This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിരസ്മരണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിരസ്മരണ

കന്നട നോവല്‍. നിരഞ്ജന എന്ന തൂലികാനാമത്തിലൂടെ പ്രസിദ്ധനായ കുല്‍ക്കുങ് ശിവറാവുവാണ് രചയിതാവ്. 1954-ല്‍ പ്രസിദ്ധീകരിച്ചു. 40-കളില്‍ കന്നടസാഹിത്യത്തില്‍ കരുത്താര്‍ജിച്ച പുരോഗമനസാഹിത്യസമീപനത്തിന്റെ വെളിച്ചം ഉള്‍ക്കൊണ്ട് രചിച്ച കൃതിയാണിത്. കേരളത്തിലെ കാസര്‍കോട് ജില്ലയിലുള്‍പ്പെട്ട കയ്യൂരില്‍ നടന്ന കര്‍ഷകസമരത്തിന്റെ ആവേശഭരിതമായ ചരിത്രം ഭാവമനോഹരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ നോവലില്‍. ഏറെ പ്രചാരംനേടിയ ചരിത്രസംഭവത്തെ അധികരിച്ചുള്ള രചനയെന്നതുകൊണ്ട് അത് പൂര്‍വനിശ്ചിതമായ മാതൃകയിലേക്ക് ഒഴുകി നിറയാനും അതുവഴി വിരസമായിത്തീരാനും സാധ്യതയുണ്ടായിരുന്നു. എന്നാല്‍ നിരഞ്ജനയുടെ ശക്തവും ദീപ്തവുമായ ആഖ്യാനശൈലി അത് മറികടക്കുന്നു. ഗ്രാമീണമനുഷ്യരുടെ നിഷ്കളങ്കമായ സ്മൃതിചിത്രങ്ങളുടെ പ്രവാഹമായാണ് നോവല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജന്മിത്തത്തിന്റെ സകല ക്രൂരതകളും ചൂഷണോപകരണങ്ങളും കൈമുതലാക്കിയ നമ്പ്യാര്‍, ഗുരുമുഖത്തുനിന്ന് കേട്ടു പഠിച്ച പുരോഗമന ചിന്തകളെ നെഞ്ചേറ്റി കര്‍ഷക ജനതയെ സംഘടിപ്പിച്ച ചിരുകണ്ടനും അപ്പുവും അവരോടൊപ്പം ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ നേതൃത്വംവഹിച്ച കുഞ്ഞമ്പു, അബൂബക്കര്‍ തുടങ്ങിയവരാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. കഥാന്ത്യത്തില്‍ നമ്പ്യാരുടെ കുടിലതന്ത്രങ്ങള്‍ കാരണം ഇവര്‍ നാലുപേരും തൂക്കിലേറ്റപ്പെടുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരഗാഥയാണ് കയ്യൂരിന്റേതെങ്കിലും ചിരസ്മരണ കേവലമായൊരു പ്രചരണോന്മുഖ രചനയല്ല. കയ്യൂര്‍ സമരചരിത്രത്തിന്റെ ഏടുകളെ സാക്ഷിനിര്‍ത്തി, അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്പിനെക്കുറിച്ചുള്ള പുതിയ അക്ഷരപാഠം ചിട്ടപ്പെടുത്തുകയാണ്, നിരഞ്ജന. സഹാനുഭൂതിയില്‍ കുതിര്‍ന്നതും ശാന്തവും ഓജസ്സുറ്റതുമായ ഭാഷാശൈലിയാണ് ഇതിലദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. കന്നടയിലെ പ്രഗതിശീലപ്രസ്ഥാനത്തിലെ ഏറ്റവും മികച്ച കൃതിയാണ് ചിരസ്മരണ. ഇത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍