക്കുകള്‍ മൊത്തമായി വാങ്ങി ചില്ലറ വ്യാപാരികള്‍ക്കു വില്‍ക്കുന്നു. ഇങ്ങനെ വാങ്ങുന്ന ചരക്കുകള്‍ ചില്ലറ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കു വില്ക്കുന്നതോടെയാണ് വിപണനപ്രക്രിയ പൂര്‍ത്തിയാകുന്നത്.

വളരെ പരിമിതമായ ആവശ്യങ്ങള്‍ മാത്രമേ പ്രാചീന ജനസമൂഹങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രാചീനകാര്‍ഷിക-ഗ്രാമസമൂഹങ്ങളില്‍ വിപണനത്തിന്റെ തോത് വളരെ പരിമിതമായിരുന്നു. വ്യാപാരതാത്പര്യത്തോടെയുള്ള ഉത്പാദനം ഇത്തരം സമൂഹങ്ങള്‍ക്ക് അന്യമായിരുന്നു. സാധനങ്ങള്‍ നേരിട്ടു കൈമാറുന്ന രീതി(barter exchange)യാണ് ഈ സമ്പദ്ഘടകങ്ങളില്‍ നിലവിലുണ്ടായിരുന്നത്. വിനിമയോപാധി എന്ന നിലയില്‍ പണത്തിന്റെ ഉപയോഗം താരതമ്യേന കുറവായിരുന്നു. തൊഴിലിനുള്ള പ്രതിഫലം സാധനങ്ങളായി നല്‍കുന്ന രീതി അന്ന് പ്രചാരത്തിലിരുന്നു.

ഭൂമിശാസ്ത്രപരവും ചരിത്രപരവും മറ്റുമായ കാരണങ്ങളാല്‍ സ്വയംസമ്പൂര്‍ണ ഗ്രാമസമ്പദ്ഘടനകള്‍ ക്രമേണ വിപ്ലവപരമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ഉത്പാദനപ്രക്രിയകളില്‍ മൗലികമായ മാറ്റങ്ങളുണ്ടായി. ജനസംഖ്യാവിസ്ഫോടനത്തിന്റെ ഫലമായി വന്‍തോതിലുള്ള ഉത്പാദനം ആവശ്യമായിത്തീര്‍ന്നു. കുടിയേറ്റങ്ങളും നഗരവത്കരണവും മറ്റും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവുണ്ടാക്കി. ജനങ്ങളുടെ ജീവിതരീതിയിലുണ്ടായ മാറ്റങ്ങള്‍ പുതിയ പുതിയ ആവശ്യങ്ങള്‍ സൃഷ്ടിച്ചു. ഉത്പാദനത്തിന്റെയും വിനിമയത്തിന്റെയും ഭൂമിശാസ്ത്രപരമായ അതിരുകളും വിസ്തൃതമായി. ഈ മാറ്റങ്ങള്‍ പഴയ ചരക്കുകൈമാറ്റരീതി തികച്ചും അപര്യാപ്തവും അസാധ്യവുമാക്കിത്തീര്‍ത്തു.

വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് വര്‍ധിച്ച തൊഴില്‍ വിഭജനവും (division of labour) ഉത്പാദനോപാധികളുടെ വിശേഷവത്കരണവും (specialisation) വ്യാപാരാടിസ്ഥാനത്തിലുള്ള ഉത്പാദനം സാധ്യമാക്കി. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവും ഉപഭോക്തൃതാത്പര്യങ്ങളുടെ വൈവിധ്യവത്കരണവും വിപണനത്തിന് അസംഖ്യം വന്‍കിട-ചെറുകിട വ്യാപാരികളുടെ സേവനം അനിവാര്യമാക്കി. ഇത് സ്വതന്ത്രവും സ്വച്ഛന്ദവുമായ വ്യാപാരമേഖലയുടെ വികാസത്തിന് ആക്കംകൂട്ടി. വാര്‍ത്താവിനിമയോപാധികളുടെയും ഗതാഗത സൗകര്യങ്ങളുടെയും പുരോഗതിയുടെ ഫലമായി വിദൂരസ്ഥരാജ്യങ്ങളിലേക്കുപോലും വ്യാപാരശൃംഖല വ്യാപിക്കുകയുണ്ടായി. പണത്തിന്റെ ഉപയോഗം സര്‍വസാധാരണമാവുകയും അന്താരാഷ്ട്രതലത്തില്‍ വിനിമയം ചെയ്യത്തക്കവണ്ണം കറന്‍സി നോട്ടുകളും നെഗോഷ്യതാ പ്രമാണങ്ങളും പ്രചാരത്തിലാവുകയും ചെയ്തതോടെ ചരക്കുകള്‍ ലോകത്ത് എവിടെയുമെത്തിക്കുക സുസാധ്യമായിത്തീര്‍ന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളുടെ പ്രതിജനഭിന്നമായ ആവശ്യങ്ങളും താത്പര്യങ്ങളുമനുസരിച്ച് സാധനസാമഗ്രികള്‍ വിപണനം ചെയ്യുന്ന ചില്ലറവ്യാപാരികളുടെ വലിയൊരു നിര ഉയര്‍ന്നുവന്നത്.

ചില്ലറ വ്യാപാരം ആധുനികവിപണിയുടെ ആധാരശിലയാണ്. ആധുനിക കമ്പോളസമ്പദ്ഘടനയുടെ തുലനശക്തികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കമ്പോളശക്തികള്‍ (market forces) പ്രവര്‍ത്തനക്ഷമമാകുന്നത് ലക്ഷക്കണക്കിനു വരുന്ന വ്യാപാരികളിലൂടെയാണ്. ഉത്പാദകരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ് വ്യാപാരികള്‍. ഒരര്‍ഥത്തില്‍ ആഡം സ്മിത്ത് (1723-90) വിശേഷിപ്പിച്ച കമ്പോളത്തിന്റെ അദൃശ്യഹസ്തങ്ങള്‍ (ചോദനവും പ്രദാനവും-demand & supply) ഉപഭോക്താക്കള്‍ അനുഭവിച്ചറിയുന്നത് വ്യാപാരികളിലൂടെയാണ്. വിഭിന്നങ്ങളായ അനേകം ഉപഭോക്തൃവസ്തുക്കള്‍ ചില്ലറവ്യാപാരികള്‍ ഒരേസമയം സമാഹരിക്കുന്നു. തങ്ങള്‍ക്കാവശ്യമായ വിവിധ വസ്തുക്കള്‍ ഒരേസമയം ഒരു സ്ഥലത്തുനിന്നുതന്നെ വാങ്ങുന്നതിന് ഇത് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറങ്ങിയാലുടന്‍ അവ ഉപഭോക്താക്കളിലെത്തിക്കാന്‍ ചില്ലറ വ്യാപാരികള്‍ ശ്രദ്ധിക്കുന്നു. ഉള്ളതിലധികം ഗുണമേന്മകള്‍ ഉണ്ടെന്ന അവകാശവാദങ്ങള്‍ നിരത്തി അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ഉത്പാദകര്‍ നടത്തുന്ന വിസ്മയജനകമായ പരസ്യങ്ങള്‍ മിക്കപ്പോഴും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാല്‍ വിവിധ ഉത്പാദകരുടെ ബ്രാന്‍ഡുകള്‍ ചില്ലറവ്യാപാരികള്‍ വാങ്ങിശേഖരിക്കുന്നതുകൊണ്ട് ഉത്പന്നങ്ങള്‍ താരതമ്യം ചെയ്ത് ഗുണമേന്മയുള്ളവ മാത്രം തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു.

ചില്ലറവ്യാപാരം രണ്ടുതരമുണ്ട്. വഴിവാണിഭവും പീടിക(shop) വ്യാപാരവും. നടന്നു കച്ചവടം ചെയ്യുന്നവരും തെരുവുകച്ചവടക്കാരും വഴിവാണിഭക്കാരാണ്. ഇവര്‍ക്ക് സ്ഥിരമായ ആസ്ഥാനമില്ല. മുതല്‍മുടക്ക് താരതമ്യേന കുറവുമാണ്. ഇവര്‍ കൈവണ്ടികളിലോ തലച്ചുമടായോ സാധനങ്ങള്‍ കൊണ്ടുനടന്ന് വിറ്റഴിക്കുന്നു. മിക്കപ്പോഴും ഉപഭോക്താക്കളുടെ താമസസ്ഥലങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. സ്ഥിരമായ ആസ്ഥാനമുള്ള ചില്ലറകച്ചവടക്കാരെയാണ് പീടികവ്യാപാരികള്‍ എന്നു പറയുന്നത്. പലചരക്കുകടകള്‍, ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോറുകള്‍, ചെയിന്‍സ്റ്റോറുകള്‍, സഹകരണസ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെയില്‍ ഓര്‍ഡര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് പീടികവ്യാപാരസ്ഥാപനങ്ങള്‍. ചില്ലറവ്യാപാരസ്ഥാപനങ്ങളില്‍ ലഭ്യമല്ലാത്ത ചരക്കുകളില്ല എന്നുതന്നെ പറയാം. അത്രയ്ക്കു വൈവിധ്യമേറിയ ചരക്കുകള്‍ ഇന്ന് പീടികകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്കു വാങ്ങാവുന്നതാണ്. മൊട്ടുസൂചി മുതല്‍ അത്യാധുനികമായ മോട്ടോര്‍കാറുകളും ആയുധങ്ങളും വരെ ലഭ്യമാകുന്ന പീടികകളുണ്ട്. വാര്‍ത്താവിനിമയ-ഗതാഗതരംഗങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, ഏകീകൃതവും ഉദ്ഗ്രഥിതവുമായ ലോകവിപണിയുടെ വികാസത്തിനു വഴിവച്ചിട്ടുണ്ട്. ലോകത്തെവിടെയും ഉത്പാദിപ്പിക്കുന്ന ഏറ്റവും പുതിയ സാധനങ്ങള്‍പോലും തൊട്ടടുത്ത പീടികകളില്‍ ലഭിക്കുന്ന സ്ഥിതിയാണിന്നുള്ളത്. ഒരു ആഗോളഗ്രാമ(global village)ത്തിലെന്നവണ്ണം ലോകവിപണിയിലെ വ്യാപാരവാണിജ്യസൗകര്യങ്ങള്‍ അത്രമാത്രം വികസിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ആണവായുധങ്ങളൊഴികെ ലോകത്തുത്പാദിപ്പിക്കുന്ന ഏതുസാധനവും വിപണനം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ ലോകത്തെവിടെയും വ്യാപകമായിത്തീര്‍ന്നിരിക്കുന്നു.

ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്പെഷ്യാലിറ്റി സ്റ്റോറുകള്‍ എന്നിവ വന്‍തോതിലുള്ള മുതല്‍മുടക്ക് ആവശ്യമായ സ്ഥാപനങ്ങളാണ്. എന്നാല്‍ വ്യവസായങ്ങളുടെ നടത്തിപ്പിന് ആവശ്യമായതുപോലുള്ള സാങ്കേതികജ്ഞാനം ഇവിടെ ആവശ്യമില്ല. ഒറ്റ വ്യക്തിയുടെ ഉടമസ്ഥതയിലോ കൂട്ടുടമ കമ്പനികളായോ പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളുണ്ട്. പരിശീലനം സിദ്ധിച്ച വില്പനക്കാരെ (sales persons)യാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിയമിക്കുന്നത്. തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കളെ ഇവര്‍ സഹായിക്കുന്നു. വളരെ വിസ്തൃതമായ ഇത്തരം പീടികകളില്‍ ഓരോ ഉത്പന്നത്തിനും പ്രത്യേകവിഭാഗം തന്നെയുണ്ടാകും. വിപണിയില്‍ ലഭ്യമായ മിക്കവാറുമെല്ലാ ബ്രാന്‍ഡുകളും ഇവിടെ കിട്ടുകയും ചെയ്യും. ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ എല്ലാ വസ്തുക്കളും ലഭ്യമാക്കുന്നു എന്നതാണ് സൂപ്പര്‍മാര്‍ക്കറ്റുകളുടെയും മറ്റും പ്രത്യേകത. പച്ചക്കറികളുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ മുതല്‍ അത്യാധുനികമായ ആഡംബരവസ്തുക്കള്‍ വരെ ഇവിടെ ലഭ്യമാണ്. ഒരേതരം ഉത്പന്നങ്ങള്‍ മാത്രമായി ശേഖരിച്ച് കച്ചവടം ചെയ്യുന്നു എന്നതാണ് സ്പെഷ്യാലിറ്റി സ്റ്റോറുകളുടെ സവിശേഷത. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ഔഷധങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറവ്യാപാരസ്ഥാപനങ്ങളുമുണ്ട്. ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മൊത്തമായി സംഭരിച്ച് ചില്ലറ സ്ഥാപനങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുവേണ്ടി പ്രത്യേകവിഭാഗം തന്നെയുണ്ട്. കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍, മാവേലിസ്റ്റോറുകള്‍ എന്ന പേരില്‍ ചില്ലറ വ്യാപാരസ്ഥാപനങ്ങളുടെ വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നു. അവശ്യവസ്തുക്കള്‍ തുച്ഛവരുമാനക്കാരായ ഉപഭോക്താക്കളിലെത്തിക്കുന്നതുനുവേണ്ടി നടത്തുന്ന ന്യായവിലഷോപ്പുകളുടെ മേല്‍നോട്ടവും ഈ കോര്‍പ്പറേഷന്‍ നിര്‍വഹിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ ഇപ്പോള്‍ പൊതുവിതരണത്തിനായി പ്രത്യേക മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്.

ചില്ലറ വ്യാപാരമേഖലയില്‍ സമീപകാലത്തുണ്ടായ പ്രതിഭാസമാണ് ഷോപ്പിങ് കോംപ്ലക്സുകള്‍. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഷോപ്പിങ് കോംപ്ലക്സുകളില്‍ വിവിധ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പല സ്റ്റോറുകളുണ്ടാവും. പച്ചക്കറിക്കടകള്‍ മുതല്‍ മോട്ടോര്‍കാറുകളുടെ ഷോറൂമുകള്‍വരെ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സുകള്‍ നിലവിലുണ്ട്. വാഹനങ്ങള്‍ക്കു പാര്‍ക്കുചെയ്യാനുള്ള പ്രത്യേകസ്ഥലം, റെസ്റ്റോറന്റുകള്‍ എന്നിവ ഷോപ്പിങ് കോംപ്ലക്സുകളുടെ ആകര്‍ഷണങ്ങളാണ്.

വിപണരംഗത്തു പരിശീലനം സിദ്ധിച്ച വില്പനക്കാര്‍ മുഖേന വ്യവസായസ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന പ്രവണതയും സമീപകാലത്തായി വളര്‍ന്നിട്ടുണ്ട്. ഉത്പന്നങ്ങളുമായി വീടുകള്‍ കയറിയിറങ്ങുന്ന വില്പനക്കാരെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നു കാണാം. ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുക, ഉപഭോക്താക്കളുടെ താത്പര്യങ്ങളെയും അഭിരുചിയെയും കുറിച്ച് സര്‍വേ നടത്തുക തുടങ്ങിയ കാര്യങ്ങളും ഇത്തരം ഏജന്റുമാര്‍ നിര്‍വഹിക്കുന്നു. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 'എക്സ്ക്ളൂസീവ് ഷോറൂമു'കളുടെ ശൃംഖലയിലൂടെ ചില്ലറവ്യാപാരം നടത്തുന്ന കമ്പനികളുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഹയര്‍ പര്‍ച്ചേസ് സ്കീം, ഇന്‍സ്റ്റാള്‍മെന്റ് സ്കീം തുടങ്ങിയ പലവിധ പദ്ധതികളും കച്ചവടക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. സാധനസാമഗ്രികള്‍ വാങ്ങുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ക്കു വായ്പ നല്‍കുന്ന സര്‍ക്കാര്‍-സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ന് എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. ചരക്കുകളോടൊപ്പം വിലക്കിഴിവ് കൂപ്പണ്‍ തുടങ്ങിയ സമ്മാനപദ്ധതികള്‍ ഏര്‍പ്പെടുത്തി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന രീതി ഉത്പാദകരും വ്യാപാരികളും ആവിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്തൃസാധനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതികള്‍ പല ഇന്‍ഷ്വറന്‍സ് കമ്പനികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. വിലയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ പണ്ടത്തെപ്പോലെ ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഇന്നുള്ളത്. ഉപഭോക്തൃനിയമങ്ങളും ഉപഭോക്തൃകോടതിയും വഴി സര്‍ക്കാര്‍, ചില്ലറ വ്യാപാരമേഖലയെ നിയന്ത്രണവിധേയമാക്കുകയും ഉപഭോക്താക്കള്‍ക്കു പരിരക്ഷ നല്‍കുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ ചില്ലറ വ്യാപാരികളും ഇന്നു സംഘടിതരാണ്. സംഘടനയിലൂടെ ഏകീകൃതരും സുസംഘടിതരുമായിത്തീര്‍ന്ന ചില്ലറ വ്യാപാരികള്‍, വില്പനനികുതിയുടെയും ഇതര നിയന്ത്രണങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാരുമായി വിലപേശാനുള്ള ശക്തി ആര്‍ജിച്ചിട്ടുണ്ട്.

ഒരു സമ്പദ്ഘടനയിലെ ഉത്പാദന-വിപണനപ്രക്രിയകളുടെ ഏറ്റവും നല്ല സൂചകമാണ് ചില്ലറവ്യാപാരമേഖലയിലെ വിറ്റുവരവും വിലവിവരപ്പട്ടികയും. സമ്പദ്ഘടനയിലെ ഉപഭോക്തൃ ചെലവി(consumer expenditure)ന്റെ അളവും അതിലുണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കുന്നതിന്, ചില്ലറ വ്യാപാരത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ സഹായകമാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്ഘടനയില്‍ ചില്ലറ വ്യാപാരത്തിനു ഗണ്യമായ സ്ഥാനമുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. ഉത്പാദനശക്തികളുടെ വികാസത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും ഫലമായി വ്യാവസായികമേഖല പ്രമുഖമായിത്തീരുക എന്നത് ഒരു പൊതുസാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ്. എന്നാല്‍ കേരളത്തില്‍, വ്യാവസായികമേഖലയെ അപേക്ഷിച്ച്, വ്യാപാര വാണിജ്യമേഖലകളാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതിനു ചരിത്രപരമായ ചില കാരണങ്ങളുണ്ട്. അടിസ്ഥാനപരമായ വ്യാവസായിക സംരംഭക മനോഭാവം (entrepreneurial attitude) കേരളത്തില്‍ വളര്‍ന്നിട്ടില്ല. വ്യാവസായിക സംരംഭകവിഭാഗ(entrepreneurial class)വും കേരളത്തില്‍ ശക്തമല്ല. പെട്ടെന്ന് ലാഭമുണ്ടാക്കാവുന്നതും ഉത്തരവാദിത്തം കുറഞ്ഞതുമായ മേഖലകളില്‍ മുതല്‍മുടക്കുക എന്നതാണ് കേരളീയരുടെ പൊതുവായ പ്രവണത. വ്യാപാര-വാണിജ്യസേവനമേഖലകളുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് ഈ പ്രവണത കാരണമാണ്. ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ച സാമ്പത്തികനയത്തിന്റെ ഫലമായി വിദേശവിപണികളെ ആശ്രയിക്കുന്നതും ആന്തരികമായ പുനരുത്പാദനം ഇല്ലാത്തതുമായ ഒരു വികസനസമ്പ്രദായ(internally disarticulated development mode)മാണ് കേരളത്തില്‍ വികസിച്ചത്. ക്രമേണ ഉത്പാദനപ്രവര്‍ത്തനത്തിനു പകരം വിപണനത്തിനു പ്രാമുഖ്യം ലഭിക്കുന്ന സ്ഥിതിയിലേക്കു കേരളസമ്പദ്ഘടന പരിവര്‍ത്തിച്ചു. മറ്റു സ്ഥലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റഴിക്കാനുള്ള ഒരു വിപണിയായി കേരളം മാറാനുള്ള കാരണമിതാണ്. അതുപോലെതന്നെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നാണ്യവിളകള്‍ വെറും പ്രാഥമിക സംസ്കരണത്തിനുശേഷം കയറ്റി അയയ്ക്കുന്ന രീതി തുടരുകയും ചെയ്തുവരുന്നു. ഇത് വീണ്ടും അവസാന ഉത്പന്നങ്ങളായി കേരളത്തിന്റെ വിപണിയിലേക്കുതന്നെ മടങ്ങിവരികയാണ്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിപണി കേരളമാണ്. സോപ്പ്, തുണിത്തരങ്ങള്‍, ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവ ഏറ്റവുമധികം വിറ്റഴിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയ്ക്ക് കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം കുറഞ്ഞുവെങ്കിലും, പ്രതിശീര്‍ഷ ഉപഭോഗച്ചെലവില്‍ വമ്പിച്ച വര്‍ധനവാണുണ്ടായത്. 1965-66-ല്‍ അഖിലേന്ത്യാ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് കേരളത്തിലേതിനെക്കാള്‍ 34 ശതമാനം കൂടുതലായിരുന്നു. എന്നാല്‍ 1983-84-ല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് അഖിലേന്ത്യാ നിരക്കിനെക്കാള്‍ 20 ശതമാനം കൂടുതലായി ഉയര്‍ന്നു. അഖിലേന്ത്യാ ശരാശരി 1537 രൂപയായിരുന്നുവെങ്കില്‍, കേരളത്തിലേത് 1837 രൂപയായിരുന്നു. വ്യാപാരമേഖലയുടെ ആനുപാതികമല്ലാത്ത വളര്‍ച്ച കേരള സമ്പദ്ഘടനയുടെ മുഖമുദ്രയായിത്തീര്‍ന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍