This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിമ്പാന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിമ്പാന്‍സി

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള ഒരിനം ആള്‍ക്കുരങ്ങ്. മധ്യപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന പ്രൈമേറ്റ് സസ്തനി വര്‍ഗത്തിന്റെ ഉപവര്‍ഗമായ ആന്ത്രപ്പോയ്ഡിയയിലെ പോന്‍ജിഡേ (Pongidae) കുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍ (Pan) ജീനസ്സില്‍പ്പെടുന്ന ഇവയ്ക്ക് രണ്ട് സ്പീഷീസുകളുണ്ട്: പിഗ്മി ചിമ്പാന്‍സി എന്നറിയപ്പെടുന്ന പാന്‍ പാനിസ്ക്കസും (Pan paniscus) സാധാരണ ചിമ്പാന്‍സി എന്നറിയപ്പെടുന്ന പാന്‍ ട്രോഗ്ലോഡൈറ്റെസും (Pan troglodytes).

ചിമ്പാന്‍സി

കാഴ്ചയില്‍ മനുഷ്യനോട് ഏറെ സാമ്യമുള്ള ഈ വാനരയിനത്തിന് ഗൊറില്ലയോളം വലുപ്പമില്ല. വാലില്ലാത്ത ഇവയുടെ മുഖത്തും ചെവികളിലും രോമങ്ങള്‍ കാണാറില്ല. മസ്തിഷ്കം, ദന്തവിന്യാസം, രക്തഗ്രൂപ്പുകള്‍, കൈകാലുകളുടെ നീളം എന്നിവ മനുഷ്യരുടേതിനോട് സാമ്യമുള്ളതാണ്. മുന്‍-പിന്‍കാലുകള്‍ക്ക് ഏതാണ്ട് ഒരേ നീളമാണുള്ളത്. പല്ലുകളുടെ എണ്ണം 32 ആണ്. പൂര്‍ണവളര്‍ച്ചയെത്തിയ ചിമ്പാന്‍സിക്ക് 1.5 മീ. ഉയരവും 80 കി.ഗ്രാം. വരെ ഭാരവുമുണ്ടാകും. ആണ്‍ ചിമ്പാന്‍സിക്ക് പെണ്‍ ചിമ്പാന്‍സിയെക്കാള്‍ വലുപ്പം കൂടുതല്‍ കാണപ്പെടുന്നു. ശരീരത്തില്‍ ചകിരി പോലുള്ള തവിട്ടുകലര്‍ന്ന കറുപ്പുരോമങ്ങളുണ്ട്.

ചിമ്പാന്‍സി ഒരു സസ്യഭുക്കാണ്. പഴങ്ങള്‍, കായ്കള്‍, പച്ചിലകള്‍ എന്നിവയാണ് പ്രധാന ആഹാരം. അപൂര്‍വം ചിലയിനങ്ങള്‍ ചിതല്‍ തുടങ്ങിയ ചെറുപ്രാണികളെയും ഭക്ഷിക്കാറുണ്ട്. സാമൂഹിക ജീവിതം നയിക്കുന്ന ചിമ്പാന്‍സി ചെറുസംഘങ്ങളായാണ് സഞ്ചരിക്കാറുള്ളത്. ഒരു ആണ്‍ ചിമ്പാന്‍സിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തില്‍ നിരവധി പെണ്‍ ചിമ്പാന്‍സികളും കുഞ്ഞുങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ സമയവും തറയിലാണ് കഴിഞ്ഞുകൂടുന്നത്. കൈകാലുകള്‍ നാലും നിലത്തുകുത്തിയാണ് ഇവ തറയിലൂടെ സഞ്ചരിക്കാറുള്ളത്. എന്നാല്‍ മരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പിന്‍കാലുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. രാത്രികാലങ്ങളില്‍ മരക്കൊമ്പുകളില്‍ പ്ലാറ്റ്ഫോം മാതൃകയില്‍ നിര്‍മിച്ച ചെറിയ കുടിലുകളില്‍ കഴിയുന്നു. കുടുംബം മുഴുവനും ഈ കുടിലില്‍ കഴിഞ്ഞുകൂടുകയാണ് പതിവ്.

നാലാഴ്ച നീണ്ടുനില്ക്കുന്ന ആര്‍ത്തവകാലമാണ് ചിമ്പാന്‍സിക്കുള്ളത്. ഗര്‍ഭകാലം ഒമ്പത് മാസമാണ്. 7-8 വര്‍ഷത്തെ വളര്‍ച്ചകൊണ്ട് കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയെത്തുന്നു. ചിമ്പാന്‍സിയുടെ ആയുസ്സ് സു. 50 വര്‍ഷമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ചെറുപ്രായത്തില്‍ മനുഷ്യരോട് ഇണങ്ങാറുള്ള ചിമ്പാന്‍സി വളര്‍ച്ചയെത്തിയാല്‍ അപകടകാരിയായി മാറും. പരിണാമ ശ്രേണിയില്‍ മനുഷ്യനോടടുത്ത് നില്ക്കുന്ന ചിമ്പാന്‍സിക്ക് ബുദ്ധിശക്തിയും വിവേചനാശീലവുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞയായ ജെയിന്‍ ഗുഡാള്‍ നടത്തിയ നിരീക്ഷണ പഠനങ്ങളാണ് ചിമ്പാന്‍സിയുടെ വന്യജീവിത രഹസ്യങ്ങളുടെ ഉള്ളറകള്‍ വെളിവാക്കിയത്. ടാങ്കനിക്കയിലെ ഗോംബെ റിസര്‍വ് വനത്തിലായിരുന്നു ഗുഡാള്‍ പഠനങ്ങള്‍ നടത്തിയത്. മനുഷ്യരുടെ പല പ്രവൃത്തികളും ചെയ്യാനും അനുകരിക്കാനും ചിമ്പാന്‍സിക്ക് കഴിയും. കാറോടിക്കുക, സൈക്കിള്‍ ചവിട്ടുക, സിഗററ്റ് വലിക്കുക, വേഷം ധരിച്ച് രണ്ടുകാലില്‍ നടക്കുക തുടങ്ങി സിനിമയിലും ടെലിവിഷനിലും അഭിനയിക്കാന്‍വരെ ഇവയ്ക്കാകുമെന്ന് തെളിയിച്ചിട്ടുണ്ട്. ബുദ്ധിയും ശാരീരികശേഷിയും ഒന്നിച്ചുപയോഗിക്കേണ്ട പല പണികളും ഇവ ചെയ്യാറുണ്ട്. മഴക്കാലത്തിന്റെ ആഗമനത്തോടെ ഇവ സംഘം ചേര്‍ന്ന് വനത്തില്‍ മഴനൃത്തം നടത്താറുണ്ട്. നിരവധി സംഘങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു സംഘത്തലവന്റെ നേതൃത്വത്തില്‍ ആണ്‍ ചിമ്പാന്‍സികള്‍ നടത്തുന്ന ഈ നൃത്തവും ചാട്ടവും അട്ടഹാസവും വര്‍ഷകാലാരംഭത്തിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു നോ. ആന്ത്രപ്പോയ്ഡ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍