This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിപ്കോ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിപ്കോ പ്രസ്ഥാനം

ഒരു ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം. കെട്ടിപ്പിടിക്കുക, പറ്റിപ്പിടിക്കുക എന്നീ അര്‍ഥങ്ങളുള്ള 'ചിപക്നാ' എന്ന ഹിന്ദി പദത്തില്‍നിന്നാണ് പ്രസ്ഥാനത്തിന് ഈ പേര്‍ സിദ്ധിച്ചിട്ടുള്ളത്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ മരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന സത്യം മനസ്സിലാക്കി മരത്തെ കെട്ടിപ്പിടിച്ചുനിന്നുകൊണ്ട് മരം വെട്ടുകാരെ പിന്തിരിപ്പിക്കുകയാണ് ഈ പ്രസ്ഥാനക്കാര്‍ ചെയ്യുന്നത്. വനനശീകരണത്തിനെതിരായി ഹിമാലയന്‍ പ്രദേശങ്ങളിലാണ് ഗാന്ധിയന്‍ പരിസ്ഥിതി പ്രസ്ഥാനമെന്ന നിലയില്‍ 1970-കളുടെ ആരംഭത്തില്‍ ഇത് രൂപംകൊണ്ടത്.

വികസനത്തിന്റെ മറവില്‍ ദശകങ്ങളായി ഗവണ്‍മെന്റും കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് ലക്കും ലഗാനുമില്ലാതെ മരം മുറിക്കുന്നത് ഹിമാലയന്‍ പ്രദേശത്തിന്റെ നാശത്തിന് വഴിതെളിക്കുമെന്ന് തദ്ദേശവാസികള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഗാന്ധിയന്മാരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെ 'ചിപ്കോ' പ്രസ്ഥാനം രൂപംകൊണ്ടത്. മരംവെട്ടുകാര്‍ മഴുവുമായി എത്തുമ്പോള്‍ അവര്‍ പറയും: 'ആദ്യം ഞങ്ങളെ, പിന്നെ മരത്തെ.'

സുന്ദര്‍ലാല്‍ ബഹുഗുണ

പ്രകൃതിയോടും വനങ്ങളോടും പൗരാണിക ഭാരതീയര്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഈ സമീപനത്തിന്റെ തുടര്‍ച്ചയാണ് ചിപ്കോ പ്രസ്ഥാനം എന്നുപറയാവുന്നതാണ്. 'വിപിന പരിലാളനമേറ്റു വളര്‍ന്നതാണ് ഭാരത്തിന്റെ ആത്മാവും സംസ്കൃതിയും' എന്ന് മഹാകവി രബീന്ദ്രനാഥ ടാഗൂര്‍ (1861-1941) പറഞ്ഞിട്ടുണ്ട്. നമ്മുടെ സാംസ്കാരിക പരിണാമത്തില്‍ വനങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. പൌരാണികമായ മഹത് രചനകളധികവും കാനനങ്ങളില്‍ സ്ഥിതിചെയ്തിരുന്ന പര്‍ണാശ്രമങ്ങളുടെ സംഭാവനയാണ്. അതുകൊണ്ടാണ് ഭാരതീയ സംസ്കാരം 'ആരണ്യസംസ്കൃതി' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വൃക്ഷലതാദികളെ സ്നേഹവാത്സ്യങ്ങളോടെ പരിപാലിക്കുന്ന രീതിയായിരുന്നു പ്രാക്തന ഭാരതീയരുടേത്. എന്നാല്‍ കൊളോണിയലിസത്തിന്റെ ആരംഭത്തോടെ വനങ്ങളെ വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യുന്ന പ്രവണത പ്രകടമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും വിവേചനരഹിതമായ ഈ വാണിജ്യ സമീപനത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

സര്‍ക്കാരിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി വനവിഭവങ്ങള്‍ പരമാവധി കൊള്ളയടിക്കുകയെന്നതായിരുന്നു ബ്രിട്ടീഷുകാരുടെ സമീപനം. 1930-ല്‍ ഉത്തര്‍പ്രദേശിലെ ഗര്‍വാര്‍ പ്രദേശത്തെ ജനങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വനനിയമങ്ങള്‍ക്കെതിരെ സത്യഗ്രഹം നടത്തി. ഗവണ്‍മെന്റിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന്റെ ഫലമായി നിരായുധരായ അസംഖ്യം സത്യഗ്രഹികള്‍ക്ക് തിലാരിയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടതായിവന്നു. തിലാരിയിലെ സത്യഗ്രഹവും രക്തസാക്ഷിത്വവുമാണ് പില്ക്കാലത്ത് ചിപ്കോ പ്രസ്ഥാനത്തിന് പ്രചോദനം നല്കിയത്.

ഗാന്ധിജിയുടെ യൂറോപ്യന്‍ ശിഷ്യരായിരുന്ന മീരാബെന്നും സരളാബെന്നും പ്രചരിപ്പിച്ച ആശയങ്ങളാണ് ചിപ്കോയ്ക്ക് അടിത്തറയിട്ടത്. ഹിമാലയത്തിലെ കുമയൂണിലും ഗര്‍വാളിലും സ്ഥാപിച്ച ആശ്രമങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്നവരാണ് ചിപ്കോയുടെ പ്രവര്‍ത്തകരായത്. ഇക്കൂട്ടത്തില്‍ നേതൃസ്ഥാനം വഹിച്ചത് സുന്ദര്‍ലാല്‍ ബഹുഗുണയാണ്. ശ്രീദേവ് സുമനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബഹുഗുണ 13-ാം വയസ്സില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേര്‍ന്നു. പിന്നീടിദ്ദേഹം മീരാ ബെന്നിന്റെ ഗാന്ധിയന്‍ പരിസ്ഥിതി ദര്‍ശനത്തില്‍ ആകൃഷ്ടനായി.

1961-ല്‍ സരളാബെന്നിന്റെ നേതൃത്വത്തില്‍ ഉത്തര്‍ഖണ്ഡ് സര്‍വോദയ മണ്ഡല്‍ രൂപീകൃതമായി. 1970-കളുടെ ആരംഭത്തില്‍ മരംവെട്ടിനെതിരെ മണ്ഡല്‍ സമാധാനപരമായ പ്രക്ഷോഭമാരംഭിച്ചു. ഈ ഗാന്ധിയന്‍ പ്രക്ഷോഭങ്ങളില്‍ ഗ്രാമീണ സ്ത്രീകളും സജീവമായി പങ്കെടുക്കുകയുണ്ടായി. 1971-ല്‍ ഋഷികേശിലെ സ്വാമി ചിദാനന്ദജി ഒരു മാസം നീണ്ടുനിന്ന പദയാത്ര നടത്തി പ്രക്ഷോഭത്തിലേര്‍പ്പെട്ടിരുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 1972 ഡിസംബറില്‍ ഗര്‍വാറില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ വീണ്ടും പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭനേതാക്കളില്‍ ഒരാളും ഗ്രാമീണകവിയുമായ ഗണശ്യാം റഥൂരി ഈ സമയത്ത് എഴുതിയ ഒരു കവിതയില്‍നിന്നാണ് 'ചിപ്കോ' എന്ന പേര് ഈ പ്രസ്ഥാനത്തിന് ലഭിക്കുന്നത്. 'മരങ്ങളെ ആലിംഗനം ചെയ്യുക, വെട്ടിവീഴ്ത്തപ്പെടുന്നതില്‍നിന്ന് അവയെ രക്ഷിക്കുക, കൊള്ളയടിക്കപ്പെടുന്നതില്‍നിന്നും നമ്മുടെ കുന്നുകളുടെ സ്വത്തുക്കളെ സംരക്ഷിക്കുക' ഇതായിരുന്നു കവിതയുടെ ഉള്ളടക്കം. മുമ്പ് രാജസ്ഥാനിലെ ബിഷ്ണോയി സമുദായക്കാര്‍ മരംകെട്ടിപ്പിടിച്ച് നിന്നുകൊണ്ട് വനനശീകരണത്തെ പ്രതിരോധിച്ചിരുന്നു. എങ്കിലും റഥൂരിയുടെ വരികളാണ് ചിപ്കോ പ്രസ്ഥാനത്തിന് പ്രചോദനമേകിയത്. ആയിരക്കണക്കിന് മരങ്ങളെ വെട്ടുകാരുടെ മഴുവില്‍നിന്ന് രക്ഷിക്കാന്‍ ചിപ്കോ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മരംമുറിക്കാനുള്ള സ്വകാര്യ കോണ്‍ട്രാക്ട് സമ്പ്രദായം നിരോധിക്കാന്‍ യു.പി. ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. 1975-ല്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകൃതമായി.

തുടര്‍ന്നുള്ള കാലയളവില്‍ ചിപ്കോയ്ക്കുണ്ടായ പ്രചാരവും വളര്‍ച്ചയും അദ്ഭുതാവഹമായിരുന്നു. 1978 ഡിസംബറില്‍ ബദിയാര്‍ഗാര്‍ പ്രദേശത്തെ വനങ്ങളില്‍നിന്ന് വന്‍തോതില്‍ മരംമുറിച്ചുമാറ്റാന്‍ യു.പി. ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിക്കുകയുണ്ടായി. ഇതിനെതിരെ 1979 ജനു. 9-ന് സുന്ദര്‍ലാല്‍ ബഹുഗുണ മരണംവരെ നിരാഹാരം ആരംഭിച്ചു. സമീപഗ്രാമങ്ങളിലെ ആയിരക്കണക്കിന് സ്ത്രീ-പുരുഷന്മാര്‍ ബദിയാര്‍ഗാര്‍വനങ്ങളില്‍ ഒത്തുചേര്‍ന്നു. പതിനൊന്നുദിവസം ജനങ്ങള്‍ കാട്ടില്‍ത്തന്നെ തങ്ങി. അവസാനം കോണ്‍ട്രാക്ടര്‍മാര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു.

ചിപ്കോ ഉന്നയിച്ച പല പ്രശ്നങ്ങളെയും അനുഭാവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായി. സുന്ദര്‍ലാല്‍ ബഹുഗുണയുമായി നേരിട്ട് ചര്‍ച്ച നടത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, യു.പി.യിലെ ഹിമാലയന്‍ വനങ്ങളില്‍നിന്ന് വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി മരംമുറിക്കുന്നത് 15 വര്‍ഷത്തേക്ക് നിരോധിക്കാന്‍ നിര്‍ദേശിച്ചു. ഹിമാലയന്‍ താഴ്വരയില്‍ കാശ്മീര്‍ മുതല്‍ കൊഹിമവരെ 4,780 കി.മീ. ദൂരം ബഹുഗുണ നടത്തിയ പദയാത്രയുടെ ഫലമായി ചിപ്കോയുടെ സന്ദേശങ്ങള്‍ക്ക് വിപുലമായ പ്രചാരം സിദ്ധിച്ചു. ചിപ്കോയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചു. 1983 സെപ്തംബറില്‍ ഉത്തരകര്‍ണാടകയിലെ ജനങ്ങള്‍ 'അപ്പിക്കോ ചലുവാലി' എന്ന പ്രസ്ഥാനം ആരംഭിച്ചു. 30 ദിവസം തുടര്‍ച്ചയായി മരങ്ങള്‍ കെട്ടിപ്പിടിച്ചുകൊണ്ട് അപ്പിക്കോ പ്രവര്‍ത്തകര്‍ മരംവെട്ടിനെ പ്രതിരോധിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നര്‍മദാതീരത്ത് പണിയുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ നിര്‍ദിഷ്ട നര്‍മദാ അണക്കെട്ടിന്റെ ഭാഗമായ സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെ മേധാപ്ടക്കറും ബാബാ ആംതേയും നയിച്ച 'നര്‍മദാ ബചാവോ ആന്ദോളന്‍' എന്ന പ്രസ്ഥാനം, 1980-കളില്‍ കേരളത്തിലെ സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം തുടങ്ങിയവയ്ക്കൊക്കെ പ്രചോദനം നല്കിയത് ചിപ്കോയുടെ വിജയമാണ്. ഇന്ന് ചിപ്കോ ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. യൂറോപ്പിലെ പല പരിസ്ഥിതി പ്രസ്ഥാനങ്ങളും ഉപദേശത്തിനായി സുന്ദര്‍ലാല്‍ ബഹുഗുണയെ സമീപിക്കാറുണ്ട്.

മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്യാത്ത ഗ്രാമസമൂഹമെന്ന ഗാന്ധിയന്‍ സങ്കല്പമാണ് ചിപ്കോ അവലംബമാക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തിന് ഊന്നല്‍ നല്കുന്ന പാരിസ്ഥിതിക വീക്ഷണമാണ് ചിപ്കോയുടെ ദര്‍ശനം. മനുഷ്യനും പ്രകൃതിയും സസ്യജീവജാലങ്ങളും അചേതന വസ്തുക്കളും എല്ലാം തമ്മില്‍ പരസ്പരപൂരകവും താളബദ്ധവുമായ ബന്ധമുണ്ട്. ഈ പ്രപഞ്ചത്തില്‍ സര്‍വചരാചരങ്ങള്‍ക്കും അതിന്റേതായ സ്ഥാനവും പ്രസക്തിയുമുണ്ട്. പ്രകൃതിയിലെ ഓരോ കണികയും മറ്റൊരു കണികയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കണികയ്ക്കുണ്ടാകുന്ന നാശം മറ്റൊരു കണികയെ ബാധിക്കും. അത് ക്രമേണ പ്രകൃതിയുടെ സ്വാഭാവികവും ആന്തരികവുമായ താളം തെറ്റിക്കും. മനുഷ്യര്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെയാണ് തകിടംമറിക്കുന്നത്. മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളുടെയും നിലനില്പിനുള്ള മൂന്നുപാധിയാണ് ആഗോളതലത്തില്‍ സന്തുലിതമായ പരിസ്ഥിതി. ഈ തിരിച്ചറിയാണ് പ്രകൃതി സംരക്ഷണവും പരിസ്ഥിതി സന്തുലനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹരിതപ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്കിയത്. അതുകൊണ്ടാണ് വനനശീകരണത്തിനും പാരിസ്ഥിതിക വിനാശത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന 'ചിപ്കോ' പോലുള്ള പ്രസ്ഥാനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. 'ഭാരതത്തിന് രക്ഷപ്പെടാന്‍ മരം മാത്രമേയുള്ളൂ' എന്ന് ഷൂമാക്കര്‍ പ്രസ്താവിച്ചതും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

ഏതുതരം സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ടെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മനുഷ്യര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതിപരമായ ചില പരിമിതികളുണ്ടെന്ന് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മാനവരാശിയെ ഓര്‍മിപ്പിക്കുന്നു. പ്രകൃതിയിലെ വിഭവങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും അന്ധമായ വികസനഭ്രമം പ്രകൃതിയുടെ സ്രോതസ്സുകളെ വറ്റിക്കുമെന്നുള്ള യാഥാര്‍ഥ്യം സാവധാനമെങ്കിലും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാരിസ്ഥിതികമായി സന്തുലിതവും നിലനില്ക്കുന്നതുമായ വികസനപ്രക്രിയ(Sustainable Development)യുടെ പ്രയോഗ സാക്ഷാത്കാരത്തിലൂടെ മാത്രമേ ഇനി മനുഷ്യരാശിക്ക് മുന്നോട്ടുപോകാനാവൂ എന്ന് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

1992 ജൂണ്‍ 3 മുതല്‍ 14 വരെ ബ്രസീലിലെ റിയോഡി ജനിറോവില്‍ നടന്ന ഭൗമ ഉച്ചകോടി (Earth Summit) ഈ ദിശയിലുള്ള മഹത്തായൊരു കാല്‍വയ്പാണ്. 150-ലധികം രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ഭൌമ ഉച്ചകോടിയുടെ പ്രമാണരേഖയെന്ന് വിശേഷിപ്പിക്കുന്ന 'അജണ്ട'-21-ല്‍ നിലനില്ക്കുന്ന വികസന(Sustainable Development)ത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഇന്ത്യയിലെ ചിപ്കോയുടെയും ഇതരരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിത പ്രസ്ഥാനങ്ങളുടെയും ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണിതെല്ലാം. ഈ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികാവബോധത്തിന്റെ ഫലമായി 'ഹരിതനൈതികത' (Green Ethics) എന്ന പുതിയൊരു സങ്കല്പത്തിന് ഇന്ന് പ്രചാരം സിദ്ധിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍