This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറ്റൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറ്റൂര്‍

പാലക്കാട് ജില്ലയിലെ ഒരു താലൂക്കും ആസ്ഥാനപട്ടണവും. പാലക്കാട് ചുരത്തിന്റെ മധ്യഭാഗത്തായി വരുന്ന ഈ പ്രദേശത്ത് കോയമ്പത്തൂരിലേതിനു തുല്യമായ കാലാവസ്ഥയാണ്. ഉഷ്ണകാലത്ത് അത്യുഷ്ണവും മഴക്കാലത്ത് അതിവര്‍ഷവും ഇവിടത്തെ പ്രത്യേകതയാകുന്നു.

ചിറ്റൂര്‍ കോട്ട

ഈ താലൂക്കില്‍നിന്നു ജന്മമെടുക്കുന്ന നദികളാണ് ചിറ്റൂര്‍ പുഴ, നെല്ലിയാംപതിപ്പുഴ, പറമ്പിക്കുളംപുഴ എന്നിവ.

ചരിത്രത്തില്‍ സുപ്രധാനസ്ഥാനമാണ് ചിറ്റൂരിനുള്ളത്. ആദ്യകാലത്ത് പാലക്കാട് രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഇവിടം. അവരുടെ ഭരണകാലത്ത് വേലന്‍താവളത്തിലൂടെ ചിറ്റൂര്‍ കടന്ന കൊങ്ങു (kongu) സൈന്യത്തെ ഏറനാട്, വള്ളുവനാട്, പെരുമ്പടപ്പ് എന്നീ നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ നെടുംപേരായൂര്‍ രാജാവ് തോല്പിച്ചു. പാലക്കാടന്‍ ചുരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് കൊങ്ങുസൈന്യത്തെ തുരത്തുന്നതിനു സഹായിച്ച കൊച്ചിരാജാവിന് പകരം ചിറ്റൂര്‍ താലൂക്കു നല്കി പാലക്കാട് രാജാവ് നന്ദി പ്രകടിപ്പിച്ചു. 1949 ജൂലായില്‍ തിരുവിതാംകൂര്‍-കൊച്ചി ലയനം നടന്നതോടെ ചിറ്റൂര്‍ തൃശൂര്‍ ജില്ലയിലെ ഒരു താലൂക്കായി. തുടര്‍ന്ന് 1957-ല്‍ ജില്ലകളുടെ പുനര്‍വിഭജനത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലയിലായത്.

ചിറ്റൂര്‍ എന്ന നാമം വളരെ അടുത്തിടെ ലഭിച്ചതാണ്. ചിറ്റൂര്‍, നല്ലപ്പള്ളി, തത്തമംഗലം, പട്ടാഞ്ചേരി എന്നീ നാലുദേശങ്ങള്‍ ചേര്‍ന്നതിനാല്‍ 'നാലുദേശം' എന്നാണ് ചിറ്റൂര്‍ അറിയപ്പെട്ടിരുന്നത്. നാലുദേശത്തിന്റെ ഭരണം മന്നാടിയാര്‍മാരുടെ മുന്‍ഗാമികളായ തിരുത്തില്‍ അച്ചനായിരുന്നു. ഈ നാടുവാഴിസ്ഥാനം സൂചിപ്പിക്കുന്ന പട്ടാഞ്ചേരി അച്ചന്‍ എന്ന കുടുംബപ്പേര് ഇപ്പോഴുമുണ്ട്. ചിറ്റൂരിലൂടെ ഒഴുകുന്ന ആനമലയാറിന്റെ ഭാഗത്തെ ചിറ്റാര്‍ എന്നാണ് വിളിക്കുന്നത്. ചിറ്റാര്‍ കാലക്രമേണ രൂപാന്തരം പ്രാപിച്ച് ചിറ്റൂര്‍ ആയതാകാം എന്നൊരു അഭിപ്രായവുമുണ്ട്.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ ഇവിടെയാണ് താമസമുറപ്പിച്ചത്. അന്ത്യത്തോടടുത്ത് സമയത്ത് അദ്ദേഹം നിര്‍മിച്ച മഠം ഇപ്പോഴും ഇവിടെയുണ്ട്. അദ്ദേഹം സ്ഥാപിച്ച അദ്വൈത പാഠശാലയും ഇവിടെ കാണാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തമിഴ് ബ്രാഹ്മണര്‍ ഉള്ളത് ഇവിടെയാകുന്നു. ഇവരുടെ ധാരാളം 'ഗ്രാമ'ങ്ങള്‍ ഇവിടെ കാണാം. നായര്‍, വെള്ളാളര്‍ തുടങ്ങിയ ജാതിക്കാരും ഇവിടെ ധാരാളമായുണ്ട്.

നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചിറ്റൂരിലുണ്ട്. 17 കി.മീ. ദൂരെയുള്ള പാലക്കാട് സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

(ജെ.കെ. അനിത)

2. ആന്ധ്രപ്രദേശിലെ ഒരു ജില്ലയും ജില്ലയുടെ ആസ്ഥാനവും. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ നിന്നും ഉദ്ദേശം 130 കി.മീ. വ. പടിഞ്ഞാറായി, ആന്ധ്രപ്രദേശിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ഒരു പ്രദേശമാണ് ഇത്. കൃഷിക്കനുയോജ്യമായ കാലാവസ്ഥയാണ് ഇവിടത്തെത്. നെല്ല്, ചോളം, പയറുവര്‍ഗങ്ങള്‍, നിലക്കടല, പരുത്തി എന്നിവ പ്രധാന കാര്‍ഷികവിളകളാകുന്നു. ഈ വിളകളുടെ കച്ചവടകേന്ദ്രവുമാണിവിടം. പരുത്തി മില്ലുകള്‍, പഞ്ചസാര ഫാക്റ്ററികള്‍, നെല്ലുകുത്തുമില്ലുകള്‍ എന്നിവ ഇവിടെ ധാരാളമുണ്ട്.

ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. പ്രധാന സംസാരഭാഷ തെലുഗും. സ്കൂളും ഏതാനും കലാലയങ്ങളും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കാര്യത്തില്‍ പൊതുവേ പിന്നോക്കാവസ്ഥയിലാണ്.

നൈസര്‍ഗിക ധാതുസമ്പത്തിന്റെ കാര്യത്തില്‍ ചിറ്റൂര്‍ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നോക്കമാണ്. ഇന്ത്യയില്‍ കിട്ടുന്ന സ്റ്റിയറ്റൈറ്റ്-സോപ്പുകല്ല്-ഏറ്റവും കൂടുതല്‍ ചിറ്റൂരിനടുത്തുള്ള കുന്നിന്‍പ്രദേശത്തുനിന്നു ലഭിക്കുന്നു. ഈ കുന്നിന്‍പ്രദേശത്തുനിന്ന് ചന്ദനത്തടിയും കിട്ടുന്നുണ്ട്.

ചിറ്റൂരിനെ പ്രധാന പട്ടണങ്ങളുമായി റോഡുമാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിച്ചിരിക്കുന്നു. ഒരു പ്രധാന തീവണ്ടി സ്റ്റേഷനായ പാക്കാലയും പങ്കാനൂരുമാണ് ജില്ലയിലെ പ്രധാന പട്ടണങ്ങള്‍. തിരുപതി, കണിപാകം, കാളഹസ്തി എന്നി വിശ്വപ്രസിദ്ധ ഹൈന്ദവ ക്ഷേത്രങ്ങള്‍ ചിറ്റൂര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍