This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറയിന്‍കീഴ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറയിന്‍കീഴ്

തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു താലൂക്ക്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ നഗരമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കാഫീസ്, കോടതികള്‍, പഞ്ചായത്താഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും താലൂക്കാസ്ഥാനമായ ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തുനിന്ന് റെയില്‍ വഴി ഇവിടേക്ക് 28 കി.മീ. ആണ് ദൂരം.

ശാര്‍ക്കര ദേവീക്ഷേത്രം

ഇവിടത്തെ ശാര്‍ക്കര ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാളിയൂട്ടും മീനത്തിലെ ഭരണിയുമാണ് പ്രധാന ഉത്സവങ്ങള്‍. കാളിയും ദാരികനും തമ്മിലുണ്ടായ ഉഗ്രമായ പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയില്‍ നടത്തുന്ന ചടങ്ങാണ് കാളിയൂട്ട്. 'കാളിയൂട്ടുമാഹാത്മ്യം' അടിസ്ഥാനപ്പെടുത്തിയാണ് ചടങ്ങുകള്‍. വെള്ളാട്ടംകളി, കുരുത്തോലച്ചാട്ടം, നാരദന്‍ പുറപ്പാട്, കാവിലുടയനാര്‍ പുറപ്പാട്, ഐരാണിപ്പറ, കണിയാര്-കുറുപ്പ്-പുലയര്‍ പുറപ്പാടുകള്‍, സുബ്രഹ്മണ്യ-വള്ളി പരിണയം എന്നിവയും ദേവി ദാരികാസുരനെ അന്വേഷിച്ച് എട്ടു ദിക്കിലുമെത്തുന്നു എന്ന സങ്കല്പത്തില്‍ നടത്തുന്ന മുടിയുഴിച്ചിലുമാണ് കാളിയൂട്ടിനു മുമ്പുള്ള എട്ടു ദിവസങ്ങളിലായി നടക്കുന്നത്. ചടങ്ങുകളുടെ സമാപനദിവസം ദാരികന്റെയും ദേവിയുടെയും വേഷം ചാര്‍ത്തുന്നവര്‍ 'നിലത്തില്‍പ്പോര്' നടത്തും. ഒടുവില്‍ ദാരികന്‍ ദേവിയുടെ വാളിനിരയാവുന്നതായി സങ്കല്പിച്ച് കുലവാഴ വെട്ടുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

കൊ.വ. 923-ല്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയാണ് ശാര്‍ക്കരക്ഷേത്രത്തില്‍ കാളിയൂട്ട് ആരംഭിച്ചത്. കായംകുളത്തേക്കു പടനീക്കം നടത്തവേ തിരുവിതാംകൂര്‍ സൈന്യം ശാര്‍ക്കര ക്ഷേത്രമൈതാനത്ത് പടനിലം തീര്‍ത്തു വിശ്രമിച്ചു. കായംകുളം രാജാവിന്റെ ശക്തിയെപ്പറ്റിയോര്‍ത്ത് ഖിന്നനായിരുന്ന രാജാവ് യുദ്ധം ജയിച്ചാല്‍ ശാര്‍ക്കരദേവിക്ക് കാളിയൂട്ട് നടത്താമെന്ന് വഴിപാടുനേര്‍ന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ വിജയിയായി. ആ വര്‍ഷം മുതല്‍ തന്നെ കാളിയൂട്ടുത്സവവും നടത്തിപ്പോരുന്നു. ആദ്യമായി ഒരു വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടത്തിയത്. ആ പതിവ് ഇന്നും തുടരുന്നു.

സ്വയംഭൂവായ ദേവിയുടെ ഐതിഹ്യം വില്വമംഗലത്തുസ്വാമിയാരുമായി ബന്ധപ്പെട്ടതാണ്. ശര്‍ക്കരക്കുടം ഉറച്ച് ദേവീചൈതന്യം നിറഞ്ഞ സ്ഥലം 'ശാര്‍ക്കര'യായി എന്നാണ് ഐതിഹ്യം. മീനഭരണിനാളില്‍ നടക്കുന്ന ഉരുള്‍ വഴിപാടും തൂക്കവും ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.

ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍നിന്നും അര കി.മീ. തെക്കുപടിഞ്ഞാറായാണ് ശാര്‍ക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലൊന്നാണിത്.

നാലുവശവും ചിറകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിന്‍കീഴ്. കടലും കായലുമായി ചേര്‍ന്നു കിടക്കുന്ന മുതലപ്പൊഴി ശാര്‍ക്കര-ചിറയിന്‍കീഴ് വില്ലേജില്‍ ഉള്‍പ്പെടുന്നു. വാമനപുരം നദി താലൂക്കിലൂടെ കടന്ന് അഞ്ചുതെങ്ങ് കായലില്‍ പതിക്കുന്നു. കായലും ചെറുപുഴകളും സമതലങ്ങളും ചെറുകുന്നുകളും നിറഞ്ഞതാണ് ഭൂപ്രകൃതി.

വര്‍ക്കല, കിളിമാനൂര്‍, വക്കം, നാവായിക്കുളം, ആറ്റിങ്ങല്‍ എന്നീ പ്രസിദ്ധ സ്ഥലങ്ങള്‍ ചിറയിന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുന്നവയാണ്. അഞ്ചുതെങ്ങു കോട്ടയും ഈ താലൂക്കിന്റെ ഭാഗമാകുന്നു. സിനിമാ-നാടകരംഗങ്ങളില്‍ പ്രശസ്തരായിരുന്ന പ്രേംനസീര്‍, ജി. ശങ്കരപ്പിള്ള എന്നിവരുടെ ജന്മദേശം ചിറയന്‍കീഴാണ്.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍