This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറ്റന്‍ഡന്‍, റസല്‍ ഹെന് റി (1856 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Ap (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചിറ്റന്‍ഡന്‍, റസല്‍ ഹെന് റി (1856 - 1943)== ==Chittenden, Russel Henry== യു.എസ്. ജൈവരസതന്...)
അടുത്ത വ്യത്യാസം →

Current revision as of 12:29, 15 ഏപ്രില്‍ 2016

ചിറ്റന്‍ഡന്‍, റസല്‍ ഹെന് റി (1856 - 1943)

Chittenden, Russel Henry

യു.എസ്. ജൈവരസതന്ത്രജ്ഞന്‍. പ്രോട്ടീന്‍ അപഘടക (proteolytic) എന്‍സൈമുകളുടെ ജൈവരസതന്ത്രഗവേഷണത്തിന് മൗലികമായ പല സംഭാവനകളും നല്കി. 1856 ഫെ. 18-ന് ന്യൂ ഹാവെനിലെ കണക്റ്റിക്കട്ടില്‍ ഹോറെസ് ഹൊറെയ്ഷിയോ ചിറ്റന്‍ഡന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ന്യൂ ഹാവെനിലായിരുന്നു. 1872-ല്‍ യേല്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഷെഫീല്‍ഡ് സയന്റിഫിക് സ്കൂളില്‍ വൈദ്യശാസ്ത്രം പഠിക്കുവാന്‍ ചേര്‍ന്നു. അവിടെ പ്രൊഫ. സാമുവല്‍ ഡബ്ള്യു. ജോണ്‍സന്റെ കീഴില്‍ ഗ്ലൈക്കോജന്‍, ഗ്ളൈസിന്‍ എന്നിവയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ജീവകലകളില്‍ ആദ്യമായി ഗ്ളൈസിന്റെ സാന്നിധ്യം കണ്ടെത്തിയത് ചിറ്റന്‍ഡനാണ്. 1878-ല്‍ ഡബ്ല്യു. കൂനിന്റെ (W. Kuhne) നേതൃത്വത്തില്‍ ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ പചനവുമായി ബന്ധപ്പെട്ട അവിലേയ പ്രോട്ടീനുകളില്‍ ഗവേഷണം തുടര്‍ന്നു. 1880-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. രണ്ടുവര്‍ഷത്തിനുശേഷം ഷെഫീല്‍ഡ് സ്കൂളില്‍ ഫിസിയോളജീയ രസതന്ത്രത്തില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. 1898 മുതല്‍ 1922 വരെ അവിടെത്തന്നെ ഡയറക്ടറായി. ചിറ്റന്‍ഡന്‍ നല്ലൊരു അധ്യാപകനും ഗവേഷകനും ഭരണാധികാരിയും ആയിരുന്നു.

മനുഷ്യനില്‍ ആല്‍ക്കഹോളിന്റെ പ്രഭാവത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനം സാര്‍വദേശീയ അംഗീകാരം നേടി. ടോക്സിക്കോളജിയിലും ചിറ്റന്‍ഡന്‍ ധാരാളം പഠനങ്ങള്‍ നടത്തിയിരുന്നു. ഗവേഷണപഠനവുമായി ബന്ധപ്പെട്ട് അനേകം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1875-1917 കാലത്ത് നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങള്‍ ശാസ്ത്രമാസികകളില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഡൈജസ്റ്റീവ് പ്രോട്ടിയോളിസിസ്റ്റ് (ന്യൂ ഹാവന്‍സ്, 1895), ഫിസിയോളജിക്കല്‍ ഇക്കോണമി ഇന്‍ ന്യൂട്രീഷന്‍ വിത്ത് സ്പെഷ്യല്‍ റഫറന്‍സ് റ്റു മിനിമല്‍ പ്രോട്ടീന്‍ റിക്വയര്‍മെന്റ് ഒഫ് ഹെല്‍ത്തിമാന്‍, ആന്‍ എക്സ്പെരിമെന്റല്‍ സ്റ്റഡി (ന്യൂയോര്‍ക്ക്, 1904), ദി ന്യൂട്രീഷന്‍ ഒഫ് മാന്‍ (ന്യൂയോര്‍ക്ക്, 1907) തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ചിറ്റന്‍ഡര്‍ രചിച്ചിട്ടുണ്ട്. അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് ഫിസിയോളജി, ജേര്‍ണല്‍ ഒഫ് എക്സ്പെരിമെന്റല്‍ മെഡിസിന്‍ തുടങ്ങിയ അനേകം ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹം അംഗത്വം വഹിച്ചിരുന്നു.

1943 ഡി. 26-ന് ന്യൂഹാവെനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍