This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറാപ്പുഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറാപ്പുഞ്ചി

Chirapunjee

മേഘാലയ സംസ്ഥാനത്തുള്ള ഒരു ചെറുമലയോരപട്ടണം. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിത്. ഘാസിയ മലനിരകളില്‍ ഷില്ലോങ്ങിനടുത്ത് 1358 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്നയിടങ്ങളിലൊന്നാണ്. സ്ഥാനം അക്ഷാംശം 25° 30' വടക്ക്; രേഖാംശം 91° 70' കിഴക്ക്. 11,777 മില്ലി മീറ്ററാണ് ഇവിടെ ലഭിക്കുന്ന ശരാശരി വാര്‍ഷിക വര്‍ഷപാതം. ജനു.-ല്‍ 11.5°C-ഉം ജൂലായില്‍ 20.6°C-ഉം. ശരാശരി താപനില ഇവിടെയനുഭവപ്പെടുന്നു. ചിറാപ്പുഞ്ചിയുള്‍പ്പെടുന്ന ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ പൊതുവേ മഴ ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാലു മാസങ്ങളിലാണ്. ഈ നാലുമാസങ്ങളിലായി ഇത്ര കനത്തമഴ ലഭിക്കുന്നതുമൂലം മഴക്കാലത്ത് വെള്ളപ്പൊക്കം സാധാരണമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് രൂക്ഷമായ വരള്‍ച്ചയും ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നു. ബംഗാള്‍ സമതലത്തില്‍ നിന്നും കുത്തനെ ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിരകളുടെ ഏറ്റവും മുന്നിലായുള്ള ഘാസിയ മലനിരകളില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ചിറാപ്പുഞ്ചിയില്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ഈര്‍പ്പഭരിതമായ മഴമേഘങ്ങളെ വഹിച്ചുകൊണ്ടുവരുന്ന മണ്‍സൂണ്‍ കാറ്റുകളാണ് ഏറിയ ഈ മഴയ്ക്കുകാരണം. 90-കളുടെ ആദ്യംവരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരുന്ന പ്രദേശമായിരുന്നു ചിറാപ്പുഞ്ചി.

ചിറാപ്പുഞ്ചി

ചിറാപ്പുഞ്ചിയിലെ ജനങ്ങളിലധികവും ഘാസിയ വിഭാഗത്തില്‍പ്പെട്ടവരാണ്. മരക്കുറ്റികള്‍ക്കു (piles) മുകളില്‍ ഇവര്‍ തങ്ങളുടെ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. മത്സ്യമാണ് പ്രധാനപ്പെട്ട ആഹാരം. മരിച്ചവരുടെ ശരീരങ്ങള്‍ ഭൂമിയില്‍ മറവുചെയ്തതിനു മുകളിലായി ദീര്‍ഘചതുരാകൃതിയിലുള്ള 3 മുതല്‍ 13 വരെ തൂണുകള്‍ സ്ഥാപിക്കുന്ന ഒരു ആചാരം ഇവരുടെ ഇടയിലുണ്ട്. ചില തൂണുകള്‍ ചെത്തിമിനുക്കിയവയായിരിക്കും.

ചിറാപ്പുഞ്ചിക്കടുത്ത് ഒരു കല്‍ക്കരി നിക്ഷേപമുണ്ട്. ഇതിന്റെ അടിവശത്തായി മണല്‍ക്കല്ലും കാണുന്നു. വൃക്ഷത്തിന്റെ വേരുകള്‍ കൊണ്ടുണ്ടാക്കിയ പാലങ്ങള്‍ ചിറാപുഞ്ചിയുടെ പ്രത്യേകതയാണ്. ഗുവാഹതിയില്‍നിന്ന് 96 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ചിറാപ്പുഞ്ചിയെ ഷില്ലോങ്ങുമായി ബന്ധിപ്പിക്കുന്ന സര്‍പ്പിലമായ പാതയ്ക്ക് 58 കി.മീ. നീളമുണ്ട്.

ലോകത്തേറ്റവും കൂടുതല്‍ മഴ കിട്ടുന്ന സ്ഥലമായ മോസിന്റാം ചിറാപ്പുഞ്ചിക്കു 16 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലമെന്ന പദവി ചിറാപ്പുഞ്ചിക്ക് ഈയിടെയായി ഇടയ്ക്കിടെയേ ലഭിക്കാറുള്ളൂ. എന്നാല്‍ ഒരു ദിവസം ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ മഴയുടെ തോത് ചിറാപ്പുഞ്ചിയിലാണ്. ഇത് ഇന്നും ലോക റെക്കോഡായി തുടരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍