This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറ്റഗോങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറ്റഗോങ്

Chittagong

ബംഗ്ലാദേശിലെ ഒരു നഗരം. അ. 21°21'31" വ.,രേ.91° 52' 44" കിഴക്കായി കര്‍ണഫൂലി നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് കിഴക്കന്‍ തീരത്തായുള്ള ഈ നഗരത്തിന് ഢാക്ക കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണുള്ളത്. കിഴക്കന്‍ പാക്കിസ്താനിലെ ഒരു പ്രധാന തുറമുഖനഗരമായ ഇത് ക്രിസ്തു വര്‍ഷാരംഭം മുതല്ക്കേ പ്രസിദ്ധമായിരുന്നു. 10-ാം ശതകത്തിലെ അറേബ്യന്‍ നാവികരുടെയും പോര്‍ച്ചുഗല്‍, വെനീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെയും വിവരണങ്ങളില്‍ നിന്നും ചിറ്റഗോങ് 'ബംഗാള്‍ രാജ്യ'ത്തില്‍ അക്കാലത്തെ ഏറ്റവും പ്രസിദ്ധവും സമ്പന്നവുമായ ഒരു നഗരമായിരുന്നുവെന്ന് മനസ്സിലാക്കാം.

ആദ്യകാലങ്ങളില്‍ തിപ്പറായിലെ ഹിന്ദുരാജാക്കന്മാരുടെ അധീനതയിലായിരുന്നു ചിറ്റഗോങ്. ബുദ്ധമത വിശ്വാസികള്‍ ഇതിനെ 'ചൈതന്യഗ്രാമം' എന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് മുഗളര്‍ കീഴടക്കിയ ഈ നഗരം 1666 ആയപ്പോഴേക്കും 'ഇസ്ലാമാബാദ്' എന്ന പേരിലറിയപ്പെട്ടു തുടങ്ങി. മുഗളര്‍ നിര്‍മിച്ച ഒരു പഴയ കോട്ട ഇപ്പോഴും ഇവിടെ കാണാനുണ്ട്. 1760-ല്‍ ഇത് ബ്രിട്ടീഷ് അധീനതയിലായി.

അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യാവസായിക നഗരമാണ് ഇന്ന് ചിറ്റഗോങ്. പ്രധാന കാര്‍ഷിക വിഭവം നെല്ലാണ്. ഇവിടെ ഒരു എണ്ണ ശുദ്ധീകരണ കേന്ദ്രവുമുണ്ട്.

2. തുറമുഖം. കര്‍ണഫൂലി നദീമുഖത്തുനിന്ന് 19 കി.മീ. മാറി നദിയുടെ വലതുകരയിലായി സ്ഥിതിചെയ്യുന്ന തുറമുഖമാണ് ചിറ്റഗോങ്. സുന്ദരമായ ഭൂപ്രകൃതിയും ആരോഗ്യകരമായ കാലാവസ്ഥയുമാണ് ഇവിടത്തെ പ്രത്യേകത. താപനില സാധാരണയായി 29°C കവിയാറില്ല. കടല്‍ക്കാറ്റാണ് ഇതിനു പ്രധാന കാരണം. 1947-ലെ പാക്കിസ്താന്‍ വിഭജനത്തിനുശേഷമാണ് ഈ തുറമുഖം കാര്യമായി വികസിച്ചത്. പ്രധാന കയറ്റുമതി വിഭവങ്ങള്‍ തേയില, ചണം, ചണോത്പന്നങ്ങള്‍ എന്നിവയാകുന്നു. ഇവിടം വായുമാര്‍ഗവും റെയില്‍മാര്‍ഗവും ഢാക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ജില്ല. താരതമ്യേന വീതികുറഞ്ഞ തീരപ്രദേശവും അതിനു സമാന്തരമായ മലനിരകളും താഴ്വാരങ്ങളുമടങ്ങിയതാണ് ചിറ്റഗോങ് ജില്ല. ഈ മലനിരകളുടെ ഉയരംകൂടിയ പ്രദേശങ്ങളില്‍ കൂടുതലായി കുറ്റിച്ചെടികളും കാണുന്നു. ഇവിടത്തെ കാടുകളില്‍ ആന, കരടി, കടുവ, പുലി, മാന്‍, കാട്ടുപൂച്ച തുടങ്ങിയ മൃഗങ്ങളുണ്ട്. മലകളില്‍ നിന്ന് നദികള്‍ ഒഴുക്കിക്കൊണ്ടുവന്ന എക്കല്‍ മണ്ണ്, കളിമണ്ണ് എന്നിവ അടിഞ്ഞുണ്ടായവയാണ് താഴ്വരകള്‍. ചൂടും ഈര്‍പ്പവുമുള്ളതാണ് കാലാവസ്ഥ. മഴ കൂടുതലാണ്: 225 സെ.മീറ്റര്‍ വേനല്‍ക്കാലത്താണ് കൂടുതല്‍ മഴ ലഭിക്കുന്നത്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ചിറ്റഗോങ് ജില്ല. നെല്ലാണ് മുഖ്യകാര്‍ഷികോത്പന്നം. നെല്‍ക്കൃഷിക്കനുയോജ്യമല്ലാത്ത മലഞ്ചരിവുകളില്‍ തേയിലക്കൃഷിയും ഉണ്ട്. ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍ കൃഷിയും ആഴക്കടല്‍ മത്സ്യബന്ധനവുമാകുന്നു. ബംഗ്ളാദേശിലെ ഏഴു ഡിവിഷനുകളില്‍ ഒന്ന് ചിറ്റഗോങ് ഡിവിഷന്‍ എന്നറിയപ്പെടുന്നു.

4. മലനിരകള്‍. ഇന്ത്യയിലെ അസമിനും ചിറ്റഗോങ് ജില്ലയ്ക്കും ഇടയില്‍ വരുന്ന നിബിഡവനങ്ങളുള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഏറ്റവും കൂടിയ ഉയരം 1222 മീറ്റര്‍. കര്‍ണഫൂലി പദ്ധതിയുടെ ഭാഗമായി കപ്തായിയില്‍ ഒരു അണക്കെട്ടു പണികഴിപ്പിച്ചിട്ടുണ്ട്.

ചിറ്റഗോങ് മലനിരകളിലെ വനങ്ങളില്‍ വിലകൂടിയ തടികള്‍, മുളകള്‍ എന്നിവയും 'സൂര്യപ്പുല്ല്' എന്നറിയപ്പെടുന്ന പുല്ലുവര്‍ഗവും ധാരാളമായി കാണുന്നു. ചൂടുകൂടിയതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ അനാരോഗ്യകരമാണ്. മലഞ്ചരിവുകള്‍ കൃഷിക്കനുയോജ്യമല്ല. ഭൂമി തട്ടുകളായി തിരിക്കുവാനുള്ള പ്രയാസംമൂലം ഈ രീതിയിലുള്ള കൃഷിയും സാധ്യമാകുന്നില്ല. എന്നാല്‍ പരുത്തിക്കൃഷിക്കു യോജിച്ച ഈ മലഞ്ചരിവുകളിലാണ് ബംഗ്ളാദേശിലെ പഞ്ഞിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കപ്പെടുന്നത്. മറ്റു പ്രധാന കാര്‍ഷികവിഭവങ്ങള്‍ നെല്ല്, എണ്ണക്കുരു എന്നിവയാകുന്നു. ജലഗതാഗതത്തിനാണ് പ്രാധാന്യം. തുണിനെയ്ത്ത്, മുളകൊണ്ടുള്ള കൂടകള്‍, വലകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവയാണ് പ്രധാന കുടില്‍വ്യവസായങ്ങള്‍. ഭൂരിഭാഗം ജനങ്ങളും 'ചക്മ' വിഭാഗത്തില്‍പ്പെട്ട ബുദ്ധമതവിശ്വാസികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍