This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിയൊനാന്തസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിയൊനാന്തസ്

ഒരു ഹോമിയോ ഔഷധം. തെ. കിഴക്കന്‍ യു.എസ്സില്‍ കാണപ്പെടുന്ന ഫ്രിഞ്ചു മരത്തിന്റെ (Chionanthus virginicus) തൊലി സംസ്കരിച്ചാണ് ഔഷധം തയ്യാറാക്കുന്നത്. കൂടെക്കൂടെയുണ്ടാകുന്ന ചെന്നിക്കുത്തിന് (migraine) ഇത് ഫലപ്രദമായ ഔഷധമാണ്. ഏതാനുംമാസം തുടര്‍ച്ചയായി ഔഷധം സേവിച്ചാല്‍ ചെന്നിക്കുത്തിന്റെ പ്രവണതതന്നെ ഇല്ലാതാകും. കണ്ണിലെ കൃഷ്ണമണിക്ക് അനുഭവപ്പെടുന്ന അസഹ്യമായ വേദന, നെറ്റിയില്‍ പുരികങ്ങളുടെ നടുവില്‍ അനുഭവപ്പെടുന്ന മര്‍ദം, കണ്ണുകള്‍ക്ക് മുകളിലായി നെറ്റിയിലുടനീളം ഉണ്ടാകുന്ന വേദന (തലകുനിക്കുമ്പോഴും അനക്കുമ്പോഴും വേദന അസഹ്യമാകും), നേത്രവൃതിക്ക് (Conjuctiva) മഞ്ഞനിറം എന്നിവയാണ് ചെന്നിക്കുത്തിന്റെ പ്രധാനലക്ഷണങ്ങള്‍. വികാരശൂന്യത പൊതുവേ അനുഭവപ്പെടും. സിരാമാന്ദ്യംമൂലമുണ്ടാകുന്ന തലവേദന, ആര്‍ത്തവസംബന്ധിയായ തലവേദന, യകൃത്രോഗസംബന്ധിയായ തലവേദന എന്നിവയ്ക്ക് ചിയൊനാന്തസ് ശമനം നല്കും. യകൃത് സംബന്ധമായ പല രോഗങ്ങള്‍ക്കും ഔഷധമായി ഇത് നിര്‍ദേശിക്കാറുണ്ട്. കരള്‍രോഗങ്ങള്‍ക്കും ചിയൊനാന്തസ് സിദ്ധൗഷധമാണ്. മഞ്ഞപ്പിത്തം, ആര്‍ത്തവസ്തംഭനത്തോടെയുള്ള മഞ്ഞപ്പിത്തം, പിത്താശ്മരി (gall stone), പ്ലീഹാ വീക്കം, പ്രമേഹം, അഗ്ന്യാശയരോഗങ്ങള്‍ തുടങ്ങിയവയ്ക്കും ഈ ഔഷധം ഫലപ്രദമാണ്. നാഭിപ്രദേശത്തുണ്ടാകുന്ന പ്രത്യേകതരം വേദന (കുടലിനുചുറ്റും ഒരു ചരട് കൂനാംകുരുക്കിട്ടുകെട്ടി, പെട്ടെന്ന് മുറുക്കുകയും സാവധാനത്തില്‍ അയയ്ക്കുകയും ചെയ്യുന്നതായി തോന്നും) ഉദരവേദന, മഞ്ഞപ്പിത്തത്തോടെയുണ്ടാകുന്ന ഉദരവീക്കം, മലബന്ധം, വിശപ്പില്ലായ്മ, നാക്കിലുണ്ടാകുന്ന കട്ടിപ്പൂപ്പല്‍ എന്നിവ ചിയൊനാന്തസ് ശമിപ്പിക്കുന്ന അഗ്ന്യാശയരോഗങ്ങളാണ്. കൂടെക്കൂടെയുണ്ടാകുന്ന മൂത്രംമുട്ടല്‍, മൂത്രത്തില്‍ പിത്തരസവും പഞ്ചസാരയും ഉള്‍ക്കൊണ്ടിരിക്കല്‍, മൂത്രത്തിന് ഇരുണ്ടനിറം ഉണ്ടാകല്‍ എന്നിവയും ചിയൊനാന്തസ് ശമിപ്പിക്കും. ടിങ്ചര്‍ രൂപത്തിലാണ് ചിയൊനാന്തസ് കഴിക്കേണ്ടത്. ഇതുമായി ബന്ധമുള്ള ഔഷധങ്ങളാണ് സീനോത്തസ്, സിങ്കോണ എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍