This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറ്റീന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറ്റീന്ത്

Dwarf Wild Date

പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെട്ട ഔഷധി. ശാസ്ത്രനാമം: ഫിനിക്സ് പസില്ല (Phoenix pusilla), ഫിനിക്സ് ഫാരിസിനിഫെറ (P. faricinifera). ശ്രീലങ്കയിലെ ശുഷ്കവനങ്ങളിലും കേരളത്തിലെ മധ്യതിരുവിതാംകൂര്‍ ഭാഗങ്ങളിലും ഇവ ധാരാളമായി വളരുന്നുണ്ട്. ഇതിന്റെ കാണ്ഡം ചെറുതായിരിക്കും. ഇലകളുടെ പോളകള്‍ കാണ്ഡത്തെ ആവരണം ചെയ്തിരിക്കുന്നതിനാല്‍ കാണ്ഡം വെളിയില്‍ ദൃശ്യമാവാത്തതും വൃത്താകാരത്തിലുള്ളതുമായ വലിയൊരു കുറ്റിച്ചെടിയായി തോന്നും. ചിറ്റീന്തിനു പ്രധാവി മൂലങ്ങള്‍ (Stoloniferous roots) ആണ് ഉള്ളത്. പിച്ഛകങ്ങളായ ഇലത്തണ്ടില്‍ ഒന്നോ രണ്ടോ നിര മുള്ളുകളുണ്ടായിരിക്കും. ഇലകള്‍ക്ക് ഇളം പച്ചനിറവും വാളിന്റെ ആകൃതിയുമാണ് ഉള്ളത്. ഇവ മാര്‍ദവമുള്ളതും അറ്റം കൂര്‍ത്തു ദൃഢതയുള്ളതുമായിരിക്കും.

പുഷ്പമഞ്ജരി 20-30 സെ.മീറ്ററോളം നീളമുള്ള സ്പാഡിക്സ് ആണ്. ഇതിനു സരളമായ ധാരാളം ശാഖകളുണ്ടായിരിക്കും. ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും വെവ്വേറെ ചെടികളിലാണുണ്ടാവുക. ആണ്‍പുഷ്പങ്ങള്‍ക്ക് ഉറപ്പുള്ള മൂന്നു കുറിയ ബാഹ്യദളങ്ങളും വെളുപ്പുനിറവും ദീര്‍ഘചതുരാകൃതിയും ഉള്ള മൂന്നു ദളങ്ങളും ഉണ്ടായിരിക്കും. വളരെ ചെറിയ കേസര തന്തുക്കളുള്ള ആറു കേസരങ്ങളുണ്ട്.

പെണ്‍പുഷ്പങ്ങളുടെ ബാഹ്യദളങ്ങള്‍ ആണ്‍പുഷ്പങ്ങളിലേതുപോലെ തന്നെയാണ്. മൂന്നു ദളങ്ങളും പുറത്തേക്കു വളഞ്ഞിരിക്കും. ദളങ്ങള്‍ നല്ല കട്ടിയുള്ളവയാണ്. അണ്ഡാശയത്തിനു മൂന്ന് അറകളുണ്ടെങ്കിലും ഒന്നു മാത്രമേ പൂര്‍ണവളര്‍ച്ചയെത്താറുള്ളൂ. ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന മൂന്നു വര്‍ത്തികകളുണ്ട്. ഫലങ്ങള്‍ 13 മി.മീറ്ററോളം നീളവും കടുംചുവപ്പു നിറവുമുള്ള ബെറിയാണ്. ഭക്ഷ്യയോഗ്യമായ ഈ കായ്കള്‍ക്ക് ഈന്തപ്പഴത്തിലെ വിത്തുകള്‍ പോലെ കട്ടികൂടിയ വിത്തുകളുണ്ട്.

ചിറ്റീന്തിന്റെ കായ്കള്‍ പനി, ചുമ, ശ്വാസംമുട്ടല്‍, അസ്ഥിസ്രാവം മുതലായ രോഗങ്ങള്‍ക്ക് ഔഷധമാണ്. വിത്തുകള്‍ അതിസാരത്തിനും മൂത്രാശയ രോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കുന്നു. ചെങ്കണ്ണുരോഗ ശമനത്തിനായി വിത്തുകള്‍ അരച്ചു കണ്‍പോളകളില്‍ പുരട്ടാറുണ്ട്. കായ്കള്‍ ഇടിച്ചു പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. പായ നിര്‍മാണത്തിലും ഇലകള്‍ പ്രയോജനപ്പെടുത്തുന്നു. കായുടെ ചാറ് ചക്കര ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍