This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിലിയന്‍ സാഹിത്യം

ചിലിയിലെ സാഹിത്യം. ആ രാജ്യത്തെ ഭാഷ സ്പാനിഷ് ആണ്. സ്പാനിഷ് ഭാഷയ്ക്ക് ഗണനീയമായ സംഭാവനകള്‍ നല്കാന്‍ ചിലിയന്‍ സാഹിത്യകാരന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. നോബല്‍ സമ്മാനജേതാക്കളായ ഗബ്രിയേല മിസ്ത്രാളും പാബ്ലോ നെരൂദയും വിശ്വപ്രസിദ്ധി നേടിയ ചിലിയന്‍ സാഹിത്യകാരന്മാരാണ്.

സമ്പന്നമായ വാങ്മയ സാഹിത്യപാരമ്പര്യം ചിലിക്കുണ്ട്. സാഹിത്യഭംഗിയാര്‍ന്ന ഒട്ടനവധി നാടോടിക്കഥകള്‍ അവിടെ പ്രചാരത്തിലുണ്ട്. മണ്ണിനടിയിലകപ്പെട്ടുപോയ നിധിപേടകങ്ങളെക്കുറിച്ചും വിസ്മൃതിയിലാണ്ട ഖനികളെക്കുറിച്ചുമുള്ള സ്വപ്നഭംഗിയാര്‍ന്ന പരാമര്‍ശങ്ങളാണ് കഥകളിലേറെയുമുള്ളത്. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളുമാണ് ചിലിയന്‍ വാങ്മയ പാരമ്പര്യത്തിലെ സമ്പന്നമായ മറ്റു രൂപങ്ങള്‍. 'ഐതിഹ്യങ്ങളുടെ നിധിപേടകം' എന്നു ചിലിയന്‍ ചരിത്രം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിലിയന്‍ ജനത എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരൈതിഹ്യമാണ് ഭൂതക്കപ്പലിന്റേത്. കടലിനടിയില്‍ പെട്ടുപോയ നിധി തേടിയലയുന്ന ദുര്‍മന്ത്രവാദിനികളുടെ കപ്പലാണ് ഐതിഹ്യത്തിലെ ഭൂതക്കപ്പല്‍. കടലിന്റെ കണ്ണെത്താവുന്ന ദൂരങ്ങളില്‍ ആ കപ്പലിന്റെ വെളിച്ചം കാണാറുള്ളതായി ചിലിയിലെ സാധാരണക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

ഗബ്രിയേല മിസ്ട്രാള്‍

ലാ അറാക്കാനാ എന്ന ഇതിഹാസ്യകാവ്യമാണ് ചിലിയിലെ പ്രാക്തനമായ മികച്ച സാഹിത്യകൃതി. 16-ാം ശതകത്തിലാണ് ഇതെഴുതപ്പെട്ടതെന്നു കരുതുന്നു. ചിലിയിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നിരന്തരം യാത്രചെയ്ത അലോണ്‍സോ ദെ എര്‍സിലാ ഥുനിഗയാണ് ഇതെഴുതിയത്. പലപ്പോഴായി കുറിച്ചിട്ട കാവ്യശകലങ്ങള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഈ ഇതിഹാസകാവ്യം ചിലിയന്‍ ജനതയുടെ ധീരദേശാഭിമാനത്തെക്കുറിച്ചും മഹിമാതിരേകങ്ങളെക്കുറിച്ചും ആവേശപൂര്‍വം പ്രതിപാദിക്കുന്നു.

1840-കളിലാണ് ചിലിയിലെ ആദ്യത്തെ തദ്ദേശീയ സാഹിത്യപ്രസ്ഥാനം പിറവിയെടുത്തത്. ജൊസെ വിത്തോറിനോ ലാസ്താറി (1817-88) എന്ന പ്രത്യക്ഷവാദിയായ സാഹിത്യകാരനാണ് അതിനു നേതൃത്വം കൊടുത്തത്. എദ്വാര്‍ ദൊ ബറിയൊ (1884-1963), ഴോക്കിന്‍ എദ്വേര്‍ ബെല്ലോ (1887-1968), ജൊസെബനാദൊ (1925-) എന്നീ നോവലിസ്റ്റുകളും പെദ്രോ പ്രാദോ (1886-1952) എന്ന ഉപന്യാസകാരനുമാണ് തുടര്‍ന്നുവന്ന മികച്ച സാഹിത്യകാരന്മാര്‍.

1840-കളിലെ സവിശേഷ സാഹിത്യധാരയില്‍ ഉള്‍പ്പെട്ട മറ്റു നിരവധി സാഹിത്യകാരന്മാരും ചിലിയിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ആല്‍ബള്‍ തോബ്ളസ്ത്ഗന (1820-1930) പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. ഡിസപ്ഷന്‍സ് ആന്‍ഡ് ഡിസപ്പോയിന്റ്മെന്റ്സ് (1955) എന്ന നോവലിലുമായാണ് ഇദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. ചിലിയന്‍ ജീവിതത്തിന്റെ സൂക്ഷ്മചിത്രണമുള്‍ക്കൊള്ളുന്ന ദി അരിത്മെറ്റിക് ഒഫ് ലവ് (1860), മാര്‍ത്തിന്‍ റിവാസ് (1862), ദ് റോക്ക്സ് ഐഡിയല്‍ (1863) തുടങ്ങിയ നോവലുകള്‍ ഇദ്ദേഹത്തിന്റെ മികച്ച രചനകളാണ്. ചിലിയിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രനോവലായ റീ കോണ്‍ക്വസ്റ്റ് (1897) എഴുതിയതും ഇദ്ദേഹമാണ്. സ്പെയിനില്‍ നിന്നുമുള്ള വിമോചനത്തിനുവേണ്ടി ചിലിയന്‍ ജനത നടത്തിയ പോരാട്ടങ്ങളിലെ വീരനായകന്മാരുടെ കഥയാണ് ഇതിലെ ഇതിവൃത്തം.

ചിലിയന്‍ കവിതയിലെ പരമോന്നത പദവി കരസ്ഥമാക്കിയവരാണ് ഗബ്രിയേല മിസ്ത്രാലും പാബ്ലോ നെരൂദയും. 1889 ഏ. 7-ന് 'വികുന' എന്ന ചെറിയ ഗ്രാമത്തിലാണ് ഗബ്രിയേല മിസ്ത്രാള്‍ എന്ന കവയിത്രി ജനിച്ചത്. ലൂസിലാ ഗൊദോയ് ദെ അല്‍കയാഗാ എന്നായിരുന്നു ഇവരുടെ യഥാര്‍ഥ നാമം. ഒരു സ്കൂളധ്യാപികയായും നയതന്ത്രവിഭാഗത്തിലെ ഉദ്യോഗസ്ഥയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഇവര്‍ 'ഗബ്രിയേല മിസ്ത്രാള്‍' എന്ന പേരില്‍ സാഹിത്യരചന നടത്തി. സാന്റിയഗോയില്‍ ദേശീയോത്സവത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തില്‍ സമ്മാനം നേടിക്കൊണ്ടാണ് ഇവര്‍ ശ്രദ്ധേയയായത്. 'മരണത്തിന്റെ ഗീതകങ്ങള്‍' (1914) ആയിരുന്നു ആ കവിത. ഡിസൊലേഷന്‍ എന്ന കാവ്യസമാഹാരം ഇവരെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. പ്രണയം, മരണത്തെക്കുറിച്ചുള്ള ആശങ്കകള്‍, ദൈവം, പ്രകൃതി, കര്‍ഷകജീവിതം തുടങ്ങിയവയാണ് അതിലെ പ്രതിപാദ്യവിഷയങ്ങള്‍. ശക്തമായ വൈകാരിക സംഘര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന അതിദീപ്തമായൊരു ശൈലി ഈ കവിതകള്‍ക്കുണ്ട്. എന്നാല്‍ പില്ക്കാലരചനകളില്‍ ആധ്യാത്മിക ഭാവത്തിനായിരുന്നു മുന്‍തൂക്കം. 'ദി അദര്‍' എന്ന കവിതയില്‍ ഇക്കാര്യം പ്രകടമാകുന്നുണ്ട്. 1945-ല്‍ ഇവര്‍ നോബല്‍ സമ്മാന ജേതാവായി. 'ശക്തമായ വികാരങ്ങളാല്‍ പ്രശോഭിതമായ ഭാവഗാനങ്ങള്‍ രചിച്ചുകൊണ്ട് ലാറ്റിനമേരിക്കന്‍ ജനതയുടെ ആദര്‍ശപൂര്‍ണമായ പ്രത്യാശകളുടെ പ്രതീകമായി മാറിയ കവയിത്രി' എന്നാണ് തദവസരത്തില്‍ സ്വീഡിഷ് അക്കാദമി ഇവരെ വിശേഷിപ്പിച്ചത്. 1957-ല്‍ ഇവര്‍ നിര്യാതയായി.

പാബ്ലോ നെരുദ

ലോകമെങ്ങുമുള്ള പൊരുതുന്ന ജനതയുടെ ആവേശമായി മാറിയ ചിലിയന്‍ കവിയാണ് പാബ്ളോ നെരൂദ (1904-73). റിക്കാദോ എലീസര്‍ നെഫ്റ്റാലി റെയ്സവേ ബസാല്‍തോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ചെക്ക്സ്ലോവാക്യന്‍ കവിയായ ജാന്‍ നെരൂദയോടുള്ള സ്നേഹാദരവുമൂലമാണ് ഇദ്ദേഹം പാബ്ലോ നെരൂദ എന്ന പേരു സ്വീകരിച്ചത് എന്ന് കരുതപ്പെടുന്നു. ഇരുപതുവയസ്സുള്ളപ്പോള്‍ത്തന്നെ ആദ്യത്തെ കാവ്യസമാഹാരം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം ശ്രദ്ധേയനായി. ട്വന്റി ലവ് പോയംസ് ആന്‍ഡ് എ ഡെസ്പരേറ്റ് സോങ് (1924) ആയിരുന്നു ആ ഗ്രന്ഥം. തുടര്‍ന്ന് 300 വാല്യങ്ങളിലേറെ വരുന്ന നൂറുനൂറു കവിതകള്‍ ഇദ്ദേഹം രചിച്ചു. സവിശേഷമായ നാലു കാവ്യജീവിതകാലയളവിലായാണ് നെരൂദ ഈ കവിതകളെല്ലാം രചിച്ചത്. കവിതയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു. ശുദ്ധകവിതയെന്നത് അസംബന്ധമാണ്; കവിത അശുദ്ധമായിരിക്കും-ജീവിതത്തിന്റെ വിയര്‍പ്പുപറ്റി അശുദ്ധമായിരിക്കും. നാമന്വേഷിക്കേണ്ടതും സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതും അത്തരം കവിതയാണ്. അത് ആസിഡ് വീണും കൈ കൊണ്ടുള്ള അധ്വാനംകൊണ്ടും തേഞ്ഞിരിക്കുന്നതായി തോന്നും. അതില്‍നിന്നും പുകപറക്കും. അതിന് ലില്ലിപ്പൂവിന്റെയും മൂത്രത്തിന്റെയും ഗന്ധമുണ്ടായിരിക്കും.

തെക്കേ അമേരിക്കയുടെ പ്രാചീന സംസ്കാരത്തിലേക്കുള്ള അന്വേഷണമായ കാന്റോ ജനറല്‍ എന്ന ബൃഹത്കാവ്യം. ലഘുകാവ്യങ്ങളില്‍ തുടിച്ചുനിന്ന പ്രണയത്തിന്റെയും നൈരാശ്യത്തിന്റെയും വിമോചനസ്വപ്നങ്ങളുടെയും ചാരുദൃശ്യങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് മറ്റൊരു കാരണം. 1971-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു. "ദര്‍ശനത്തെക്കാള്‍ മരണത്തോടും ബുദ്ധിപരതയെക്കാള്‍ വേദനയോടും മഷിയെക്കാള്‍ രക്തത്തോടും ആഭിമുഖ്യമുള്ള കവി എന്നാണ് നെരൂദയെക്കുറിച്ച് മറ്റൊരു സ്പാനിഷ് സാഹിത്യകാരനായ ലോര്‍ക്ക പറഞ്ഞിട്ടുള്ളത്.

മൂന്നാം ലോകരാജ്യങ്ങളുടെ ഉത്കൃഷ്ടമായ സാഹിത്യരചനകളില്‍ ചിലിയന്‍ സാഹിത്യത്തിന്റെ സംഭാവനകള്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

(സുനിത, ടി.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍